വിദ്യാര്‍ഥി പ്രതിപക്ഷം – അബ്ദുസ്സമദ് തൃശൂര്‍
രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ അനീതിക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി എന്നത് പ്രതീക്ഷ നല്കുന്ന കാര്യമാണ്. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ഭാഗമായിട്ടുണ്ട്. സ്വാതന്ത്ര സമരത്തിന്റെ പല നിര്‍ണായ ഘട്ടത്തിലും അവര്‍ സമരക്കാരുടെ കൂടെ നിന്നിട്ടുണ്ട്. റൗളത്തു ആക്ട് , നികുതി നിഷേധ സമരം, നിസ്സഹകരണ പ്രസ്ഥാനം, ഗാന്ധിജിയുടെ ദണ്ഡി യാത്ര തുടങ്ങി സ്വാതന്ത്ര സമര കാലത്തെ പല പ്രധാന സമരങ്ങളിലും നമുക്കവരെ കാണാം. പലപ്പോഴും പഠനം മുടക്കിയാണ് അവര്‍ സമര രംഗത്തു വന്നത്.
സര്‍ക്കാര്‍ എല്ലാ ശക്തിയും ഉപയോഗിച്ച് സമരത്തെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നു. അതെ സമയം ഓരോ ദിവസവും നാടിന്റെ പുതിയ മേഖലകളില്‍ സമരം ഉയര്‍ന്നു വരുന്നു. നമ്മുടെ യുവത ആ വിഷയത്തില്‍ ഇന്ന് തെരുവിലാണ്. തലസ്ഥാനത്തെ പോലീസ് നൂറു ശതമാനവും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ് എന്നറിഞ്ഞു കൊണ്ടും നീതിക്കു വെണ്ടിയും മതേതര ഇന്ത്യക്കു വേണ്ടിയും രംഗത്തിറങ്ങാന്‍ നമ്മുടെ യുവത സന്നദ്ധരായി എന്നതാണ് ഈ ദുരന്തത്തിനിടയിലെ കേള്‍ക്കാന്‍ കഴിയുന്ന സന്തോഷം.
പെണ്‍കുട്ടികളും സമര മുഖത്ത് വരുന്നു എന്നത് അധികാരികളെ വല്ലാതെ പരിഭ്രമിപ്പിക്കുന്നു. അത് കൊണ്ട് തന്നെയാണ് സമരം ചെയ്യുന്നവരുടെ വസ്ത്രത്തെ കുറിച്ച് മോദിക്ക് പറയേണ്ടി വന്നതും. കഴിയാവുന്നിടത്തോളം വിഭാഗീയത സൃഷ്ടിക്കുക എന്നതാണ് സംഘ് പരിവാര്‍ ഉദ്ദ്യമം. അത് മതത്തിന്റെ പേരില്‍ തന്നെ വേണം എന്ന കാര്യത്തിലും മോദിയും കൂട്ടരും ശാഠ്യം പിടിക്കുന്നു. ഇന്ത്യയെ ഏതു വിധേനയും മതത്തിന്റെ പേരില്‍ വെട്ടിമുറിക്കുക എന്ന തീരുമാനം സംഘ് പരിവാര്‍ കൈകൊണ്ടിരിക്കുന്നു.