5 Friday
December 2025
2025 December 5
1447 Joumada II 14

ഖത്തര്‍ ആരോഗ്യ സമ്മേളനത്തിന് തുടക്കം

മൂന്നു ദിവസം നീളുന്ന ഖത്തര്‍ ആരോഗ്യ സമ്മേളനം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ 2022 ലോകകപ്പിന് സജ്ജമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍കുവാരി, ഗതാഗത വാര്‍ത്തവിനിമയ മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍സുലൈതി തുടങ്ങിയവരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.
2022 ലോകകപ്പിലേക്കുള്ള ഖത്തറിന്റെ തയാറെടുപ്പുകളുടെ ഭാഗമായി ജനങ്ങള്‍ കൂടുതലെത്തുന്ന സന്ദര്‍ഭങ്ങളിലെ ആരോഗ്യപരിരക്ഷ (മാസ് ഗാതറിങ് ഹെല്‍ത്ത് കെയര്‍) ഉറപ്പാക്കുകയാണ് സമ്മേളന ലക്ഷ്യം. ആരോഗ്യ വിദഗ്ധരുടെ സേവനം ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രാലയം സജ്ജമാണെന്ന് സമ്മേളനം. വിലയിരുത്തി. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍, ആസ്പതര്‍ എന്നിവയുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പൊതുജനാരോഗ്യ മന്ത്രാലയത്തിെന്റ പുതിയ വെബ്‌സൈറ്റ് ആരോഗ്യമന്ത്രി ഡോ. ഹനാന്‍ അല്‍ കുവാരി പ്രകാശനം ചെയ്തു.
വലിയ കായിക ചാമ്പ്യന്‍ഷിപ്പുകള്‍ക്കാവശ്യമായ എല്ലാ സേവനങ്ങളും നല്‍കാന്‍ തയാറെടുപ്പ് ഉറപ്പുവരുത്താന്‍ രാജ്യത്തെ ആരോഗ്യമേഖല കഠിന പ്രയത്‌നത്തിലാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കഴിഞ്ഞവര്‍ഷങ്ങളില്‍ അന്താരാഷ്ട്രതലത്തിലെ വലിയ കായിക ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ഖത്തര്‍ ആതിഥ്യം വഹിച്ചെന്നും ആയിരക്കണക്കിനാളുകളാണ് വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തതും സന്ദര്‍ശകരായി എത്തിയതെന്നും ഡോ. അല്‍ കുവാരി പറഞ്ഞു.
2022 ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായി ആരോഗ്യ സംവിധാനവും ആരോഗ്യവിദഗ്ധരെയും സജ്ജമാക്കുകയാണ് ഖത്തര്‍ ഹെല്‍ത്ത് 2020 സമ്മേളന ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ പൊതു, സ്വകാര്യ ആരോഗ്യമേഖലകളിലെ ആയിരക്കണക്കിന് ആരോഗ്യവിദഗ്ധരും അന്താരാഷ്ട്ര ആരോഗ്യ വിദഗ്ധരും കഴിഞ്ഞ ലോകകപ്പുകള്‍ക്ക് ആതിഥ്യം വഹിച്ച റഷ്യ, ബ്രസീല്‍ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കുന്നു.

Back to Top