പശ്ചിമേഷ്യയില്‍ യുദ്ധം മണക്കുന്നു – ഷഫീഖ് ഹസന്‍
വര്‍ഷങ്ങള്‍ നീണ്ട ഉപരോധങ്ങളും ശീതസമരങ്ങളും ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. അടുത്തിടെ ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കാസിം സുലൈമാനിയെ വധിച്ചതിലൂടെ ഇത് പുതിയ വഴിത്തിരിവേക്ക് മാറിയിരിക്കുകയാണ്.
ഷാഹ് പഹ്്‌ലവിയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണത്തെ തൂത്തെറിഞ്ഞ് ഖുമൈനിയുടെ ഇസ്്‌ലാമിക് വിപ്ലവഭരണകൂടം നിലവില്‍ വന്നതു മുതല്‍ ഇറാനുമായുള്ള അമേരിക്കന്‍ ബന്ധം അങ്ങേയറ്റം അസ്ഥിരമായിരുന്നു. ഒബാമയുടെ രണ്ടാം ഭരണകാലത്ത് മാത്രമാണ് ഇതിനൊരു മഞ്ഞുരുക്കുമുണ്ടായത്. മേഖലയില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് ഇറാന്‍ എന്നും എതിരായിരുന്നു. അമേരിക്കയുടെ വിശാലമായ സാമ്പത്തിക രാഷ്ട്രീയ നീക്കമാണ് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കു കാരണമെന്നത് വസ്തുതയാണ്. ദശലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിലാണ് ഈ സംഘര്‍ഷങ്ങള്‍ കലാശിച്ചത്. കൂടുതല്‍ രൂക്ഷമായ സംഘര്‍ഷത്തിലേക്കാണ് ആ മേഖല കടക്കുന്നത് എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.
കിറുക്കന്‍ ഭരണാധികാരി എന്ന പരിഹാസത്തിന് വിധേയനായ വ്യക്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു രാജ്യത്തിന് നയതന്ത്ര ഉദ്യോഗസ്ഥനെ കൊല്ലുക എന്നത് എന്തുമാത്രം അപരിഷ്‌കൃതമാണ് എന്ന് ചിന്തിക്കാനുള്ള ശേഷിയൊന്നും അദ്ദേഹത്തിനില്ല. ഒരു രാഷ്ട്രത്തലവനു വേണ്ട പക്വത വാക്കുകളില്‍ പോലും പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയാറില്ല.
കാസിം സുലൈമാനി ഇറാനികള്‍ക്ക് എന്തുമാത്രം പ്രിയപ്പെട്ടവനായിരുന്നുവെന്നത് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ വീക്ഷിച്ചാല്‍ മനസ്സിലാകും. ദശലക്ഷക്കണക്കിന് പേരാണ് അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ തെരുവിലറങ്ങിയത്. ഉപരോധം കാരണം കടുത്ത സാമ്പത്തിക പ്രതിസസന്ധിയില്‍ പെട്ട രാജ്യം വലിയ ആഭ്യന്തര പ്രശ്‌നങ്ങള്‍ അനുഭവിക്കുകയായിരുന്നു അടുത്ത നാള്‍ വരെ.
അതേസമയം സുലൈമാനിയുടെ കൊലപാതകം അമേരിക്കാന്‍ രാഷ്ട്രീയ ത്തില്‍ ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്. ഭരണകക്ഷിയായ റിപ്പബ്ലിക് പാര്‍ട്ടിയില്‍ പോലും ട്രംപിന്റെ നടപടികളില്‍ വിമര്‍ശനമുണ്ട്. ഒരിക്കലും ഒടുങ്ങാത്ത സംഘര്‍ഷത്തിലേക്ക് അമേരിക്കയ വലിച്ചെറിയുകയാണ് ട്രംപ് ചെയ്തതെന്ന എന്ന വിമര്‍ശനവും അവിടെ വ്യാപകമാണ്.