1 Tuesday
July 2025
2025 July 1
1447 Mouharrem 5

സംഘപരിവാര്‍ രാജ്യത്തിന്റെ മതേതര മുഖം വികൃതമാക്കുന്നു: ഐ എസ് എം യുവജാഗ്രത

ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി മുതലക്കുളത്ത് സംഘടിപ്പിച്ച യുവജാഗ്രതാ സദസ്സ് ഭരണഘടന സംസ്ഥാന സംരക്ഷണസമിതി കണ്‍വീനര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ മതേതര മുഖം പിച്ചിച്ചീന്താന്‍ സംഘപരിവാര്‍ ഭരണകൂടം നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ലോകാടിസ്ഥാനത്തില്‍ പ്രതിരോധം ഉയരണമെന്ന് ‘രാഷ്ട്രം, നീതി, നിര്‍ഭയത്വം’ പ്രമേയത്തില്‍ ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച യുവജാഗ്രതാ സദസ്സ് അഭിപ്രായപ്പെട്ടു. ലോകത്തെ തന്നെ ഏറ്റവും ശക്തമായ ഭരണഘടനയെ ദുര്‍ബലപ്പെടുത്താനാണ് ഫാസിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അടിസ്ഥാന അവകാശമായ പൗരത്വ വിഷയത്തില്‍ ഭീതിയും ആശങ്കയും സൃഷ്ടിച്ച് പൗരന്‍മാര്‍ക്കിടയില്‍ അരക്ഷിത ബോധം വളര്‍ത്തുകയാണ് മോദിയും അമിത് ഷായും ചെയ്യുന്നത്. ഫെഡറല്‍ സംവിധാനം ദുര്‍ബലപ്പെടുത്തിയും വിവിധ സംസ്ഥാന ഭരണകൂടങ്ങളെ നോക്കുകുത്തികളാക്കിയും കേന്ദ്രം കരിനിയമങ്ങള്‍ അടിച്ചേല്പിക്കുകയാണ്. എന്ത് കുതന്ത്രങ്ങള്‍ മെനഞ്ഞാലും ഇന്ത്യയുടെ മതേതര പൊതുബോധം ഫാസിസ്റ്റ് വ്യാമോഹങ്ങള്‍ തകര്‍ത്തെറിയുക തന്നെ ചെയ്യും. ആഴ്ചകളായി രാജ്യത്തുടനീളം തിളച്ചുപൊന്തുന്ന പ്രക്ഷോഭങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും കൂടുതല്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി ഇരിക്കുന്ന കസേരയെ അവഹേളിക്കുകയാണെന്നും യുവജാഗ്രത സദസ്സ് അഭിപ്രായപ്പെട്ടു.
ഭരണഘടന സംസ്ഥാന സംരക്ഷണസമിതി കണ്‍വീനര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍സുല്ലമി മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി കെ ഫിറോസ്, കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി, ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് പ്രഭാഷണം നടത്തി. കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. പി സി അബൂബക്കര്‍, വി പി അക്ബര്‍ സാദിഖ്, ഉസ്മാന്‍ സിറ്റി, റഫീഖ് നല്ലളം, നസീല്‍ ചാലിയം, മറിയക്കുട്ടി സുല്ലമിയ്യ, നദ നസ്‌റിന്‍ പ്രസംഗിച്ചു.

Back to Top