3 Thursday
July 2025
2025 July 3
1447 Mouharrem 7

മാലിയില്‍ വംശീയ ഏറ്റുമുട്ടലില്‍ 40 മരണം

ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ രൂക്ഷമായ വംശീയ ഏറ്റുമുട്ടലുകളില്‍ സൈനികരടക്കം 40 പേര്‍ കൊല്ലപ്പെട്ടു. മധ്യ മാലിയില്‍ ഫുലാനി വിഭാഗക്കാര്‍ വസിക്കുന്ന ഒഗോസഗൗവില്‍ ഉണ്ടായ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 30ഓളം വരുന്ന സായുധസംഘമാണ് ആക്രമണം നടത്തിയതെന്ന് ഗ്രാമത്തലവന്‍ അലി ഉസ്മാനെ ബാരി അറിയിച്ചു.
കുടിലുകളും കാലിസമ്പത്തും തീയിട്ടു നശിപ്പിക്കുകയും കാലികളെ മോഷ്ടിക്കുകയും ചെയ്‌തെന്നും അദ്ദേഹം വിശദീകരിച്ചു. ആക്രമികളെ സര്‍ക്കാര്‍ സേന തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും അലി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഒഗോസഗൗവില്‍ ദോഗോള്‍ റെബലുകള്‍ നടത്തിയ ആക്രമണത്തില്‍ 160 ഫുലാനി വംശജര്‍ മരിച്ചിരുന്നു.
മധ്യ ഗാഓ മേഖലയില്‍ മറ്റൊരു സംഭവത്തില്‍ എട്ടു മാലി സൈനികര്‍ കൊല്ലപ്പെട്ടതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. മൊണ്ടാരോയിലും ഒരു സൈനികന്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
2012 മുതല്‍ സായുധ സംഘങ്ങളുടെ ഏറ്റുമുട്ടലുകള്‍കൊണ്ട് കലുഷിതമാണ് മാലി.

Back to Top