സുഊദിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുമായി നടത്തുന്ന ചര്‍ച്ചകള്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി. സൗദി അറേബ്യയുമായി ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്ന് ഇക്കാര്യത്തിലുള്ള സ്തംഭനാവസ്ഥയില്‍ നിന്ന് ഇരു വിഭാഗങ്ങളും നീങ്ങിയതായും അദ്ദേഹം പറഞ്ഞു. അല്‍ജസീറ വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉപരോധം തീരാനായി മുന്നോട്ടുവെച്ച നടപ്പാക്കാനാകാത്ത 13 ആവശ്യങ്ങളില്‍ ചുറ്റിത്തിരിയുകയല്ല ചര്‍ച്ച. കൂടിയാലോചനകളെല്ലാം അവയില്‍നിന്ന് ഏറെ ദൂരം സഞ്ചരിച്ചതായും ഉപപ്രധാനമന്ത്രിയെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.സൗദി അറേബ്യയിലെ സഹോദരങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ പ്രതീക്ഷകള്‍ നിറഞ്ഞതാണെന്നും ഗുണപരമായ ഫലങ്ങളാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നും റോമില്‍ നടന്ന മെഡിറ്ററേനിയന്‍ ഡയലോഗ്‌സ് ഫോറത്തില്‍ സംസാരിക്കവെ ഉപപ്രധാനമന്ത്രി പറഞ്ഞിരുന്നു. ദുര്‍ഘടമായ ഗള്‍ഫ് പ്രതിസന്ധിയില്‍ നിന്നും തങ്ങള്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. സൗദിയുമായുള്ള ബന്ധങ്ങളും ഭാവികാര്യങ്ങളുമാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത് എന്നായിരുന്നു ദോഹയില്‍ ഗള്‍ഫ് പ്രതിസന്ധി വിഷയം അയയുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവന. രാഷ്ട്രീയ ഇസ്‌ലാമിനെയോ മുസ്‌ലിം ബ്രദര്‍ഹുഡിനേയോ തങ്ങള്‍ അനുകൂലിക്കുന്നില്ല. തങ്ങളുടെ പിന്തുണ ജനങ്ങള്‍ക്ക് മാത്രമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കല്ലെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കെതിരെ സായുധ നീക്കമുണ്ടായതിന് ശേഷം പോലും തങ്ങള്‍ ഈജിപ്തിന് നല്‍കിയ പിന്തുണ നിര്‍ത്തലാക്കിയിട്ടില്ല. ഖത്തറില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന് ഔദ്യോഗിക സാന്നിധ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല അയല്‍പക്ക ബന്ധമാണ് ഇറാനുമായി ഖത്തറിനുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. ഉപരോധ കാലത്ത് ഖത്തറിനു വേണ്ടി വ്യോമപാത തുറന്നു നല്‍കിയത് തങ്ങള്‍ക്ക് മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ ജനങ്ങള്‍ ആസ്വദിക്കുന്ന തലത്തിലുള്ള സ്വാതന്ത്ര്യത്തിന് അനുയോജ്യമായ ഉദാഹരണങ്ങള്‍ മറ്റെവിടെയും ഇല്ല. അതേസമയം, ഖത്തറിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ആരുമായും ചര്‍ച്ചക്കില്ലെന്നും തങ്ങള്‍ക്ക് സ്വന്തവും സ്വതന്ത്രവുമായ നയമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഖത്തറില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പിലേക്ക് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ ദേശീയ ടീമുകളെ അയച്ചതു മുതല്‍ തുടങ്ങിയ നല്ല സൂചനകള്‍ ഗള്‍ഫ് പ്രതിസന്ധി പരിഹാരത്തിലേക്ക് നീങ്ങുകയാണെന്നാന്നള്ള വിലയിരുത്തലുണ്ട്. ഖത്തര്‍ ഉപരോധത്തിന്റെ തുടക്കം മുതല്‍തന്നെ മധ്യസ്ഥ ശ്രമങ്ങള്‍ തുടര്‍ന്നുവരുന്ന കുവൈത്ത് അധികൃതരില്‍നിന്ന് ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ ഥാനി കഴിഞ്ഞ മാസം റിയാദ് സന്ദര്‍ശിച്ച് ഉന്നത സൗദി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വാള്‍സ്ട്രീറ്റ് ജേണലിന്റെയും റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സിയുടെയും റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി അല്‍ജസീറ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ വിദേശകാര്യമന്ത്രി തന്നെ സ്ഥിരീകരിച്ചിരിക്കുന്നത്.