23 Monday
December 2024
2024 December 23
1446 Joumada II 21

പൗരത്വ നിയമഭേദഗതിയും കോടതിവിധിയും – ഷമീം മഞ്ചേരി

രാജ്യത്തെ ഭരണഘടനയുടെ കടയ്ക്കല്‍ കത്തിവെക്കുന്ന രീതിയില്‍ ആവിഷ്‌കരിച്ച പൗരത്വ നിയമഭേദഗതിക്കെതിരെ കോടതിയില്‍ വന്ന കേസുകളില്‍ കാര്യമായ നീക്കങ്ങളുണ്ടായില്ലെന്നത് ഏവരെയും അമ്പരപ്പിക്കുന്ന കാര്യമാണ്. ലോകസഭയിലെയും രാജ്യസഭയിലെയും ഭൂരിപക്ഷം മുതലാക്കിയാണ് സംഘപരിവാര്‍ ശക്തികള്‍ നഷ്പ്രയാസം നിയമനിര്‍മാണം നടത്തിയത്. ഇതിനെതിരെ രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധം നടന്നുവരികയാണ്. പിന്നീട് എല്ലാവരുടെയും പ്രതീക്ഷകള്‍ പരമോന്നത നീതിപീഠത്തിലായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി കാര്യമായ പ്രതികരണങ്ങളൊന്നുമില്ലാതെ നാലാഴ്്ചത്തേക്കു കൂടി നീട്ടിവെച്ചിരിക്കുകയാണ്.
കോടതി നടപടികള്‍ വൈകിപ്പിക്കുകയെന്ന തന്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ മാസം 18-ന് 60 ഹര്‍ജികള്‍ കോടതി പരിഗണിച്ചിരുന്നു. അന്ന് കേന്ദ്രസര്‍ക്കാറിന് കോടതി നോട്ടീസ് അയച്ചിരുന്നതുമാണ്. എന്നാല്‍ ഒരു മാസമായിട്ടും ഇതിന് മറുപടി നല്‍കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ഇത് ഗുരുതരമായ അലസതയായി കോടതി പരിഗണിക്കണമായിരുന്നു. എന്നാല്‍ വീണ്ടും തീയതി നീട്ടി നല്‍കുകയാണ് കോടതി ചെയ്തിട്ടുള്ളത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 8-ന് നടക്കാനിരിക്കുകയാണ്. ഇതിനിടയില്‍ കോടതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാറിനെതിരെ എന്തെങ്കിലും വിധി വന്നാല്‍ അത് തെരഞ്ഞെടുപ്പിന് ബാധിക്കുമെന്ന ഭീതിയാണ് കേസ് നീട്ടാന്‍ കേന്ദ്രസര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്.
എന്നാല്‍ പൗരത്വ നിയമത്തില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇത് വേഗത്തില്‍ നടപ്പിലാകാനിടയില്ലെന്നാണ് മനസ്സിലാകുന്നത്. കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതു ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ക്കു ശേഷം ശബരിമല യുവതീ പ്രവേശ വിഷയമാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുക. അതിനുശേഷം മാത്രമേ പൗരത്വ നിയമത്തിനെതിരയുള്ള ഹര്‍ജികളില്‍ പരിഗണിക്കാനിടയുള്ളൂ.
Back to Top