ഇത് ഹിന്ദുരാഷ്ട്ര പ്രഖ്യാപനമല്ലേ?- നൂറുദ്ദീന്‍ എടയാട്
ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിന്റെ വെല്ലുവിളിയാണ് പൗരത്വ ഭേദഗതി നിയമം. മതേതര ഇന്ത്യയുടെ മാഞ്ഞുപോക്ക്. നീതിബോധം മറന്നുപോയതായി നടിക്കുകയും വിധേയത്വം മിനുക്കിയെഴുതുകയും ചെയ്യാന്‍ തുടങ്ങുന്ന സുപ്രീം കോടതി. പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും നേരെ ഒരു മറയുമില്ലാതെ അക്രമം അഴിച്ചുവിടുന്ന മര്‍ദക സംവിധാനങ്ങള്‍. ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന്റെ സകല ക്രൗര്യത്തോടും കൂടി മോദി സര്‍ക്കാര്‍ അതിന്റെ ആട്ടം കൊഴുപ്പിക്കുകയാണ്. ഡല്‍ഹിയില്‍ പോലീസ് ആക്രമണത്തില്‍ പരിക്കേറ്റു ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ ആശുപത്രിയില്‍ നിന്നും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ മനുഷ്യാവകാശ ലംഘനമാണ് നടന്നത്.
ഈ രാജ്യം അതിന്റെ ഏറ്റവും ഭീതിദമായ ഒരു കാലത്തോട് ഏറ്റവും ദുര്‍ബലമായ ഒരു പ്രതിരോധകാലത്തില്‍ നിന്നുമാണ് ചെറുത്തുനില്‍ക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ അടിച്ചമര്‍ത്തപ്പെട്ടെങ്കിലും ഒരു ജനാധിപത്യസമൂഹത്തിനായുള്ള സമരങ്ങളുടെ ചോരകൊണ്ട് പണിതുണ്ടാക്കിയ, നേടിയെടുത്ത ഓരോ അവകാശവും ഹിന്ദുത്വ രാഷ്ട്രീയ ഭീകരതയും അതിന്റെ കോര്‍പ്പറേറ്റ് കൊള്ളയും ചേര്‍ന്ന് ഇല്ലാതാക്കുകയാണ്. സര്‍വകലാശാലകളുടെ വാതിലുകള്‍ തല്ലിതകര്‍ത്ത് വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുന്നതിനു ഒരു മടിയുമില്ലാത്ത പൊലീസ് ദേശീയ തലസ്ഥാനത്തുനിന്നും നല്‍കുന്ന സന്ദേശം ഭരണകൂടത്തിന്റെ പാതിരാനാടകങ്ങള്‍ അടുത്ത ഘട്ടത്തില്‍ എത്തി എന്നതാണ്.
ഇന്ത്യ എന്ന രാജ്യം ഒരു മതേതര സംവിധാനമാണ്. അതിന്റെ നിലനില്‍പ്പുതന്നെ അതാണ്. ഒരു ആധുനിക പുരോഗമന മതേതര രാഷ്ട്രത്തിനായുള്ള സമരമാണ് ഇന്ത്യയെ സൃഷ്ടിച്ചത്, അത് ഒരു പിടഞ്ഞുവീണ സങ്കല്പമായിപ്പോകുന്നുണ്ടെങ്കിലും അതിനുവേണ്ടിയുള്ള പോരാട്ടമാണ് ഈ രാജ്യത്തെ ജനത നടത്തേണ്ടത്.
ആ സങ്കല്പത്തെയും ആശയത്തെയും തന്നെ തകര്‍ക്കുന്ന അസാധാരണമായ വെല്ലുവിളിയാണ് ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തുന്നത്. അസാധാരണമായ കാലം അസാധാരണമായ പ്രതികരണവും പ്രതിഷേധവും ആവശ്യപ്പെടുന്നുണ്ട്. മതമാണ് കേന്ദ്രസര്‍ക്കാരിന് ഇന്ത്യന്‍ പൗരന്റെ അസ്തിത്വത്തെ നിര്ണയിക്കുന്നതെങ്കില്‍ അങ്ങനെയൊരു കേന്ദ്ര സര്‍ക്കാരിനോട് അതിരിനു പുറത്തു നില്‍ക്കാന്‍ പറയുന്ന പ്രവിശ്യയുടെ രാഷ്ട്രീയ ചെറുത്തുനില്‍പ്പ് ഉയരേണ്ടതുണ്ട്.