കലാപത്തിന് ചൂട്ട് പിടിക്കുന്നതാര്? – റിയാസ് പെരിന്തല്‍മണ്ണ
ഒരു ഭരണകക്ഷി രാഷ്ട്രീയനേതാവ് ഉന്നത പൊലിസ് ഉദ്യോഗസ്ഥന്റെ മുന്നില്‍ നിന്ന് ആക്രമണത്തിന് ആഹ്വാനം ചെയ്യുകയും നിയമം കൈയിലെടുക്കുകയും ചെയ്‌തെങ്കില്‍ നിസ്സംശയം പറയാം അവര്‍ക്ക് ഭരണകൂടത്തിന്റെയും അധികൃതരുടെയും അനുമതിയുണ്ടെന്ന്. അക്രമികള്‍ക്കു നേരെ ഡല്‍ഹി പൊലിസ് കണ്ണടക്കുകയോ അല്ലെങ്കില്‍ അക്രമണത്തില്‍ അവര്‍ പങ്കാളികളാവുകയോ ചെയ്തു എന്നാണ് പുറത്തു വന്ന വീഡിയോകളില്‍ നിന്നും റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. ഒന്നിലധികം ദിവസങ്ങളില്‍ ഇന്ത്യന്‍ നഗരങ്ങളില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് ഭരണകൂടത്തിന്റെ സജീവമായ ഇടപെടല്‍ ഇല്ലാതെ കഴിയില്ല. പൊലീസിന് കഴിയുന്നില്ലെങ്കില്‍ സമാധാനം നിലനിര്‍ത്താന്‍ സൈന്യത്തെ വിളിക്കാന്‍ അവര്‍ ആവശ്യപ്പെടണമായിരുന്നു. ചൊവ്വാഴ്ച യോഗം കൂടിയതിനു ശേഷവും ഡല്‍ഹി പൊലിസ് പറഞ്ഞത് സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണെന്നായിരുന്നു. പൊലിസ് അക്രമികളായ ജനക്കൂട്ടത്തില്‍ അംഗമല്ലായിരുന്നെങ്കില്‍ അക്രമം തലസ്ഥാന നഗരിയുടെ എല്ലാ ഭാഗത്തേക്കും പടരില്ലായിരുന്നു. ജനക്കൂട്ടത്തിന് പോലീസിന്റെ പിന്തുണയുണ്ടെന്നും ചിലയിടത്ത് അവര്‍ അക്രമികളുടെ കൂടെ സജീവമായി ഇടപെട്ടതായും പുറത്തുവന്ന റിപ്പോര്‍ട്ടുകളിലും ദൃക്‌സാക്ഷി വിവരണങ്ങളിലും വ്യക്തമാണ്. ഒരു വിഭാഗത്തെ മാത്രം പിന്തുണയ്ക്കുന്ന പക്ഷപാതപരമായ സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതിനാല്‍ തന്നെയാണ് ഇത് പ്രതികാരനടപടിയിലേക്ക് നയിക്കുന്ന ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത ജനക്കൂട്ട അക്രമമാണെന്ന് പറയേണ്ടി വരുന്നത്. ബി ജെ പി നേതാവ് കപില്‍ മിശ്രയാണ് പൊലിസിന് അന്ത്യശാസനം നല്‍കുകയും നിലവിലെ ആക്രമണങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തത്. ഡല്‍ഹിയിലെ മറ്റു ബി ജെ പി നേതാക്കള്‍ അദ്ദേഹത്തിന്റെ പ്രസ്താവനകളെ ചോദ്യം ചെയ്തിരുന്നെങ്കിലും ബി ജെ പി കേന്ദ്ര നേതൃത്വത്തില്‍ നിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.