3 Thursday
July 2025
2025 July 3
1447 Mouharrem 7

സീന ശ്രീവത്സന്‍ -ചട്ടീം കലോം

നെറ്റി ചുളിക്കണ്ട,
അടുക്കളത്തിണ്ണയില്‍
നിവര്‍ന്നിരുന്ന് മീന്‍ വെട്ടുന്നത്
അച്ഛനാണ്
കുഞ്ഞുള്ളി കുനുകുനെ നുറുക്കി
തലേന്നുവെച്ച സാമ്പാറിലെ
അച്ഛന്റെ ചട്ടുകപ്പാച്ചിലോര്‍ത്തെടുക്കാനുള്ള
ശ്രമത്തിലാണ് അമ്മ.
തേങ്ങാവറവിന്റെ രഹസ്യം
അങ്ങനെയൊന്നും വിട്ടുതരില്ലെന്ന്
ഗൂഢമായിപ്പറയും പോലെ
അച്ഛന്‍ കണ്ണെറിയുന്നുണ്ട്.
അമ്മയുടെ അരപ്പിന്റെ
ചൊടിയിലാണെന്റെ
മീന്‍ കറിപ്പെരുമയെന്ന്
ആ നോട്ടത്തിലൊട്ടിപ്പിടിച്ചിട്ടുണ്ട്
അമ്മേടെ അവിയലും
അച്ഛന്റെ കോഴിക്കറിയും
ഇടക്കൊക്കെ ജുഗല്‍ബന്ദി തീര്‍ക്കാറുണ്ട്.
സംശയിക്കണ്ട,
അടുക്കള വീട്ടിലെ മൂത്തകുട്ടിയാണ്.
തൊട്ടും തലോടിയും ചേര്‍ത്തുപിടിച്ചും
വഴിനടത്താന്‍
എന്റെ അടുക്കളക്കെന്നും
അച്ഛനും അമ്മയും ഉണ്ട്.
Back to Top