പുളിക്കല്‍ എബിലിറ്റിയെ ഐ എസ് എം അനുമോദിച്ചു
മികച്ച ഭിന്നശേഷി സ്ഥാപനത്തിനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ് നേടിയ പുളിക്കല്‍ എബിലിറ്റിക്ക് ഐ എസ് എം സംസ്ഥാന
സമിതിയുടെ ഉപഹാരം അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ കൈമാറുന്നു.
കോഴിക്കോട്: മികച്ച ഭിന്നശേഷി സ്ഥാപനത്തിനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ് നേടിയ പുളിക്കല്‍ എബിലിറ്റിയെ ഐ എസ് എം സംസ്ഥാന സമിതി അനുമോദിച്ചു. കാഴ്ച വെല്ലുവിളികള്‍ നേരിടുന്നവര്‍, ശ്രവണ പരിമിതര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, അരക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടവര്‍ തുടങ്ങി എല്ലാ വിഭാഗം ഭിന്നശേഷിക്കാരുടെയും വിദ്യാഭ്യാസ, നൈപുണ്യ വികസന, ശാക്തീകരണ മേഖലകളില്‍ നൂതന സംരംഭങ്ങളുമായി കഴിഞ്ഞ 10 വര്‍ഷമായി എബിലിറ്റി നിര്‍വഹിച്ച് വരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്.
എബിലിറ്റി ചെയര്‍മാന്‍ അഹമ്മദ്കുട്ടി ഉപഹാരം ഏറ്റുവാങ്ങി. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഹനീഫ, സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അബ്ദുല്‍കരീം സുല്ലമി, അഡ്വ. യൂനുസ് കോനാരി, ഷാനിഫ് വാഴക്കാട്, ഐ വി ജലീല്‍, നസീം മടവൂര്‍, ഉസ്മാന്‍ സിറ്റി, അബ്ദുല്‍ഖാദര്‍ കടവനാട്, സിദ്ദീഖ് തിരുവണ്ണൂര്‍, നബീല്‍ പാലത്ത്, കെ അബ്ദുറസാഖ് പ്രസംഗിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പരിധിയില്‍ ബധിരര്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിന്നുള്ള അഫിലിയേറ്റഡ് കോളജാണിത്. ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി കോം വിത്ത് കോര്‍പ്പറേഷന്‍ എന്നിവയാണ് കോഴ്‌സുകള്‍. അക്കാദമിക മികവുകള്‍ക്ക് പുറമെ ഭാഷ നൈപുണ്യം, പി എസ് സി കോച്ചിംഗ്, തൊഴില്‍ വൈദഗ്ധ്യം, ആംഗ്യഭാഷ വ്യാപനം, വ്യക്തിത്വ വികസനം, സ്‌പോര്‍ട്‌സ് പരിശീലനം, ന്യൂനപക്ഷ വകുപ്പിന്റെ സഹായത്തോടെയുള്ള വിവാഹ പൂര്‍വ്വ കൗണ്‍സലിങ്, ആംഗ്യഭാഷ വിവര്‍ത്തനങ്ങള്‍, സ്വഭാവ സംസ്‌കരണം, ഫിനിഷിങ് സ്‌കൂള്‍ എന്നിവയും ഇവിടെ നടന്നുവരുന്നു.
