23 Monday
December 2024
2024 December 23
1446 Joumada II 21

മരണാനന്തരം ആചാരങ്ങളും അനാചാരങ്ങളും ശംസുദ്ദീന്‍ പാലക്കോട്

മനുഷ്യര്‍ മരിച്ച് മണ്ണടിഞ്ഞ് തീര്‍ന്നുപോവുകയല്ല. മറിച്ച്, ഗൗരവതരമായ മറ്റൊരു ജീവിതത്തിലേക്കുള്ള ഒരു യാത്രയുടെ ആരംഭമാണ് മരണം. ഇഹലോക ജീവിതത്തില്‍ നിന്നുള്ള ഒരു വിടവാങ്ങലും പരലോക ജീവിതത്തിലേക്കുള്ള ഒരു പ്രവേശനവുമാണ് മരണം. ഇഹലോക ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും നമ്മോടൊപ്പം പലരുമുണ്ടാകും. നമ്മുടെ സുഖദു:ഖങ്ങളില്‍ പങ്കുചേരാന്‍ സഹപ്രവര്‍ത്തകരും നാട്ടുകാരും ബന്ധുജനങ്ങളുമുണ്ടാകും. എന്നാല്‍ മരണവാതില്‍ കടന്നുകൊണ്ടുള്ള പരലോക യാത്രയിലുടനീളം നാം ഏകനായാണ് യാത്ര ചെയ്യുക. അല്ലാഹു പറയുന്നു: ”ഒരാള്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒരുപകാരവും ചെയ്യാന്‍ പറ്റാത്ത, ഒരാളില്‍ നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടാത്ത, ഒരാള്‍ക്കും ഒരു ശുപാര്‍ശയും പ്രയോജനപ്പെടാത്ത, ആര്‍ക്കും ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസത്തെ (പരലോക ദിവസത്തെ) നിങ്ങള്‍ സൂക്ഷിക്കുക.” (വി.ഖു 2:123)
ആള്‍ക്കൂട്ടത്തില്‍ നിന്ന്, ബഹളമയമായ ഭൗതികജീവിതത്തില്‍ നിന്ന് മരണകവാടം കടന്ന് പരലോക യാത്ര തുടങ്ങിയ മയ്യിത്തിനോട് ജീവിച്ചിരിക്കുന്ന ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ചില കടമകളും കടപ്പാടുകളുമുണ്ട്. മയ്യിത്തിനെ കുളിപ്പിക്കുക, കഫന്‍ പുടവയില്‍ പൊതിയുക, നമസ്‌കരിക്കുക, ഖബറടക്കുക എന്നീ നാല് കര്‍മങ്ങളാണ് പ്രധാനമായും ചെയ്യേണ്ടത്. മയ്യിത്ത് പരിപാലനം എന്നറിയപ്പെടുന്ന ഈ കര്‍മങ്ങളില്‍ പങ്കെടുക്കുന്നതും സഹകരിക്കുന്നതും സഹായിക്കുന്നതും ജീവിച്ചിരിക്കുന്നവരുടെ ബാധ്യതയും വലിയ പ്രതിഫലം ലഭിക്കുന്ന പുണ്യകര്‍മവുമാകുന്നു. ഒരു പുരോഹിതനെ വിളിച്ചുവരുത്തി അയാള്‍ക്ക് അമ്പതോ നൂറോ രൂപ കൂലികൊടുത്ത് ചെയ്യിക്കേണ്ട യാതൊരു കര്‍മവും മരണാനന്തര കര്‍മങ്ങളില്‍ ഇസ്‌ലാം ഉണ്ടാക്കിയിട്ടില്ല.
എന്നാല്‍ ഈ രംഗത്ത് പ്രവാചക ചര്യക്ക് വിരുദ്ധമായ, സ്വഹാബികളാരും ചെയ്തിട്ടില്ലാത്ത ധാരാളം അനാചാരങ്ങളും ദുരാചാരങ്ങളും ഇന്ന് കടന്നുകൂടിയിട്ടുണ്ട്. ഈ അനാചാരങ്ങള്‍ക്ക് ചിലര്‍ നേതൃത്വം കൊടുക്കുന്നതിനാല്‍ ഇതെല്ലാം മതത്തിലുള്ളത് തന്നെയാണെന്ന് സാധാരണക്കാര്‍ തെറ്റിദ്ധരിക്കുകയും ചെയ്തിരിക്കുന്നു. മയ്യിത്തിന്റെ അരികിലിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യല്‍, കഫന്‍ ചെയ്തു കഴിഞ്ഞാല്‍ മയ്യിത്തിനു വേണ്ടി പ്രത്യേകം യാസീനും ദിക്‌റും കൂട്ടപ്രാര്‍ഥനയും നടത്തല്‍, മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ശബ്ദമുയര്‍ത്തി ദിക്ര്‍ ചൊല്ലല്‍, മയ്യിത്ത് നമസ്‌കാരത്തിനു മയ്യിത്തിന്റെ ബന്ധുവിനെ ഇമാമായി നില്‍ക്കാന്‍ അനുവദിക്കാതിരിക്കല്‍, സ്ത്രീകളെ മയ്യിത്ത് നമസ്‌കരിക്കാന്‍ അനുവദിക്കാതിരിക്കല്‍, മയ്യിത്തിനെ ഖബറടക്കിക്കഴിഞ്ഞാല്‍ മീസാന്‍ കല്ല് പിടിച്ച് തല്‍ഖീന്‍ ചൊല്ലിക്കൊടുക്കല്‍, മരിച്ച മൂന്നാം ദിവസം മയ്യിത്തിന്റെ വീട്ടുകാര്‍ അവിലുകുഴച്ചതും ചായ പലഹാരങ്ങളുമൊരുക്കി ജനങ്ങളെ സല്‍ക്കരിക്കല്‍ എന്നിവ പ്രവാചകചര്യയിലോ സ്വഹാബികളുടെ ജീവിതത്തിലോ മാതൃകയില്ലാത്തതാണ്, അനാചാരങ്ങളാണ്.
ഭര്‍ത്താവിന്റെ മയ്യിത്തിനെ ഭാര്യയും ഭാര്യയുടെ മയ്യിത്തിനെ ഭര്‍ത്താവും കുളിപ്പിക്കാന്‍ പാടില്ല എന്ന ഒരു അന്ധവിശ്വാസവും നിലവിലുണ്ട്. മയ്യിത്തിനെ ചൂട് വെള്ളത്തിലാണ് കുളിപ്പിക്കേണ്ടത് എന്നതും ഒരന്ധവിശ്വാസമാണ്. ശുദ്ധമായ പച്ചവെള്ളമാണ് മയ്യിത്ത് കുളിപ്പിക്കാന്‍ ശ്രേഷ്ഠകരം എന്ന് ശാഫിഈ മദ്ഹബിലെ കിതാബുകളില്‍ പോലും (ഉദാ: ശറഹുല്‍ മുഹദ്ദബ് 5/155) വ്യക്തമാക്കിയിട്ടുണ്ട്. ഫാത്വിമ(റ)യുടെ മയ്യിത്ത് കുളിപ്പിച്ചത് ഭര്‍ത്താവായ അലി(റ) ആയിരുന്നുവെന്നത് ഒരു ചരിത്രരേഖയാണ്. ”നീ എനിക്ക് മുമ്പ് മരിച്ചാല്‍ ഞാന്‍ നിന്നെ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും ചെയ്യും” എന്ന് നബി(സ) ഭാര്യ ആഇശ(റ)യോട് പറഞ്ഞ സംഭവം ഹദീസ് ഗ്രന്ഥങ്ങളില്‍ (അഹ്മദ്, ഇബ്‌നുമാജ) കാണാം.
മയ്യിത്തിനുവേണ്ടി നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ പ്രാര്‍ഥനയാണ് മയ്യിത്ത് നമസ്‌കാരം. ഇതില്‍ സ്ത്രീ പുരുഷ വ്യത്യാസമൊന്നുമില്ല. മയ്യിത്തിനോട് അല്‍പമെങ്കിലും സ്‌നേഹമോ ബഹുമാനമോ ഉള്ള ഒരാള്‍ക്കും മയ്യിത്ത് നമസ്‌കാരത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തോന്നുകയില്ല. പ്രവാചകന്‍ വഫാത്ത് ആയപ്പോഴും സ്വഹാബികള്‍ മരിച്ചപ്പോഴും സ്വഹാബി വനിതകള്‍ മയ്യിത്ത് നമസ്‌കരിച്ച സംഭവം ഹദീസ് ഗ്രന്ഥങ്ങളിലും കാണാം. സഅ്ദുബ്‌നു അബീവഖാസ് മരിച്ചപ്പോള്‍ മയ്യിത്ത് നമസ്‌കരിക്കാന്‍ വേണ്ടി മയ്യിത്ത് പള്ളിയില്‍ കൊണ്ടുവരാന്‍ ആഇശ(റ) നിര്‍ദേശം നല്‍കുകയും അവര്‍ മയ്യിത്ത് നമസ്‌കരിക്കുകയും ചെയ്ത സംഭവം ‘മുസ്‌ലിം’ ഉദ്ധരിച്ച ഹദീസിലുണ്ട്.
മയ്യിത്തുകൊണ്ട് പോകുമ്പോള്‍ യാതൊരുവിധത്തിലുള്ള ശബ്ദവുമുണ്ടാക്കരുതെന്നാണ് നബി(സ) നിര്‍ദേശിച്ചിട്ടുള്ളത്. ഈ പ്രവാചക നിര്‍ദേശം പരസ്യമായി ലംഘിച്ചുകൊണ്ടാണ് മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ഇന്ന് ഉറക്കെ ദിക്ര്‍ ചൊല്ലുന്നത്. മയ്യിത്തിനെ അനുഗമിക്കുന്നവര്‍ക്ക് മരണം, അതിനുശേഷമുള്ള അവസ്ഥ, ദുന്‍യാവിന്റെ നാശം എന്നിവയെപ്പറ്റി ചിന്തിക്കലാണ് സുന്നത്ത് എന്ന് ശാഫിഈ കിതാബുകളില്‍ (ഉദാ: മഹല്ലി 1/437) പോലും പറഞ്ഞിട്ടുള്ളതിന് എതിരാണ് നാം ചെയ്തുകൊണ്ടിരിക്കുന്നത്!
ഖബറടക്കിയാല്‍ അവിടെ കൂടിയവര്‍ എല്ലാവരും മയ്യിത്തിനുവേണ്ടി തസ്ബീത്ത് ചൊല്ലുകയാണ് വേണ്ടത്. അതാണ് നബിചര്യ. സുന്നത്തായ തസ്ബീത്തില്‍ താല്പര്യം കാണിക്കാതെ ബിദ്അത്തായ തല്‍ഖീനില്‍ താല്പര്യം കാണിക്കുന്ന വിരോധാഭാസമാണ് ചിലയിടങ്ങളില്‍ കണ്ടുവരുന്നത്. തല്‍ഖീനിന്റെ വിഷയത്തില്‍ ഉദ്ധരിക്കപ്പെടുന്ന ഹദീസ് അങ്ങേയറ്റം ദുര്‍ബലമാണെന്ന് പ്രമുഖ ശാഫിഈ പണ്ഡിതനായ ഇമാം നവവി തന്റെ ശറഹുല്‍ മുഹദ്ദുബീനില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരാള്‍ മരിച്ചാല്‍ മൂന്ന് കാര്യങ്ങളൊഴികെ ദുന്‍യാവുമായുള്ള അയാളുടെ എല്ലാ കര്‍മങ്ങളും മുറിഞ്ഞു എന്ന് നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. ജീവിതകാലത്ത് ആ വ്യക്തി ചെയ്ത നിലനില്ക്കുന്ന ദാനധര്‍മം, ഉപകാരപ്പെടുന്ന വിജ്ഞാനം, സ്വാലിഹായ സന്താനത്തിന്റെ പ്രാര്‍ഥന എന്നിവയാണവ. മയ്യിത്തിനുവേണ്ടി മയ്യിത്തിന്റെ അരികിലും ഖബ്‌റിന്നരികിലും മൂന്നാം നാളിലും ആണ്ടറുതിയിലും ഒരാളെ വിളിച്ചുവരുത്തി ഇലാ ഹള്‌റത്തി വിളിച്ച് യാസീന്‍ ഓതുന്നതിന് നബിചര്യയില്‍ മാതൃകയില്ല. ഖബ്‌റിടങ്ങള്‍ ഖത്തപ്പുരകെട്ടി ഖുര്‍ആന്‍ ഓതുന്നതും നബിചര്യക്കെതിരാണ്.
മരണം ചെരുപ്പിന്റെ വള്ളിയേക്കാള്‍ നമ്മുടെ അടുത്തുണ്ട്. മരണത്തെ ഭയന്നോടേണ്ടതില്ല. പക്ഷേ മരണചിന്ത എപ്പോഴും വേണം. ജീവിതകാലത്ത് പരമാവധി സല്‍ക്കര്‍മം ചെയ്യുക. ദിക്‌റും ദുആയും സ്വലാത്തും വര്‍ധിപ്പിക്കുക. മരണവാതില്‍ കടന്നാല്‍ അവിടുന്നങ്ങോട്ട് നാം തനിച്ചാണ്. മക്കളെ ധര്‍മനിഷ്ഠയോടെ വളര്‍ത്താന്‍ ശ്രമിക്കുക. അവരുടെ പ്രാര്‍ഥന മരണശേഷവും നമുക്ക് ഉപകാരപ്പെടും. പുരോഹിതരെ വിളിച്ച് മാതാപിതാക്കള്‍ക്ക് വേണ്ടി വര്‍ഷത്തിലൊരിക്കല്‍ കൂലികൊടുത്ത് ദുആ ഇരപ്പിക്കുന്നവരായി നാം തരം താഴുകയല്ല വേണ്ടത്. മരിച്ചുപോയ മാതാപിതാക്കള്‍ക്കുവേണ്ടി എപ്പോഴും അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്ന നല്ല മക്കളായി ഉയരുകയാണ് വേണ്ടത്. അതിനു മതപരമായ അറിവും ഉത്ബുദ്ധതയും പ്രവാചകനോടും പ്രവാചകചര്യയോടും അങ്ങേയറ്റത്തെ സ്‌നേഹവുമാണ് നാം വളര്‍ത്തേണ്ടത്.

Back to Top