1 Tuesday
July 2025
2025 July 1
1447 Mouharrem 5

മോദീസര്‍ക്കാര്‍ രാജ്യതാല്പര്യങ്ങളെ അമേരിക്കക്ക് അടിയറ വെക്കുന്നു -കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രതിനിധി സമ്മേളനം മലപ്പുറത്ത് കെ ജെ യു സംസ്ഥാന പ്രസിഡന്റ് എ അബ്ദുദുല്‍ഹമീദ് മദീനി ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം: സേച്ഛാധിപത്യവും വംശീയതയും വര്‍ഗീയതയും ഇഴുകിച്ചേര്‍ന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചേര്‍ന്ന് ഗുജറാത്തില്‍ നടത്തുന്ന ‘നമസ്‌തേ ട്രംപ്’ പരിപാടി രാജ്യത്തെ മതേതര- ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേദിയൊരുക്കാന്‍ ഇന്ത്യയുടെ പൊതുഖജനാവില്‍ നിന്ന് കോടികള്‍ ധൂര്‍ത്തടിക്കുന്നത് കടുത്ത അപരാധമാണ്. ഗുജറാത്തിലെ ചേരി നിവാസികളായ പട്ടിണിപ്പാവങ്ങളെയും തെരുവു കച്ചവടക്കാരെയും വഴിയാധാരമാക്കി അമേരിക്കന്‍ പ്രസിഡന്റിന് വിരുന്നൊരുക്കുന്ന മോദി സര്‍ക്കാറിന്റെ ജനദ്രോഹ നടപടികളെ ഇന്ത്യന്‍ ജനത ഒന്നിച്ചെതിര്‍ക്കണം.
രാജ്യത്തിന്റെ വളര്‍ച്ചക്ക് അനുഗുണമായ വാണിജ്യ കരാറുകളൊന്നും മുന്നോട്ടു വെക്കാതെ അമേരിക്കന്‍ കമ്പനികളുടെ വിപണിയാക്കി ഇന്ത്യയെ മാറ്റുന്ന വാണിജ്യ കരാറുകള്‍ മാത്രം ലക്ഷ്യം വെക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് വേദിയൊരുക്കുന്ന മോദീ സര്‍ക്കാര്‍ രാജ്യതാല്പര്യത്തെ അമേരിക്കക്കു മുമ്പില്‍ അടിയറ വെക്കുകയാണ്. അമേരിക്കന്‍ വിമാന കമ്പനികളുടെ ഉല്പന്നങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള കരാറുകള്‍ മാത്രമാണ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒപ്പുവെക്കപ്പെടുന്നത് എന്നത് ഏറെ നിരാശാജനകമാണ്.
ശാഹീന്‍ബാഗ് പ്രക്ഷോഭം തകര്‍ക്കാന്‍ മോദീസര്‍ക്കാര്‍ നടത്തുന്ന ഗൂഢശ്രമങ്ങളെ ചെറുക്കാന്‍ ഇന്ത്യന്‍ ജനത ജാഗരൂകരാമാവണം. രാജ്യത്തിന്റെ ഐക്യവും ഭദ്രതയും നിലനില്പും ഉറപ്പുവരുത്താനുള്ള സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ശക്തവും ജനകീയവുമായ പൗരത്വനിയമ പ്രതിഷേധങ്ങളെ വിജയം വരെ മുന്നോട്ട് പോവാന്‍ പ്രത്യയശാസ്ത്ര ഭിന്നതകള്‍ മറന്ന് ദേശീയ കക്ഷികള്‍ ഒന്നിക്കണം.
എന്‍ പി ആര്‍ നടപടികള്‍ ബഹിഷ്‌ക്കരിക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് ഒരു നിലക്കും എന്‍ പി ആര്‍ നടപടി നടപ്പിലാക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങള്‍ക്ക് തടയിടാന്‍ കേരള പോലീസിലെ ഒരു വിഭാഗം ബോധപൂര്‍വം ശ്രമം നടത്തുന്നു എന്നത് ആശങ്കാജനകമാണ്. പോലീസിന്റെ വര്‍ഗീയ നടപടികളെ ചെറുക്കാന്‍ ആഭ്യന്തര വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളം ആവശ്യപ്പെട്ടു.
കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എ അബ്ദുല്‍ഹമീദ് മദീനി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംഘടനാ വൈസ് പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. പി അബ്ദുല്‍അലി മദനി മുഖ്യ പ്രഭാഷണം നടത്തി. എന്‍ എം അബ്ദുല്‍ജലീല്‍, കെ പി സകരിയ്യ, എം അഹ്മദ് കുട്ടി മനദി, സി അബ്ദുല്ലത്തീഫ്, ഡോ. ഐ പി അബ്ദുസ്സലാം, ബി പി എ ഗഫൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അബ്ദുസ്സലാം പുത്തൂര്‍, ഡോ. അനസ് കടലുണ്ടി, ഡോ. അന്‍വര്‍ സാദത്ത്, യു പി യഹ്‌യാഖാന്‍, ഡോ. ജാബിര്‍ അമാനി, പി പി ഖാലിദ്, അഡ്വ. പി മുഹമ്മദ് ഹനീഫ, അഡ്വ. എം മൊയ്തീന്‍കുട്ടി, അഡ്വ. പി കുഞ്ഞമ്മദ്, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, സി മമ്മു കോട്ടക്കല്‍, ശംസുദ്ദീന്‍ പാലക്കോട്, ഡോ. ഫുക്കാര്‍ അലി, ഫാസില്‍ ആലുക്കല്‍ പ്രസംഗിച്ചു.

Back to Top