23 Monday
December 2024
2024 December 23
1446 Joumada II 21

പ്രാര്‍ഥനകളിലെ അനാചാരങ്ങള്‍ പി കെ മൊയ്തീന്‍ സുല്ലമി

പ്രവാചകചര്യയനുസരിച്ച് പ്രാര്‍ഥനകള്‍ വിവിധ രൂപത്തിലുണ്ട്. വുദ്വു, ബാങ്ക്, നമസ്‌കാരം തുടങ്ങി ആരാധനാകര്‍മങ്ങള്‍ക്കു ശേഷം പ്രാര്‍ഥനകളുണ്ട്. നബി(സ)യുടെ ചര്യയനുസരിച്ച് അവയെല്ലാം ഒറ്റക്കാണ് നിര്‍വഹിക്കേണ്ടത്. ഓരോ വ്യക്തിയും ഒറ്റക്ക് പ്രാര്‍ഥിക്കേണ്ട പ്രാര്‍ഥനയാണ് തസ്ബീത്ത്. സംഘം ചേര്‍ന്ന് നടത്തുന്നതാണെങ്കിലും ഓരോ വ്യക്തികളും വ്യത്യസ്ത പ്രാര്‍ഥനകള്‍ നടത്തുന്ന കര്‍മങ്ങളാണ് ഹജ്ജും ഉംറയും. ഒരു വ്യക്തിയുടെ പ്രാര്‍ഥനക്ക് ആമീന്‍ ചൊല്ലേണ്ട സന്ദര്‍ഭങ്ങളും ഉണ്ട്. വെള്ളിയാഴ്ച ജുമുഅ ഖുതുബക്കു ശേഷമുള്ള ഖത്വീബിന്റെ പ്രാര്‍ഥന അതില്‍ പെട്ടതാണ്. ഏത് വിഷയത്തിലും നമുക്ക് മാതൃക നബി(സ)യാണ്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ റസൂലില്‍ ഉത്തമമായ മാതൃകയുണ്ട്. അഥവാ അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിപ്പിക്കുകയും ചെയ്തുവരുന്നവര്‍ക്ക്.”(അഹ്‌സാബ് 21)
നിര്‍ബന്ധ നമസ്‌കാരത്തിനു ശേഷം പ്രാര്‍ഥനകളുണ്ട്. അബൂഉമാമ(റ) പറയുന്നു: ”അല്ലാഹുവിന്റെ ദൂതരേ, അല്ലാഹു പരിഗണിക്കുന്ന ഏറ്റവും ശ്രേഷ്ടമായ പ്രാര്‍ഥനകള്‍ ഏതെല്ലാം സന്ദര്‍ഭങ്ങളിലാണ്. നബി(സ) പറഞ്ഞു: രാത്രിയുടെ അവസാന യാമത്തിലും നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കുശേഷവും നടത്തുന്ന പ്രാര്‍ഥനകളാണ്” (തിര്‍മിദി). ഫര്‍ദ് നമസ്‌കാര ശേഷം ഓരോ വ്യക്തിയും ഒറ്റക്കാണ് പ്രാര്‍ഥന നടത്തേണ്ടത്. നബി(സ)യുടെ ചര്യ അപ്രകാരമാണ്. ഫര്‍ദ് നമസ്‌കാര ശേഷം സംഘടിതമായി പ്രാര്‍ഥിക്കണം എന്ന നിലയില്‍ നിര്‍മിതമോ ദുര്‍ബലമോ ആയ ഹീസുപോലും വന്നിട്ടില്ല. ഇമാം ശാഫിഈ(റ)യുടെ അല്‍ഉമ്മ്, നൂറുല്‍അബ്്‌സ്വാര്‍ തുടങ്ങിയ സകല ഫിഖ്ഹീ ഗ്രന്ഥങ്ങളും അത്തരം പ്രാര്‍ഥനകള്‍ക്കെതിരാണ്. ”ആയിശ(റ) പറയുന്നു: നബി(സ) നിര്‍ബന്ധ നമസ്‌കാരത്തില്‍ നിന്നും സലാം വീട്ടിയാല്‍ അല്ലാഹുമ്മ അന്‍തസ്സലാം… വല്‍ ഇക്‌റാം എന്ന പ്രാര്‍ഥന ചൊല്ലുന്ന സമയം മാത്രമല്ലാതെ അവിടെ ഇരിക്കാറുണ്ടായിരുന്നില്ല.” (മുസ്‌ലിം)
നബി(സ)യുടെ ഭാര്യ ഉമ്മുസലമ(റ) പറയുന്നു: ”നബി(സ)യുടെ കാലത്ത് സ്ത്രീകള്‍ നിര്‍ബന്ധ നമസ്‌കാരത്തില്‍ നിന്നും നബി(സ) സലാം വീട്ടിക്കഴിഞ്ഞ ഉടനെ എഴുന്നേറ്റു പോകാറായിരുന്നു പതിവ്. നബി(സ)യും കൂടെ നമസ്‌കരിക്കുന്ന സ്വഹാബത്തും അല്ലാഹു ഉദ്ദേശിക്കുന്നത്ര സമയം (സ്ത്രീകള്‍ പിരിഞ്ഞുപോകുന്നതുവരെ) അവിടെത്തന്നെ ഇരിക്കും. നബി(സ) എഴുന്നേല്‍ക്കുമ്പോള്‍ പുരുഷന്മാരും എഴുന്നേല്‍ക്കും” (ബുഖാരി, നസാഈ)
ഇമാം ശാഫിഈ(റ) ഉമ്മുസലമയുടെ ഹദീസിനെ വിശദീകരിക്കുന്നത് ശ്രദ്ധിക്കുക: ”ഉമ്മുസലമ(റ)യുടെ ഹദീസില്‍ പറഞ്ഞതുപോലെ ഇമാം സ്ത്രീകള്‍ പിരിഞ്ഞുപോകുന്ന സമയം മാത്രമേ നമസ്‌കാര സ്ഥലത്ത് ഇരിക്കാവൂ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പിന്നീട് (അവര്‍ പിരിഞ്ഞുപോയ ഉടനെ) ഇമാം അവിടെ നിന്ന് എഴുന്നേറ്റു പോകേണ്ടതാണ്.” (അല്‍ഉമ്മ് 1:11) പള്ളി ദര്‍സുകളില്‍ ആദ്യമായി ചൊല്ലിപ്പഠിപ്പിക്കുന്ന ഗ്രന്ഥങ്ങളിലൊന്നാണ് നൂറുല്‍അബ്‌സ്വാര്‍. അതിലെ ഈ വിഷയകമായി വന്ന പരാമര്‍ശം ഇപ്രകാരമാണ്: ”സലാം വീട്ടിയ ഉടനെത്തന്നെ, സ്ത്രീകള്‍ ജമാഅത്തിന് ഇല്ലാത്തപക്ഷം ഇമാം നമസ്‌കാര സ്ഥലം വിട്ടുപിരിയേണ്ടതാണ്” (പേജ് 70). നമസ്‌കാര ശേഷമുള്ള കൂട്ടുപ്രാര്‍ഥന അനാചാരമാണെന്ന് നിരവധി പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ശാത്വബി(റ) പറയുന്നു: ”ഫര്‍ദ് നമസ്‌കാര ശേഷം സംഘടിതമായി സ്ഥിരമായി നടന്നുവരുന്ന പ്രാര്‍ഥന നബി(സ)യുടെ ചര്യയില്‍ പെട്ടതല്ല. നബി(സ)യുടെ വാക്കോ അംഗീകാരമോ അതിനില്ല. നബി(സ) നിര്‍ബന്ധ നമസ്‌കാര ശേഷം അല്പ സമയം മാത്രമേ അവിടെ ഇരിക്കാറുണ്ടായിരുന്നുള്ളൂ എന്ന് ഉമ്മുസലമതില്‍(റ) നിന്നും ഇമാം ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്.” (അല്‍ഇഅ്തിസ്വാം 1:456-457)
ഓരോ വ്യക്തികള്‍ക്കും അല്ലാഹുവോടുള്ള പ്രാര്‍ഥനയില്‍ മനസ്സാന്നിധ്യം ലഭിക്കും വിധം പ്രാര്‍ഥന നടത്താവുന്നതാണ്. നടന്നും ഇരുന്നും കിടന്നും കണ്ണുകളുയര്‍ത്തിയും മനസ്സു കൊണ്ടും കൈകളുയര്‍ത്തിയും അല്ലാഹുവോട് പ്രാര്‍ഥിക്കാവുന്നതാണ്. വിശ്വാസിയുടെ ജീവിതത്തില്‍ എല്ലാ സന്ദര്‍ഭങ്ങളും പ്രാര്‍ഥനാ നിരതമായിരിക്കണം. പ്രത്യേക സമയം വെച്ച് നിശ്ചിത രൂപ ഭാവങ്ങളിലുള്ള പ്രാര്‍ഥനാ സദസ്സുകളും സമ്മേളനങ്ങളും നടത്തുന്നതിന് മതത്തിന്റെ പിന്‍ബലമില്ല. അല്ലാഹു അല്ലാത്ത ശക്തികളോട് പ്രാര്‍ഥിക്കല്‍ ശിര്‍ക്കും കുഫ്‌റും ബിദ്അത്തുമാണ്.
നിന്നും ഇരുന്നും കിടന്നും അല്ലാഹുവോട് പ്രാര്‍ഥിക്കാവുന്നതാണ്. അല്ലാഹു പറയുന്നു: ”നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അല്ലാഹുവെ ഓര്‍ക്കുന്നവര്‍” (ആലുഇംറാന്‍ 191). പള്ളിയില്‍ ഇരുന്നുകൊണ്ടു മാത്രം ദിക്‌റും ദുആയും നടത്തേണമെന്നില്ല. മറിച്ച് കച്ചവടപ്പീടികയിലേക്ക് നടന്നു പോകുമ്പോഴും പീടികയില്‍ വെച്ചും ദിക്‌റും ദുആയും ആകാവുന്നതാണ്. അല്ലാഹു പറയുന്നു: ”അങ്ങനെ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചുകൊള്ളുകയും അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക” (ജുമുഅ: 10)
കണ്ണുകള്‍ മേല്‍പ്പോട്ടുയര്‍ത്തി അല്ലാഹുവോട് ചോദിക്കാവുന്നതാണ്. ബൈതുല്‍മുഖദ്ദസ് വിട്ട് കഅ്ബയെ ഖിബ്‌ലയാക്കാന്‍ വേണ്ടിയുള്ള നബി(സ)യുടെ പ്രാര്‍ഥനയെക്കുറിച്ച് അല്ലാഹു പറയുന്നു: ”നബിയേ, താങ്കള്‍ താങ്കളുടെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ താങ്കള്‍ക്കിഷ്ടമാകുന്ന ഒരു ഖിബ്‌ലയിലേക്ക് താങ്കളെ നാം തിരിക്കുകയാണ്. ഇനി മേല്‍ താങ്കള്‍ താങ്കളുടെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക” (അല്‍ബഖറഖറ 144). മനസ്സുകൊണ്ട് അല്ലാഹുവോട് തേടാവുന്നതാണ്. അല്ലാഹു പറയുന്നു: ”അതിനാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്”(അല്‍ബഖറ 152).
നബി പഠിപ്പിക്കാത്ത പല പ്രാര്‍ഥനകളും ഭൗതിക താല്പര്യങ്ങള്‍ക്കായി സമൂഹം അനുവര്‍ത്തിക്കുന്നുണ്ട്. അതില്‍ പെട്ടതാണ് വിവാഹശേഷവും മരണാനന്തരവും ഹജ്ജിന് പോകുമ്പോഴുമൊക്കെ നടത്തുന്ന പ്രാര്‍ഥനകള്‍. പ്രസ്തുത പ്രാര്‍ഥനകള്‍ക്ക് മുമ്പ് ഓതാറുള്ള സൂറത്തുല്‍ ഫാതിഹാ, ഇഖ്‌ലാസ്, മുഅവ്വദതൈനി എന്നിവയുടെ പ്രതിഫലത്തില്‍ നിന്നു ഒരു വിഹിതം മരണപ്പെട്ടുപോയ അന്‍ബിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും ഭാഗിച്ചുകൊടുക്കണം എന്നാണതില്‍ പറയുന്നത്. മരണപ്പെട്ടുപോയ അന്‍ബിയാക്കള്‍ക്കും മറ്റും ഇത്തരം പുരോഹിതന്മാരുടെ ഖുര്‍ആന്‍ വചനത്തിന്റെ പ്രതിഫലത്തിന്റെ ഒരു വിഹിതം ആവശ്യമുണ്ടോ?
ഖുര്‍ആന്‍ ഓതി അതിന്റെ കൂലി മയ്യിത്തിന് ഹദ്‌യ (സംഭാവന) ചെയ്യുക എന്നതിന്റെ ഏക പ്രമാണം ഒരു സ്വപ്‌നക്കഥയാണ്. ഇമാം ലാലികാഈ(റ) യുടെ പ്രസ്താവന ശ്രദ്ധിക്കുക: ”അബ്ദുല്‍ വാഹിദുല്‍ ഖന്‍ത്വരീ(റ) പറയുന്നു: മഅ്‌റൂഫുല്‍ കര്‍ഖി പറയുന്നതായി ഞാന്‍ കേട്ടു: ഒരാള്‍ തന്റെ പിതാവിനെ സ്വപ്‌നം കണ്ടു. അപ്പോള്‍ പിതാവ് മകനോട് ഇപ്രകാരം പറഞ്ഞു: കുഞ്ഞുമകനേ, നീ എന്തുകൊണ്ട് നിന്റെ ഹദ്‌യ നല്‍കുന്നില്ല? മകന്‍ ചോദിച്ചു: പ്രിയപിതാവേ, എങ്ങനെയാണ് ഞാന്‍ താങ്കള്‍ക്ക് ഹദ്‌യ നല്‍കുക? പിതാവ് പറഞ്ഞു: തുല്യനില്ലാത്തവനും എല്ലാ കഴിവിന്റെയും ഉടമസ്ഥനുമായ അല്ലാഹുവേ, മുഹമ്മദ് നബി(സ)ക്ക് അനുഗ്രഹം ചെയ്യാനും എന്റെ പിതാവിന് പൊറുത്തു കൊടുക്കാനും നീ അനുഗ്രഹിക്കണമേ, നീ എല്ലാറ്റിനും കഴിവുള്ളവനാണ് എന്ന നിലയില്‍ പ്രാര്‍ഥിക്കണം. അങ്ങനെ അപ്രകാരം മകന്‍ പ്രാര്‍ഥിക്കുകയുണ്ടായി. അതിനുശേഷം മകന്‍ പിതാവിനെ സ്വപ്‌നം കണ്ടു. അപ്പോള്‍ പിതാവ് പറഞ്ഞു: കുഞ്ഞുമകനേ, നിന്റെ ഹദ്‌യ എനിക്ക് ലഭിച്ചിരിക്കുന്നു.” (ഇഅ്തിഖാദു അഹ്‌ലിസ്സുന്നത്തി വല്‍ജമാഅത്തി 6:1227)
പല അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും തെളിവായി ഉദ്ധരിക്കാറുള്ളത് അടിസ്ഥാനരഹിതമായ ഇത്തരം സ്വപ്‌നക്കഥകളാണ്. ഖുര്‍ആന്‍ പേരെടുത്ത് പറഞ്ഞ് ശപിച്ച അബൂലഹിബിന് നരകത്തില്‍ ദാഹജലം പ്രഖ്യാപിച്ചത് സ്വഹീഹുല്‍ ബുഖാരിയിലെ കഥയാണ് എന്നതുപോലെ ജീവിച്ചിരിക്കുന്നവന്‍ ഖുര്‍ആന്‍ പാരായണം ചെയ്തതിന്റെ പ്രതിഫലം മയ്യിത്തിന്ന് സംഭാവന ചെയ്യുന്ന സമ്പ്രദായം ഖുര്‍ആനിന്ന് വിരുദ്ധമാണ്. അല്ലാഹു പറയുന്നു: ”മനുഷ്യന് താന്‍ അധ്വാനിച്ചതല്ലാതെ മറ്റൊന്നും ഇല്ല” (നജ്മ് 39). ഇമാം ശാഫിഈ(റ) അടക്കമുള്ള പണ്ഡിതന്മാര്‍ അപ്രകാരം ചെയ്തിട്ടുണ്ട്. ഇബ്‌നുകസീര്‍(റ) പറയുന്നു: ”മരണപ്പെട്ടവന് വേണ്ടി ഖുര്‍ആന്‍ ഓതി ഹദിയ ചെയ്താല്‍ അതിന്റെ പ്രതിഫലം മയ്യിത്തിന്ന് ലഭിക്കുന്നതല്ലാ എന്നതിന് ഇമാം ശാഫിഈ(റ) തെളിവാക്കിയത് മേല്‍പറഞ്ഞ ഖുര്‍ആന്‍ വചനമാണ് (ഇബ്‌നുകസീര്‍ 4:658).
ഇമാം നവവി(റ) പറയുന്നു: ”മയ്യിത്തിന്നു വേണ്ടി ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്താല്‍ അതിന്റെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന സകല അഭിപ്രായങ്ങളും ദുര്‍ബലമാണ്” (ശറഹുമുസ്‌ലിം 1:138).
ഈ വിഷയത്തില്‍ ഇബ്‌നു അബ്ദുസ്സലാം(റ) മിന്‍ഹാജ് എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തില്‍ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ”ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിന് ഹദ്‌യ ചെയ്യല്‍ അനുവദനീയമല്ല. കാരണം അത് അല്ലാഹുവിന്റെ അനുവാദം കൂടാതെ പ്രതിഫലത്തില്‍ തിരിമറി നടത്തലാണ്.” (മുഗ്‌നി 3:69). പ്രാര്‍ഥനകളില്‍ കൈകള്‍ ഉയര്‍ത്താമെങ്കിലും ഖത്വീബ് വെള്ളിയാഴ്ച പ്രാര്‍ഥിക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്തേണ്ടതില്ല. മഅ്മൂമുകള്‍ ഖത്വീബിന്റെ പ്രാര്‍ഥനക്ക് ആമീന്‍ മാത്രം പറഞ്ഞാല്‍ മതി. ജലാലുദ്ദീനുസ്സുയൂഥി പറയുന്നു: ”ഖത്വീബിന്റെ പ്രാര്‍ഥനക്ക് മഅ്മൂമുകള്‍ കൈകള്‍ ഉയര്‍ത്തല്‍ അനാചാരത്തില്‍ പെട്ടതാണ്” (അല്‍അംറുബിന്‍ ഇത്തിബാഇ-വന്നഹ്‌യിഅനില്‍ ഇബ്തിദായി, പേജ് 25).
ഇബ്‌നുല്‍ ആബിദീന്‍(റ) പറയുന്നു: ”ഇമാമിന്റെ പ്രാര്‍ഥനക്ക് മഅ്മൂമുകള്‍ കൈകള്‍ ഉയര്‍ത്തല്‍ കുറ്റകരമാണ്” (ഹാശിയതു ഇബ്‌നില്‍ ആബിദീന്‍ 1:768). ആധുനിക പണ്ഡിതന്മാരില്‍ പെട്ടവരും അപ്രകാരം തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്വാലിഹിബ്‌നു ഫൗസാന്‍(റ) പറയുന്നു: ”ഖത്വീബിന്റെ പ്രാര്‍ഥനക്ക് നിശ്ശബ്ദമായി മഅ്മൂമുകള്‍ ആമീന്‍ പറയേണ്ടതാണ്.” (അല്‍മുലഖ്ഖസ്വുല്‍ ഫിഖ്ഹി 1:155).

Back to Top