താന്‍ ഇസ്‌റായേലിന്റെഅടുത്ത സുഹൃത്ത് -ട്രംപ്
താന്‍ ഇസ്രായേലിന്റെ അടുത്ത സുഹൃത്താണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫ്‌ലോറിഡയില്‍ ഇസ്രായേല്‍ അമേരിക്കന്‍ കൗണ്‍സിലിലെ കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ജൂതപൗരന്‍മാരോടാണ് ട്രംപിന്റെ പ്രസ്താവന. തന്റെ ഭരണകാലത്താണ് ഇസ്രായേലുമായുള്ള യു എസിന്റെ ബന്ധം മെച്ചപ്പെട്ടതെന്നും ട്രംപ് പറഞ്ഞു. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജൂതവിഭാഗത്തിന്റെ വോട്ടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ തന്ത്രപരമായ നീക്കം. ബറാക് ഒബാമയുടെ ഭരണകാലത്ത് ജൂത അമേരിക്കന്‍ പൗരന്മാര്‍ ഡെമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്ത നടപടി തെറ്റായിരുന്നു. ഡെമോക്രാറ്റ് പാര്‍ട്ടി ഇസ്രായേലിനെ ഇഷ്ടപ്പെടുന്നില്ല ട്രംപ് ചൂണ്ടിക്കാട്ടി. എണ്ണം കുറവാണെങ്കിലും ഫ്‌ലോറിഡയില്‍ ജൂതരുടെ വോട്ടുകള്‍ നിര്‍ണായകമാണ്.ജറൂസലം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതും തെല്‍അവീവില്‍നിന്ന് യു എസിന്റെ എംബസി മാറ്റിയതും ജൂലാന്‍ കുന്നുകളില്‍ ഇസ്രായേലിന് പരമാധികാരമുണ്ടെന്ന് അംഗീകരിച്ചതും ട്രംപ് പ്രസിഡന്റായ ശേഷമാണ്. ഇതെല്ലാം അമേരിക്കയിലെ വലതുപക്ഷ റിപ്പബ്ലിക്കന്മാര്‍ക്കിടയില്‍ ട്രംപിന്റെ സ്വീകാര്യത വര്‍ധിപ്പിക്കാനും കാരണമായി.