7 Saturday
September 2024
2024 September 7
1446 Rabie Al-Awwal 3

സജിത് കുമാര്‍ – മരത്തിന്റെ ജീവന്‍

വീടിന്റെ കിഴക്കേ മുറ്റത്ത് കുറച്ചുമാറി
ഒതുങ്ങിയാണ് നിന്നിരുന്നത്
അന്ന് ആ അശോക മരം.
വസന്തത്തില്‍ ചുവപ്പും മഞ്ഞയും
കലര്‍ന്ന പൂക്കള്‍ കൊണ്ട് അതതിന്റെ
പരുപരുത്ത പുറംതൊലിയെ മറയ്ക്കാറുണ്ട്
അതിന്റെ ചോട്ടിലിരുന്ന്
കുഞ്ഞിപ്പുര കെട്ടി കളിക്കുമായിരുന്നു
അനിയത്തിയും ഞാനും അന്നൊക്കെ
ആ സമയങ്ങളില്‍ മുകളിലെ ഇലക്കൂട്ടില്‍ നിന്നും പുളിയുറുമ്പുകള്‍ താഴോട്ട് വീഴാതിരിക്കാന്‍
കാറ്റിനെ പ്രതിരോധിച്ച് മരം
അനങ്ങാതെ നില്‍ക്കുമായിരുന്നു
ഊഞ്ഞാല്‍  പോലുള്ള
ഒരു കൊമ്പിലിരുന്ന്
ഞങ്ങളാടുമ്പോള്‍ സന്തോഷം കൊണ്ട്
ഞങ്ങളെക്കാള്‍
പൊട്ടിച്ചിരിക്കാറുള്ളത്  മരമായിരുന്നു.
രാമായണം കഥ അമ്മാമ്മ
പറഞ്ഞു തന്ന നാളുകളില്‍,
അമ്മയുടെ പഴയൊരു  സാരി ചുറ്റി
സീതയാണെന്നും പറഞ്ഞ്
അനിയത്തി അതിനെ ചാരിയിരിക്കുമായിരുന്നു.
അന്നേരം ഹനുമാനായി മാറുന്ന ഞാന്‍
മരത്തില്‍ പാഞ്ഞുകയറുമ്പോള്‍
കാലൊന്നുതെന്നാതെയും
കയ്യൊന്നയയാതെയും സൂക്ഷിക്കുമായിരുന്നു മരം
പിന്നെയെങ്ങനെയാണ്
ഞങ്ങളുടെ ശരീരവും മനസ്സും
മരത്തില്‍ നിന്നകന്ന് പോയത്
അനിയത്തിയുടെ കെട്ട് കഴിഞ്ഞ് പോയതിന്റെ
പിറ്റേന്നാണ് അതിന്റെ ഊഞ്ഞാല്‍ക്കൊമ്പ്
നിലം പൊത്തിയത്
ജോലി കിട്ടി നാട്ടില്‍ നിന്നും പോയ നാള്‍
ഞാന്‍ അതിനോട് മാത്രം
യാത്ര പറയാഞ്ഞതിനാലാവാം ,
ആ വര്‍ഷം മുതലത്
പൂക്കള്‍ വിടര്‍ത്താതായത്
ഒളിച്ചുകളിക്കുവാന്‍
അതിന്റെയടുത്ത് ചെന്ന മകനോട്,
ഉറുമ്പിന്‍കൂട്ടിലേക്ക് പോകണ്ട
എന്നു പറഞ്ഞു ഭാര്യ
വിലക്കിയത് മുതലാണ്
അതതിന്റെ ഇലകള്‍ ഒന്നൊന്നായി
പൊഴിച്ച് തുടങ്ങിയത്
പുതിയ വീടിന്റെ സ്ഥാനം നോക്കാന്‍ വേണ്ടി
കണിയാന്‍ വന്ന ദിവസം രാത്രിയാണ്
ആരുടെയോ കരച്ചില്‍  കേള്‍ക്കുന്നമ്മേയെന്ന്
മകള്‍ പറയുന്നത് പാതിയുറക്കത്തില്‍
ഞാന്‍ കേട്ടത്
പിറ്റേന്ന് രാവിലെ കണ്ടു,
അരികത്തു നിന്നിരുന്ന വാഴകള്‍ക്കും
പൂച്ചെടികള്‍ക്കും
ഒരു പോറല്‍ പോലും വരുത്താതെ
അശോകമരം ഭൂമിയെ പ്രണമിച്ചു കിടക്കുന്നത്
രാത്രി കേട്ട കരച്ചില്‍ മരത്തിന്റേതായിരുന്നോ
അച്ഛാ എന്ന അഞ്ചു വയസ്സുകാരിയുടെ
നിഷ്‌കളങ്കചോദ്യത്തിന്,
അതിന് മരങ്ങള്‍ക്ക് ജീവനില്ലല്ലോ,
അത് വല്ല കാലന്‍കോഴി കരഞ്ഞതായിരിക്കും
എന്നായിരുന്നു എന്റെ മറുപടി
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x