ഇസ്‌ലാമിക പ്രമാണങ്ങളിലെ മുന്‍ഗണനാ ക്രമങ്ങള്‍ – പി കെ മൊയ്തീന്‍ സുല്ലമി
ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ ക്രമങ്ങള്‍ ഉള്ളതുപോലെ ഇസ്‌ലാമിക പ്രമാണങ്ങള്‍ പരിഗണിക്കുന്ന വിഷയത്തിലും ചില തര്‍ത്തീബുകള്‍ (ക്രമങ്ങള്‍) ഉണ്ട്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് പ്രധാനപ്പെട്ട പ്രമാണങ്ങള്‍. അതില്‍ ഇജ്മാഉം ഖിയാസും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രം രൂപം കൊള്ളുന്ന പ്രമാണങ്ങളായതുകൊണ്ടാണ് സാധാരണയായി അവ എണ്ണിപ്പറയാതെ പ്രമാണങ്ങളെ ഖുര്‍ആനിലും സുന്നത്തിലും മാത്രം ഒതുക്കിനിര്‍ത്തുന്നത്.
പ്രമാണങ്ങളെ ഭാഗികമായി വിലയിരുത്തുമ്പോള്‍ അവയുടെ ക്രമങ്ങള്‍ ഇപ്രകാരമാണ്. (1). ഖുര്‍ആന്‍, (2). മുതവാതിറായ ഹദീസുകള്‍, (3). സ്വിഹാഹുസ്സിത്തയുടെ മുഹദ്ദിസുകള്‍ ഏകീകരിച്ചു റിപ്പോര്‍ട്ടു ചെയ്ത ഹദീസുകള്‍, (4). ബുഖാരിയും മുസ്‌ലിമും സംയുക്തമായി റിപ്പോര്‍ട്ടു ചെയ്ത ഹദീസുകള്‍, (5). ബുഖാരിയുടെ ഹദീസുകള്‍, (6). മുസ്‌ലിം റിപ്പോര്‍ട്ടു ചെയ്ത ഹദീസുകള്‍. എന്നാല്‍ ഈ അടുത്ത കാലത്ത് ചിലര്‍ ഇസ്‌ലാമിന്റെ ഒന്നാമത്തെ പ്രമാണം ബുഖാരിയാണെന്ന നിലയില്‍ സംസാരിക്കുന്നു. ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ ഒന്നാം സ്ഥാനം മുഫസ്സിറുകള്‍ക്ക് (ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക്) നല്‍കുന്നതു പോലെയാണിതും. ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ ഒന്നാം സ്ഥാനം ഖുര്‍ആനിനും രണ്ടാം സ്ഥാനം ഹദീസുകള്‍ക്കും മൂന്നാം സ്ഥാനം സ്വഹാബികള്‍ക്കും നാലാം സ്ഥാനം താബിഉകള്‍ക്കും അഞ്ചാം സ്ഥാനം മുഫസ്സിറുകള്‍ക്കുമാണ്. അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ഖുര്‍ആന്‍ വ്യാഖ്യാതാക്കളെ ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നവര്‍ തന്നെയാണ് പ്രമാണങ്ങളില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ഇമാം ബുഖാരിയെ ഒന്നാം സ്ഥാനത്ത് അവരോധിക്കുന്നതും.
മേല്‍ പറയപ്പെട്ട പ്രമാണങ്ങളില്‍ ഖുര്‍ആനിലെ ഓരോ വചനങ്ങള്‍ക്കും മുതവാതിറായ ഹദീസുകളെക്കാള്‍ സ്ഥാനം പരിഗണിച്ചു വരുന്നതോടൊപ്പം തന്നെ ഖുര്‍ആനിലെ ഓരോ വചനങ്ങളും മുതവാതിറായി പരിഗണിക്കപ്പെടുന്നതുമാണ്. ഇസ്‌ലാമിലെ അടിസ്ഥാന പ്രമാണങ്ങളെക്കുറിച്ചോ പ്രമാണങ്ങളുടെ മുന്‍ഗണനാ ക്രമങ്ങളെക്കുറിച്ചോ ഹദീസ് നിദാനശാസ്ത്ര നിയമങ്ങളെ സംബന്ധിച്ചോ പഠിക്കാന്‍ ശ്രമിക്കാത്തവരാണ് ഇത്തരം അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നത്. മുതവാതിറായി വന്ന ഹദീസുകള്‍ ഇമാം ബുഖാരി(റ)യോ മറ്റു റിപ്പോര്‍ട്ടര്‍മാരോ ചിലപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാവാം. എങ്കില്‍ പോലും ശരി അതൊന്നും തന്നെ അവരുടെ പ്രമാണ മുന്‍ഗണനാ ക്രമങ്ങളില്‍ പരിഗണിക്കപ്പെടുന്നതല്ല.
ഇവിടെ പ്രമാണങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് വിശുദ്ധ ഖുര്‍ആനാണ്. അത് ഖുര്‍ആനില്‍ പരന്നുകിടക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. (ആലുഇംറാന്‍ 32, 132, നിസാഅ് 59, അഹ്‌സാബ് 36, മുഹമ്മദ് 33 എന്നിവ നോക്കുക). ഒരിക്കലും ഇമാം ബുഖാരി(റ)യുടെ ഹദീസുകള്‍ ഖുര്‍ആനിന്ന് തുല്യമായി വരുന്നതല്ല. കാരണം ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്. ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നത് തെറ്റും ശരിയും വരുന്ന മനുഷ്യരില്‍ നിന്നും ലഭിച്ച വാര്‍ത്തകളാണ്. ബുഖാരി ഉദ്ധരിച്ച ഹദീസുകള്‍ മുഴുവന്‍ വഹ്‌യില്‍ പെട്ടതുമല്ല. നബി(സ) തമാശ പറഞ്ഞതും ഓട്ടമത്സരം നടത്തിയതും സ്വഹാബികള്‍ നബി(സ)യോട് പറഞ്ഞതും സ്വഹാബികള്‍ പരസ്പരം സംസാരിച്ചതുമൊക്കെ ഹദീസുകളായി വന്നിട്ടുണ്ട്.
ഖുര്‍ആനിനെക്കാള്‍ ബുഖാരിയുടെ ഹദീസുകള്‍ക്ക് സ്ഥാനം നല്‍കുന്നവരും കുറവല്ല. വിശുദ്ധ ഖുര്‍ആനില്‍ അര ഡസന്‍ വചനങ്ങളോളം സിഹ്‌റിന് ഫലമില്ലെന്നും അത് യഹൂദികളും മുശ്‌രിക്കുകളും നിര്‍മിച്ചുണ്ടാക്കിയതാണെന്നും വിശദീകരിക്കുന്നുണ്ട്. പ്രസ്തുത ഖുര്‍ആന്‍ വചനങ്ങളെ ഇവര്‍ എതിര്‍ക്കുന്നത് ഇമാം ബുഖാരി ഉദ്ധരിച്ച റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയാണ്. ഈ വാദത്തിലൂടെ ഇവര്‍ എതിര്‍ക്കുന്നത് അല്ലാഹുവെയും റസൂലിനെയും മാത്രമല്ല, മറിച്ച് മുഴുവന്‍ ഹദീസു നിദാനശാസ്ത്ര പണ്ഡിതന്മാരെയും അവരുടെ ഇജ്മാഇനെയുമാണ്.
രണ്ടാമതായി മുസ്‌ലിംകള്‍ പ്രമാണങ്ങളായി അംഗീകരിച്ചുപോരുന്നത് മുതവാതിറായി വന്നിട്ടുള്ള ഹദീസുകളെയാണ്. മുതവാതിറായി വന്ന ഹദീസുകള്‍ക്ക് പണ്ഡിതന്മാര്‍ കൊടുത്ത നിര്‍വചനം: ഒരിക്കലും ഒരാള്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത വിധം, എണ്ണം കണക്കാക്കാന്‍ പറ്റാത്ത വിധം അംഗസംഖ്യയുള്ള ആളുകളിലൂടെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള ഹദീസുകള്‍ എന്നാണ്. ഉദാഹരണം:
”എന്റെ മേല്‍ വല്ലതും കളവ് പറയുന്ന പക്ഷം അവന്റെ ഇരിപ്പിടം അവന്‍ നരകത്തില്‍ ഒരുക്കിക്കൊള്ളട്ടെ” (ബുഖാരി). നാം വളരെയധികം ഭയപ്പെടേണ്ട ഒരു ഹദീസാണിത്. സ്വഹാബത്ത് കിട്ടുന്ന ഹദീസുകളൊന്നും കൃത്യമായി പരിശോധിക്കാതെ സ്വീകരിക്കാറുണ്ടായിരുന്നില്ല. അവര്‍ക്ക് രണ്ടു തരം ഭയപ്പാടുകള്‍ ഒരു ഹദീസിനെക്കുറിച്ച് ഉണ്ടായിരുന്നു. ഒന്ന്: ഇത് നബി(സ)യുടെ പേരിലുള്ള കളവായിത്തീരുമോ? രണ്ട്: ഈ ഹദീസ് വിശുദ്ധ ഖുര്‍ആനിന്ന് വിരുദ്ധമായിത്തീരുമോ? താഴെ വരുന്ന ഒന്നുരണ്ട് സംഭവങ്ങള്‍ അക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നു.
”അബൂബക്കറിന്റെ(റ) അടുത്ത് നബി(സ)യില്‍ നിന്നുള്ള അഞ്ഞൂറോളം ഹദീസുകളുണ്ടായിരുന്നു. അദ്ദേഹം (അത് വായിച്ച്) രാത്രി നേരംപുലരുന്നതു വരെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയുണ്ടായി. നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹം പുത്രി ആഇശ(റ)യോട് പറഞ്ഞു: കുഞ്ഞുമകളേ, നിന്റെ പക്കലുള്ള ഹദീസുകള്‍ കൊണ്ടുവരണം. അങ്ങനെ ഞാന്‍ അവയുമായി അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്നു. അപ്പോള്‍ അദ്ദേഹം തീ കൊണ്ടുവരാന്‍ കല്‍പ്പിക്കുകയും അവ ചുട്ടുകരിക്കുകയും ചെയ്തു” (ഹാകിം, ആഇശ(റ)യില്‍ നിന്ന്)
ഈ വിഷയത്തില്‍ ഉമറും(റ) ഭയപ്പെട്ടിരുന്നു. ഇബ്‌നു അബ്ദില്‍ബര്‍റ്(റ) പറയുന്നു: ”ഉമര്‍(റ) പ്രസ്താവിക്കുകയുണ്ടായി: ജനങ്ങളേ, നിങ്ങളുടെ കൈവശം (ഹദീസുകള്‍) രേഖപ്പെടുത്തിയ ഗ്രന്ഥങ്ങള്‍ ഉണ്ടെന്ന് എനിക്ക് അറിവു ലഭിച്ചിട്ടുണ്ട്. അത്തരം രേഖകള്‍ കൈവശമുള്ളവര്‍ അവ എന്റെ അടുക്കല്‍ കൊണ്ടുവരാതിരിക്കരുത്. അവര്‍ വിചാരിച്ചു: അദ്ദേഹം ഗ്രന്ഥങ്ങള്‍ കൊണ്ടുവരാന്‍ കല്പിച്ചത് അവ അദ്ദേഹത്തിന് നോക്കി പഠിക്കാനാണെന്ന്. അങ്ങനെ അവര്‍ ഗ്രന്ഥങ്ങള്‍ കൊണ്ടുവരികയും അദ്ദേഹം അവ ചുട്ടെരിക്കുകയും ചെയ്തു.” (ജാമിഉല്‍ബയാനില്‍ ഇല്‍മി 1:65)
നമ്മേക്കാള്‍ തഖ്‌വയില്‍ എത്രയോ ഉന്നതരാണ് അബൂബക്കറും (റ) ഉമറും(റ). അവര്‍ രണ്ടുപേരും സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ടവരുമാണ്. അവര്‍ ഇപ്രകാരം ചെയ്തത് ഖുര്‍ആനിന്റെ സംരക്ഷണം ഉദ്ദേശിച്ചുകൊണ്ട് മാത്രമായിരുന്നു. അല്ലാഹുവിന്റെ കലാമിന് അവര്‍ അത്രത്തോളം സ്ഥാനം നല്‍കിയിരുന്നു.
ഉമര്‍(റ) അപ്രകാരം ചെയ്തത് എന്തിനായിരുന്നുവെന്ന് ഇബ്‌നു അബ്ദുല്‍ ബര്‍റ്(റ) വിശദീകരിക്കുന്നുണ്ട്: ”ഹദീസുകള്‍ കാരണത്താല്‍ മുസ്‌ലിംകള്‍ ഖുര്‍ആന്‍ പഠിക്കുന്ന വിഷയത്തില്‍ മുഖം കുത്തി വീഴുകയും അശ്രദ്ധരായിത്തീരുകയും ചെയ്യും എന്ന ഭയപ്പാടായിരുന്നു ഉമറിനെ(റ) അപ്രകാരം ചെയ്യാന്‍ പ്രേരിപ്പിച്ചത്.” (ജാമിഉബയാനില്‍ ഇല്‍മി 1:65)
പ്രമാണങ്ങളില്‍ മൂന്നാമതായി രേഖപ്പെടുത്തിയത് സ്വിഹാസ്സുത്തയിലെ മുഹദ്ദിസുകള്‍ മുഴുവന്‍ ഏകോപിച്ചു റിപ്പോര്‍ട്ടു ചെയ്ത ഹദീസുകളാണ്. ”റവാതിബ് സുന്നത്തുകള്‍ പത്ത് റക്അത്തുക്കളാണെന്ന് നബി(സ)യില്‍ നിന്നും ഞാന്‍ മനസ്സിലാക്കിതായി ഇബ്‌നു ഉമര്‍(റ) പ്രസ്താവിക്കുകയുണ്ടായി.” (ബുഖാരി, മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ്, നസാഈ)
നാലാമത്തെ പ്രമാണം ബുഖാരിയും മുസ്‌ലിമും സംയുക്തമായി റിപ്പോര്‍ട്ടു ചെയ്ത ഹദീസുകളാണ്. താഴെ വരുന്ന ഉദാഹരണം ശ്രദ്ധിക്കുക: ”അല്ലാഹുവേ, പരലോക ജീവിതമല്ലാതെ മറ്റൊരു ജീവിതമില്ലെന്ന് നബി(സ) പ്രാര്‍ഥിച്ചിരുന്നതായി അനസ്(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്” (ബുഖാരി, മുസ്‌ലിം)
അഞ്ചാമത്തെ പ്രമാണം ബുഖാരി തനിച്ച് ഉദ്ധരിച്ച ഹദീസാണ്. താഴെ വരുന്ന ഹദീസ് അല്ലാഹുവിങ്കല്‍ നിന്നുള്ള വഹ്‌യല്ല. മറിച്ച്, അബൂഹുറയ്‌റ(റ) തന്റെ ഒരനുഭവം പറയുകയാണ്. ”അദ്ദേഹം (അബൂഹുറയ്‌റ(റ) ഒരു സമൂഹത്തിന്റെ അരികിലൂടെ നടന്നുപോകാനിടവരികയുണ്ടായി. അവരുടെ കൈവശം പൊരിച്ച ആടുണ്ട്. അത് ഭക്ഷിക്കാന്‍ അവര്‍ അദ്ദേഹത്തെ ക്ഷണിക്കുകയുണ്ടായി. അദ്ദേഹം അത് നിരസിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: നബി(സ) ഈ ദുനിയാവില്‍ നിന്നും വിടപറഞ്ഞത് ബാര്‍ലിയുടെ റൊട്ടിപോലും കഴിച്ച് വിശപ്പടങ്ങാത്ത അവസ്ഥയിലായിരുന്നു” (ബുഖാരി)
ആറാമത്തെ പ്രമാണം ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളാണ്. താഴെ വരുന്ന ഹദീസ് അതിന്നുദാഹരണമാണ്. ”നബി(സ) പറഞ്ഞു: ഒരു നന്മയെയും നീ നിസ്സാരമാക്കരുത്. പുഞ്ചിരിയോടെ നീ നിന്റെ സഹോദരനെ കണ്ടുമുട്ടുന്ന കാര്യമായിരുന്നാല്‍ പോലും ശരി” (മുസ്‌ലിം)
മുജാഹിദു പ്രസ്ഥാനത്തിന്റെ പ്രമാണങ്ങള്‍ ഖുര്‍ആനും സ്വഹീഹായ ഹദീസുകളുമാണ്. ഒരു ഹദീസ് സ്വഹീഹാണോ അല്ലേ എന്ന് പരിഗണിക്കപ്പെടാനുള്ള ഏറ്റവും വലിയ മാനദണ്ഡം അത് ഖുര്‍ആനിന് വിരുദ്ധമാകാതിരിക്കുകയന്നതാണ്. യാഥാസ്ഥികര്‍ക്കും നവയാഥാസ്ഥിതികര്‍ക്കും പ്രവാചകന്റെ പേരില്‍ വരുന്ന എല്ലാ ഉദ്ധരണികളും രേഖകളാണ്. അത് ഖുര്‍ആനിനോ മുതവാതിറായ ഹദീസുകള്‍ക്കോ ഇജ്മാഇനോ വിരുദ്ധമായാല്‍ പോലും.
അല്‍ബാനി(റ) സ്വഹീഹാക്കിയിട്ടുണ്ട്. അല്ലെങ്കില്‍ ഇമാം റംലി സ്വഹീഹാക്കിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് ഏത് വാറോലയും സ്വീകരിക്കുന്ന അവസ്ഥയാണുള്ളത്. മുഹദ്ദിസുകള്‍ ഭൂരിഭാഗവും ദുര്‍ബലപ്പെടുത്തിയ വാറോലകളാണ് ബറാഅത്ത്് രാവിലെ പുണ്യകര്‍മങ്ങള്‍ സ്ഥാപിക്കപ്പെടുന്നത്. എന്നാല്‍ അല്‍ബാനി(റ) ബറാഅത്ത് രാവിന്റെ ഹദീസുകളെ സ്വഹീഹാക്കിയിരിക്കുന്നു. അത് നമുക്ക് അംഗീകരിക്കാന്‍ പറ്റുമോ? രണ്ടാം പ്രമാണമായ സുന്നത്ത് സ്വീകരിക്കുന്നതിന്റെ മുന്‍ഗണനാക്രമ രൂപമാണ് നാം ഉദാഹരണങ്ങള്‍ സഹിതം മേലെ രേഖപ്പെടുത്തിയത്. അതനുസരിച്ചാണ് ഹദീസുകള്‍ക്ക് നാം മുന്‍ഗണന നല്‍കേണ്ടത്.