ഫിര്‍ഔനും ഹാമാനും ചരിത്രപാഠങ്ങള്‍ – ശംസുദ്ദീന്‍ പാലക്കോട്
അധികാര ദുര്‍വിനിയോഗം നടത്തിയ ഭരണാധികാരി എന്ന നിലക്കാണ് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്ത് ഭരിച്ച ഫിര്‍ഔന്‍ ചക്രവര്‍ത്തിയെ അഥവാ റംസീസ് രണ്ടാമനെ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ഫിര്‍ഔനിന്റെ എല്ലാ അരുതായ്മകള്‍ക്കും അയാളുടെ വലംകയ്യായി നിന്ന, ഭരണത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തി എന്ന നിലക്കാണ് ഹാമാനിനെ ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. രണ്ടുപേരും ഭരണകൂട ഭീകരതയുടെ പ്രതീകങ്ങളാണ്. വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സ്ഥലത്ത് വിവരിക്കപ്പെട്ട ഫിര്‍ഔനിന്റെയും ഹാമാനിന്റെയും ചരിത്രത്തെ ക്രമാനുഗതമായി ചേര്‍ത്തുവെച്ചാല്‍ കിട്ടുന്ന സംഭവങ്ങളും അതിലെ ഗുണപാഠങ്ങളുമാണ് ഈ ലേഖനത്തിലെ ഉള്ളടക്കം.
ഫിര്‍ഔന്‍ ഭീകര
ഭരണാധികാരി
ഫിര്‍ഔനിന്റെ മര്‍ദനങ്ങള്‍ക്ക് ഏറെ വിധേയരായ ബനൂ ഇസ്‌റാഈല്യരുടെ വിമോചകനായിട്ട് കൂടിയാണ് പ്രവാചകനായ മൂസാ(അ) നിയോഗിതനായത്. തങ്ങളുടെ പ്രവാചകനെ മുന്നില്‍ കണ്ടിട്ടുപോലും ബനൂഇസ്‌റാഈല്യരില്‍ ഭൂരിഭാഗവും അദ്ദേഹത്തില്‍ വിശ്വസിക്കാന്‍ ധൈര്യപ്പെട്ടില്ല. അത്രമേല്‍ അവര്‍ ഫിര്‍ഔനിനെ ഭയപ്പെട്ടിരുന്നു. വളരെ കുറച്ച് ചെറുപ്പക്കാര്‍ മാത്രമേ മൂസാ നബിയില്‍ പ്രത്യക്ഷത്തില്‍ വിശ്വസിച്ചിരുന്നുള്ളൂ. ഇഷ്ടമില്ലാത്തവരെ എന്തും ചെയ്യാന്‍ മടിക്കാത്ത പ്രകൃതക്കാരനായിരുന്നു ഫിര്‍ഔന്‍. ഖുര്‍ആന്‍ പറയുന്നു: ”മൂസാ നബിയില്‍ അദ്ദേഹത്തിന്റെ ജനതയില്‍ പെട്ട ഏതാനും യുവാക്കളല്ലാതെ വിശ്വസിച്ചിരുന്നില്ല. ഫിര്‍ഔനും അവന്റെ സില്‍ബന്ധികളും (പ്രമാണിമാര്‍, പ്രധാനികള്‍ എന്നും അര്‍ഥമുണ്ട്) അവരെ മര്‍ദിച്ചേക്കുമോ എന്ന ഭയം അവര്‍ക്കുണ്ടായിരുന്നു. തീര്‍ച്ചയായും ഫിര്‍ഔന്‍ രാജ്യത്ത് ഔന്നത്യം നടിക്കുന്നവന്‍ തന്നെയായിരുന്നു. തീര്‍ച്ചയായും അവന്‍ അതിരുവിട്ടു പ്രവര്‍ത്തിക്കുന്നവരില്‍ പെട്ടവന്‍ തന്നെ” (യൂനുസ് 83).
ഫിര്‍ഔന്‍ സ്വയം ദിവ്യത്വം അവകാശപ്പെട്ടു. രാജ്യനിവാസികളെ പല വിധേനയും വഴികേടിലാക്കാനും ശ്രമിച്ചു. ”അങ്ങനെ അവന്‍ പ്രഖ്യാപിച്ചു: ഞാനാണ് നിങ്ങളുടെ അത്യുന്നതനായ രക്ഷകന്‍ അഥവാ റബ്ബ്!” (അന്നിസാഅ് 24). ”ഫിര്‍ഔന്‍ തന്റെ ജനതയെ വഴികേടിലാക്കി. അവന്‍ സന്മാര്‍ഗത്തിലായതുമില്ല.” (ത്വാഹ 79)
ബനൂഇസ്‌റാഈല്‍ വിഭാഗത്തെ അയാള്‍ ക്രൂരമായി അടിച്ചമര്‍ത്തിയിരുന്നു. ഗ്രാമത്തിലെ സ്ത്രീകള്‍ പ്രസവിക്കുന്ന ആണ്‍കുഞ്ഞുങ്ങളെ മുഴുവന്‍ കൊന്നൊടുക്കാന്‍ ഉത്തരവിറക്കി. ബനൂഇസ്‌റാഈല്‍ വിഭാഗത്തെ തുല്യതയില്ലാത്ത കടുത്ത പരീക്ഷണത്തിന് അയാള്‍ വിധേയമാക്കി. ഖുര്‍ആന്‍ പറയുന്നു: ”അവന്‍ നിങ്ങളെ വളരെ മോശമായ രീതിയില്‍ പീഡിപ്പിച്ചു. നിങ്ങളിലെ ആണ്‍മക്കളെ അവന്‍ അറുകൊല നടത്തുകയും നിങ്ങളിലെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്തു. അതില്‍ നിങ്ങളുടെ റബ്ബില്‍ നിന്നുള്ള കടുത്ത പരീക്ഷണങ്ങളുണ്ട്.” (അല്‍ബഖറ 49)
ഒരു ഘട്ടത്തില്‍ അവിചാരിതമായ ഒരു സംഭവമുണ്ടായി. ഫിര്‍ഔന്റെ കൊട്ടാരത്തിലെ മായാജാല വിദഗ്ധര്‍ കൂട്ടത്തോടെ മൂസാനബിയില്‍ വിശ്വസിച്ചു. മൂസാനബിയുടെ വടി നിലത്തിട്ടാല്‍ പാമ്പാകുന്ന അസാധരണ ദൃഷ്ടാന്തം കണ്ടതിനെ തുടര്‍ന്നായിരുന്നു അവരുടെ സത്യവിശ്വാസ പ്രഖ്യാപനം. അതിന്റെ വരുംവരായ്കകളൊന്നും അവര്‍ പ്രശ്‌നമാക്കിയില്ല. തന്റെ ഉദ്യോഗസ്ഥര്‍ തന്റെ ശത്രുവില്‍ വിശ്വസിച്ചത് ഫിര്‍ഔനിനെ വല്ലാതെ പ്രകോപിതനാക്കി. അയാള്‍ അവരെ കഠിനമായി ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തി. പക്ഷേ ആ ഭീഷണിയെ വിശ്വാസ ദൃഢതയുടെ ശക്തിബലത്തില്‍ അവര്‍ തൃണവത്ഗണിച്ചു. ഫിര്‍ഔനിന്റെ ക്രൂരമനസ്സ് അനാവരണം ചെയ്യുന്ന ആ ഭാഗം ഖുര്‍ആനില്‍ ഇപ്രകാരം വായിക്കാം:
”അനന്തരം മൂസാ തന്റെ വടി താഴെയിട്ടു. അപ്പോഴതാ അത് അവര്‍ വ്യാജമായി നിര്‍മിച്ചതിനെയെല്ലാം വിഴുങ്ങിക്കളഞ്ഞു. അപ്പോള്‍ ജാലവിദ്യക്കാര്‍ (വിശ്വാസം പ്രഖ്യാപിച്ച്) സാഷ്ടാംഗത്തില്‍ വീണു. അവര്‍ പറഞ്ഞു: ലോകസ്രഷ്ടാവായ രക്ഷിതാവില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതായത് മൂസയുടെയും ഹാറൂന്റെയും രക്ഷിതാവില്‍. അപ്പോള്‍ അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം തരുന്നതിന് മുമ്പായി നിങ്ങള്‍ അവനില്‍ വിശ്വസിച്ചുവെന്നോ? തീര്‍ച്ചയായും ഇവന്‍ (മൂസാ) നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ച തലവന്‍ തന്നെയാണ്. ഇതിന്റെ ശിക്ഷ (വഴിയെ നിങ്ങള്‍) അറിഞ്ഞുകൊള്ളും. തീര്‍ച്ചയായും നിങ്ങളുടെ കൈകളും നിങ്ങളുടെ കാലുകളും എതിര്‍വശങ്ങളില്‍ നിന്നായിക്കൊണ്ട് ഞാന്‍ മുറിച്ചു കളയും. നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും. അവര്‍ (സത്യവിശ്വാസികള്‍) പറഞ്ഞു: കുഴപ്പമില്ല! തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടങ്ങിപ്പോകുന്നതാകുന്നു. ഞങ്ങള്‍ ആദ്യമായി നിശ്ചയിച്ചവരായതിനാല്‍ ഞങ്ങളുടെ രക്ഷിതാവ് ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങള്‍ക്ക് പൊറുത്തുതരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു” (ശുഅറാഅ് 45-51)
ഹാമാന്‍ എന്ന സത്യനിഷേധി
ഫിര്‍ഔനിന്റെ എല്ലാ അധര്‍മവിളയാട്ടങ്ങള്‍ക്കും താങ്ങും തണലുമായി നിന്നിരുന്ന ഒരേറാന്‍മൂളിയായിരുന്നു ഹാമാന്‍. ദൈവ വിശ്വാസത്തെ പരിഹസിക്കുക അതിനെ ചോദ്യം ചെയ്യുക, യഥാര്‍ഥ ദൈവ വിശ്വാസികളെ പലവിധ അക്രമണങ്ങള്‍ക്ക് വിധേയമാക്കുക എന്നിവയിലെല്ലാം ഫിര്‍ഔന്‍ ഹാമാന്‍ കുട്ടുകെട്ട്് ശക്തമായിരുന്നു. പ്രപഞ്ചനാഥനായ അല്ലാഹുവിനെ പറ്റി മൂസാനബി സംസാരിച്ചപ്പോള്‍ അതിനെ പുച്ഛിച്ചു തള്ളിക്കൊണ്ട് ഫിര്‍ഔന്‍ ഹാമാനോട് പറയുന്നതില്‍ നിന്ന് ഇവരുടെ ഉള്ളില്‍ രൂഢമൂലമായ ദേവനിഷേധം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം. ”ഫിര്‍ഔന്‍ പറഞ്ഞു: ഹാമാനേ നീ എനിക്കുവേണ്ടി ഒരുന്നത സൗധം നിര്‍മിക്കുക. ആ ആകാശമാര്‍ഗങ്ങളിലൂടെ (അതിന്റെ ഉച്ചിയില്‍ കയറി നിന്ന്) ഞാന്‍ മൂസായുടെ ഇലാഹിനെ എത്തി നോക്കട്ടെ. അവന്‍ കളവു പറയുകയാണെന്നാണ് എനിക്കു തോന്നുന്നത്! അപ്രകാരം ഫിര്‍ഔന് അവന്‍ ചെയ്യുന്ന പ്രവര്‍ത്തനം അല്ലാഹു ഭംഗിയായി കാണിച്ചുകൊടുത്തു. യഥാര്‍ഥ വഴിയില്‍ നിന്ന് അവന്‍ തെറ്റിക്കപ്പെടുകയും ചെയ്തു. ഫിര്‍ഔനിന്റെ തന്ത്രം നാശത്തില്‍ പതിക്കുകയും ചെയ്തു” (ഖുര്‍ആന്‍: മുഅ്മിന്‍ 36,37). ഇതേ ആശയം മറ്റൊരു ശൈലിയില്‍ ഖുര്‍ആന്‍ 28:38ലും കാണാം.
പുനരാലോചനക്ക് ഒന്‍പത് ദൃഷ്ടാന്തങ്ങള്‍
താന്‍ ദൈവമല്ലെന്നും പ്രപഞ്ചനാഥനായ യഥാര്‍ഥ ദൈവമയച്ച ദൂതനെ നിഷേധിക്കുന്നതും അദ്ദേഹത്തിന്റെ അനുയായികളെ അക്രമിക്കുന്നതും നല്ലതിനല്ലെന്നും ബോധ്യപ്പെടുത്തുന്ന ഒന്‍പത് ദൃഷ്ടാന്തങ്ങള്‍ അല്ലാഹു ഫിര്‍ഔന് കാണിച്ചുകൊടുത്തു. ഇത്രയേറെ ക്രൂരനായ വ്യക്തിയായിരുന്നിട്ട് പോലും അയാള്‍ക്ക് പുനരാലോചന നടത്താനും നന്മയിലേക്ക് തിരിച്ചുവരാനും അവസരം നല്‍കുകയാണ്. ഈ ദൃഷ്ടാന്തങ്ങളില്‍ മൂന്നെണ്ണം മൂസാനബിയുടെ പ്രവാചകത്വവുമായി ബന്ധപ്പെട്ട അമാനുഷിക സംഭവങ്ങള്‍ (മൂഅ്ജിസത്ത്) എന്ന നിലയിലും ആറെണ്ണം ഫിര്‍ഔന്‍ പ്രപഞ്ചനാഥനായ ദൈവത്തിന്റെ മുമ്പില്‍ നിസ്സാരനും നിസ്സഹായനുമാണ് എന്നു ബോധ്യപ്പെടുത്തുന്നതുമാണ്. വടി നിലത്തിട്ടാല്‍ പാമ്പായി മാറുക, വടി കൊണ്ടടിച്ചാല്‍ സമുദ്രം പിളരുക, കൈ കക്ഷത്തില്‍ വെച്ച് പുറത്തെടുത്താല്‍ കൈവെള്ള പ്രകാശിതമാവുക, ഫിര്‍ഔന്റെ കൊട്ടാരത്തിലെ മായാജാല സംഘത്തെ തന്റെ കൈയിലുള്ള വടി കൊണ്ട് അടിച്ച് പരാജയപ്പെടുത്തിയ സംഭവം എന്നിവയാണ് മൂസാനബി(അ)യുടെ മൂന്ന് മുഅ്ജിസത്തുകളായി നല്‍കപ്പെട്ട മൂന്ന് ദൃഷ്ടാന്തങ്ങള്‍.
നൈല്‍ നദി കരകവിഞ്ഞൊഴുകുമാറുള്ള വലിയ വെള്ളപ്പൊക്കം, കൃഷിനാശത്തിലൂടെയുണ്ടായ സാമ്പത്തിക മാന്ദ്യം, വെട്ടുകിളി ശല്യം, ചെള്ള് ശല്യം, തവളശല്യം, കുടിവെള്ളത്തിനു പോലും രക്തവര്‍ണം തുടങ്ങിയ ദൃഷ്ടാന്തങ്ങള്‍ താന്‍ ദൈവമല്ലെന്നും നിസ്സാരനും നിസ്സഹായനുമായ ഒരു ഭരണാധികാരി മാത്രമാണെന്നും ഫിര്‍ഔനെ ബോധ്യപ്പെടുത്താന്‍ മതിയായതാണ്. എന്നാല്‍ കടുത്ത ദൈവിക ശിക്ഷ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ഭീകരന്മാരും ഭീകര ഭരണാധികാരികളുമൊന്നും ഇത്തരം ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഗുണപാഠമുള്‍ക്കൊള്ളാത്തതു പോലെ ഫൗര്‍ഔനും യാതൊരു ഗുണപാഠവുമുള്‍ക്കൊണ്ടില്ല. മൂസാനബി വടികൊണ്ടടിച്ചപ്പോള്‍ രൂപപ്പെട്ട സമുദ്രവഴിയിലൂടെ ഇറങ്ങി നടന്ന ഫിര്‍ഔനും കൂട്ടരും അത് തങ്ങളുടെ മരണവഴിയാണെന്ന് തിരിച്ചറിഞ്ഞില്ല.
ഈ ചരിത്ര സംഭവങ്ങളിലേക്ക്് ഖുര്‍ആന്‍ നല്‍കുന്ന സൂചനകളില്‍ ചിലത് ഇപ്രകാരം: ”നീ നിന്റെ കൈ കുപ്പായത്തിലേക്ക് പ്രവേശിപ്പിക്കുക, യാതൊരു കളങ്കവും കൂടാതെ വെളുപ്പുനിറമുള്ളതായി അത് പുറത്തുവരും. ഫിര്‍ഔന്റെയും അവന്റെ ജനതയുടെയും അടുത്തേക്കുള്ള ഒമ്പത് ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ ഇവ. തീര്‍ച്ചയായും അവര്‍ ധിക്കാരികളായ ഒരു ജനതയാകുന്നു. അങ്ങനെ കണ്ണു തുറപ്പിക്കത്തക്ക ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വന്നെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: ”ഇത് സ്പഷ്ടമായ ജാലവിദ്യയാകുന്നു.” (നംല് 12,13)
”പ്രയാസകരമായ വര്‍ഷങ്ങളിലൂടെ ഫിര്‍ഔന്‍ കുടുംബത്തെ നാം പിടികൂടി. പഴവര്‍ഗങ്ങളുടെ ലഭ്യതക്കുറവിലൂടെ. അവര്‍ ആലോചിക്കുന്നവരാകാന്‍ വേണ്ടിയായിരുന്നു അത്.” (അല്‍അ്‌റാഫ് 130)
”വെള്ളപ്പൊക്കം, വെട്ടുകിളി, ചെള്ള്, തവള, രക്തം എന്നിവയെയും അവര്‍ക്ക് നാം അനുഭവിപ്പിച്ചു. ഇതെല്ലാം വ്യക്തമായ ദൈവിക ദൃഷ്ടാന്തങ്ങള്‍ എന്ന നിലക്കായിരുന്നു. എന്നാല്‍ അവര്‍ (അതില്‍ നിന്നൊന്നും ഗുണപാഠമുള്‍ക്കൊള്ളാതെ) അഹങ്കരിക്കുകയാണുണ്ടായത്. അവര്‍ കുറ്റവാളികളായ ഒരു ജനതയായിരുന്നു.” (അഅ്‌റാഫ് 133)
”അപ്പോള്‍ നാം അവരുടെ കാര്യത്തില്‍ ശിക്ഷാനടപടി എടുത്തു. അങ്ങനെ അവരെ നാം കടലില്‍ മുക്കിക്കളഞ്ഞു. അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുകളയുകയും അവയെപ്പറ്റി അശ്രദ്ധരാവുകയും ചെയ്തതിന്റെ ഫലമത്രെ അത്.” (അഅ്‌റാഫ് 136)
`