20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

എന്റെ പൊള്ളലുകളാണ് എന്റെ എഴുത്ത് – സുഗതകുമാരി

വിവിധ രംഗങ്ങളില്‍ പ്രശസ്തരായവര്‍ ജീവിതാനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ ഉള്‍ക്കാഴ്ചകള്‍ പങ്കുവെക്കുന്നു

പ്രശസ്ത കവയിത്രിയും സാമൂഹിക, പാരിസ്ഥിതിക പ്രവര്‍ത്തകയും. 1934 ജനുവരി 22ന് തിരുവനന്തപുരത്ത് ജനിച്ചു. തത്വശാസ്ത്രത്തില്‍ എം എ. സൈലന്റ് വാലി പ്രക്ഷോഭത്തില്‍ വലിയ പങ്കുവഹിച്ചു. സംസ്ഥാന വനിതാ കമ്മീഷന്റെ അധ്യക്ഷ ആയിരുന്നു. എഴുത്തച്ഛന്‍ പുരസ്‌കാരം, ഓടക്കുഴല്‍, വയലാര്‍, കേന്ദ്ര- കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ അടക്കം നിരവധി അംഗീകാരങ്ങള്‍. 15ലധികം പുസ്തകങ്ങള്‍. തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പലായിരുന്നു.

കവിത
എന്റെ മനസ്സിനെ പൊള്ളിക്കുന്ന വിഷയം മാത്രമേ ഞാന്‍ എഴുതാറുള്ളൂ. അത് വ്യക്തിപരമായ വേദനയായാലും സമൂഹത്തിന് ഉണ്ടാകുന്ന വേദനയായാലും പ്രകൃതിയുടെ വേദനയായാലും. നമ്മുടെ മനസ്സിലല്ല, ഹൃദയത്തില്‍ സ്വാഭാവികമായി രൂപപ്പെട്ടുവരുന്ന ഒരു ചലനമാണത്. അത് എഴുതാന്‍ യാതൊരു ബുദ്ധിമുട്ടും ഇതുവരെ ഉണ്ടായിട്ടില്ല.

മനുഷ്യത്വം
കവിതയിലൂടെ നന്മ നിറഞ്ഞ മനുഷ്യത്വത്തെ വീണ്ടെടുക്കാന്‍ കഴിയുമെന്നുള്ള വിശ്വാസം എനിക്കില്ല.

ഭാഷ
സ്വന്തം പെറ്റമ്മയെ മറന്നുപോയാല്‍, മലയാള ഭാഷയെ മറന്നുപോയാല്‍ അതിനെ നീ സ്‌നേഹിക്കണം എന്നൊന്നും നമുക്ക് ആരോടും പറയാന്‍ പറ്റില്ല. അതങ്ങനെ നിര്‍ബന്ധിച്ചു ചെയ്യിക്കേണ്ട കാര്യമൊന്നുമല്ലല്ലോ. ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പാടേ മാറ്റം വരുത്തുന്നതിലൂടെയാണ് നമുക്ക് കുറെയൊക്കെ ഇതിന് പരിഹാരം കാണാന്‍ കഴിയുക. ആ മാറ്റം വരുത്തേണ്ടത് അധികൃതരാണ്. അവരെ എങ്ങനെയാണ് ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടതെന്ന് അറിഞ്ഞുകൂടാ.

പ്രതികരണം
പൊതുപ്രശ്‌നങ്ങളില്‍ എഴുത്തുകാര്‍ ഇടപെടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അങ്ങനെ നിര്‍ബന്ധം പിടിക്കുന്നത് ശരിയല്ല. എഴുത്തുകാര്‍ ഇന്നതേ എഴുതാന്‍ പാടുള്ളൂ എന്നത് എഴുതാന്‍ പാടില്ല, ഇന്നയിന്ന പ്രശ്‌നങ്ങളില്‍ ഇടപെടണം എന്നൊന്നും പറയുന്നത് ഒട്ടും നീതിപൂര്‍വമായ കാര്യമല്ല. സര്‍ഗപരമായ പ്രവൃത്തികള്‍ ചെയ്യുന്നവരെ അതിനനുവദിക്കുക. മറ്റു കാര്യങ്ങളില്‍ അവര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ഇടപെടും. അല്ലെങ്കില്‍ ഇടപെടുകയില്ല. അത്രയേയുള്ളൂ.

Back to Top