കൃഷിയറിവുകള്‍ പകര്‍ന്നു നല്‍കി ബ്രദര്‍നാറ്റ് കാര്‍ഷിക മേള സമാപിച്ചു – നദീര്‍ കടവത്തൂര്‍
കേരളമുസ്‌ലിംകളുടെ മതപരവും ധൈഷണികവുമായ വളര്‍ച്ചയില്‍ ഐക്യസംഘത്തിന്റെ പങ്ക് അവിസ്മരണീയമാണ്. ഐക്യസംഘം ഓരോ വര്‍ഷവും നടത്തിയ വാര്‍ഷികസമ്മേളനങ്ങള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളാലും പങ്കെടുത്ത പ്രമുഖരാലും പാസാക്കിയ പ്രമേയങ്ങളാലും ഏറെ ശ്രദ്ധേയമായിരുന്നു. സംഘത്തിന്റെ പതിനൊന്നാം വാര്‍ഷികസമ്മേളനം 1933-ല്‍ ഏറിയാട് വെച്ചായിരുന്നു നടന്നത്. ബി പോക്കര്‍ സാഹിബായിരുന്നു അധ്യക്ഷന്‍. ഇതിനോടനുബന്ധിച്ച് എ എം ഐ യു പി സ്‌കൂളില്‍ ഒരു കാര്‍ഷികപ്രദര്‍ശനവും അന്ന് സംഘടിപ്പിച്ചിരുന്നുവത്രേ.
പുരോഗമാനാത്മകമായ ഇത്തരം കാഴ്ചപ്പാടുകള്‍ക്ക് തുടര്‍ച്ചയാവുകയാണ് ബ്രദര്‍നാറ്റിനു കീഴില്‍ കോഴിക്കോട് കോംട്രസ്റ്റ് ഗ്രൗണ്ടില്‍ ഐ എസ് എം സംഘടിപ്പിച്ച ‘കാര്‍ഷികമേള’. നൂതന സംഘാടനരീതിയും കാലിക പ്രസക്തിയുള്ള വിഷയങ്ങളും പരിപാടിയെ മികവുറ്റതാക്കി. ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, കൃഷി സംബന്ധമായ ചര്‍ച്ചകള്‍, വിവിധ തരം വിളകളുടെ പ്രദര്‍ശനം, കൃഷിപ്പാട്ടുകള്‍, പച്ചക്കറി വിത്തുകളുടെയും പ്രകൃതിദത്ത ഉല്‍പന്നങ്ങളുടെയും വിപണനം തുടങ്ങി കാര്‍ഷികമേള വൈവിധ്യതയുള്ളതായിരുന്നു. പ്ലാസ്റ്റിക്കിനു പകരമായി ഉപയോഗിക്കാന്‍ ബ്രദര്‍നാറ്റ് തയ്യാറാക്കിയ തുണി സഞ്ചി കുറഞ്ഞ വിലയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും കാര്‍ഷികരംഗത്ത് പ്രശോഭിച്ചു നില്‍ക്കുന്നവരെ ആദരിക്കുകയും ചെയ്തത് പ്രശംസാര്‍ഹമാണ്.
ആഗോളവത്കരണം സൃഷ്ടിച്ച ഉപഭോഗ സംസ്‌കാരത്തിനു പൂര്‍ണമായും അടിമപ്പെട്ടവനാണ് മലയാളി. ദൈനംദിന ജീവിതത്തില്‍ നാം ഉപയോഗിക്കുന്ന ഏതു വസ്തുക്കള്‍ പരിശോധിച്ചാലും ഇതു ബോധ്യപ്പെടും. ഭക്ഷ്യരംഗത്ത് ആധുനിക ഫാസ്റ്റ്ഫുഡ് സംസ്‌കാരവും ഓണ്‍ലൈന്‍ ഡെലിവറി സംവിധാനങ്ങളും കൂടി വന്നതോടെ നമ്മുടെ മടി പതിന്മടങ്ങ് വര്‍ധിച്ചു. ഈ ജീവിതശൈലീമാറ്റം നമുക്കു സമ്മാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമല്ല. കൃഷിയെ പൂര്‍ണമായും കൈയ്യൊഴിഞ്ഞതിതിനു പുറമെ മരങ്ങളും ചെടികളും വെട്ടിമാറ്റി പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്തതോടെ ഭൂമിയുടെ നിലനില്‍പ്പ് പോലും ചോദ്യചിഹ്നമായി മാറി.
പ്രകൃതിയും ഇസ്‌ലാമും
പ്രകൃതിയുടെ നിലനില്പ്പിനു വേണ്ടി ദൈവം സംവിധാനിച്ച സന്തുലിതാവസ്ഥയെ തകര്‍ക്കുകയും അതുവഴി ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കുകയും ചെയ്യരുത് എന്ന് ഖുര്‍ആനിലൂടെ അല്ലാഹു ഉണര്‍ത്തുന്നുണ്ട്. ഉണങ്ങിക്കിടക്കുന്ന ഭൂമിയില്‍ മഴ പെയ്യിച്ച് അതിലൂടെ ഭൂമിയെ ജീവസുറ്റതാക്കി ധാന്യങ്ങളും ചെടികളും മുളക്കും വിധം ഭൂമിയെ ഉപയുക്തമാക്കി തന്നത് വലിയ അനുഗ്രഹമായി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. കയ്യില്‍ ഒരു സസ്യവുമായി നില്‍ക്കുന്നവന്‍ അന്ത്യദിനം നേരില്‍ കണ്ടാലും അതു നടണമെന്ന് പ്രവാചകന്‍ ഉണര്‍ത്തിയതിന്റെ ഗൗരവം വളരെ ലളിതമായി മനസ്സിലാക്കാന്‍ കഴിയും.
പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞു: ”ഒരു വിശ്വാസി ഒരു തൈ നടുകയോ കൃഷി നടത്തുകയോ ചെയ്യുകയും അതില്‍ നിന്ന് പക്ഷികളോ മനുഷ്യരോ തിന്നുകയുമാണെങ്കില്‍ അതവന് പുണ്യമായി ലഭിക്കും”. അത്രയധികം ഇസ്‌ലാം പരിസ്ഥിതിക്ക് പ്രാധാന്യം നല്കി. പ്രവാചകന്‍(സ) മദീനയിലെത്തുമ്പോള്‍ അവിടെയുണ്ടായിരുന്ന അന്‍സാരികള്‍ കൃഷിക്കാരായിരുന്നു. നബി അവരെ പ്രോത്സാഹിപ്പിക്കുകയും വേണ്ട ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കൃഷിഭൂമി കൃഷിയിറക്കാതെ ഇടുന്നതിനെതിരെ റസൂല്‍ സ്വഹാബത്തിനെ ഉണര്‍ത്തി. സഹകരിച്ച് കൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചു. കര്‍ഷകര്‍ക്ക് കാവലിനായി നായയെ വളര്‍ത്താന്‍ അനുവാദം നല്കി. കൂടാതെ ശൂന്യമായിക്കിടക്കുന്ന ഭൂമിയെ കൃഷിയിറക്കി ജീവിപ്പിച്ചാല്‍ അത് അവനുള്ളതാണെന്നും കൃഷി ചെയ്തും നനച്ചും കൈകോട്ടു പിടിച്ചും തഴമ്പ് പൊട്ടിയ കൈ അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന കൈയ്യാണെന്നും പ്രവാചകന്‍ പഠിപ്പിച്ചു.
അബൂബക്കര്‍(റ) യുദ്ധത്തിനു പോവുന്ന സൈനികര്‍ക്ക് നല്കിയ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ട ഒരു കാര്യം ഫലവൃക്ഷങ്ങള്‍ നശിപ്പിക്കരുതെന്നായിരുന്നു. ഉമറിന്റെ(റ) കാലത്ത് കൃഷിയിറക്കാത്ത കൃഷിഭൂമി പിടിച്ചെടുക്കുന്ന സമ്പ്രദായം കൊണ്ടുവരുകയും ജലസേചന സംവിധാനത്തിന് പുതിയമാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തു.
പ്രകൃതിയിലേക്ക് മടങ്ങാം
ഭക്ഷണശൈലിയില്‍ ഈയടുത്തുണ്ടായ മാറ്റം ഭക്ഷണവൈവിധ്യത്തെ വലിയ തോതില്‍ കുറച്ചിട്ടുണ്ട്. വ്യത്യസ്ത പേരുകളില്‍ ധാരാളം വിഭവങ്ങള്‍ തീന്മേശയിലുണ്ടെങ്കിലും അവയെല്ലാം ഒന്നോ രണ്ടോ വിഭവത്തിന്റെ ഭാവഭേദം മാത്രമാണ്. ചേമ്പിന്‍ താള്‍ മുതല്‍ ആനത്തൂവ വരെ ഭക്ഷണമാക്കിയിരുന്ന നമ്മള്‍ അവ കൈയ്യൊഴിഞ്ഞതോടെ ശരീരത്തിന്റെ പ്രതിരോധ ശേഷി നിലനിര്‍ത്താനാവശ്യമായ പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കാതെയായി. വിവിധ രൂപത്തിലുള്ള ജീവിതശൈലീ രോഗങ്ങളാണ് ഇതിലൂടെ നമ്മളിലേക്കെത്തിയത്.
നമുക്ക് കഴിക്കാനാവശ്യമായ പച്ചക്കറികളെങ്കിലും സ്വയം ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതു വലിയ വിപ്ലവം സൃഷ്ടിക്കും. സ്ഥല-സമയ പരിമിതിയാണ് ഇതിനു പലരും തടസ്സവാദമുന്നയിക്കാറ്. അധ്വാനവും സമയവും കുറഞ്ഞതാണെങ്കിലും കൂടുതല്‍ വിളവു ലഭിക്കാവുന്ന വിത്തിനങ്ങളും ടെറസിലും മുറ്റത്തുമെല്ലാം കൃഷി ചെയ്യാനുതകുന്ന രൂപത്തിലുള്ള സംവിധാനങ്ങളും ഇന്നു ലഭ്യമാണ്. സന്ദര്‍ശകര്‍ക്ക് കൃഷിയെ സംബന്ധിച്ച ഇത്തരം കാര്യങ്ങളില്‍ അവബോധമുണ്ടാക്കാന്‍ ബ്രദര്‍നാറ്റ് കാര്‍ഷികമേളക്കു കഴിഞ്ഞിട്ടുണ്ട്.
കരയിലും കടലിലും കുഴപ്പങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ കാരണം മനുഷ്യ കരങ്ങളുടെ പ്രവര്‍ത്തനമാണെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. വിഭവങ്ങളൂടെ ചൂഷണം പോലെ പ്രകൃതിയെ മലിനമാക്കിയതും ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ കാരണങ്ങളില്‍പ്പെട്ടതാണ്. ഭൂമിയെ വിഴുങ്ങാന്‍ മാത്രമുള്ള പ്ലാസ്റ്റിക്കുകളാണ് ഓരോ വര്‍ഷവും വലിച്ചെറിയപ്പെടുന്നത്. ഇത് അടിഞ്ഞുകൂടുന്ന കടലും മണ്ണുമെല്ലാം മലീമസമാക്കപ്പെട്ടു കഴിഞ്ഞു. ഇതിനെല്ലാമുള്ള പരിഹാരം ഓരോരുത്തരും മാറ്റത്തിനു തയ്യാറാവുക എന്നുള്ളതാണ്. പ്ലാസിക്കിനു പകരം ഉപയോഗിക്കാവുന്ന വ്യത്യസ്ത ഉല്‍ന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. കാര്‍ഷികമേളയില്‍ വില്‍പനക്കുണ്ടായിരുന്ന പരിസ്ഥിതിസൗഹൃദ ‘വിത്തുപേന’ ഒരുദാഹരണമാണ്.
വരും തലമുറക്കു വേണ്ടി ഭൂമിയെയും വിഭവങ്ങളെയും ബാക്കിയാക്കാന്‍ സമൂഹത്തില്‍ വിശാലമായ രൂപത്തില്‍ ബോധവത്കരണം നടത്തുകയും പരിഹാരമാര്‍ഗങ്ങള്‍ ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. നന്മ ഉപദേശിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യണമെന്ന ഖുര്‍ആന്‍ സൂക്തം മനുഷ്യജീവിതത്തിന്റെ മുഴുവന്‍ മേഖലകളും ഉള്‍ക്കൊള്ളുന്നുവെന്നത് മറന്നുകൂടാ.
ഹരിത നിയമാവലി നടപ്പാക്കാന്‍ കൂട്ടായ്മ രൂപപ്പെടുത്തണം – ഐ എസ് എം
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹരിത പ്രോട്ടോകോള്‍ എല്ലാ മേഖലകളിലും നടപ്പിലാക്കാന്‍ സാമൂഹിക സംഘടനകളുടെ കൂട്ടായ്മ രൂപപ്പെടുത്തണമെന്ന് കോഴിക്കോട്ട് സമാപിച്ച ഐ എസ് എം ‘ബ്രദര്‍നാറ്റ്’ കാര്‍ഷിക മേള അഭിപ്രായപ്പെട്ടു. വിവാഹം, മത-രാഷ്ട്രീയ ചടങ്ങുകള്‍, ഇതര ആഘോഷങ്ങള്‍ എന്നിവയില്‍ ഹരിത നിയമാവലി കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വ്യാപാര മേഖലയില്‍ പ്ലാസ്റ്റിക് കവര്‍ നിരോധനം പ്രായോഗികമാക്കാന്‍ പൊതുജനങ്ങളും വ്യാപാരികളും സഹകരിക്കണമെന്നും കാര്‍ഷികമേള അഭിപ്രായപ്പെട്ടു. കിഡ്‌നി ക്യാമ്പ്, ലഹരി വിരുദ്ധ പ്രദര്‍ശനം, കാര്‍ഷിക വസ്തുക്കളുടെ പ്രദര്‍ശനവും വിപണനവും, കൃഷിമേളം, മികച്ച കര്‍ഷകരെ ആദരിക്കല്‍, ചര്‍ച്ചകള്‍, പുസ്തകമേള എന്നിവയും നടന്നു.
കാര്‍ഷികമേള കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രദര്‍ശനം മേലടി നാരായണന്‍ ഉദ്ഘാടനം ചെയ്തു. പുസ്തക മേള ഉദ്ഘാടനം മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ നിര്‍വഹിച്ചു. ‘കൃഷി- രാസ, ജൈവ, പ്രകൃതിദത്ത കാഴ്ചപ്പാടുകള്‍’ വിഷയത്തില്‍ ചര്‍ച്ച നടത്തി. ടി പി എം റാഫി, കെ ചന്ദ്രന്‍ മാസ്റ്റര്‍, ഡോ. എം അബ്ദുല്ലത്തീഫ്, ഖദീജ നര്‍ഗീസ് ചര്‍ച്ചയില്‍ പങ്കെടുത്തു.
രണ്ടാം ദിനത്തില്‍ കെയര്‍ഹോം ഹെല്‍പ്പിംഗ് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ സൗജന്യ കിഡ്‌നി പരിശോധനാ ക്യാമ്പ് നടന്നു. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ കിഡ്‌നി രോഗ വിദഗ്ധന്‍, ഡോ. സുനില്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ‘പരിസ്ഥിതി – ഇസ്‌ലാഹ്’ പഠന സെമിനാറില്‍ പ്രൊഫ. പി കെ ശബീബ് പ്രഭാഷണം നടത്തി. കൃഷിമേളം പരിപാടിയില്‍ ജലീല്‍ പരപ്പനങ്ങാടിയും സംഘവും കൃഷിപ്പാട്ടുകള്‍ അവതരിപ്പിച്ചു. ടീം നല്ലളം, തിരുവണ്ണൂര്‍ ടീമിന്റെ കോല്‍ക്കളിയും അരങ്ങേറി.
‘പ്രഭാഷണം’ സെഷനില്‍ ‘ആരോഗ്യവും ഭക്ഷണവും’ വിഷയത്തില്‍ ഡോ. മുബഷിര്‍ പാലത്ത് ക്ലാസ്സെടുത്തു. ഡോ. വി കുഞ്ഞാലി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, ശഹീര്‍ വെട്ടം, സജ്‌ന പട്ടേല്‍താഴം, തഹ്‌ലിയ അന്‍ഷിദ് സംസാരിച്ചു. ‘പാലിയേറ്റീവ് കെയര്‍: അറിയേണ്ടത്’ വിഷയത്തില്‍ അലി പത്തനാപുരവും ‘പഴവര്‍ഗ കൃഷിയുടെ സാധ്യകള്‍’ വിഷയത്തില്‍ വി സി സെബ്യാസ്റ്റ്യനും സംസാരിച്ചു.