21 Thursday
November 2024
2024 November 21
1446 Joumada I 19

പ്രവാചകന്റെ കല്പനകളെല്ലാം നിര്‍ബന്ധമോ? പി കെ മൊയ്തീന്‍ സുല്ലമി

നബി(സ)യുടെ കല്പനകള്‍ വിവിധ രൂപങ്ങളിലുള്ളതായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. അതില്‍ നിര്‍ബന്ധം, നിഷിദ്ധം, സൂക്ഷ്മത, സുന്നത്ത്, മുന്നറിയിപ്പ് തുടങ്ങിയവയുണ്ട്. എന്നാല്‍ അടുത്ത കാലത്തായി ഇതില്‍ അതിവാദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ വിഷയത്തില്‍ അവരുടെ വാദം ‘നബി(സ) യുടെ എല്ലാ കല്പനകളും നിര്‍ബന്ധവും അതില്‍ വീഴ്ച വരുത്തല്‍ ശിക്ഷാര്‍ഹവുമാണ്’ എന്നതാണ്.
ഉദാഹരണത്തിന് താടി വളര്‍ത്തലും മീശ വെട്ടലും സുന്നത്തുകളില്‍ പെട്ടതാണ്. ”ആഇശ(റ) പറയുന്നു: പ്രകൃതിചര്യകള്‍ പത്താകുന്നു. മീശവെട്ടല്‍, താടി വളര്‍ത്തല്‍, പല്ലു തേക്കല്‍, മൂക്കില്‍ വെള്ളംകയറ്റി ചീറ്റല്‍, നഖം മുറിക്കല്‍, വിരല്‍ കഴുകി വൃത്തിയാക്കല്‍, കക്ഷരോമം എടുക്കല്‍, ഗുഹ്യരോമം വടിക്കല്‍, ഗുഹ്യാവയവങ്ങള്‍ വൃത്തിയാക്കല്‍, ചേലാകര്‍മം ചെയ്യല്‍ എന്നിവയാണവ” (മുസ്‌ലിം, അബൂദാവൂദ്, അഹ്മദ്, ഇബ്‌നുഅബീശൈബ). ഇതിന് വിചിത്ര വ്യാഖ്യാനം നല്‍കുന്ന ശൈലിയാണ് ഇന്നുള്ളത്. ”അവിശ്വാസികളുടെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നതുകൊണ്ട് മുസ്‌ലിംകളില്‍ പലരുടെയും ഫിത്വ്‌റത്തിന് (പ്രകൃതിചര്യക്ക്) മാറ്റം വന്നു” (താടി ഇസ്‌ലാമിന്റെ ചിഹ്നം, മുഹമ്മദ് സിയാദിന്റെ വിവര്‍ത്തനം, പേജ് 25). ”താടി വളര്‍ത്തിയ പുരുഷനെക്കാള്‍ കൂടുതല്‍ സൗന്ദര്യവും പൗരുഷവും താടി വടിച്ചവനില്‍ അവര്‍ കണ്ടെത്തുന്നു.” (പേജ് 25). മേല്‍ വചനപ്രകാരം താടി നീട്ടി വളര്‍ത്താത്തവരെല്ലാം അവിശ്വാസികളാകും!
ഇമാം ശൗക്കാനി പറയുന്നു: ”പ്രകൃതിചര്യകള്‍ നിര്‍ബന്ധമില്ലെന്ന് പണ്ഡിതന്മാരാല്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്” (നൈലുല്‍ ഔത്വാര്‍ 1:136). മേല്‍ പറഞ്ഞ പത്ത് പ്രകൃതിചര്യകളില്‍ ഏറ്റവും പ്രധാനം പുരുഷന്മാരുടെ സുന്നത്ത് കല്യാണമാണ്. അത് പോലും ബഹുഭൂരിപക്ഷം പണ്ഡിതന്മാരും സുന്നത്തായി മാത്രമേ കണ്ടിട്ടുള്ളൂ. ഇമാം ശൗക്കാനി പറയുന്നു: ”ഇമാം മാലിക്കും അബൂഹനീഫയും ബഹുഭൂരിപക്ഷം പണ്ഡിതന്മാരും പുരുഷന്മാരുടെ ചേലാകര്‍മം സുന്നത്ത് മാത്രമാണെന്ന് രേഖപ്പെടുത്തിയതായി ഇമാം നവവി പ്രസ്താവിച്ചിരിക്കുന്നു.” (നൈലുല്‍ ഔത്വാര്‍ 1:136)
എന്നാല്‍ താടി നീട്ടിവളര്‍ത്തുന്നവരില്‍ ഒരു വിഭാഗം മീശ വടിച്ച് നബിചര്യക്ക് എതിര് പ്രവര്‍ത്തിക്കുന്നത് കാണുന്നു. ”മീശ വെട്ടിച്ചെറുതാക്കാനാണ് നബി(സ)യുടെ കല്‍പന” (ബുഖാരി). ആ നിലയില്‍ ചിന്തിക്കുമ്പോള്‍ അവരുടെ വാദപ്രകാരം താടി വടിച്ചുകളയല്‍ ഹറാമാണെങ്കില്‍ മീശ വടിച്ചുകളയലും ഹറാം തന്നെയാണ്.
നബി(സ)യുടെ കല്പനകളില്‍ നിര്‍ബന്ധമായും നാം അനുഷ്ഠിക്കേണ്ട കാര്യങ്ങളുണ്ട്. ഓരോന്നിനും ഓരോ ഉദാഹരണം പറയാം. ഒന്ന്: നിര്‍ബന്ധമായ കല്പനകള്‍: ”എന്റെ ഖബ്‌റിനെ നിങ്ങള്‍ ഉത്സവ സ്ഥലമാക്കരുത്” (അബൂദാവൂദ്). രണ്ട്: നിഷിദ്ധമായവ: രാവും പകലും തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുന്നതിനെ നബി(സ) വിരോധിച്ചിരിക്കുന്നു” (ബുഖാരി, മുസ്‌ലിം). മൂന്ന്: അനുവദനീയം. ”ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ) കാല്‍നടയായും വാഹനത്തില്‍ കയറിയും ഖുബായിലെ പള്ളി സന്ദര്‍ശിക്കാറുണ്ടായിരുന്നു” (ബുഖാരി, മുസ്‌ലിം). ഈ ഹദീസിന്റെ താല്‍പര്യം: പള്ളിയിലേക്ക് നടന്നുപോകലും വാഹനത്തില്‍ കയറിപ്പോകലും അവിടെ വെച്ച് രണ്ട് റക്അത്ത് തഹിയ്യത്ത് നമസ്‌കരിക്കലും അനുവദനീയമാകുന്നു എന്നാണ്.
നാല്: സുന്നത്ത്. ”നബി(സ) പറയുന്നു: ”നിങ്ങള്‍ നിങ്ങളുടെ വസ്ത്രങ്ങളില്‍ നിന്നും വെള്ള നിറത്തിലുള്ളവ ധരിക്കുക. അതില്‍ നിങ്ങളുടെ മൃതശരീരം കഫന്‍ ചെയ്യുകയും വേണം” (അബൂദാവൂദ്, തിര്‍മിദി)
നബി(സ) എല്ലാ നിറങ്ങളിലുമുള്ള വസ്ത്രങ്ങളും ധരിക്കാറുണ്ടായിരുന്നു. ചിത്രപ്പണികളുള്ള വസ്ത്രം പോലും ധരിച്ചിരുന്നുവെന്ന് സ്വഹീഹായ ഹദീസുകളില്‍ സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്. ചിത്രമുള്ള വസ്ത്രം ധരിക്കല്‍ നബി(സ) ഉപേക്ഷിച്ചത് അത് നമസ്‌കാരം അശ്രദ്ധമാക്കും എന്നതിന്റെ പേരില്‍ മാത്രമാണ്. താടി ഇസ്‌ലാമില്‍ സുന്നത്തായതു പോലെ വെള്ള വസ്ത്രവും സുന്നത്താണ്. എന്നാല്‍ താടിയുടെ പോരിശ പറയുന്ന അധിക പേരും വെള്ള വസ്ത്രം ധരിക്കുകയെന്ന സുന്നത്തിനെ കൈയൊഴിയുന്നവരാണ്.
താടിയെക്കാള്‍ ബലപ്പെട്ട സുന്നത്താണ് തഹജ്ജുദ് നമസ്‌കാരം. വിശുദ്ധ ഖുര്‍ആനില്‍ മൂന്ന് സ്ഥലങ്ങളില്‍ തഹജ്ജുദ് നമസ്‌കാരത്തെക്കുറിച്ചും അതിന്റെ ശ്രേഷ്തയെക്കുറിച്ചും ഉണര്‍ത്തുന്നുണ്ട്. താടി വെക്കല്‍ പുണ്യമാണെന്ന ഒരു സൂചന പോലും വിശുദ്ധ ഖുര്‍ആനിലില്ല. അതിന്ന് ഇസ്‌ലാമില്‍ സ്ഥാനമില്ല എന്നല്ല അര്‍ഥമാക്കുന്നത്. അത് നബിചര്യയില്‍ പെട്ടതാണ്. മുന്‍ഗാമികളായ സത്യവിശ്വാസികളില്‍ ബഹുഭൂരിപക്ഷവും ചര്യയാക്കിയതുമാണ്.
അഞ്ച്: സൂക്ഷ്മത പുലര്‍ത്തല്‍. നബി(സ) പറയുന്നു: ”നിങ്ങള്‍ ഉറങ്ങുന്ന സന്ദര്‍ഭത്തില്‍ വീടുകളില്‍ തീ ഉപേക്ഷിക്കരുത്.” (ബുഖാരി, മുസ്‌ലിം) ഉറങ്ങാന്‍ പോകുമ്പോള്‍ അടുപ്പിലോ മണ്ണെണ്ണ വിളക്കുകളിലോ തീ കെടുത്താതെ ഉറങ്ങാന്‍ പോകരുത്. അത് അപകടത്തിന് ഇടവരുത്തും എന്നാണ് നബി(സ) പറഞ്ഞത്. ഒരാള്‍ അടുപ്പിലെ തീ കെടുത്താന്‍ മറന്നു പോയാല്‍ അയാള്‍ ഹറാം ചെയ്തുവെന്ന് ഇതിന് അര്‍ഥമില്ല. സൂക്ഷ്മത പുലര്‍ത്താന്‍ വേണ്ടി പറഞ്ഞതാണിത്.
ആറ്: ഒരു കാര്യം നിരുത്സാഹപ്പെടുത്താന്‍. നബി(സ) പറയുന്നു: ”അങ്ങാടിയില്‍ പ്രവേശിക്കുന്നവരില്‍ ഒന്നാമനാകാതിരിക്കാന്‍ നീ ശ്രമിക്കണം.” (മുസ്‌ലിം). അങ്ങാടികളും ചന്തകളും ബഹളങ്ങളുടെ കേന്ദ്രങ്ങളാണ്. അങ്ങാടിയില്‍ പോയി ഇരിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയാണിവിടെ. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വല്ലവനും ആദ്യമായി അങ്ങാടിയില്‍ പ്രവേശിക്കുന്ന പക്ഷം അവന്‍ ഹറാമിയാകും എന്ന് ഇതിന് അര്‍ഥം നല്‍കേണ്ടതില്ല.
ഏഴ്: തിരിച്ചറിയാന്‍ വേണ്ടി. നബി(സ) പറയുന്നു: ”നിങ്ങള്‍ മുശ്‌രിക്കുകളോട് വിരുദ്ധമാവുക. താടി സമ്പൂര്‍ണമാക്കുകയും ചെയ്യുക” (ബുഖാരി). മുസ്‌ലിംകളെയും ബഹുദൈവ വിശ്വാസികളെയും ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനുള്ള ഒരു മാര്‍ഗമായാണ് നബി(സ) ഈ നിര്‍ദേശം നല്‍കുന്നത്. ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ താടിയില്ലാത്തവരെയും അത് വെട്ടി ശുദ്ധി വരുത്തുന്നവരെയും കാഫിറുകളോ ഹറാമികളോ ആക്കാന്‍ ആര്‍ക്കും അവകാശമില്ല. മേല്‍പറഞ്ഞ ഹദീസിലെ വഫ്ഫിറദു (നിങ്ങള്‍ സമ്പൂര്‍ണമാക്കുക) എന്നതിന്റെ ഉദ്ദേശം താടി വൃത്തികേടാകും വിധം നീട്ടി പാറിപ്പറത്തി വളര്‍ത്തുകയെന്നതല്ല. നബി(സ) പറയുന്നു: ”മുടിയുള്ളവര്‍ അതിനെ ആദരിക്കണം” (അബൂദാവൂദ്). താടി വളര്‍ത്തുന്നത് മുശ്‌രിക്കിനും കാഫിറിനും വിരുദ്ധമായിരിക്കണം എന്നാണ് നബി(സ)യുടെ കല്പന. അഥവാ ബഹുദൈവ വിശ്വാസികളായ മഹര്‍ഷിമാരും സന്യാസിമാരും ജൂത ക്രിസ്തീയ പുരോഹിതന്മാരും താടി നീട്ടി വളര്‍ത്തുന്നവരാണ്. അതുപോലെ നിങ്ങള്‍ ആകരുത് എന്നാണ് മേല്‍ ഹദീസിന്റെ താല്പര്യം. മറ്റു മതക്കാരില്‍ നിന്ന് വ്യത്യസ്തരാകണം എന്ന് നിര്‍ദേശിക്കുന്ന നിരവധി ഹദീസുകള്‍ കാണാം. അതിന്റെ അര്‍ഥം അങ്ങനെ വിരുദ്ധം പ്രവര്‍ത്തിക്കാത്തവരൊക്കെ കാഫിറുകളോ ഹറാമികളോ ആയിത്തീരും എന്ന അര്‍ഥത്തിലല്ല. താഴെ വരുന്ന ഹദീസുകള്‍ നോക്കുക:
നബി(സ) പറയുന്നു: ”യഹൂദികളും ക്രിസ്ത്യാനികളും മുടിക്ക് ചായം കൊടുക്കാറില്ല. നിങ്ങള്‍ അവരില്‍ നിന്ന് വ്യത്യസ്തരാകുക.” (ബുഖാരി). അഥവാ യഹൂദികളും നാസ്വാറാക്കളും അവരുടെ മുടിക്ക് ചായം നല്‍കാറില്ല. അവര്‍ക്കു വിരുദ്ധമായി നിങ്ങള്‍ മുടിക്ക് ചായം കൊടുക്കണം എന്നാണ് നബി(സ) കല്പിച്ചത്. എന്നാല്‍ നല്ലൊരു വിഭാഗം സ്വഹാബികള്‍ മുടിക്ക് ചായം കൊടുക്കാറുണ്ടായിരുന്നില്ല. ഇബ്‌നു ഹജര്‍(റ) പറയുന്നു: ”അലി, ഉബയ്യുബ്‌നു കഅ്ബ്, സലമതുബ്‌നുല്‍ അക്‌വഅ്, അനസ്(റ) തുടങ്ങിയവരും ഒരു സംഘം സ്വഹാബികളും മുടിക്ക് ചായം കൊടുക്കാറുണ്ടായിരുന്നില്ല.” (ഫത്ഹുല്‍ ബാരി 13:359). മുടിക്ക് ചായം കൊടുക്കാത്തതിന്റെ പേരില്‍ ഈ സ്വഹാബികള്‍ കാഫിറുകളാകുമെന്ന് പറയാനൊക്കുമോ?
”ഉമ്മുസലമത്(റ) പറയുന്നു: നബി(സ) ശനിയും ഞായറും നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു. എന്നിട്ട് ഇപ്രകാരം പറയുകയും ചെയ്തു. ശനിയും ഞായറും ബഹുദൈവ വിശ്വാസികളുടെ ഉത്സവ ദിനങ്ങളാകുന്നു. ഞാന്‍ അവരോട് വിരുദ്ധമാകാന്‍ ഇഷ്ടപ്പെടുന്നു” (അഹ്മദ്, ബൈഹഖി, ഹാകിം, ഇബ്‌നുഖുസൈമ). മുശ്‌രിക്കുകളില്‍ നിന്ന് വ്യത്യസ്തരാവാന്‍ എത്രപേര്‍ ശനിയും ഞായറും നോമ്പനുഷ്ഠിക്കാറുണ്ട്. പ്രസ്തുത നോമ്പ് അനുഷ്ഠിക്കാത്തതിന്റെ പേരില്‍ ആരെങ്കിലും കാഫിറുകളോ ഹാറാമികളോ ആയിത്തീരുമോ?
കര്‍മപരമായ കാര്യങ്ങളില്‍ യഹൂദീ നസ്വാറാക്കളില്‍ നിന്നും ബഹുദൈവ വിശ്വാസികളില്‍ നിന്നും വ്യത്യസ്തരാവല്‍ സുന്നത്ത് മാത്രമാണ്. അതേയവസരത്തില്‍ വിശ്വാസപരമായ കാര്യങ്ങളില്‍ അവരോട് വിരുദ്ധമാകാതിരിക്കുകയെന്നത് കുഫ്‌റും ഹറാമുമായിത്തീരും.
നബി(സ) യഹൂദികള്‍ക്കു വിരുദ്ധമായി ചെരിപ്പ് ധരിച്ച് നമസ്‌കരിക്കാന്‍ കല്പിച്ചിരുന്നു. ”യഹൂദികള്‍ക്ക് വിരുദ്ധമായി ചെരിപ്പ് ധരിച്ച് നമസ്‌കരിക്കാന്‍ നബി(സ) ഞങ്ങളോട് കല്പിച്ചിരുന്നതായി അബ്ദുല്ലാഹിബ്‌നു അംറ്(റ) പ്രസ്താവിക്കുകയുണ്ടായി” (അബൂദാവൂദ്, അഹ്മദ്, ഇബ്‌നുമാജ, നസാഈ, ഹാകിം, ബൈഹഖി). എന്നാല്‍ യഹൂദികളില്‍ നിന്ന് വ്യത്യസ്തനാവാനെന്ന നിലയില്‍ ചെരുപ്പു ധരിച്ചു നമസ്‌ക്കരിക്കുന്ന ഒരാളെയും കാണാറില്ല. താടിയുടെ വിഷയത്തില്‍ മാത്രം ഇതര മതസ്ഥരില്‍ നിന്ന് വ്യത്യസ്തമാകല്‍ നിര്‍ബന്ധമാകുന്നില്ല എന്ന് മേല്‍ ഉദാഹരണങ്ങളില്‍ നിന്ന് മനസ്സിലാക്കാം.
ചുരുക്കത്തില്‍ നബി(സ)യുടെ എല്ലാ നിര്‍ദേശങ്ങളും പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരല്‍ നിര്‍ബന്ധമില്ല. കാരണം കല്പനകളില്‍ ശിക്ഷാര്‍ഹമായതും അല്ലാത്തതും ഉണ്ട്. ഇമാം ഗസ്സാലി(റ) പറയുന്നു: ”അല്ലാഹുവിന്റെ കല്പനയാല്‍ ഞാന്‍ നിങ്ങളോട് ഇപ്രകാരം കല്പിക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ ഇപ്രകാരം കല്പിക്കപ്പെട്ടിരിക്കുന്നു എന്ന പ്രവാചകന്റെ വചനം, അല്ലെങ്കില്‍ ഞാന്‍ ഇപ്രകാരം ചെയ്യാന്‍ കല്പിക്കപ്പെട്ടിരിക്കുന്നു എന്ന സ്വഹാബിയുടെ വാക്ക് എന്നിവ കല്പനകളെയാണ് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ അത് ഉപേക്ഷ വരുത്തുന്ന പക്ഷം ശിക്ഷിക്കപ്പെടും എന്ന നിലയിലുള്ള കല്പനകള്‍ നിര്‍ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. നിങ്ങള്‍ക്ക് അതിന്ന് പ്രതിഫലം നല്‍കപ്പെടും. നിങ്ങള്‍ ഉപേക്ഷ വരുത്തുന്ന പക്ഷം ശിക്ഷിക്കപ്പെടുന്നതല്ല എന്നിങ്ങനെയുള്ള കല്പനകള്‍ സുന്നത്തിനെ കുറിക്കുന്നു.”
(അല്‍മുസ്തസ്വ്ഫാ 1:417)

Back to Top