5 Friday
December 2025
2025 December 5
1447 Joumada II 14

ആസ്‌ട്രേലിയയിലെ കാട്ടുതീ നിയന്ത്രിക്കാനാവാതെ അധികൃതര്‍

നാലു സംസ്ഥാനങ്ങളിലേക്കു പടര്‍ന്ന ആസ്‌ട്രേലിയയിലെ കാട്ടുതീ നിയന്ത്രിക്കാനാവാതെ അധികൃതര്‍. 46 ലക്ഷം ഹെക്ടര്‍ വനഭൂമി ഇതിനകം അഗ്‌നിയെടുത്തു കഴിഞ്ഞു. അത്യുഷ്ണം പിടിമുറുക്കിയതിനു പുറമെ കാറ്റിന് തീവ്രതയാര്‍ജിച്ചതും രക്ഷാപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്‌നിശമന സേനാംഗം കൊല്ലപ്പെട്ടിരുന്നു. ആല്‍ബറിയില്‍ അദ്ദേഹം സഞ്ചരിച്ച ട്രക്ക് ശക്തമായ കാറ്റില്‍ കീഴ്‌മേല്‍ മറിഞ്ഞാണ് അപകടം. വിക്‌ടോറിയക്കു പുറമെ ടാസ്മാനിയ, ന്യൂ സൗത്ത് വെയില്‍സ്, സൗത്ത് ആസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റ് തീ പടരാനിടയാക്കുന്നുണ്ട്.
ആസ്‌ട്രേലിയയെ ഭീതിയിലാഴ്ത്തി ആഴ്ചകളായി തുടരുന്ന കാട്ടുതീ കൂടുതല്‍ മേഖലകളിലേക്ക് പടരുമ്പോള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനാവാത്ത പ്രധാനമന്ത്രി സ്‌കോട്ട് മോറിസണെതിരെ രാജ്യത്ത് കടുത്ത രോഷം. അഗ്‌നിബാധിത മേഖലകളില്‍ സന്ദര്‍ശനത്തിനെത്തിയ മോറിസണോട് കഴിഞ്ഞ ദിവസം കടുത്ത ഭാഷയിലാണ് ജനം പ്രതികരിച്ചത്.
നേരത്തേ, അദ്ദേഹം വിനോദസഞ്ചാരത്തിനായി പോയതും വിവാദമായിരുന്നു. 20 പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീ 1200 വീടുകള്‍ അഗ്‌നിക്കിരയാക്കിയിരുന്നു. ദശലക്ഷക്കണക്കിന് കര്‍ഷക ഭൂമി വെണ്ണീറായി. ദശലക്ഷക്കണക്കിന് മൃഗങ്ങളും ചത്തു. രാജ്യത്ത് കൂടുതല്‍ ജനസംഖ്യയുള്ള തെക്കുകിഴക്കന്‍ മേഖലകളിലാണ് തീ കൂടുതല്‍ വ്യാപിച്ചത്.
കാട്ടുതീ പടര്‍ന്ന ആസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളായ ന്യൂ സൗത്ത് വെയില്‍സ്, വിക്‌ടോറിയ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉഷ്ണക്കാറ്റ് കാരണം ശനിയാഴ്ച കാട്ടുതീ കടുത്തേക്കുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. നാട്ടുകാരെയും വിനോദസഞ്ചാരികളെയും ഒഴിപ്പിച്ച് റോഡുകള്‍ അടച്ചിടാനും സര്‍ക്കാര്‍ തീരുമാനിച്ചു.
രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ പുതുവര്‍ഷ ദിനത്തില്‍ തീഗോളങ്ങള്‍ വ്യാപിച്ചതോടെ എട്ടുപേര്‍ കൊല്ലപ്പെടുകയും അവധിയാഘോഷിക്കാനെത്തിയവര്‍ ചിതറിപ്പോവുകയും ചെയ്തിരുന്നു.
അഗ്‌നിശമന വിഭാഗത്തെ കാത്തുനില്‍ക്കാതെ തീ പടര്‍ന്ന മേഖലകളില്‍നിന്ന് സ്വയം രക്ഷപ്പെടാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ സമയമെടുക്കുമെന്നതിനാലാണിത്. ഉഷ്ണക്കാറ്റുള്ള പ്രയാസമേറിയ ദിനത്തിലൂടെയാണ് കാര്യങ്ങള്‍ കടന്നുപോകുന്നതെന്ന് മേഖല അഗ്‌നിശമന കമീഷണര്‍ ഷാനെ ഫിറ്റ്‌സിമ്മന്‍ പറഞ്ഞു

Back to Top