1 Friday
May 2026
2026 May 1
1447 Dhoul-Qida 14

പൗരത്വ ബില്ലിനെതിരെ മതേതരവിശ്വാസികള്‍ കൈകോര്‍ക്കണം: കെ ജെ യു

കേരള ജംഇയ്യത്തുല്‍ ഉലമ (മര്‍കസുദ്ദഅ്‌വ) കോഴിക്കോട്ട് സംഘടിപ്പിച്ച സംസ്ഥാന കൗണ്‍സില്‍ കെ എന്‍ എം സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: പൗരത്വ, ബില്ലിനെതിരെ ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ (മര്‍കസുദ്ദഅ്‌വ) കോഴിക്കോട്ട് സംഘടിപ്പിച്ച സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. വ്യത്യസ്ത മതാനുയായികള്‍ സൗഹാര്‍ദത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ഇന്ത്യയില്‍ മതവികാരം ഊതി വീര്‍പ്പിച്ച് പരസ്പരം ശത്രുത വളര്‍ത്തുന്നത് മതേതരത്വത്തിനും വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തിനും എതിരാണ്. സമാധാനം എന്ന അര്‍ഥമുള്ള ഇസ്‌ലാമിനെ അസഹിഷ്ണുതയുടെയും ഭീകരതയുടെയും മതമാക്കി ചിത്രീകരിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.
ഇതര മതവിശ്വാസികളോട് സാഹോദര്യഭാവം പുലര്‍ത്തണമെന്നും അവന്റെ ജീവല്‍ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നത് വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണെന്നും പഠിപ്പിക്കുന്ന ഇസ്‌ലാമിനെക്കുറിച്ച് ഭയപ്പാടുണ്ടാക്കുന്നതും ആശങ്കകള്‍ വളര്‍ത്തുന്നതും ദുരുദ്ദേശപരമാണെന്ന് തിരിച്ചറിയണം. എല്ലാ മതത്തിന്റെയും പേരിലുള്ള തീവ്രവാദങ്ങള്‍ക്കെതിരെയും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുമാണ് നിയമങ്ങളും നടപടികളും ശക്തമാക്കേണ്ടത്. ഒരു മതവിഭാഗത്തെ മാത്രം സംശയദൃഷ്ടിയോടെ കാണുന്നതും അവരെ പുറംതള്ളാനുമുള്ള ഗൂഢനീക്കങ്ങള്‍ നാടിന്റെ സാമൂഹ്യസൗഹര്‍ദം തകര്‍ക്കുമെന്നും കൗണ്‍സില്‍ വിലയിരുത്തി.
കെ എന്‍ എം സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ ജെ യു സംസ്ഥാന പ്രസിഡന്റ് എ അബ്ദുല്‍ഹമീദ് മദീനി അധ്യക്ഷത വഹിച്ചു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, അബ്ദുല്‍ അലി മദനി, കെ അബൂബക്കര്‍ മൗലവി, ഡോ. വി കുഞ്ഞാലി, കെ പി സകരിയ്യ, ഡോ. അനസ് കുലുണ്ടി, ഡോ. ഐ പി അബ്ദുസ്സലാം, എ അബദുല്‍ അസീസ് മദനി, ശംസുദ്ദീന്‍ പാലക്കോട്, സല്‍മ അന്‍വാരിയ്യ പ്രസംഗിച്ചു. ‘വ്യതിയാനമില്ലാത്ത ആദര്‍ശം: ഒരാമുഖം’ എന്ന പുസ്തകം എ അബ്ദുല്‍ഹമീദ് മദനി ഡോ. ഇ കെ അഹ്മദ് കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു.

Back to Top