24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

സമര വീര്യം  ചോര്‍ന്നു കൂടാ-കെ പി ഹാരിസ്

എന്താണ് ആര്‍ എസ് എസ് എന്ന ചോദ്യത്തിന് വ്യത്യസ്തങ്ങളായ ഉത്തരങ്ങള്‍ ലഭിക്കുമെങ്കിലും ഇന്ത്യ എന്ന ബഹുത്വത്തിന് ഇണങ്ങാത്ത, അഥവാ ഇന്ത്യ എന്ന ആശയത്തിനു ദഹിക്കാത്ത ഒരു പദമാണ് ആര്‍ എസ് എസ് എന്ന തെളിമയുള്ള ഉത്തരം ചരിത്രത്തില്‍ നിന്നും വര്‍ത്തമാന യാഥാര്‍ഥ്യത്തില്‍ നിന്നും വായിച്ചെടുക്കാം. ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ തല ഉയര്‍ത്തി നില്‍ക്കുന്നത് അതിന്റെ സൈനിക ശക്തിയിലോ വ്യാവസായിക വളര്‍ച്ചയിലോ താജ്മഹല്‍, ചെങ്കോട്ട പോലുള്ള ഇതിഹാസങ്ങളാലോ അല്ല. മറിച്ച് വ്യത്യസ്ത മത ജാതി ഭാഷാ വിഭാഗങ്ങള്‍ ഒന്നിച്ചൊരു ജനതയായി ജീവിക്കുന്നു എന്നതിനാലാണ്.
ഇവിടെയാണ് ഒരു നൂറ്റാണ്ട് മുമ്പ് സംഘടനാരൂപം ആര്‍ജിച്ച ആര്‍ എസ് എസ്  സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള മനുസ്മൃതിയില്‍ പ്രചോദിതമായ  ഒരു ആശയത്തെ  മുന്നോട്ട് വെക്കുന്നത്. മനുഷ്യസമൂഹത്തെ പല ജാതികളായി വിഭജിച്ച് നിര്‍ത്തുന്ന വംശീയ ബോധത്താല്‍ നിര്‍വചിക്കപ്പെട്ട ഈ ആശയത്തെ ഹിംസാത്മകമായ സംഘടനാ സംവിധാനം കൊണ്ട് വികസിപ്പിച്ചെടുത്തു. ഇന്ത്യ, സ്വാതന്ത്ര്യം എന്ന സമര യാഥാര്‍ഥ്യത്തിന്റെ തീച്ചൂളയില്‍ നില്‍ക്കുമ്പോള്‍ സ്വാതന്ത്ര്യസമരങ്ങളെ ഒറ്റ് കൊടുത്തും പിന്നില്‍ നിന്ന് കുത്തിയും ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്ത് കൊണ്ടാണ് ഇന്ത്യാ ചരിത്രത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തനമാരംഭിച്ചത്.
സ്വാതന്ത്ര്യം ലഭിച്ച് ഒരു വര്‍ഷംകഴിയുന്നതിന് മുമ്പേ രാഷ്ട്രപിതാവിനെ വധിച്ച് കൊണ്ട് ഹിന്ദുത്വ ഭീകര രാഷ്ട്രത്തിലേക്കുള്ള അടുത്ത ചുവട് വെപ്പ് നടത്തി. തുടര്‍ന്നങ്ങോട്ട് വര്‍ഗീയ കലാപങ്ങളുടെയും വംശഹത്യയുടെയും തുടര്‍പരമ്പരയായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തും ഗുജറാത്തില്‍ ഭീകരമായ വംശഹത്യ നടത്തിയും ഫാസിസത്തിന്റെ വളര്‍ച്ചയിലേക്കുള്ള ചുവടുവെച്ചു. ഇത്തരത്തില്‍ ആര്‍ എസ് എസ് വളര്‍ന്ന് വികസിച്ച് ഇന്ത്യയുടെ ഭരണ സാരഥ്യം ഏറ്റെടുത്തിരിക്കുന്നു.
ചരിത്രത്തില്‍ ആര്‍ എസ് എസിന് സമാനതകള്‍ വല്ലതുമുണ്ടെങ്കില്‍ അത് കാണാന്‍ സാധിക്കുന്നത് ഹിറ്റ്‌ലറുടെ ആര്യ വംശീയ പ്രത്യയശാസ്ത്രത്തില്‍ മാത്രമാണ്. അപര വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പ്രത്യയശാസ്ത്രം പേറുന്ന ആര്‍ എസ് എസ് ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ നേതൃത്വം നല്‍കിയ ആര്യ മേല്‍ക്കോയ്മാ വാദത്തിന്റെ ഇന്ത്യന്‍ പതിപ്പാണ്. ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ നടപ്പിലാക്കിയ ഹോളോകോസ്റ്റ് അഥവാ ജൂത ഉന്മൂലന പ്രകിയ ഇന്ത്യയില്‍ തുടക്കം കുറിച്ചിരിക്കുന്നു എന്നതിന്റെ നേര്‍സാക്ഷ്യമാണ് ഇപ്പോള്‍ നടപ്പിലാക്കി വരുന്ന പൗരത്വ ഭേദഗതി നിയമം. ജര്‍മനിയില്‍ ന്യൂറംബര്‍ഗ് നിയമങ്ങള്‍ ചുട്ടെടുക്കുമ്പോള്‍ അന്ന് ഹിറ്റ്‌ലര്‍ പറഞ്ഞതെല്ലാം അതേപടി ആവര്‍ത്തിക്കുകയാണ് ഇവിടെ നിന്ന്‌കൊണ്ട് മോദി ഭരണകൂടം ചെയ്യുന്നത്. ഇത് കേവലം യാദൃച്ഛികതയല്ല. മറിച്ച് ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണ്.
ജര്‍മനിയില്‍ ജൂത സമൂഹത്തെയാണ് അപരനായി ചിത്രീകരിച്ച് ശത്രുപക്ഷത്ത് നിര്‍ത്തിയതെങ്കില്‍ ഇന്ത്യയില്‍ അത് മുസ്‌ലിം സമൂഹമാണ് . പിന്നീട് ക്രൈസ്തവ, കമ്യൂണിസ്റ്റ് സമൂഹങ്ങള്‍ക്ക് നേരെ ഉന്മൂലനത്തിന്റെ ദണ്ഡന നിയമങ്ങള്‍ പുറപ്പെടുവിക്കും. പക്ഷെ മുസ്‌ലിം സമൂഹത്തെ ഉന്മൂലനം ചെയ്ത് കഴിഞ്ഞാല്‍ അടുത്ത ശത്രുവിനെ ഇല്ലായ്മ ചെയ്യുവാന്‍ എളുപ്പമാണ്. മാത്രമല്ല മുസ്‌ലിം എന്ന അപരനെ പ്രഥമ ശത്രു സ്ഥാനത്ത് നിര്‍ത്തുമ്പോള്‍ ഹൈന്ദവ സമൂഹത്തിന്റെ പിന്തുണ ലഭിക്കുമെന്ന വ്യാമോഹവും അവര്‍ക്കുണ്ട്. ഹിറ്റ്‌ലറുടെ ആര്യമേല്‍കോയ്മാ വാദവും ആര്‍ എസ് എസിന്റെ ബ്രാഹ്മണ മേല്‍ക്കോയ്മാ വാദവും തമ്മിലുള്ള ചരിത്രത്തിലെ സമാനതകള്‍ എന്ന് പറയുന്നത് പരസ്പരം ഉള്‍ക്കൊള്ളലിന്റെതും സ്വാംശീകരണത്തിന്റേതുമാണ്.
നാസിസത്തിന്റെ പ്രത്യയ ശാസ്ത്ര പാഠവും പദാവലികളും പ്രചാരണ തന്ത്രങ്ങളും എല്ലാം അതേപടി പകര്‍ത്തിയാടുന്ന ഒരു ഭീകര പ്രസ്ഥാനമായി ഇന്ന് ആര്‍ എസ് എസ് വളര്‍ന്ന് വികസിച്ചിരിക്കുന്നു. ഫാസിസത്തിന് നിലനില്‍ക്കണമെങ്കില്‍ എപ്പോഴും ഒരു അപരന്‍ വേണം. ആ അപരന്‍ ഇന്ത്യയില്‍ മുസ്‌ലിം സമൂഹമാണ് അതിനാല്‍ മുസ്‌ലിം വംശഹത്യ ആര്‍ എസ് എസ് പദ്ധതിയാണ്. ഇത് തിരിച്ചറിഞ്ഞ ഇന്ത്യന്‍ ജനത തെരുവിലാണ്. കാമ്പസുകളില്‍ പെണ്‍കുട്ടികള്‍ തുടങ്ങിയ സമരം ഇന്ന് ഇന്ത്യയിലെ മുഴുവന്‍ ജനതയും ഏറ്റെടുത്തിരിക്കുന്നു. ആ സമരവീര്യം ചോര്‍ന്നുപോയിക്കൂടാ.
Back to Top