അപക്വമതികള്‍ തമ്മിലുള്ള സംഘര്‍ഷം – റിഷാദ് അഹമ്മദ്
അമേരിക്കയുടെ നേതൃത്വത്തില്‍ പശ്ചിമേഷ്യയില്‍ ഒരുക്കിയ യുദ്ധസാഹചര്യങ്ങള്‍ പതിയെ പിന്‍വാങ്ങുന്നുവെന്ന വാര്‍ത്ത സമാധാന പ്രേമികളില്‍ വലിയ സന്തോഷമാണ് ഉണ്ടാക്കുന്നത്. മിഡിലീസ്റ്റ് മേഖലയില്‍ സ്ഥിരമായി അരക്ഷിതാവസ്ഥ നിലനിര്‍ത്താനുള്ള യു എസ് കുബുദ്ധികളുടെ ശ്രമമാണ് ഇപ്പോള്‍ ഇറാനെ കേന്ദ്രീകരിച്ച് കണ്ടുകൊണ്ടിരിക്കുന്നത്.
വേണ്ടത്ര കൂടിയാലോചനയോ അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ അനുമതിയോ ഖാസിം സുലൈമാനിയെ വധിക്കുന്നതിനും പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനും ട്രംപിന് ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്. ‘വിവേകമില്ലാത്ത ഭരണാധികാരി’ എന്ന ഇരട്ടപ്പേരുള്ള ട്രംപിന്റെ ഈ നീക്കവും അപക്വവും വിവേകമില്ലാത്തതുമാണെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്. ഇതിനിടെ പെന്റഗണ്‍ സ്റ്റാഫ് മേധാവി രാജിവെക്കാനൊരുങ്ങുന്ന വാര്‍ത്ത വന്നിട്ടുണ്ട്. ജനുവരി അവസാനത്തോടെ പെന്റഗണ്‍ വിടുമെന്നാണ് മാധ്യവിഭാഗം സെക്രട്ടറി അസി സഫറ അറിയിച്ചത്. ഇറാനുമായി വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് രാജിയെന്നാണ് സൂചന.
ഇറാനിലെ പ്രമുഖനായ നയതന്ത്രജ്ഞനെയാണ് കാസിം സുലൈമാനിയുടെ വധത്തിലൂടെ തകര്‍ത്തത്. സുലൈമാനി ഇറാനികള്‍ക്ക് ജനപ്രിയ നേതാവായിരുന്നു. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ജനലക്ഷങ്ങള്‍ ലോകമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇതിനെതിരെ ഇറാന്‍ ഭരണകൂടം തിരിച്ചടിക്കണമെന്നത് ഇറാനികളുടെ മൊത്തം വികാരമായിരുന്നു.
കുറച്ചു കാലങ്ങളായി ഇറാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരുന്നു. അരക്ഷിതരായ ജനക്കൂട്ടം ഭരണകൂടത്തിനെതിരെ പ്രക്ഷോഭങ്ങള്‍ നടത്തി വരികയായിരുന്നു. എന്നാല്‍, കാസിം സുലൈമാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഇറാന്‍ ജനത ഒന്നിക്കുകയും അമേരിക്കയെ പൊതുശത്രുവായി കാണുകയും ചെയ്തു.
എന്നാല്‍ യുക്രൈന്‍ വിമാന തകര്‍ക്കലിലൂടെ ട്രംപിനെക്കാള്‍ അപക്വമായ പ്രവര്‍ത്തിയാണ് ഇറാന്‍ ചെയ്തത്. യോജിച്ചുനിന്ന സിവിലിയന്മാരെ ഭരണകൂടത്തിനെതിരായി തിരിയാന്‍ ഇത് കാരണമായി. അപക്വമതികളായ ഭരണകൂടങ്ങള്‍ തമ്മിലുള്ള ഈ അസ്വാരസ്യം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നീങ്ങാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.