വിരുന്ന്- സുഹാന കൊടുവള്ളി
അപരിചിതരായ വിരുന്നുകാരെ
സ്വപ്നങ്ങളിലേക്ക് ക്ഷണിച്ചിട്ട്
അസമയത്ത് കിടന്നുറങ്ങണം.
അവരോരോരുത്തരായി കടന്നു വരുമ്പോള്‍
പല വാക്കുകള്‍ കൊണ്ട്
അവരെ സ്വീകരിക്കണം.
എന്റെ ഉറക്കത്തിന്റെ ഓരോ മുറികളും തുറന്നു കൊടുത്ത് അവരെ അല്‍ഭുതപ്പെടുത്തണം.
എന്റെ നല്ല സ്വപ്നങ്ങളെ സൂക്ഷിച്ചു വെച്ച നിലവറകള്‍ അവര്‍ക്ക് കാണാം.
എന്റെ ദുസ്വപ്നങ്ങളെ കുഴിച്ചുമൂടിയ കല്ലറകള്‍ അവരില്‍ നിന്ന് മറച്ചുവെക്കണം
സ്വപ്നങ്ങളില്‍ മഴ വന്നു വീഴുന്ന നടുമുറ്റത്തിരുന്നവര്‍ നനയട്ടെ
ഇളവെയില്‍ ഒളിഞ്ഞു നോക്കുന്ന ഉമ്മറത്തിരുന്നവര്‍ കുശലം പറയട്ടെ
എല്ലാം കഴിഞ്ഞ് ഉറക്കമുണരുമ്പോഴേക്കും
ആരെന്നോ എന്തെന്നോ പറയാതെ
അവരെങ്ങോട്ടോ പൊയ്‌ക്കോട്ടേ…