പ്രാര്‍ഥനയുടെ നിബന്ധനകളും മര്യാദകളും – പി കെ മൊയ്തീന്‍ സുല്ലമി
മനുഷ്യന്‍ അനുഭവിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവില്‍ നിന്നുള്ളത് മാത്രമാണ്. ഏത് ഭൗതിക സംവിധാനങ്ങളിലൂടെ ലഭിക്കുന്നതും ആത്യന്തികമായി അവനില്‍ നിന്നു തന്നെ. ഇങ്ങനെ അല്ലാഹുവിന്റെ കൈത്താങ്ങ് നമുക്ക് ലഭിക്കാനുള്ള സഹായ അഭ്യര്‍ഥനയാണ് പ്രാര്‍ഥന. അത് സ്രഷ്ടാവായ അല്ലാഹു കേട്ട് ഉത്തരം നല്‍കണമെങ്കില്‍ ചില നിബന്ധനകള്‍ നിര്‍ബന്ധമായും ഐച്ഛികമായും നാം പാലിക്കേണ്ടതുണ്ട്. അതിനെക്കുറിച്ച് സംക്ഷിപ്തമായി വിവരിക്കാം.
1) പ്രാര്‍ഥന അല്ലാഹുവോട് മാത്രമായിരിക്കണം: ‘പ്രാര്‍ഥനയും മര്യാദകളും’ എന്ന തലക്കെട്ടില്‍ ഇമാം ഗസ്സാലിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: ”അല്ലാഹു പറയുന്നു: എന്റെ ദാസന്മാര്‍ താങ്കളോട് എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവരോട്) ഏറ്റവും അടുത്തവനാകുന്നു എന്ന് പറയുക. പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്. അതിനാല്‍ എന്റെ കല്പനകള്‍ക്ക് അവര്‍ മറുപടി നല്‍കിക്കൊള്ളട്ടെ. അല്ലാഹു വീണ്ടും പറയുന്നു: താഴ്മയോടുകൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക. പരിധി വിട്ടു പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല. അല്ലാഹു വീണ്ടും പറയുന്നു: നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നുതാണ്, തീര്‍ച്ച. അല്ലാഹു വീണ്ടും പറയുന്നു: നബിയേ, പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിൡക്കുകയാണെങ്കിലും അവനുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. നുഅ്മാനുബ്‌നു ബശീര്‍(റ) നബി(സ)യില്‍ നിന്നും ഉദ്ധരിക്കുന്നു: തീര്‍ച്ചയായും പ്രാര്‍ഥന അതു തന്നെയാകുന്നു ആരാധന. ശേഷം നബി(സ) ഇപ്രകാരം ഓതി: എന്നോട് നിങ്ങള്‍ പ്രാര്‍ഥിക്കണം. നിങ്ങള്‍ക്ക് ഞാന്‍ ഉത്തരം നല്‍കാം” (ഇഹ്‌യാ ഉലൂമിദ്ദീന്‍ 1:312,313).
2) പ്രാര്‍ഥന ആത്മാര്‍ഥമായും ഉത്തരം ലഭിക്കണമെന്ന ദൃഢമായ വിശ്വാസത്തോടും കൂടിയായിരിക്കണം: നബി(സ) പറയുന്നു: ”ഉത്തരം ലഭിക്കണമെന്ന് ദൃഢമായി വിശ്വസിച്ചുകൊണ്ട് നിങ്ങള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കണം. താമശയും അശ്രദ്ധയും നിറഞ്ഞ മനസ്സിന് അല്ലാഹു ഉത്തരം നല്‍കുന്നതല്ല എന്ന് നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്” (തിര്‍മിദി, ഹാകിം)
3) ഉത്തരം ലഭിക്കില്ലെന്ന നിരാശാബോധം പാടില്ല: അല്ലാഹു പറയുന്നു: ”അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെ (കാരുണ്യം) പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച” (യൂസുഫ് 87). ”അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ” (ഹിജ്‌റ 56).
4) കൈകളുയര്‍ത്തി പ്രാര്‍ഥിക്കണം: ഈ വിഷയത്തില്‍ നമസ്‌കാര ശേഷമെന്നോ അല്ലാത്ത സന്ദര്‍ഭമെന്നോ ഹദീസുകള്‍ വ്യത്യാസപ്പെടുത്തിയിട്ടില്ല. നമസ്‌കാര ശേഷം കൈകളുയര്‍ത്തി പ്രാര്‍ഥിക്കല്‍ ബിദ്അത്താണെന്നത് ചില സലഫീ പണ്ഡിതന്മാരുടെ ഒറ്റപ്പെട്ട അഭിപ്രായം മാത്രമാണ്. പ്രാര്‍ഥനയുടെ ഗൗരവം അനുസരിച്ച് കൈകള്‍ ഉയര്‍ത്താവുന്നതാണെന്നാണ് ഹദീസുകള്‍ പഠിപ്പിക്കുന്നത്. താഴെ വരുന്ന ഹദീസുകള്‍ ശ്രദ്ധിക്കുമ്പോള്‍ അക്കാര്യം ബോധ്യപ്പെടുന്നതാണ്:
നബി(സ) കല്പിച്ചതായി ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ”നിങ്ങള്‍ അല്ലാഹുവോട് ഉള്ളന്‍കൈകള്‍ ഉയര്‍ത്തി ചോദിക്കുക. പുറംകൈകള്‍ ഉയര്‍ത്തി ചോദിക്കരുത്” (അബൂദാവൂദ്, ബൈഹഖി). നബി(സ) കല്പിച്ചതായി സല്‍മാന്‍(റ) പറയുന്നു: ”അല്ലാഹു അങ്ങേയറ്റം ഔദാര്യവാനാകുന്നു. അവന്റെ അടുക്കലേക്ക് ഒരാള്‍ കൈ ഉയര്‍ത്തുന്ന പക്ഷം (പ്രാര്‍ഥിക്കുന്ന പക്ഷം) അതിന്ന് ഉത്തരം നല്‍കാതെ വെറുതെ വിടുന്നതിനെ അവന്‍ ലജ്ജിക്കുന്നു” (അഹ്മദ്, അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ, ഹാകിം)
അനസ് പറയുന്നു: ”നബി(സ) തന്റെ കക്ഷത്തിലെ വെളുപ്പുനിറം കാണിക്കപ്പെടും വിധം രണ്ടു കൈകളും ഉയര്‍ത്തി പ്രാര്‍ഥിക്കുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്” (മുസ്‌ലിം). മഴ ലഭിക്കാനുള്ള പ്രാര്‍ഥനയില്‍ നബി(സ) ഇപ്രകാരം കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചിരുന്നതായി ഇമാം ബുഖാരി അനസില്‍(റ) നിന്നും ഉദ്ധരിച്ചിട്ടുണ്ട്. മേല്‍ രേഖപ്പെടുത്തിയ മൂന്ന് ഹദീസുകളിലും നബി(സ) സാധാരണ പ്രാര്‍ഥിക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്താറുണ്ടായിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും.
ഇമാം ഐനി(റ) പറയുന്നു: ”പ്രാര്‍ഥനയില്‍ ഇരു കൈകളും പരത്തി ഉയര്‍ത്തി അല്ലാഹുവോട് ചോദിക്കണം എന്ന അഭിപ്രായക്കാരുണ്ട്. നെഞ്ചിന്റെയും മുഖത്തിന്റെയും നേരെ കൈകളുയര്‍ത്തണം എന്ന് പറഞ്ഞവരും ഉണ്ട്. ഇബ്‌നു ഉമറിന്റെ(റ) അഭിപ്രായം അപ്രകാരമാണ്. നെഞ്ചിനു നേരെ കൈകളുയര്‍ത്തി പ്രാര്‍ഥിക്കുമ്പോഴാണ് അത് പ്രാര്‍ഥനയായിത്തീരുന്നതെന്ന് ഇബ്‌നു അബ്ബാസ്(റ) പ്രസ്താവിച്ചിട്ടുണ്ട്. അലി(റ), അനസ്(റ) എന്നിവര്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നത് ഉള്ളന്‍കൈകള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു. നിങ്ങള്‍ അല്ലാഹുവിനോട് തേടുമ്പോള്‍ രണ്ട് ഉള്ളന്‍ കൈകള്‍ ഉയര്‍ത്തിക്കൊണ്ട് ആയിരിക്കണം എന്ന നബിവചനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അവരൊക്കെ കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചിരുന്നത്” (ഉംദത്തുല്‍ ഖാരീം 22:300, 301).
ഡോ. ഹുസൈനുല്‍ അഫാനി പറയുന്നു: ”ഉമറുബ്‌നു അബ്ദില്‍ അസീസ്(റ) തന്റെ പള്ളിയില്‍ ഇശാ നമസ്‌കാരത്തിനു ശേഷം ഇരു കൈകളും ഉയര്‍ത്തി കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ വഴിഞ്ഞൊഴുകും വിധം പ്രാര്‍ഥിച്ചിരുന്നു”(സ്വലാഹു ല്‍ ഉമ്മ 6:322).
5) പ്രാര്‍ഥന നിശ്ശബ്ദമായും വിനയത്തോടുകൂടിയും ആയിരിക്കണം: അല്ലാഹു പറയുന്നു: താഴ്മയോടുകൂടിയും രഹസ്യമായും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല” (അഅ്‌റാഫ് 55). ”താങ്കള്‍ താങ്കളുടെ പ്രാര്‍ഥന ഉച്ചത്തിലാക്കരുത്. അത് പതുക്കെയുമാക്കരുത്. അതിന്നിടയിലുള്ള ഒരു മാര്‍ഗം താങ്കള്‍ തേടിക്കൊള്ളുക.” (ഇസ്‌റാഅ് 110)
മിക്ക പള്ളികളിലും ഇന്ന് കാണുന്ന നമസ്‌കാരാനന്തരമുള്ള കൂട്ടുപ്രാര്‍ഥന നബിചര്യയില്‍ പെട്ടതല്ല. പ്രസിദ്ധ ഫിഖ്ഹ് ഗ്രന്ഥം ഫത്ഹുല്‍ മുഈന്‍ ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്: ”താങ്കള്‍ താങ്കളുടെ പ്രാര്‍ഥന ഉച്ചത്തിലാക്കരുത്. അത് പതുക്കെയുമാക്കരുത് എന്ന വചനം കൊണ്ടുദ്ദേശിക്കുന്നത് പ്രാര്‍ഥന തന്നെയാണ്. അഥവാ നീയല്ലാതെ മറ്റൊരാള്‍ കേള്‍ക്കുംവിധം താങ്കള്‍ അത് ഉച്ചത്തിലാക്കരുത്. താങ്കള്‍ പോലും കേള്‍ക്കാത്ത വിധം അത് പതുക്കെയുമാക്കരുത് എന്നാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. നമസ്‌കരിക്കുന്നവനെ ശല്യപ്പെടുത്തും വിധം പള്ളിയില്‍ അത്യുച്ചത്തില്‍ പ്രാര്‍ഥന നടത്തല്‍ നിരോധിക്കുകയെന്നത് ആവശ്യമാണ്”(ഫത്ഹുല്‍ മുഈന്‍: പേജ് 55) സൂറതു ഇസ്‌റാഇലെ 110-ാം വചനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രന്ഥകാരന്റെ ഈ വിലയിരുത്തല്‍.
ഇമാം ശാഫിഈ(റ) പറയുന്നു: ”നമസ്‌കാരത്തില്‍ നിന്നും അല്ലാഹുവിനെ രഹസ്യമായി ഓര്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്” (അല്‍ഉമ്മ് 1:110). ഇമാം നവവി(റ) പറയുന്നു: ”പള്ളിയില്‍ ശബ്ദമുയര്‍ത്തി ദിക്‌റുകളും തക്ബീറുകളും ചൊല്ലല്‍ സുന്നത്തില്ല എന്ന കാര്യത്തില്‍ മദ്ഹബുകാരും അല്ലാത്തവരുമായ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു” (ശറഹുമുസ്‌ലിം 3:91).
6). പ്രാര്‍ഥന സ്വന്തത്തിനോ സ്വന്തം കുടുംബത്തിനോ എതിരില്‍ ആകാതിരിക്കണം. നബി(സ) പറയുന്നു: ”നിങ്ങള്‍ നിങ്ങള്‍ക്ക് നന്മക്കുവേണ്ടിയല്ലാതെ നിങ്ങള്‍ക്കെതിരില്‍ പ്രാര്‍ഥന നടത്തരുത്. തീര്‍ച്ചയായും നിങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് മലക്കുകള്‍ ആമീന്‍ പറയുന്നുണ്ട്” (അഹ്മദ്, മുസ്‌ലിം, അബൂദാവൂദ്). മറ്റൊരു നബിവചനം: ”നിങ്ങള്‍ നിങ്ങള്‍ക്കെതിരിലോ മക്കള്‍ക്കെതിരിലോ സാമ്പത്തിക നാശത്തിനോ ഭൃത്യന്മാര്‍ക്കെതിരിലോ പ്രാര്‍ഥിക്കരുത്.” (അബൂദാവൂദ്). സ്വന്തത്തിന്നെതിരില്‍ പ്രാര്‍ഥിക്കുകയെന്നു വെച്ചാല്‍ ദു:ഖവും നിരാശയും ബാധിക്കുമ്പോള്‍ ഞാന്‍ നശിച്ചു പോയെങ്കില്‍ എന്ന വിധമോ മറ്റോ പ്രാര്‍ഥിക്കുകയെന്നതാണ്.
7) പ്രാര്‍ഥന മൂന്നു തവണ ആവര്‍ത്തിക്കുകയെന്നത് അതിന്റെ മര്യാദയില്‍ പെട്ടതാണ്: ഇബ്‌നുമസ്ഊദ്(റ) പറയുന്നു: ”നബി(സ) പ്രാര്‍ഥനയും പാപമോചനവും മൂന്നുതവണ ആവര്‍ത്തിക്കാറുണ്ടായിരുന്നു”( അബൂദാവൂദ്). നബി(സ) നിര്‍ബന്ധ നമസ്‌കാരം കഴിഞ്ഞാല്‍ മൂന്നു തവണ ഇസ്തിഗ്ഫാര്‍ ചെയ്തിരുന്നതായി സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്.
8) പ്രാര്‍ഥനയില്‍ നിരാശരാകരുത്: പ്രാര്‍ഥനക്ക് പെട്ടെന്ന് ഉത്തരം കിട്ടിയില്ലെന്ന് വരാം. അത്തരം സന്ദര്‍ഭങ്ങളില്‍ നിരാശപ്പെട്ട് അല്ലാഹുവിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകള്‍ പറയരുത്. അപ്രകാരം പറയാതിരിക്കല്‍ പ്രാര്‍ഥനയുടെ മര്യാദയില്‍ പെട്ടതും ചിലപ്പോള്‍ കാഫിറായി പോകാതിരിക്കാന്‍ ആവശ്യവുമാണ്. നബി(സ) പറഞ്ഞതായി അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്നു: ”ഞാന്‍ പ്രാര്‍ഥിച്ചിട്ട് എനിക്ക് ഉത്തരം ലഭിച്ചില്ല എന്ന് ധൃതിപ്പെട്ട് പറയാതിരിക്കുന്ന പക്ഷം നിങ്ങളുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കപ്പെടുന്നതാണ്.” (മാലിക്)
9) ഭക്ഷണപദാര്‍ഥങ്ങളും വസ്ത്രങ്ങളും മറ്റു സമ്പാദ്യങ്ങളും ശുദ്ധമായിരിക്കല്‍: ദീര്‍ഘമായ ഒരു ഹദീസില്‍ നബി(സ) ഇപ്രകാരം പറയുന്നുണ്ട്: ”പിന്നീട് നബി(സ) മുടി ജഡപിടിച്ചവനും ശരീരത്തില്‍ പൊടി പുരണ്ടവനുമായ ഒരു വ്യക്തിയുടെ പ്രാര്‍ഥനയെ സംബന്ധിച്ച് പറയുകയുണ്ടായി. അവന്‍ പറയും: എന്റെ രക്ഷിതാവേ, എന്റെ രക്ഷിതാവേ (എനിക്ക് ഇന്നത് നല്‍കണം) എന്ന വിധം പറയും. എന്നാല്‍ അവന്‍ അവന്റെ ഭക്ഷണവും പാനീയവും വസ്ത്രവും അവന്‍ നിഷിദ്ധമായ നിലയില്‍ സമ്പാദിച്ചതാണ്. അവന്റെ ജീവിതം തന്നെ ഹറാമില്‍ ഊട്ടപ്പെട്ടതാണ്. അവന്റെ പ്രാര്‍ഥനക്ക് എങ്ങനെ ഉത്തരം ലഭിക്കാനാണ്.” (ബുഖാരി)
10) പ്രാര്‍ഥനയില്‍ പരലോകത്തെ ഉള്‍പ്പെടുത്തല്‍: ദുനിയാവിലെ അനുഗ്രഹങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ പരലോകത്തെയും കൂടി ഉള്‍പ്പെടുത്തല്‍ നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം ദുനിയാവ് ചിലപ്പോള്‍ നമുക്ക് ലഭിച്ചേക്കാം. എന്നാല്‍ പരലോകം നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കാം. അല്ലാഹു പറയുന്നു: ”മനുഷ്യരില്‍ ചിലര്‍ പറയും, ഞങ്ങളുടെ രക്ഷിതാവേ ഇഹലോകത്ത് ഞങ്ങള്‍ക്ക് നീ അനുഗ്രഹം നല്‍കേണമേ എന്ന്. എന്നാല്‍ പരലോകത്ത് അത്തരക്കാര്‍ക്ക് ഒരോഹരിയും ഉണ്ടായിരിക്കുന്നതല്ല. മറ്റു ചിലര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ, പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്. അവര്‍ സമ്പാദിച്ചതിന്റെ ഫലമായി അവര്‍ക്ക് വലിയൊരു വിഹിതമുണ്ട്” (അല്‍ബഖറ 200-202). ഇവിടെ അവര്‍ക്ക് വലിയ ഒരു വിഹിതമുണ്ട് എന്ന് പറഞ്ഞതിന്റെ താല്‍പര്യം ദുനിയാവിനോടൊപ്പം ആഖിറത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നവര്‍ക്ക് സ്വര്‍ഗമുണ്ട് എന്നാണ്.
11) പ്രാര്‍ഥനയുടെ മുമ്പ് അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതും നബി(സ)യുടെ മേല്‍ സ്വലാത്ത് (പ്രാര്‍ഥന) ചൊല്ലുന്നതും സുന്നത്താണ്. നബി(സ) പറഞ്ഞു: ”നിങ്ങളില്‍ ഒരാള്‍ പ്രാര്‍ഥിക്കുമ്പോള്‍ അല്ലാഹുവിനെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയും പ്രാര്‍ഥന ആരംഭിക്കട്ടെ. അനന്തരം നബി(സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലി ശേഷം അയാള്‍ ഇഷ്ടപ്പെട്ട പ്രാര്‍ഥന നടത്തട്ടെ” (അബൂദാവൂദ്, നസാഈ, തിര്‍മിദി).
12). പ്രാര്‍ഥന കഴിഞ്ഞതിനുശേഷം അത് സ്വീകരിക്കാന്‍ വേണ്ടി മറ്റൊരു പ്രാര്‍ഥനയും കൂടി നടത്തുകയെന്നത് ഇബ്‌റാഹീം നബി(അ)യുടെ ചര്യയില്‍ പെട്ടതാണ്. വിശുദ്ധ ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ ഇബ്‌റാഹീം നബി(അ)യുടെ ചര്യ പിന്തുടരാന്‍ കല്പനയുണ്ട്. അല്ലാഹു പറയുന്നു: ”ഇബ്‌റാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും ഓര്‍ക്കുക. (അവര്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ” (അല്‍ബഖറ 127). മറ്റൊരു പ്രാര്‍ഥന ഇപ്രകാരമാണ്: ”ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ” (ഇബ്‌റാഹീം 40). നമസ്‌കാരമാകട്ടെ നോമ്പാകട്ടെ മറ്റേതൊരു സല്‍കര്‍മമാകട്ടെ, അവ നിര്‍വഹിച്ചതിന്ന് ശേഷം ഇതൊരു സല്‍ക്കര്‍മമായി സ്വീകരിക്കേണമേ എന്നും കൂടി പ്രാര്‍ഥിക്കേണ്ടതാണ്. പ്രാര്‍ഥിച്ചുകഴിഞ്ഞ് അവസാനം നാഥാ, എന്റെ പ്രാര്‍ഥന നീ സ്വീകരിക്കേണമേ എന്ന് പ്രാര്‍ഥിക്കലും ഇബ്‌റാഹീം നബി(സ)യുടെ ചര്യയില്‍ പെട്ടതാണ്.