ഒരു വയസ്സന്‍ ക്ലോക്കിന്റെ പെന്‍ഡുലം – ജലീല്‍ കല്പകഞ്ചേരി
മോഹവിശപ്പിന്റെ ലഹരിയില്‍
മോഹിച്ച ജീവിതംതേടിയ
കാമിനി, മോടികള്‍ തീരുമ്പോള്‍
നേടിയതെന്തെന്നോര്‍ത്ത് ഉണര്‍വിലെത്തും
പാടുപെട്ടച്ഛന്‍ പഠിപ്പിച്ച
പെണ്ണവള്‍, പാവം തളര്‍ന്നു
കിടന്നതോര്‍ക്കാതെ,
പെറ്റമക്കളെ തിരിഞ്ഞൊന്നു നോക്കാതെ
ഇട്ടതുമായി പടിയിറങ്ങി
ഇന്നലെ വന്നവനോടു ചേര്‍ന്നുനിന്നു
സ്വര്‍ഗരാജ്യം വിട്ടുപോയ
സ്വര്‍ണമത്സ്യത്തിന്‍
സ്വപ്നങ്ങളൊരുനാള്‍
തകര്‍ന്നുടയുമ്പോള്‍
കുടുംബമില്ലാത്ത
കൂരയില്‍
അവളുടെ നെടുവീര്‍പ്പുകള്‍ക്കന്നു
മോഹജീവിതം സാക്ഷിയാകും
കണ്ണീരുണങ്ങാത്ത
ദിനങ്ങള്‍ മാത്രം
അവള്‍ക്ക്
നിനവിലും കനവിലും
ബാക്കിയാകും
വലിച്ചെറിയപ്പെട്ട
വിലയുള്ള വസ്തുക്കള്‍
മനസ്സില്‍ പൂക്കളായ്
പിന്നെ ഇടംപിടിക്കും
ഉള്ളറകള്‍ ബന്ധങ്ങളുടെ
വിലയറിഞ്ഞു തപിക്കും.
കിതപ്പ് അവസാനിച്ചെന്നറിയുമ്പോള്‍
ജീവിതം തേങ്ങും
ഇനിയെന്തെന്നൊരു
ചോദ്യത്തിനു മുന്നിലവള്‍,
ഒരു തുണ്ടം കയറില്‍
തൂങ്ങിയാടും
ഒരു വയസ്സന്‍ ക്ലോക്കിന്റെ
പെന്‍ഡുലംപോലെ!