ഖുര്‍ആന്‍ വ്യാഖ്യാന ക്രമങ്ങളും മര്യാദകളും – പി കെ മൊയ്തീന്‍ സുല്ലമി
വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതിന് സൂക്ഷ്മത അത്യാവശ്യമാണ്. വിശുദ്ധ ഖുര്‍ആന്‍ സ്വന്തം താല്പര്യങ്ങള്‍ക്കുവേണ്ടി വ്യാഖ്യാനിക്കല്‍ യഹൂദീ സമ്പ്രദായമാണ്. അല്ലാഹു പറയുന്നു: ”വാക്കുകളെ സ്ഥാനം തെറ്റിച്ചു പ്രയോഗിക്കുന്നവര്‍ യഹൂദികളിലുണ്ട്” (നിസാഅ് 46). ഈ വചനത്തെ ഇമാം ഇബ്‌നു കസീര്‍ ഉള്‍പ്പെടെയുള്ള മുഫസ്സിറുകള്‍ വ്യാഖ്യാനിക്കുന്നത് ശ്രദ്ധിക്കുക: ”പ്രസ്തുത വചനത്തിന് അതിന്റേതല്ലാത്ത വ്യാഖ്യാനങ്ങള്‍ അവര്‍ നല്‍കും. അല്ലാഹു ഉദ്ദേശിച്ചതിന് വിരുദ്ധമായ വിശദീകരണങ്ങള്‍ അവര്‍ നല്‍കുകയും ചെയ്യും” (മുഖ്തസ്വര്‍ ഇബ്‌നികസീര്‍ 1:399)
നബി(സ)യും അപ്രകാരം അരുളിയിട്ടുണ്ട്: ”വല്ലവനും ഖുര്‍ആന്‍ വചനത്തെക്കുറിച്ച് അറിവില്ലാതെ പറയുന്ന പക്ഷം അവന്റെ ഇരിപ്പിടം നരകത്തില്‍ ഒരുക്കിക്കൊള്ളട്ടെ” (ബുഖാരി). ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: ഏതൊരു മതകാര്യത്തെക്കുറിച്ച് നാം അഭിപ്രായം പറയുമ്പോഴും കൃത്യമായ തെളിവു വേണം. പ്രത്യേകിച്ചും വിശുദ്ധ ഖുര്‍ആനിനെ സംബന്ധിച്ചാകുമ്പോള്‍ അതിന്റെ പ്രസക്തി വളരെ വലുതാണ്.
വിശുദ്ധ ഖുര്‍ആന്‍ ചിന്തക്കും ബുദ്ധിക്കും ഏറെ പ്രോത്സാഹനം നല്‍കുന്ന ഒരു ഗ്രന്ഥമാണ്. ലോകം മുന്നോട്ടു പോകുന്തോറും അതിന്റെ പ്രസക്തി വര്‍ധിച്ചുകൊണ്ടേയിരിക്കും. ”നിങ്ങള്‍ ഘട്ടം ഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്” (ഇന്‍ശിഖാഖ്: 19). ഈ വചനത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യര്‍ ശാസ്ത്രീയമായി വളരെ മന്നേറുമെന്ന് വല്ലവനും സൂചന നല്‍കുന്ന പക്ഷം അയാളെ ദുര്‍വ്യാഖ്യാനക്കാരനായി ചിത്രീകരിക്കുകയെന്നത് നീതിയല്ല. അതുകൊണ്ടു തന്നെ ഖുര്‍ആന്‍ വ്യാഖ്യാനം എന്ന നിലയില്‍ മുന്‍ഗാമികളായ മുഫസ്സിറുകള്‍ വല്ല അബദ്ധവും പറഞ്ഞിട്ടുണ്ടെങ്കില്‍ വിശുദ്ധ ഖുര്‍ആനിന്റെയും ശാസ്ത്രീയ യാഥാര്‍ഥ്യങ്ങളുടെയും അടിസ്ഥാനത്തില്‍ അത്തരം അബദ്ധങ്ങളെ വല്ലവനും തിരുത്തുന്ന പക്ഷം അത്തരക്കാരെയും ദുര്‍വ്യാഖ്യാനം നടത്തുന്നവരായി ചിത്രീകരിക്കുന്നത് ശരിയല്ല.
ഒരുദാഹരണം പറയാം: ഭൂരിപക്ഷം മുഫസ്സിറുകളും ഭൂമി പരന്നതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ താഴെ വരുന്ന വചനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാള്‍ ഭൂമി ഗോളാകൃതിയിലാ ണെന്ന് പറയുന്ന പക്ഷം അയാളെ ഒരു ദുര്‍വ്യാഖ്യാതാവായി കണക്കാക്കാവുന്നതല്ല. ”പര്‍വതങ്ങളെ നീ കാണുമ്പോള്‍ അവ ഉറച്ചു നില്‍ക്കുന്നതാണെന്ന് നീ ധരിച്ചുപോകും. എന്നാല്‍ അവര്‍ മേഘങ്ങള്‍ സഞ്ചരിക്കുന്നതുപോലെ സഞ്ചരിക്കുന്നതാണ്” (നംല് 88). മറ്റൊരു വചനം കാണുക: ”ഓരോ (ഗോളവും) അവയുടെ നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു” (യാസീന്‍ 40). ഭൂമിയടക്കമുള്ള എല്ലാ ഗോളങ്ങളും സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നാണ് മേല്‍ വചനങ്ങള്‍ സൂചിപ്പിക്കുന്നത്.
ശാസ്ത്ര സംബന്ധമായ വസ് തുതകളെ സംബന്ധിച്ച ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ നൂറു ശതമാനം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട നിരീക്ഷണങ്ങള്‍ക്ക് വിരുദ്ധമായി വല്ല വ്യാഖ്യാനവും കാണുന്ന പക്ഷം അത്തരം അബദ്ധങ്ങള്‍ തിരുത്തുന്നതിന്ന് മേല്‍പറഞ്ഞ ഹദീസ് എതിരല്ല. കാരണം വിശുദ്ധ ഖുര്‍ആനില്‍ ഒരു അസത്യവും ദര്‍ശിക്കാന്‍ സാധ്യമല്ല. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും ഇത് ഒരു പ്രതാപമുള്ള ഗ്രന്ഥം തന്നെയാകുന്നു. അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല.” (ഫുസ്സ്വിലത്ത് 41-42). എന്നാല്‍ വിശ്വാസപരമായും ആരാധനാപരമായും വിശുദ്ധ ഖുര്‍ആന്‍ കൊണ്ടും മറ്റു തെളിവുകള്‍ കൊണ്ടും സംശയമന്യേ സ്ഥിരപ്പെട്ട ഖുര്‍ആന്‍ വചനങ്ങളെ തന്നിഷ്ടപ്രകാരം വ്യാഖ്യാനിക്കല്‍ മേ ല്‍പറഞ്ഞ നരകാവകാശികളില്‍ പെടുമെങ്കിലും ഖുര്‍ആന്‍ നസ്സ്വ് കൊണ്ട് അല്ലാഹു ആവര്‍ത്തിച്ച് സ്ഥിരപ്പെടുത്തിയ ഖുര്‍ആന്‍ വചനങ്ങളെ അതിന്ന് വിരുദ്ധമായി വ്യാഖ്യാനിക്കപ്പെടുന്ന പക്ഷം അത്തരം വ്യാഖ്യാനങ്ങളില്‍ പുനര്‍വ്യാഖ്യാനം നടത്തുന്നതും കുറ്റകരമല്ല.
ഉദാഹരണത്തിന് സിഹ്ര്‍ യാതൊരു നിലയിലും വിജയിക്കുകയില്ലെന്നും ഫലിക്കുകയില്ലെന്നും അല്ലാഹു ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. ”സാഹിറുകള്‍ വിജയിക്കുകയില്ല” (യൂനുസ് 77). ”നിങ്ങള്‍ ഈ അവതരിപ്പിച്ചത് സിഹ്‌റാകുന്നു. തീര്‍ച്ചയായും അല്ലാഹു അതിനെ നിഷ്ഫലമാക്കിക്കളയുന്നവനാണ്. നാശമുണ്ടാക്കുന്നവരുടെ കര്‍മത്തെ അല്ലാഹു ഫലവത്താക്കുകയില്ല തീര്‍ച്ച” (യൂനുസ് 81).
സിഹ്‌റിന്റെ വിഷയത്തില്‍ ആധികാരികമായ ഈ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം മറ്റു അഭിപ്രായങ്ങളെ വിലയിരുത്തേണ്ടത്. ഖുര്‍ആന്‍ വചനങ്ങള്‍ക്കിടയില്‍ വൈരുധ്യമോ പൊരുത്തക്കേടോ ഉണ്ടാവുകയില്ല എന്നത് ഖുര്‍ആനിന്റെ സാക്ഷ്യമാണ്. ”അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിനുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു.” (നിസാഅ് 82)
ഇമാം ഇബ്‌നു കസീര്‍(റ) പറയുന്നു: ”ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ ഏറ്റവും ശരിയായ മാര്‍ഗം ഖുര്‍ആനിനെ ഖുര്‍ആന്‍ കൊണ്ട് വ്യാഖ്യാനിക്കുകയെന്നതാണ്. അത് നിന്നെ വിഷമിപ്പിക്കുന്ന പക്ഷം നബി(സ)യുടെ ചര്യയനുസരിച്ച് നീ വ്യാഖ്യാനിക്കണം. ഖുര്‍ആനിനെ ഖുര്‍ആന്‍ കൊണ്ട് വ്യാഖ്യാനിക്കാന്‍ സാധ്യമല്ലെങ്കില്‍ പിന്നെ സുന്നത്തനുസരിച്ചാണ് വ്യാഖ്യാനിക്കേണ്ടത്. സുന്നത്തില്‍ അതിന്ന് തെളിവില്ലെങ്കില്‍ സ്വഹാബത്തിന്റെ അഭിപ്രായമനുസരിച്ചായിരിക്കണം വ്യാഖ്യാനം.
ഇനി ഖുര്‍ആന്‍ കൊണ്ടോ സുന്നത്തു കൊണ്ടോ സ്വ ഹാബത്തിന്റെ പ്രസ്താവനകള്‍ കൊ ണ്ടോ വ്യാഖ്യാനിക്കാന്‍ സാധ്യമല്ലെങ്കില്‍ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അവലംബിച്ചിട്ടുള്ളത് താബിഉകളുടെ പ്രസ്താവനകളെ അവലംബമാക്കി വ്യാഖ്യാനിക്കുകയെന്നതാണ്. മേല്‍ പറഞ്ഞ അഭിപ്രായങ്ങളാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റ)യും മുഫസ്സിറുകളുടെ ഇമാമായ ഇബ്‌നു ജരീറുത്ത്വബ്‌രി(റ) തന്റെ തഫ്‌സീര്‍ ഗ്രന്ഥമായ ജാമിഉല്‍ ബയാന്‍ ഫീ തഅ്‌വീലില്‍ ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തിലും രേഖപ്പെടുത്തിയിട്ടുള്ളത്.” (മുഖദ്ദിമത്തു ഇബ്‌നുകസീര്‍ 1:13-14)
അടുത്ത കാലത്ത് ചിലര്‍ ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ പ്രഥമമായി തെരഞ്ഞെടുക്കുന്നത് മേല്‍ സൂചിപ്പിച്ചതല്ലാത്ത രീതിയാണ്. മുന്‍കാല പണ്ഡിതന്മാരുടെ തഫ്‌സീറുകള്‍ക്കാണ് ഇവര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഇത് പലപ്പോഴും അബദ്ധത്തിലേക്ക് നയിക്കും. ഏത് പിഴച്ച വാദങ്ങളും സ്ഥാപിക്കാന്‍ ചിലപ്പോള്‍ തഫ്‌സീറുകള്‍ക്ക് സാധിച്ചുവെന്നുവരും. ആദം നബി(അ) ശിര്‍ക്കു ചെയ്തുവെന്ന് സൂറത്ത് അഅ്‌റാഫ് 190-ാം വചനത്തിന്റെ തഫ്‌സീറില്‍ ജലാലൈനി (1:203) രേഖപ്പെടുത്തിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ തഫ്‌സീറുകള്‍ക്ക് അഞ്ചാം സ്ഥാനമാണ് ഖുര്‍ആന്‍ വ്യാഖ്യാന വിഷയത്തിലുള്ളത്. മൗലിക പ്ര മാണ വിരുദ്ധമായ ഇത്തരം വ്യാ ഖ്യാനങ്ങള്‍ക്ക് സ്വീകാര്യത നല്‍ കുന്നത് ഗൗരവതരമാണ്. മുന്‍കാ ല മുഫസ്സിറുകള്‍ പറഞ്ഞു എന്നതുകൊണ്ടുമാത്രം ഈ അതിവാദങ്ങള്‍ക്ക് തഫ്‌സീറിന്റെ പരിവേഷം നല്‍കാന്‍ പാടില്ല.
ഖുര്‍ആന്‍ കൊണ്ട് വ്യാഖ്യാനിക്കല്‍
ഖുര്‍ആന്‍ ഭൂമിയിലേക്ക് ആദ്യം ഇറക്കപ്പെട്ടത് എന്നതിനെ സംബന്ധിച്ച് അല്ലാഹു പറയുന്നു: ”വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍.” (അല്‍ബഖറ 185). റമദാനില്‍ എന്നാണ് അവതരിപ്പക്കപ്പെട്ടത്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നാം ഇതിനെ ലൈലതുല്‍ ഖദ്‌റില്‍ അവതരിപ്പിച്ചിരിക്കുന്നു” (ഖദ്ര്‍ 1)
ഹദീസ് കൊണ്ടുള്ള വ്യാഖ്യാനം
അല്ലാഹു പറയുന്നു: ”നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുകയും ചെയ്യുക”(ഹശ്ര്‍ 7). നബി(സ) പറയുന്നു: ”നമ്മുടെ കല്പനയില്ലാത്ത വല്ല കാര്യവും വല്ലവനും ചെയ്യുന്ന പക്ഷം അവനത് തള്ളിക്കളയേണ്ടതാണ്” (മുസ്‌ലിം)
സ്വഹാബികളുടെ വാക്കുകള്‍ കൊണ്ടുള്ള വ്യാഖ്യാനം
അല്ലാഹു പറയുന്നു: ”വേദഗ്രന്ഥത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ നോക്കിയില്ലേ? അവര്‍ ജിബ്ത്തിലും ത്വാഗൂത്തിലും വിശ്വസിക്കുന്നു” (നിസാഅ് 51). എന്താണ് ജിബ്ത്: ഇമാം ഇബ്‌നുകസീര്‍ സ്വഹാബികളില്‍ നിന്നു ഉദ്ധരിക്കുന്നു: ”ജിബ്ത് എന്നു പറഞ്ഞാല്‍ സിഹ്‌റാണ്. ഉമര്‍(റ), ഇബ്‌നു അബ്ബാസ്(റ) എന്നിവര്‍ പ്രസ്താവിച്ചത് അപ്രകരമാണ്” (ഇബ്‌നുകസീര്‍ 1:626)
താബിഉകളുടെ വ്യാഖ്യാനം
അല്ലാഹു പറയുന്നു: ”കാര്യം നിയന്ത്രിക്കുന്നവ തന്നെയാണ സത്യം.” (നാസിആത് 5). താബിഉകളുടേതടക്കമുള്ളവരുടെ വ്യാഖ്യാനം ഇമാം ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ”അലി, മുജാഹിദ്, അത്വാഅ്, അബൂസ്വാലിഹ്, ഹസന്‍, ഖതാദ, റബീഇബ്‌നു അനസ്, സുദ്ദി(റ) എന്നിവരെല്ലാം അത് മലക്കുകളാണെന്ന് പ്രസ്താവിച്ചിരിക്കുന്നു” (ഇബ്‌നുകസീര്‍ 1:466)
തഫ്‌സീറുകളുടെ സ്ഥാനം
അഞ്ചാമത്തെ സ്ഥാനമാണ് ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ തഫ്‌സീറുകള്‍ക്കുള്ളത്. അല്ലാഹു പറയുന്നു: ”അവരുടെ ഭംഗിയില്‍ നിന്ന് പ്രകടമായതൊഴിച്ച് യാതൊന്നും തന്നെ അവര്‍ വെളിപ്പെടുത്തരുത്” (നൂര്‍ 31). ഇവിടെ സ്ത്രീകള്‍ക്ക് വെളിപ്പെടുത്താവുന്ന പ്രകടമായ ഭാഗം മുഖവും മുന്‍കൈകളുമാണെന്ന് പ്രാമാണികമായ എല്ലാ മുഫസ്സിറുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്‌നു അബീശൈബ (4:284,285), ത്വബ്‌രിയുടെ തഫ്‌സീര്‍ ജാമിഉല്‍ ബയാന്‍ (17:528), ജലാലുദ്ദീനുസ്സുയൂഥിയുടെ അദ്ദുര്‍റുല്‍ മന്‍സൂര്‍ (5:41), തഫ്‌സീറു ഇബ്‌നി അബീഹാതിം സൂറത്തുന്നൂര്‍ 31-ാം വചനത്തിന്റെ വ്യാഖ്യാനം, ഇമാം ഇബ്‌നുകസീറിന്റെ വ്യാഖ്യാനഗ്രന്ഥം (2:283), ഇമാം ഖുര്‍ത്വുബിയുടെ അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍ (6:152), ഇമാം ശൗക്കാനിയുടെ ഫത്ഹുല്‍ ഖദീര്‍ (4:26) എന്നിവയിലെല്ലാം സ്ത്രീകള്‍ അന്യ പുരുഷന്മാര്‍ക്കു മുന്നില്‍ മുഖവും മുന്‍കൈകളും പുറത്ത് കാണുന്നതില്‍ വിരോധമില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.