23 Monday
December 2024
2024 December 23
1446 Joumada II 21

വെറുപ്പിന്റെ രാഷ്ട്രീയം വംശഹത്യയുടെ  ഇന്ധനമാകുമ്പോള്‍

വെറുപ്പ്, വിദ്വേഷം, ശത്രുത, അക്രമം, ബലാത്സംഗം, അരുംകൊല തുടങ്ങിയ പൈശാചിക വികാരങ്ങള്‍ സിരകളില്‍ നുരയുന്ന ഒരു ആള്‍ക്കൂട്ടം. പെരുംനുണകളാല്‍ പണിത ആലകളില്‍വെച്ച്, അവരില്‍ ഊട്ടപ്പെടുന്ന പക. ചില പ്രത്യേക ജനവിഭാഗങ്ങളെ കൊന്നുതീര്‍ത്തും മറ്റു ചിലരെ അടിമകളാക്കിയും പണിപൂര്‍ത്തിയാക്കേണ്ട ജാതിരാഷ്ട്രത്തെക്കുറിച്ച് കുത്തിവെക്കുന്ന വ്യാമോഹങ്ങള്‍. ബാലികാബാലന്‍മാര്‍ മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ വ്യവസ്ഥാപിതമായ ആയുധ പരിശീലനം, അക്രമത്തിന് പ്രോത്സാഹനം. കള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചും അര്‍ധ സത്യങ്ങള്‍ പെരുപ്പിച്ചും കാരണങ്ങള്‍ സ്വയം സൃഷ്ടിച്ചും, തരംപോലെ നടത്തിയെടുക്കുന്ന വംശഹത്യാ കലാപങ്ങള്‍. തൊട്ടില്‍ശിശുക്കള്‍ മുതല്‍, കിടപ്പിലായ വൃദ്ധരും മാനസിക ശേഷിയില്‍ വ്യത്യാസമുള്ളവരും ഉള്‍പ്പെടെ തൃശൂലമുനയില്‍ കോര്‍ക്കപ്പെടുകയോ, തീവെച്ച് എരിക്കപ്പെടുകയോ ചെയ്യുന്ന ഭീകരത. മൃതദേഹങ്ങളെ ബലാത്സംഗം ചെയ്യാന്‍ പോലും അറക്കാത്ത പൈശാചികത. ഇതിനെല്ലാം ഉടമസ്ഥരായ ഒരേയൊരു ആള്‍ക്കൂട്ടമേ ഇന്ത്യയിലുള്ളൂ; ആര്‍ എസ് എസ് നട്ടെല്ലും തലച്ചോറുമായി വര്‍ത്തിക്കുന്ന സംഘ് പരിവാര്‍. 1930-കള്‍ മുതല്‍ ഇന്ത്യാ ചരിത്രത്തിലുണ്ടായിട്ടുള്ള മുഴുവന്‍ കലാപങ്ങളിലും, ഏറ്റവുമൊടുവില്‍, തീയണഞ്ഞിട്ടില്ലാത്ത ദല്‍ഹിയിലെ വംശഹത്യാ ഭീകരതയിലും ഇവരുടെ ഈ ദുഷ്ടതകളെല്ലാം തെരുവില്‍ നിറഞ്ഞാടിയത് കാണാം.
ഇന്ത്യ എന്ന ഏകകത്തെ പിളര്‍ത്തുകയും, സൗഹൃദത്തില്‍ കഴിയുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന യഥാര്‍ഥ കുറ്റവാളികള്‍ സംഘപരിവാറാണ്. സമാധാനത്തെ സംഘര്‍ഷത്തിലേക്ക് വഴി മാറ്റുകയും മനോഹരമായൊരു ദേശത്തെ ചുടലപ്പറമ്പാക്കിത്തീര്‍ക്കുകയും ചെയ്യുന്നതിന്റെ ഹേതുഭൂതം തത്വത്തിലും പ്രയോഗത്തിലും അവര്‍ തന്നെ. ഒന്നിച്ചു കഴിയുന്ന ഒരു സമൂഹഗാത്രത്തിനകത്ത്, രണ്ട് പ്രബല മത വിഭാഗങ്ങളെയും, ഒരു രാഷ്ട്രീയ ധാരയെയും, ഉന്മൂലനം ചെയ്യേണ്ട ‘ആഭ്യന്തര ശത്രുക്കള്‍’ എന്ന് വിശദാംശങ്ങളോടെ പ്രഖ്യാപിച്ച പുസ്തകങ്ങളെ ‘പുണ്യ ഗ്രന്ഥങ്ങളായി’ ആരാധിക്കുന്ന ഒരു ആള്‍ക്കൂട്ടം, ആ രാജ്യത്ത് എത്രമേല്‍ നാശം വിതക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഇന്ത്യയിലെ മതനിരപേക്ഷതയുടെ ചരിത്രാനുഭവങ്ങള്‍ക്കുമേല്‍ വംശവെറിയുടെ തീ കോരിയിടുന്ന സംഘപരിവാറാണ്,  ഈ രാജ്യം നേരിടുന്ന ഏറ്റവു വലിയ ആഭ്യന്തര ഭീഷണി.
വെറുപ്പും ഹിംസയും
വെറുപ്പിനെ പ്രത്യയശാസ്ത്രവും ഹിംസയെ പ്രയോഗവുമാക്കിയ ഒരേയൊരു കേഡര്‍ സംഘടനയേ ഇന്ത്യയിലുള്ളൂ, ആര്‍ എസ് എസ്. ഒരേ ലക്ഷ്യത്തിനു വേണ്ടി, വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍, ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട നാല്പതിലേറെ സംഘടനകളുടെ സമുച്ചയമാണ് സംഘപരിവാര്‍. സംഘടിത കുടുംബം എന്നാണര്‍ഥം. ജാതി മേധാവിത്വത്തിലൂന്നിയ ഈ ആള്‍ക്കൂട്ടമാണ് ചരിത്രത്തിലും വര്‍ത്തമാനത്തിലും ഇന്ത്യയെ കലാപകലുഷിതമാക്കിയിട്ടുള്ളത്. രാജ്യം നൂറ്റാണ്ടുകളായി കാത്തുവന്ന മതനിരപേക്ഷതയെ തകര്‍ക്കുകയും, സമുദായങ്ങള്‍ക്കിടയിലെ സാഹോദര്യത്തില്‍ വിള്ളലുകള്‍ വീഴ്ത്തുകയും ചെയ്യാന്‍ എന്നും കഠിനശ്രമം നടത്തിക്കൊണ്ടിരുന്നത് സംഘപരിവാറാണ്. ഏതു നിമിഷവും പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ പരമത വിദ്വേഷത്തിന്റെ സ്‌ഫോടകങ്ങള്‍ നിറഞ്ഞ മനോരോഗവുമായാണ് അവര്‍ ജീവിക്കുന്നത്. ഫാസിസ്റ്റുകളില്‍ സഹജമായ, മനുഷ്യ ജീവനോടുള്ള പുഛം ഇവരുടെ ശരീരഭാഷയിലും വാക്കുകളിലും എപ്പോഴും പ്രകടമായിരിക്കും.
കേവലമായ മതസാമുദായിക സങ്കുചിതത്വമോ, സാഹചര്യനിര്‍മ്മിതമായ വര്‍ഗ്ഗീയതയോ, പ്രതികരണ തീവ്രവാദമോ അല്ല സംഘപരിവാറിന്റേത്. ജീവശ്വാസം പോലെ അവരില്‍ ഊട്ടപ്പെട്ടിരിക്കുകയാണ് ഹിംസാത്മകമായ വംശവെറി. ‘തങ്ങളുടെ വംശം വിശുദ്ധരും മഹത്വമുടയവരുമാണ്. മറ്റുള്ളവര്‍ വംശീയമായി അശുദ്ധരും മ്ലേച്ചരുമത്രെ. അശുദ്ധ രക്തമുള്ളവരെ തുടച്ചു നീക്കി, ദേശം ശുദ്ധീകരിച്ച്, തങ്ങളുടേത് മാത്രമായ ആധിപത്യം സ്ഥാപിക്കണം’ ഇതാണ് ആര്‍ എസ് എസിന്റെ ഉന്നം. തികവൊത്ത ഫാഷിസമാണ് ഇവരുടെ പ്രത്യയശാസ്ത്രം. ജര്‍മ്മനിയിലെ അഡോള്‍ഫ് ഹിറ്റ്‌ലറും, ഇറ്റലിയിലെ മുസോളിനിയും ഉള്‍പ്പെടെ, ലോകചരിത്രത്തെ ചോരയില്‍ മുക്കിയ എല്ലാ ഫാഷിസ്റ്റ് കിരാതത്വത്തിന്റെയും മുഴുവന്‍ അടയാളങ്ങളും സംഘപരിവാറില്‍ തെളിഞ്ഞു കാണാം. ആര്‍ എസ് എസ് ഫാസിസ്റ്റ് സംഘടനയാണ് എന്നത് എതിരാളികള്‍ അവര്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണമല്ല. ഹിറ്റ്‌ലറെയും മുസോളിനിയെയും മാതൃകയാക്കുന്നുവെന്ന് സ്വയം പ്രഖ്യാപിച്ചു, പ്രയോഗിച്ചതു വഴി, അനിവാര്യമായും അവര്‍ തന്നെ എടുത്തണിഞ്ഞ അഹങ്കാരമാണത്.
ആര്‍ എസ് എസ് നേതാവ് എം എസ് ഗോള്‍വാള്‍ക്കറുടെ ഈ പ്രഖ്യാപനം ശ്രദ്ധിക്കുക; ‘ജര്‍മന്‍കാരുടെ അഭിമാനം അവരുടെ പിതൃഭൂമിയില്‍ ഉണര്‍ന്നെണീറ്റു. അന്യാദൃശവും ചോദ്യം ചെയ്യപ്പെടാത്തതുമായ ഒരു ജര്‍മന്‍ സാമ്രാജ്യം സ്ഥാപിക്കുന്നതിന് ഒരു പുതിയ ആഗോള കലാപം ഇളക്കിവിടാന്‍ വരെ അവര്‍ തയ്യാറായി. ജര്‍മ്മനിയുടെ സ്വാഭാവികവും ന്യായവുമായ ഈ അഭിലാഷം ഏറെക്കുറെ സാക്ഷാല്‍ക്കരിക്കപ്പെട്ടു. വംശത്തിന്റെയും അതിന്റെ സംസ്‌കാരത്തിന്റെയും വിശുദ്ധി കാത്തുരക്ഷിക്കുന്നതിനു വേണ്ടി ലോകത്തെ ഞെട്ടിച്ചു കൊണ്ട് ജര്‍മ്മനി ആ രാഷ്ട്രത്തില്‍ നിന്ന് സെമിറ്റിക്ക്  ജൂത വംശങ്ങളെ നിര്‍മാര്‍ജനം ചെയ്തു. അടിസ്ഥാനപരമായ വൈജാത്യങ്ങളുള്ള വംശങ്ങളെയും സംസ്‌കാരങ്ങളെയും ഒരു സംസ്‌കാരത്തില്‍ ലയിപ്പിക്കുന്നത് എത്രമാത്രം അസാധ്യമാണെന്ന് കൂടി ജര്‍മ്മനി നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ഹിന്ദുസ്ഥാനില്‍ വസിക്കുന്ന നമുക്ക് ഇതില്‍ നല്ലൊരു പാഠമുണ്ട്. (we or our Nationhood defined, M.S Golwalker, Page 53 – 56)
ഇത് ലളിതമായി വായിച്ചുപോകേണ്ട ഒരു ഉദ്ധരണിയല്ല. സൂക്ഷ്മമായി വിശകലനം ചെയ്യേണ്ട നയപ്രഖ്യാപനമാണ്. അറുപത് ലക്ഷം ജൂതന്മാരെയാണ്  വംശീയ ദേശീയതയുടെ പേരില്‍ ഹിറ്റ്‌ലര്‍ കൊന്നുകളഞ്ഞത്. അറുകൊല ചെയ്യപ്പെട്ട കമ്യൂണിസ്റ്റുകാരും തൊഴിലാളികളും മറ്റും വേറെ. കോടാനു കോടിയുടെ  സ്വത്തുക്കള്‍ നശിപ്പിച്ചു. പൈശാചികമായ വെറുപ്പ് ഉല്‍പ്പാദിപ്പിച്ചു കൊണ്ടാണ് ഹിറ്റ്‌ലര്‍ ഇത് ചെയ്തത്. ഇന്ത്യയിലെ മുസ്ലിംകളെയും കൃസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ഇതേ വിധം ചെയ്യണമെന്നാണ് ആര്‍ എസ് എസ് ലക്ഷ്യം വെക്കുന്നത്. അതിനാണ് അവര്‍ ആദ്യം അഗാഢകളിലും, ഇപ്പോള്‍ ശാഖകളിലും ആയുധ പരിശീലനം നടത്തുന്നത്. 1930 കളില്‍ ബംഗാളില്‍ തുടങ്ങി, 2020ല്‍ ദല്‍ഹി വരെ എത്തി നില്‍ക്കുന്ന കലാപങ്ങള്‍ നടത്തുന്നത്. രണ്ട് മത സമുദായങ്ങള്‍ പങ്കാളിത്തം വഹിക്കുന്ന കലാപങ്ങളല്ല ഇവയൊന്നും.
ഏകപക്ഷീയമായ വംശഹത്യകളാണ്. ഭരണകൂട സംവിധാനങ്ങള്‍ പങ്കാളികളാവുകയോ, നിസ്സംഗരാവുകയോ ചെയ്ത ഈ ഭീകരതകള്‍ ഹിറ്റ്‌ലറുടേതിന് സമാനം തന്നെയാണ്. ആര്യന്‍ വംശ രാഷ്ട്രത്തിന് വേണ്ടി ഹിറ്റ്‌ലര്‍ ‘ആഗോള കലാപം’ സൃഷ്ടിച്ചതായി ഗോള്‍വാള്‍ക്കള്‍ അഭിമാനിക്കുന്നു. ഇന്ത്യയില്‍ ആര്യന്‍ വംശീയ ജാതി രാഷ്ട്രം നിര്‍മ്മിക്കുന്നതിനായി, ‘ദേശീയ കലാപങ്ങള്‍’ സൃഷ്ടിച്ച് ആര്‍ എസ് എസ് ഹിറ്റ്‌ലറെ അനുകരിക്കുകയും ചെയ്യുന്നു. ഹിറ്റ്‌ലറുടെ ‘മെഗലോമാനിയ, നാസിസം, ഭരിക്കാനുള്ള വാഞ്ഛ, മനുഷ്യ ജീവനോടുള്ള പുഛം’ എന്നിവ അതേ സ്വഭാവത്തില്‍ സംഘ് പരിവാറിലും പ്രവര്‍ത്തിക്കുന്നതു കാണാം. ചാര്‍ലി ചാപ്ലിന്റെ ‘ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍’ എന്ന സിനിമ ഈ ഫാസിസ്റ്റ് രോഗങ്ങള്‍ തുറന്നു കാട്ടുന്നുണ്ട്.
മറ്റുള്ളവരുടെ കാരണത്താല്‍ ഉണ്ടായിത്തീരുന്ന, പ്രതികരണ തിരിച്ചടികളല്ല ആര്‍ എസ് എസിന്റെ കലാപങ്ങള്‍. ആവശ്യാനുസാരം ഉണ്ടാക്കിയെടുക്കുന്ന ആസൂത്രിതമായ വംശഹത്യകളാണ് അവ. ഇരകളുടെ കൈയ്യബദ്ധങ്ങള്‍ ചിലപ്പോള്‍ അവര്‍ക്ക് വീണു കിട്ടുന്ന വടിയാകാം എന്നു മാത്രം! മുസ്‌ലിംകളോ ക്രൈസ്തവരോ ചെയ്ത എന്തെങ്കിലും ‘അക്രമത്തിനുള്ള’ പ്രതികാര നടപടികളായി സംഘ് പരിവാര്‍ കലാപങ്ങളെ ന്യായീകരിക്കുകയോ, ചിലരെങ്കിലും അങ്ങനെ തെറ്റിദ്ധരിക്കുകയോ ചെയ്യാറുണ്ട്.
എന്നാല്‍, കൃത്യമായി ആസൂത്രണം ചെയ്തുവെച്ച  വംശഹത്യാ പദ്ധതികള്‍, സന്ദര്‍ഭാനുസാരം പ്രയോഗവല്‍ക്കരിക്കുകയാണ് അവര്‍ ചെയ്യുക. വലിച്ചു നീട്ടാവുന്ന കാരണങ്ങളൊന്നും വീണുകിട്ടിയില്ലെങ്കില്‍, അവര്‍ കാരണങ്ങള്‍ ഉണ്ടാക്കുക തന്നെ ചെയ്യും. സ്വന്തം അനുയായികളെയും മതക്കാരെയും ക്രൂരമായി കൊന്നുകൊണ്ട്  പശ്ചാത്തലമൊരുക്കാനും അവര്‍ക്ക് പദ്ധതികളുണ്ട്. ഇത് ഫാസിസ്റ്റ്, സയണിസ്റ്റ് രാഷ്ട്ര നിര്‍മ്മിതികളുടെ ഏകതാനമായ രീതിശാസ്ത്രമാണ്. സ്വന്തം പാര്‍ലമെന്റ് മന്ദിരം, റെയ്ശ്റ്റാഗ് സ്വന്തം പാര്‍ടിക്കാരെക്കൊണ്ട് തന്നെ തീവെച്ച് നശിപ്പിച്ചു കൊണ്ടാണ് ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ കമ്യൂണിസ്റ്റ് വേട്ട ആരംഭിച്ചത്. നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ച്, വേട്ടയാടാന്‍ വേണ്ടി ബോധപൂര്‍വം തീവെപ്പ് നടത്തുകയായിരുന്നു, തീവെപ്പ് നടന്നതിനാല്‍ വേട്ടയാടുകയായിരുന്നില്ല.ഫലസ്തീനില്‍ ഇസ്രായേല്‍ രാഷ്ട്രം പ്രഖ്യാപിച്ചിട്ടും ജൂതന്‍മാര്‍ അങ്ങോട്ട് വരാന്‍ മടിച്ചപ്പോള്‍, ലോകത്തിന്റെ പലഭാഗങ്ങളിലും ജൂതരെ സ്വയം ആക്രമിച്ച് ഭീതി സൃഷ്ടിച്ചത് സയണിസ്റ്റുകള്‍ തന്നെയായിരുന്നുവെന്ന് റജാഗരോഡി എഴുതിയിട്ടുണ്ട്. തങ്ങള്‍ അരക്ഷിതരാണെന്ന് ജൂതരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു സയണിസ്റ്റുകളുടെ ലക്ഷ്യം.
2002-ലെ ഗുജറാത്ത് വംശഹത്യ ഇതിന്റെ ക്രൂരമായ ഉദാഹരണമാണ്. കര്‍സേവകര്‍ സഞ്ചരിച്ച ട്രെയ്ന്‍ ഗോധ്രയില്‍ തീ വെച്ച് നശിപ്പിച്ച്, കൂട്ടക്കുരുതി നടത്തിയതിനുള്ള പ്രതികാരമായിരുന്നു ഗുജറാത്ത് കലാപം എന്നാണ് അന്നും ഇന്നും സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഗോധ്രയിലെ ട്രെയ്ന്‍ കൂട്ടക്കൊല സംഘ് പരിവാറിന്റെ സൃഷ്ടിയായിരുന്നുവെന്ന നിരവധി വെളിപ്പെടുത്തലുകള്‍ ഇതിനകം പുറത്ത് വരികയുണ്ടായി. നേരത്തെ ആസൂത്രണം ചെയ്തു വെച്ച വംശഹത്യ നടപ്പിലാക്കാന്‍ ഒരു കാരണം, സ്വന്തം മതക്കാരെ കൊല ചെയ്തു കൊണ്ട്, സ്വയം സൃഷ്ടിക്കുകയായിരുന്നു അവര്‍. ഫാഷിസത്തിന്റെ ചരിത്രവും രീതി ശാസ്ത്രവും അറിയുന്നവര്‍ ഇത് നേരത്തെ സംശയിച്ചിരുന്നതാണെങ്കിലും തെളിവുകള്‍ പുറത്ത് വന്നു തുടങ്ങിയത് പിന്നീടാണ്.
ആരാണ് ആ കൊലയാളി?
ദല്‍ഹിയില്‍ ഇപ്പോള്‍ സംഘപരിവാര്‍ അഴിച്ചുവിട്ട ഭീകരതകളിലും ഇങ്ങനെയൊരു കാരണം അവര്‍ ഉന്നയിക്കുന്നുണ്ട്. പോലീസ് ഓഫീസര്‍ രത്തന്‍ലാല്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് കലാപം നടന്നത് എന്നാണ് ന്യായം. സി എ എ വിരുദ്ധ സമരക്കാരുടെ കല്ലേറിലാണ് അദ്ദേഹം കൊല്ലപ്പെട്ടത് എന്നും അവര്‍ ആരോപിക്കുകയുണ്ടായി. എപ്പോഴാണ് രത്തന്‍ലാല്‍ കൊല്ലപ്പെട്ടത്? എങ്ങനെയാണ് അദ്ദേഹം മരിച്ചത്? ആരാണ് അദ്ദേഹത്തെ കൊന്നത്? ഈ മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയാല്‍ ഈ സമസ്യക്ക് പരിഹാരമാകും.
ഒന്ന്, രത്തന്‍ലാല്‍ കൊല്ലപ്പെട്ടതിനു ശേഷം കലാപം ആരംഭിക്കുകയായിരുന്നില്ല. സംഘ് പരിവാര്‍ കലാപകാരികള്‍ അക്രമം തുടങ്ങിയതിനു ശേഷമാണ് രത്തന്‍ലാല്‍ കൊല്ലപ്പെടുന്നത്. ഫെബ്രുവരി 23-നു ഞായറാഴ്ച്ച മൗജ്പൂരില്‍ സി എ എ വിരുദ്ധ സമരക്കാര്‍ക്ക് നേരെ സി എ എ അനുകൂലികള്‍ കല്ലേറ് നടത്തിയിട്ടുണ്ട്.
രണ്ട്, നൂറ ഇലാഹി മേഖലയില്‍ പൗരത്വ പ്രക്ഷോഭകര്‍ക്കു നേരെ അക്രമം നടക്കുന്നത് ഇരുപത്തിനാലിന് തിങ്കളാഴ്ച്ച വൈകിട്ടാണ്. നൂറ ഇലാഹിയിലെ ഗോണ്ട ചൗക്കിലുള്ള പ്രിയശ്യാം വസ്ത്രാലയ കെട്ടിടത്തിനു മുകളില്‍ നിന്ന്, പൗരത്വ പ്രക്ഷോഭകരുടെ പന്തലിലേക്ക് വെടിവെപ്പ് നടന്നതും തിങ്കളാഴ്ച്ചയാണ്. ഇതില്‍ പത്ത് സമരക്കാര്‍ക്ക് വെടിയേല്‍ക്കുകയുണ്ടായി.
മൂന്ന്, ഈ രണ്ട് അക്രമങ്ങളെയും തുടര്‍ന്ന് പൗരത്വ പ്രക്ഷോഭകര്‍, ചാന്ദ് ബാഗ്, നൂറ ഇലാഹി സമരപന്തലുകളില്‍ നിന്ന് ഒഴിഞ്ഞു പോയിട്ടുണ്ട്.
നാല്, ഇതിനു ശേഷം, തിങ്കളാഴ്ച്ച രാത്രി, സംഘപരിവാര്‍ അക്രമികള്‍ മുസ്ലിം മേഖലയില്‍ കൊള്ളയും കൊള്ളിവെപ്പും കൊലപാതകങ്ങളും നടത്താന്‍ തുടങ്ങി. പോലീസ് ഇവരെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നതിന്റെ ധാരാളം ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇതിനിടയിലാണ് രത്തന്‍ലാല്‍ കൊല്ലപ്പെടുന്നത്.
അഞ്ച്, സംഘപരിവാറുകാരായ അക്രമികളുടെ കൂടെ നില്‍ക്കുമ്പോഴാണ് രത്തന്‍ലാലിന് പരിക്കേല്‍ക്കുന്നത്. ഒന്നുകില്‍, എതിര്‍ പക്ഷത്തിനുനേരെ അഴിച്ചുവിട്ട അക്രമണം, ഉന്നം തെറ്റി രത്തന്‍ലാല്‍ കൊല്ലപ്പെട്ടു? അല്ലെങ്കില്‍, കലാപം ആളിക്കത്തിക്കാനായി ബോധപൂര്‍വം രത്തന്‍ലാലിനെ കൊന്നു? ഇതിന്റെ പിന്നിലെ ഗൂഡാലോചനകളും നിഗൂഢതകളും എന്തൊക്കെയാണ് എന്നത് ഇനിയും പുറത്തുവരേണ്ടതാണ്.
ആറ്, ഏറ്റവും പ്രധാനപ്പെട്ട കാര്യം മരണകാരണം എന്ത് എന്നതാണ്. കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റാണ് മരണം എന്നതായിരുന്നു ആദ്യ പ്രചാരണം. സംഘ് പരിവാര്‍ ആക്രമികളില്‍ നിന്ന് രക്ഷപ്പെടാനായി, സമരാനുകൂലികള്‍ കല്ലെറിയുന്ന ചിത്രങ്ങള്‍ കാണാം. സ്വാഭാവികമായും മരണത്തിന്റെ ഉത്തരവാദിത്തം സമരക്കാരില്‍ ആരോപിക്കപ്പെട്ടു. എന്നാല്‍, കല്ലേറില്‍ പരിക്കേറ്റല്ല, തലക്ക് വെടിയേറ്റാണ് രത്തന്‍ലാല്‍ കൊല്ലപ്പെട്ടത് എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദല്‍ഹിയില്‍ ഏത് അക്രമിസംഘത്തിനാണ് തോക്കുകള്‍ കൈവശമുള്ളതെന്നും, ആരാണ് ജാമിഅ കാമ്പസിനു പുറത്തും നൂറ ഇലാഹിയിലെ പൗരത്വ പ്രക്ഷോഭകരുടെ പന്തലിനു നേരെയും വെടിവെച്ചതെന്നും എല്ലാവര്‍ക്കും അറിയാം. ഈ വഴിക്ക് നിഷ്പക്ഷമായി അന്വേഷണം നടത്തിയാല്‍ യഥാര്‍ഥ പ്രതികള്‍ പുറത്തു വരും.
ലക്ഷ്യം വംശീയ ഉന്മൂലനം
ഇന്ത്യയില്‍ ഇതുവരെ നടന്നിട്ടുള്ള ‘വര്‍ഗീയ കലാപങ്ങള്‍’ പരിശോധിക്കുക. രണ്ട് മത സമുദായങ്ങള്‍ തമ്മില്‍ ഉടലെടുത്ത സംഘര്‍ഷങ്ങള്‍, ഇരു വിഭാഗവും പങ്കാളികളായ കലാപങ്ങളായി വളര്‍ന്ന്, പരസ്പരം കൊണ്ടും കൊടുത്തും അവസാനിച്ചതല്ല അവയൊന്നും. കള്ള പ്രചാരണങ്ങളിലൂടെ കാരണങ്ങള്‍ ഉണ്ടാക്കിയും, നിസാര വിഷയങ്ങള്‍ പന പോലെ വളര്‍ത്തിയും സംഘ് പരിവാര്‍ നടത്തിയ ഏകപക്ഷീയമായ കൂട്ടക്കൊലകളും കൊള്ളകളും ബലാത്സംഗങ്ങളുമായിരുന്നു അവയെല്ലാം.  മുസ്‌ലിം, സിഖ്, കൃസ്ത്യന്‍ വംശഹത്യകളാണ് ഈ കൂട്ടക്കൊലകളിലൂടെ അവര്‍ ലക്ഷ്യം വെച്ചത്. ഈ വംശഹത്യ ആര്‍ എസ് എസ് രേഖീയമായി പ്രഖ്യാപിച്ചതു തന്നെയാണ്.
ആര്‍ എസ് എസിന്റെ രണ്ടാം സര്‍ സംഘ് ചാലക് എം എസ് ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’ എന്ന വിഷലിപ്ത ഗ്രന്ഥത്തിലെ 19, 20, 21 അധ്യായങ്ങള്‍ ആഭ്യന്തര ഭീഷണികളെക്കുറിച്ചാണ്. മുസ്‌ലിംകള്‍, കൃസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകാര്‍ എന്നിവരാണ് രാജ്യത്തിന്റെ ആഭ്യന്തര ഭീഷണികള്‍ എന്നാണ് ഗോള്‍വള്‍ക്കര്‍ പറയുന്നത്. ഇന്ത്യാ രാജ്യത്ത് ഒന്നിച്ച്, ഇടകലര്‍ന്ന് ജീവിക്കുന്നവരില്‍ മൂന്ന് പ്രമുഖ വിഭാഗങ്ങളെ ശത്രുക്കള്‍ എന്ന് മുദ്രകുത്തി, പരസ്യമായി  പ്രഖ്യാപിച്ച്, അവരെ എങ്ങിനെയും നശിപ്പിക്കണം എന്ന് ആഹ്വാനം ചെയ്തിട്ടുള്ള ഒരു സംഘം മാത്രമേ ഇവിടെയുള്ളൂ, അത് സംഘപരിവാറാണ്. വംശീയമായ ഉന്മൂലനം മാത്രമാണ് ഈ ആഭ്യന്തര ഭീഷണികള്‍ ഇല്ലായ്മ ചെയ്യാന്‍ ആര്‍ എസ് എസ് മുന്നോട്ടു വെക്കുന്ന പരിഹാരം.
ഇന്ത്യയിലെ മുസ്‌ലിം ഭീഷണിയെക്കുറിച്ച തന്റെ വാദം പന്ത്രണ്ട് പേജുകളിലായി എം എസ് ഗോള്‍വാള്‍ക്കര്‍ അവതരിപ്പിക്കുന്നുണ്ട്. അതിലൊരിടത്ത് ഇങ്ങനെ കാണാം: ”പാകിസ്ഥാന്‍ അനുകൂലികളായ ഘടകങ്ങളെല്ലാം പാകിസ്ഥാനിലേക്ക് പോയെന്നു പറയുന്നത് സത്യമാണോ? ഉത്തരപ്രദേശത്തെപ്പോലുള്ള ഹിന്ദു ഭൂരിപക്ഷ പ്രദേശത്തെ മുസ്ലിംകളാണ് തുടക്കം മുതലേ പാകിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായി വര്‍ത്തിച്ചത്.” (വിചാരധാര, പേജ് 217)
പാകിസ്ഥാനെ അനുകൂലിച്ച് മുസ്‌ലിം ലീഗിന് വോട്ടു ചെയ്ത മുസ്‌ലിംകളില്‍ വലിയൊരു വിഭാഗം  വിഭജനത്തിന് ശേഷം ഇന്ത്യയില്‍ തന്നെ കഴിഞ്ഞവരാണ്, അവര്‍ ഇപ്പോഴും പാകിസ്ഥാന്‍ അനുകൂലികളും ഇന്ത്യാ വിരുദ്ധമനസ്സുള്ളവരും അതു കൊണ്ടു തന്നെ രാജ്യത്തിന്റെ ആഭ്യന്തര ഭീഷണികളുമാണ് എന്നും ഗോള്‍വാള്‍ക്കര്‍ തുടര്‍ന്നെഴുതുന്നു: ”പാകിസ്താന്‍ സൃഷ്ടിക്കപ്പെട്ടതോടെ ഒറ്റ രാത്രി കൊണ്ട് അവരെല്ലാം രാജ്യസ്‌നേഹികളായി മാറിയെന്ന് വിശ്വസിച്ച് സ്വയം വഞ്ചിക്കുന്നത് ആത്മഹത്യാപരമായിരിക്കും. നേരെ മറിച്ച്, നമ്മുടെ രാജ്യത്തിനു നേരെ ഭാവിയിലുള്ള അവരുടെ ആക്രമണതന്ത്രങ്ങള്‍ക്കെല്ലാമുള്ള ഒരു ചവിട്ടുപടിയായി പാകിസ്ഥാന്റെ സ്യഷ്ടിയോടു കൂടി, മുസ്‌ലിംകളെക്കൊണ്ടുള്ള ശല്യം നൂറിരട്ടി വര്‍ധിച്ചിരിക്കുകയാണ്.” (അതേ പുസ്തകം, പേജ്218).

`

Back to Top