23 Monday
December 2024
2024 December 23
1446 Joumada II 21

പെണ്ണുങ്ങള്‍ പൊരുതുന്ന  സ്വാതന്ത്ര്യസമരം – അമല്‍ ഹുദ

ശാഹിന്‍ബാഗിലും മറ്റു ഇന്ത്യന്‍ തെരുവുകളിലും നടന്നുകൊണ്ടിരിക്കുന്ന സി എ എ- എന്‍ ആര്‍ സി വിരുദ്ധ പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള ഈ കുറിപ്പെഴുതാനിരിക്കുമ്പോള്‍ ഒരുപാട് ചിത്രങ്ങള്‍ മനസ്സിലേക്ക് ചലച്ചിത്രം പോലെ കടന്നുവരുന്നുണ്ട്. അവയിലൊക്കെയും നിറഞ്ഞുനില്‍ക്കുന്നത് സ്ത്രീകളാണ്. പ്രത്യേകിച്ചും മുസ്‌ലിം സ്ത്രീകള്‍. രാജ്യത്തിന്റെ പരമോന്നത നിയമസംഹിതയായ ഭരണഘടനയുടെ നഗ്‌നമായ ലംഘനങ്ങളാണ് സി എ എ- എന്‍ ആര്‍ സി ബില്ലുകള്‍ക്ക് പിന്നിലുള്ളത്. ഇന്ത്യന്‍ പൗരനെന്ന നിലക്ക് ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശം ചില ആളുകള്‍ക്ക് വംശീയമായ വിവേചനത്തിലൂടെ നിഷേധിക്കുന്നു എന്നതുകൊണ്ടാണ് സി എ എ- എന്‍ ആര്‍ സി നിയമം എതിര്‍ക്കപ്പെടേണ്ടതാകുന്നത്.
തങ്ങളുടെ വീടുകളുടെ സുരക്ഷിതത്വത്തില്‍ നിന്നും കൈക്കുഞ്ഞുങ്ങളെയടക്കം കൊണ്ട് തെരുവിലേക്കിറങ്ങാന്‍ ഈ സ്ത്രീകള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. ജാമിഅ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന സി എ എ- എന്‍ ആര്‍ സി വിരുദ്ധ പ്രക്ഷോഭത്തിനിടെ വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതക്കുന്നത് കണ്ട് ജാമിഅ നഗറിലും പരിസരങ്ങളിലും താമസിക്കുന്ന കുറച്ച് സ്ത്രീകള്‍ അവരുടേതായ രീതിയിലാരംഭിച്ച പ്രക്ഷോഭപന്തലാണ് ശാഹിന്‍ബാഗ്. കുറച്ചു സ്ത്രീകള്‍ ചേര്‍ന്ന് രാപ്പകല്‍ കുത്തിയിരുന്ന് ഡല്‍ഹിലെ പ്രധാന പാത സമാധാനപരമായി ഉപരോധിക്കുന്ന രീതിയില്‍ തുടങ്ങിയ സമരം പിന്നീട് രാജ്യം ഏറ്റെടുക്കുന്നതാണ് നാം കണ്ടത്.
ശാഹിന്‍ബാഗ് സമരത്തിന് ചില പ്രത്യേകതകളുണ്ട്. ഒന്ന്, സ്ത്രീകള്‍ തുടങ്ങിവെച്ച് സ്ത്രീകളാല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമരമാണിത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നായ ജാമിഅ നഗറിലെ സാധാരണക്കാരായ സ്ത്രീകളുടെ നേതൃത്വത്തില്‍ വിരിഞ്ഞ സമരപുഷ്പങ്ങള്‍ ഇന്ത്യയിലെ പ്രധാന തെരുവുകളിലേക്കൊക്കെയും മാലകളായി കോര്‍ത്തെടുക്കുന്ന കാഴ്ച അതിശയിപ്പിക്കുന്നതായിരുന്നു. ശാഹിന്‍ബാഗ് സമരത്തിന്റെ പ്രധാന ഉദ്ദേശ്യം സി എ എ- എന്‍ ആര്‍ സി നിയമങ്ങളെ എതിര്‍ക്കലാണെങ്കിലും സമരം ഇപ്പോള്‍ ബി ജെ പി ഗവണ്‍മെന്റിനെതിരായിട്ടുണ്ട്. അതിനെ പിന്തുടര്‍ന്ന് ഉത്തര്‍പ്രദേശിലും മുംബൈയിലുമൊക്കെ സമാനമായ സമരപന്തലുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഒരു രാജ്യത്തെ തെരുവുകളൊക്കെയും സ്്ത്രീകളും കുട്ടികളുമടങ്ങുന്ന സമരക്കൂട്ടങ്ങള്‍ കയ്യേറുക എന്നതില്‍ കവിഞ്ഞ നാണക്കേടെന്തുണ്ട് രാജ്യത്തെ അധികാരികള്‍ക്ക് വരാന്‍!
സി എ എ- എന്‍ ആര്‍ സി നിയമങ്ങള്‍ക്കെതിരെ കേരളത്തിലും വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും മതസംഘടനകളുടെയും അതിലേറെ സംയുക്ത പരൗവലികള്‍ രൂപീകരിച്ച് അവയുടെ ആഭിമുഖ്യത്തിലുമായി നിരവധി സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിച്ച ശാഹീന്‍ബാഗിന്റെ മാതൃക അനുകരിച്ചുകൊണ്ട് നിരവധി രാപ്പകല്‍ സമരങ്ങളും നടക്കുന്നുണ്ട്. തുല്യതക്ക് വേണ്ടിയും പൗരത്വഭീഷണിക്കെതിരെയുമായി നടന്നുകൊണ്ടിരിക്കുന്ന ഈ സമരങ്ങളിലൊക്കെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകതയുണ്ട്; അത് സമരങ്ങളിലെ മുസ്‌ലിം സ്ത്രീ സാന്നിധ്യമാണ്.
നിലവില്‍ കേരളത്തിലെ തെരുവു സമരങ്ങളും തെരുവുവേദികളും സ്ത്രീകള്‍ക്ക് പൊതുവിലും മുസ്‌ലിം സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും അന്യമായ ഒന്നാണ്. ആണ്‍കോയ്മയുടെ ആഘോഷമായാണ് സമരവേദികള്‍ പോലും കാണപ്പെടാറ്. കാലങ്ങളായി അനുവര്‍ത്തിച്ചുപോരുന്ന ആ അന്യതാബോധം, പൗരത്വവിരുദ്ധ പ്രക്ഷോഭങ്ങളിലെത്തിയപ്പോള്‍ കുറെ കുറഞ്ഞ കാഴ്ചയാണ് ആദ്യനാളുകളില്‍ കണ്ടത്. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ചരിത്രത്തിലെ ഒരു പ്രധാന അധ്യായം തന്നെയാവുമിത്. കാരണം പൗരോഹിത്യ, മതമേലധ്യക്ഷന്മാരുടെ അടിമകളായി കഴിഞ്ഞിരുന്ന, വിദ്യാഭ്യാസം പോയിട്ട് വീടിനു പുറത്തിറങ്ങുന്നത് വരെ നിഷേധിച്ചിരുന്ന ഒരവസ്ഥയില്‍ നിന്ന് മാറി വിവിധ പൗരാവലികള്‍ സംഘടിപ്പിക്കുന്ന പ്രതിഷധ റാലികളില്‍ പങ്കെടുക്കാനും മുദ്രാവക്യങ്ങള്‍ വിളിക്കാനുമൊക്കെ സ്ത്രീകള്‍ മുന്നോട്ടുവന്നു എന്നത് ശ്ലാഘനീയമായ കാര്യം തെന്നയാണ്.
എന്നാലും വേറെ കുറച്ചുകാര്യങ്ങള്‍ ഈ സമരങ്ങളിലെ സ്ത്രീ സാന്നിധ്യവുമായി ബന്ധപ്പെട്ട് പറയാനുണ്ട്. വിവിധ പ്രതിഷേധ സംഗമങ്ങളുമായി ചേര്‍ത്തുവെക്കാവുന്ന സ്ത്രീകളില്‍ മൂന്ന് വിഭാഗക്കാരുണ്ട്. ഒന്ന് സ്ഥിരമായി സാമൂഹിക, സാംസ്‌കാരിക വിഷയങ്ങളില്‍ പങ്കെടുക്കുന്നവര്‍. അവര്‍ ഏതെങ്കിലും മതസംഘടനയുടെയോ രാഷ്ട്രിയപ്പാര്‍ട്ടികളുടെയോ അവയുടെ വനിതാഘടകങ്ങളുടെയോ ഭാഗമായി നിന്നുകൊണ്ട് പല രീതിയില്‍ പരിമിതമായ സ്വാതന്ത്ര്യത്തോടെ പ്രതികരിക്കുന്നവരാണ്. അല്ലെങ്കില്‍ തൊഴിലുമായി ബന്ധപ്പട്ടുള്ള സമരങ്ങള്‍ക്കു വേണ്ടി പൊതുവേദികള്‍ ഉപയോഗിക്കുന്നവര്‍. രണ്ട്, ഇത് രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധിയാണന്നും ഭരണഘടനയുടെ ലംഘനമാണെന്നുമൊക്കെ മനസ്സിലാക്കിയ അതല്ലെങ്കില്‍ സി എ എ- എന്‍ ആര്‍ സി നിയമം സൃഷ്ടിച്ച പലായന- അഭയാര്‍ഥിത്വ ഭീതിയില്‍ നില്‍ക്കുന്ന, പ്രക്ഷോഭങ്ങളൊക്കെയും താന്താങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും പങ്കെടുക്കാതിരിക്കാനാവില്ലെന്നുമുള്ള ബോധ്യതതില്‍ നില്‍ക്കുന്നവര്‍. നിലവില്‍ പ്രക്ഷോഭസമരങ്ങളിലൊക്കെയും നമുക്ക് കാണാനാവുന്നത് ഈ രണ്ടു വിഭാഗങ്ങളെയാണ്. ഇത് വളരെ ചെറിയൊരു ശതമനാമാണെന്ന് ആദ്യമേ പറയട്ടെ. ഇതില്‍ ആദ്യത്തെ കൂട്ടര്‍ക്ക് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാവും. രണ്ടാമത്ത വിഭാഗം സ്ത്രീകള്‍ പല പ്രതിബന്ധങ്ങളെയും അിജീവിച്ച് സമരരംഗത്തേക്കിറങ്ങിയവരാണ്. വീട്ടുകാരും നാട്ടുകാരും ഉസ്താദുമാരും പള്ളിക്കമ്മിറ്റിയുമൊക്കെ എതിര്‍പ്പ് പ്രകടിപ്പിച്ചവരുണ്ട്. അവരെയൊക്കെ തന്നാലാവും വിധം കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കേണ്ടിവരുന്നുണ്ട്.
ഇനി മൂന്നാമത്തെ വിഭാഗമുണ്ട്. ഒന്നിലും പങ്കെടുക്കാതെ വീട്ടില്‍ തന്നെയിരിക്കുന്നവര്‍. സങ്കടകരമെങ്കിലും പറയട്ടെ, കേരളത്തിലെ മുസ്‌ലിം സ്ത്രീകളിലെ എണ്‍പത് ശതമാനത്തോളം ഈ വിഭാഗത്തിലേക്കാണ് പോയിട്ടുള്ളത്. പല പല കാരണങ്ങളാല്‍ അവരൊരിക്കലും ഒരു സമരത്തില്‍ പങ്കെടുക്കാനോ മുദ്രാവാക്യം വിളിക്കാനോ എന്തിന് അവര്‍ക്ക് സ്വന്തമായൊരു രാഷ്ട്രീയം ഉണ്ടായിരിക്കാനോ പോലും സാധ്യതയില്ല. അത്രക്ക് രൂക്ഷമായാണ് പൗരോഹിത്യം അവരെ അടിമപ്പെടുത്തിയിരിക്കുന്നത്. പൗരത്വ പ്രക്ഷോഭങ്ങളുടെ ആദ്യനാളുകളില്‍ പുറത്തിറങ്ങിയിരുന്ന സ്ത്രീകള്‍ പോലും ഇപ്പോള്‍ പ്രാതിനിധ്യമവസാനിപ്പിച്ച് വീടകങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നു. നിങ്ങളുടെ ജോലി വീടുപരിപാലനവും കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കലുമൊക്കെയാണ്, സമരം ചെയ്യാനൊക്കെ ഇവിടെ ആണുങ്ങളുണ്ടെന്ന തീവ്ര പൗരോഹിത്യ തിട്ടൂരങ്ങള്‍ വരിവരിയായി പുറത്തുവന്നു കഴിഞ്ഞു. ആശയപരമായി കടുത്ത വിയോജിപ്പുകളുള്ളവരോട് പോലും ചരിത്രത്തിലാദ്യമായി ചേര്‍ന്നുനിന്നുകൊണ്ട് ഐക്യം കാണിച്ചവര്‍ തങ്ങളുടേത് കപട ഐക്യമായിരുന്നുവെന്ന് തെളിയിച്ചിരിക്കുകയാണ്, സ്ത്രീകളെ ഇത്തരത്തിലുള്ള ബഹുജനമുന്നേറ്റങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തിയതോടെ.
ഒരു ജനാധിപത്യ സമൂഹത്തില്‍ ജനാധിപത്യ മൂല്യങ്ങളുടെയും ഭരണഘടനയുടെ തന്നെയും സംരക്ഷണത്തിലെങ്കിലും സ്ത്രീയും പുരുഷനും തുല്യഉത്തരവാദിത്വമുള്ളവരാണെന്ന് ഈ സമൂഹം എന്നാണ് തിരിച്ചറിയുക? വിശ്വാസം സാമൂഹിക ധര്‍മം കൂടിയാണെന്നും പൗരനെന്ന നിലയില്‍ രാജ്യത്തോടുള്ള കൂറോടുകൂടിയാണ് അത് പൂര്‍ണമാവുകയെന്നും പുരുഷന്‍ സഞ്ചിയില്‍ വാങ്ങിക്കൊണ്ടു കൊടുക്കുന്ന ‘അവകാശങ്ങള്‍’ ഇരുട്ടകങ്ങളിലിരുന്ന് വേവിച്ച് കഴിക്കുന്നവരായല്ല, സ്ത്രീകളെ സൃഷ്ടിച്ചിട്ടുള്ളതെന്നൊന്നും ഓരോരുത്തരും കുഞ്ഞുങ്ങളടക്കം വെവ്വേറെ പൗരാവകാശമുള്ളവരാണെന്നും ഒരു കാലത്തും മനസ്സിലാക്കിനിടയില്ല.
ഇതെഴുതുമ്പോഴും ജാമിഅ നഗറിലെ ശാഹിന്‍ബാഗില്‍ സമരപന്തലുണ്ട്. അതിശൈത്യത്തെ അവഗണിച്ചുകൊണ്ടാണവര്‍ അവിടെയിരിക്കുന്നത്. രാവിലെയും വൈകിട്ടും രാത്രിയും പകലും അവരവിടെ തന്നെ കഴിയുന്നു. കൊച്ചു കുഞ്ഞുങ്ങളടക്കം. തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിക്കു വേണ്ടിയാണ് തങ്ങളിവിടെ വന്നിരിക്കുന്നത്, അവരെവിടെപ്പോകുമെന്ന ആവലാതിയാണ് തങ്ങളെ സമരവുമായി മുന്നോട്ടുനയിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്. എപ്പോള്‍ വണമെങ്കിലും പോലീസ് ആക്രമണമുണ്ടാവാന്‍ സാധ്യതയുള്ള, പിടിച്ചുവലിച്ച് ജയിലിലടക്കാന്‍ സാധ്യതയുള്ള, അതൊന്നുമില്ലെങ്കില്‍ കനത്ത തണുപ്പില്‍ ശ്വാസംമുട്ടി മരണംവരെ സംഭവിക്കാന്‍ സാധ്യതയുള്ള സമരപ്പന്തലില്‍ ഇരുന്ന് സാധാരണക്കാരില്‍ സാധാരണക്കാരികളായ, വാട്‌സാപ്പ് വഴി വിവാഹമോചനം നടത്താന്‍ ഫത്‌വയിറക്കുന്ന മതപണ്ഡിതന്മാരുടെ മര്‍ക്കടമുഷ്ടിയില്‍ കുട്ടിച്ചോറാവുന്ന ജീവിതമുള്ളവരാണ് ഈ സ്ത്രീകള്‍.
ആ സമരത്തിന്റെ പേരും വെച്ചുകൊണ്ട് നമ്മുടെ കേരളത്തിലും കുറെ സമരപ്പന്തലുകളുയര്‍ന്നിട്ടുണ്ട്. സ്ത്രീകളെ ഏഴയലത്തുപോലും അടുപ്പിക്കാത്ത സമരപ്പന്തലുകള്‍. പ്രക്ഷോഭങ്ങളില്‍ സജീവമായി പങ്കെടുത്ത ഒന്നുരണ്ടു പേര്‍ സംസാരത്തിനിടെ പങ്കുവെച്ച കാര്യവും ഇതുതന്നെയായിരുന്നു. ”സെയ്ഫ് സോണിലിരുന്നു കൊണ്ടാണ് ഞങ്ങള്‍ സമരരംഗത്തേക്കിറങ്ങുന്നതെന്ന് അറിയാം. എന്നാലും തന്നാലാവുന്നത് ചെയ്യുകയല്ലേ വേണ്ടത്. അതുകൂടെ ഇല്ലാതാക്കുന്ന ഒരു പൗരോഹിത്യത്തിന്റെ കൂടെ നമുക്ക് എത്രകാലം സഞ്ചരിക്കാനാവും.”
എന്തായാലും, പൗരത്വ പ്രക്ഷോഭങ്ങള്‍ മുസ്‌ലിം സ്ത്രീ ചരിത്രത്തില്‍ വരച്ചിടാന്‍ പോകുന്ന ചിത്രങ്ങള്‍ അത്ര വര്‍ണമനോഹരമായതൊന്നുമല്ല.
Back to Top