23 Monday
December 2024
2024 December 23
1446 Joumada II 21

പ്രണയവും മതംമാറ്റവും ഇസ്‌ലാമിന്റെ നിലപാട് – പി കെ മൊയ്തീന്‍ സുല്ലമി

മുസ്‌ലിം യുവാക്കള്‍ ഇതര മതവിഭാഗങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വിവാഹം ചെയ്ത് മതംമാറ്റുന്നുണ്ടെന്ന രീതിയില്‍ പ്രചാരണം നടക്കുന്നുണ്ട്. നേരത്തെ ഹൈന്ദവ ഫാസിസ്റ്റുകളാണ് ഇതിനു നേതൃത്വം നല്‍കിയിരുന്നതെങ്കിലും ഇപ്പോള്‍ ക്രൈസ്തവരിലെ ചെറിയൊരു വിഭാഗവും ഈ പ്രചാരണം ഏറ്റുപിടിക്കുന്നുണ്ട്. എന്നാല്‍ ലൗജിഹാദ് എന്ന പ്രയോഗം തന്നെ മിഥ്യയും യാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഇസ്‌ലാമിനെക്കുറിച്ച ബാലപാഠം പോലും അറിയാത്തവരാണിത് പ്രചരിപ്പിക്കുന്നത്.
സാധാരണയുണ്ടാകാറുള്ള സ്‌നേഹത്തിന്ന് അറബി ഭാഷയില്‍ ഹുബ്ബ് എന്നാണ് പ്രയോഗിക്കാറുള്ളത്. നബി(സ)യെ മുസ്‌ലിംകള്‍ ആരും തന്നെ പ്രണയിക്കാറില്ല. പക്ഷെ, സ്‌നേഹിക്കാറുണ്ട്. നബി(സ) പറയുന്നു: ”തന്റെ സന്താനത്തെക്കാളും പിതാവിനെക്കാളും ലോകത്തുള്ള മുഴുവന്‍ ജനങ്ങളെക്കാളും എന്നെ ഇഷ്ടപ്പെടുന്നതുവരെ നിങ്ങളില്‍ ഒരാളും തന്നെ സത്യവിശ്വാസിയായിത്തീരുന്നതല്ല’‘ (ബുഖാരി, മുസ്‌ലിം). ഈ ഹദീസില്‍ പറഞ്ഞത് ഹത്താ അഹബ്ബ (ഇഷ്ടപ്പെടുന്നതുവരെ) എന്നാണ്. എന്നാല്‍ ‘ലൗ’ എന്ന ഇംഗ്ലീഷ് പദത്തിന് അറബി ഭാഷയില്‍ ഇശ്ഖ് എന്നാണ് പറയുക. അതിന്റെ മലയാള അര്‍ഥമാണ് പ്രണയം. ഇസ്‌ലാം പ്രണയത്തിന് എതിരല്ല. തന്റെ ഭാര്യയെ പ്രണയിക്കാം. താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുകയും തീരുമാനിക്കുകയും ചെയ്ത മുസ്‌ലിം പെണ്‍കുട്ടിയെയും പ്രണയിക്കാം.
‘ലൗ’ എന്ന പദം ജിഹാദിനോട് പൊരുത്തപ്പെടുന്നതല്ല. സമ്പത്തുകൊണ്ടും ശരീരം കൊണ്ടും ഇസ്‌ലാമിനെ സേവിക്കുകയെന്നതാണ് ഇസ്‌ലാം ജിഹാദ് കൊണ്ടുദ്ദേശിക്കുന്നത്. അപ്രകാരം വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ കാണാവുന്നതാണ്. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെ പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ? നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കണം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളുടെ സമ്പത്തു കൊണ്ടും ശരീരം കൊണ്ടും നിങ്ങള്‍ സമരം ചെയ്യുകയും വേണം”(സ്വഫ്ഫ് 10,11). ഈ വചനത്തില്‍  ജിഹാദിന്് കൊടുത്ത അര്‍ഥം ‘സമരം’ എന്നാണ്. അത് യുദ്ധക്കളത്തിലെയോ തീവ്രവാദ പ്രവര്‍ത്തിനുവേണ്ടിയോ ചെലവഴിക്കുന്ന സമരമല്ല. യുദ്ധക്കളത്തിലിറങ്ങി സമരം ചെയ്യുന്നതിന് യഥാര്‍ഥത്തില്‍ പറയുക ഖിതാല്‍ എന്നാണ്.
എന്നാല്‍ ചില സ്ഥലങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ ഖിതാലിന്റെ പര്യായപദം എന്ന നിലയില്‍ ജിഹാദ് എന്ന് പ്രയോഗിച്ചിട്ടുണ്ട്. ജിഹാദിന്റെ ഏറ്റവും വലിയ ഭാഗം നന്മ കല്പിക്കലും തിന്മ നിരോധിക്കലുമാണ്. സമ്പത്തുകൊണ്ടുള്ള ജിഹാദ് ദൈവികമാര്‍ഗത്തില്‍ ധനം ചെലവഴിക്കുകയെന്നതാണ്. ശരീരം കൊണ്ടുള്ള ജിഹാദ് തന്റെ ശരീരം സത്യവും നീതിയും സ്‌നേഹവും നിലനിര്‍ത്താന്‍ വേണ്ടി ചെലവഴിക്കുകയെന്നതാണ്. ജിഹാദിനു വേണ്ടി തിരഞ്ഞെടുക്കേണ്ട ആയുധം വിശുദ്ധ ഖുര്‍ആനാണ്. അല്ലാഹു പറയുന്നു: ”ഇതുകൊണ്ട് (ഖുര്‍ആന്‍ കൊണ്ട്) നീ അവരോട് വലിയൊരു സമരം നടത്തിക്കൊള്ളുക.” (ഫുര്‍ഖാന്‍ 52)
ഖുര്‍ആന്‍ കൊണ്ടുള്ള സമരത്തില്‍ നിന്ന് (ജിഹാദില്‍ നിന്ന്) ‘ലൗ’ജിഹാദ് ഒഴിവാണ്. കാരണം അന്യ സമുദായങ്ങളിലെ പെണ്‍കുട്ടികളെ പ്രണയിക്കുന്നത് ഖുര്‍ആന്‍ കല്പിക്കുന്ന ജിഹാദല്ല. അത് അല്ലാഹുവും റസൂലും നിരോധിച്ചതാണ്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. തീര്‍ച്ചയായും അത് നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു” (ഇസ്‌റാഅ് 32). വ്യഭിചാരത്തിന്റെ ആദ്യലക്ഷണം പ്രണയമാണ്. അനാവശ്യമായ നോട്ടവും സംസാരവും ഇടപഴകലുമൊക്കെയാണ് പ്രണയത്തിന്റെ ലക്ഷണങ്ങള്‍. അത് ഇസ്‌ലാം പാടെ നിരോധിച്ച കാര്യമാണ്. നബി(സ) പറയുന്നു: ”കണ്ണിന്റെ വ്യഭിചാരം നോട്ടമാണ്. നാക്കിന്റെ വ്യഭിചാരം സംസാരമാണ്. ചെവിയുടെ വ്യഭിചാരം കേള്‍വിയാണ്. കൈയിന്റെ വ്യഭിചാരം സ്പര്‍ശനവും കാലിന്റേത് അതിലേക്കുള്ള നടത്തവുമാണ്”(ബുഖാരി, മുസ്‌ലിം). മേല്‍ പറഞ്ഞതൊക്കെയാണല്ലോ പ്രണയത്തിന്റെ ലക്ഷണങ്ങള്‍.
ഇസ്‌ലാം സ്‌നേഹത്തിന്റെ മതമാണ്. അതില്‍ തീവ്രവാദമോ വര്‍ഗീയതയോ ഇല്ല. അല്ലാഹു പറയുന്നു: ”ലോകര്‍ക്ക് കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല” (അന്‍ബിയാ 107). നബി(സ)യെ അല്ലാഹു അയച്ചത് മുസ്‌ലിംകള്‍ക്ക് മാത്രം നന്മയും കാരുണ്യവും ചെയ്യാനല്ല. മറിച്ച്, ലോകര്‍ക്ക് മുഴുവന്‍ നന്മ ചെയ്യാനാണ് എന്നതാണ് മേല്‍വചനമുണര്‍ത്തുന്നത്. ശത്രുവിനു പോലും നന്മ ചെയ്യാനാണ് ഖുര്‍ആന്‍ കല്പിക്കുന്നത്. അല്ലാഹു പറയുന്നു: ”നല്ലതും ചീത്തയും തുല്യമാകുന്നതല്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് താങ്കള്‍ തിന്മയെ പ്രതിരോധിക്കണം. എങ്കില്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവരതാ നിന്റെ ഉറ്റ ബന്ധു എന്നോണം ആയിത്തീരുന്നു” (ഫുസ്സിലത്ത് 34)
ഇസ്‌ലാം മതത്തിലോ മതത്തിന്റെ പുറത്തോ ഒരു തരം തീവ്രതയും കാഠിന്യവും അംഗീകരിക്കുന്നില്ല. നബി(സ) പറയുന്നു: ”നിങ്ങള്‍ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുക. നിങ്ങള്‍ വിഷമം ഉണ്ടാക്കരുത്. നിങ്ങള്‍ ജനങ്ങളെ സന്തോഷിപ്പിക്കുക. അവരെ വെറുപ്പിക്കരുത്”(ബുഖാരി). മറ്റൊരു നബിവചനം: ”തീര്‍ച്ചയായും ഈ മതം എളുപ്പമുള്ളതാണ്. അതിനെ തീവ്രമാക്കുന്നവര്‍ പരാജയപ്പെടാതിരിക്കുന്നതല്ല. അതിനാല്‍ നിങ്ങള്‍ എളുപ്പമാക്കുകയും ജനങ്ങളെ അടുപ്പിക്കുകയും അവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും രാവിലെയും വൈകുന്നേരവും രാത്രിയില്‍ അല്പസമയവും നിങ്ങള്‍ അല്ലാഹുവോട് സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുക.” (ബുഖാരി). വര്‍ഗീയതയും ഇസ്‌ലാമും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. നബി(സ) പറയുന്നു: ”വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല. വര്‍ഗീയതക്കു വേണ്ടി പോരാടുന്നവനും വര്‍ഗീയതക്കുവേണ്ടി മരണപ്പെട്ടവനും നമ്മില്‍ പെട്ടവനല്ല.” (അബൂദാവൂദ്, മുസ്‌ലിം).
ഇല്ലാത്ത ജിഹാദിന്റെ പേരില്‍ ഇസ്‌ലാമിലേക്ക് ആളെ കൂട്ടേണ്ട യാതൊരു ആവശ്യവും ഇല്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ സംശയമന്യേ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ ഇസ്‌ലാം സ്വീകരിക്കാത്തതിന്റെ പേരില്‍ നബി(സ) മാനസികമായ പ്രയാസം പ്രകടിപ്പിച്ചപ്പോള്‍ അല്ലാഹുവിന്റെ കല്പന ഇപ്രകാരമായിരുന്നു: ”അവര്‍ പിന്തിരിഞ്ഞു കളയുന്നത് (ഇസ്‌ലാമില്‍ നിന്ന്) താങ്കള്‍ക്ക് ദുസ്സഹമായി തോന്നുന്ന പക്ഷം ഭൂമിയില്‍ ഇറങ്ങിപ്പോകാന്‍ ഒരു തുരങ്കമോ ആകാശത്തേക്ക് കയറിപ്പോകുവാന്‍ ഒരു കോണിയോ തേടിപ്പിടിച്ചിട്ട് അവര്‍ക്കൊരു ദൃഷ്ടാന്തം (മുഅ്ജിസത്ത്) കൊണ്ടുവന്നു കൊടുക്കാന്‍ താങ്കള്‍ക്ക് സാധിക്കുന്ന പക്ഷം അതങ്ങ് ചെയ്‌തേക്കുക. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരെ മുഴുവന്‍ അവന്‍ സന്മാര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുക തന്നെ ചെയ്യുമായിരുന്നു.” (അന്‍ആം 35)
മുഅ്ജിസത്ത് അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമേ നബി(സ)ക്ക് പ്രകടിപ്പിക്കാന്‍ സാധിക്കൂ. ശത്രുക്കള്‍ ആവശ്യപ്പെടുന്നതുപോലെയുള്ള മുഅ്ജിസത്തുകള്‍ കാണിച്ചുകൊടുത്താല്‍ അവര്‍ ഇസ്‌ലാമിലേക്ക് വരാന്‍ സാധ്യതയുണ്ട്. അതിന് നബി(സ) അല്ലാഹുവോട് തിടുക്കം കാട്ടി പ്രാര്‍ഥിച്ചപ്പോഴാണ് മേല്‍ വചനം അവതരിപ്പിച്ചത്. അല്ലാഹുവിന്റെ മറ്റൊരു വചനം: ”മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്നും വ്യക്തമായി വേര്‍തിരിഞ്ഞുകഴിരിക്കുന്നു” (അല്‍ബഖറ 256). ”നബിയേ പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ.” (അല്‍കഹ്ഫ് 29)
അതിനാല്‍ പ്രണയം നടിച്ച് മറ്റുള്ള സമുദായങ്ങളിലെ പെണ്‍കുട്ടികളെ വശീകരിച്ച് ഇസ്‌ലാമില്‍ ആളെ കൂട്ടാന്‍ ഇസ്‌ലാമിന്റെ ഭരണഘടനയായ ഖുര്‍ആന്‍ അനുവദിക്കുന്നില്ല. എന്നാല്‍ മേല്‍പറഞ്ഞ വിധം സംഭവിക്കുന്നില്ലെങ്കിലും എല്ലാ മതക്കാരിലും പെട്ട യുവതീ യുവാക്കള്‍ പരസ്പരം സ്‌നേഹിച്ച് വധൂവരന്മാരായി ജീവിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. അതില്‍ മുസ്‌ലിംകളെ മാത്രം വേര്‍തിരിച്ച് അതിന്ന് ‘ലൗജിഹാദ്’ എന്ന ഇല്ലാത്ത പേരു നല്‍കി അവഹേളിക്കുകയെന്നത് സംഘപരിവാര്‍ തന്ത്രമാണ്. അതില്‍ ഒന്നും തിരിയാത്ത ചില ക്രിസ്തീയ പുരോഹിതന്‍മാരും വീണു എന്നു മാത്രം.
Back to Top