പ്രവാചകന്റെ ഇജ്തിഹാദ് ദിവ്യവെളിപാടിന്റെ ഭാഗമാണോ?
ലുഖ്മാന്‍ അബ്ദുസ്സലാംമുസ്‌ലിം പണ്ഡിതന്മാര്‍ മുഹമ്മദ് നബി(സ)യുടെ വാക്കുകളും പ്രവര്‍ത്തികളും സാഹചര്യങ്ങളുമെല്ലാം പരിശോധിച്ച് അവയെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു. ഒന്ന്, തുടക്കമെന്ന നിലയില്‍ വന്നെത്തിയ ദിവ്യവെളിപാട് (വഹ്‌യ്). രണ്ട്, തുടക്കമെന്ന നിലയിലല്ലാതെ വന്നെത്തിയ ദിവ്യവെളിപാട്.ഒന്ന്: തുടക്കമെന്ന നിലയില്‍ വന്നെത്തിയ ദിവ്യവെളിപാട്: ഇവയില്‍ ഒരുപാട് രീതികളുണ്ട്. അത് സൂറത്ത് ശൂറയില്‍ വ്യക്തമാക്കുന്നു. ”(നേരിട്ടുള്ള) ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ ഒരു ദൂതനെ അയച്ച് അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത് ദൂതന്‍ നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട് സംസാരിക്കുക എന്നത് യാതൊരു മനുഷ്യനും ഉണ്ടാവുകയില്ല. തീര്‍ച്ചയായും അവന്‍ ഉന്നതനും യുക്തിമാനുമാകുന്നു” (അശ്ശൂറ 51). ദിവ്യവെളിപാട് വന്നെത്തുന്ന വ്യത്യസ്ത രീതികളാണിവ.സത്യസന്ധമായ സ്വപ്‌നം: പ്രവാചകന്മാര്‍ കാണുന്ന സ്വപ്‌നങ്ങളെല്ലാം വഹ്‌യാണ്. പ്രസിദ്ധ താബിഈ പണ്ഡിതന്‍ ഉബൈദ് ബിന്‍ ഉമൈറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ആയിശ(റ) പറയുന്നു: പ്രവാചകന് ആദ്യമായി വന്നെത്തിയ ദിവ്യവെളിപാട് ഉറക്കത്തിലെ സത്യസന്ധമായ സ്വപ്‌നമാണ്. പ്രഭാതം പൊട്ടിവിടരുന്നതുപോലെ സ്പഷ്ടമാണ് പ്രവാചക സ്വപ്‌നം.മനസ്സിലേക്ക് വന്നെത്തുന്നത്: പ്രവാചക ഹൃദയത്തിലേക്ക് ജിബ്‌രീല്‍ മാലാഖ ഇട്ടുകൊടുക്കുന്നതാണിത്. പ്രവാചകന്‍ പറയുന്നു: ജിബ്‌രീല്‍ വന്ന് എന്റെ ഹൃദയത്തില്‍ ഊതുകയും തുടര്‍ന്ന് പറയുകയും ചെയ്തു കാലാവധി പൂര്‍ത്തിയാക്കാതെ ഒരു ആത്മാവും മരണമടയുകയില്ല.മറക്കുപിന്നില്‍ നിന്ന് സംസാരിക്കുക: മിഅ്‌റാജ് രാവില്‍ അല്ലാഹു പ്രവാചകനോട് സംസാരിച്ചത് ഉദാഹരണം.ദൂതനെ അയക്കുക: മനുഷ്യരൂപത്തില്‍ മലക്കിനെ നിയോഗിച്ച് ദിവ്യവെളിപാട് എത്തിക്കുക. ഇസ്‌ലാം, ഈമാന്‍, ഇഹ്‌സാന്‍ തുടങ്ങിയവയെ കുറിച്ച് ചോദിച്ചുകൊണ്ട് പ്രവാചകന്റെ അടുക്കലേക്ക് ജിബ്‌രീല്‍ വന്നത് ഉദാഹരണം. ചിലപ്പോള്‍ മലക്കുകളുടെ രൂപത്തില്‍ മാലാഖമാര്‍ അവതരിക്കുന്നതായിരിക്കും. പ്രവാചകന്‍ രണ്ടു പ്രാവശ്യം ജിബ്‌രീല്‍ മാലാഖയെ സ്വരൂപത്തില്‍ കണ്ടിട്ടുണ്ട്.രണ്ട്: തുടക്കമെന്ന നിലയിലല്ലാതെ വന്നെത്തിയ ദിവ്യവെളിപാട്: പ്രവാചക സുന്നത്തുകള്‍ പരിശോധിക്കുമ്പോള്‍ തുടക്കമെന്ന നിലയിലല്ലാതെ വന്നെത്തിയവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഫത്‌വ കൊടുക്കല്‍, വിധി പ്രസ്താവിക്കല്‍, നേതൃത്വം നല്‍കല്‍, ധാര്‍മിക നിര്‍ദേശങ്ങള്‍ കൊടുക്കല്‍, പ്രവാചകന്റെ പ്രകൃതം തുടങ്ങിയവയാണ് ഇതില്‍ വരുന്നത്. പ്രത്യേകിച്ച്, ഇവയില്‍ വരുന്ന പ്രവാചകന്റെ അഭിപ്രായങ്ങളും ഇജ്തിഹാദുകളും.
പ്രവാചക സുന്നത്തുകളെല്ലാം വഹ്‌യിന്റെ അടിസ്ഥാനത്തിലാണോ? ഇത് എല്ലാ കാലത്തേക്കും വേണ്ടി പവിത്രമാക്കപ്പെട്ട ഒന്നാണോ?പ്രവാചകന്റെ ഇജ്തിഹാദുമായി ബന്ധപ്പെട്ട് ആധുനികരും പൗരാണികരുമായി പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത വീക്ഷണങ്ങളാണുള്ളത്. യഥാര്‍ഥത്തില്‍, അത് നിരുപാധികം സ്വീകരിക്കാവുന്നതാണെന്നതാണ് ശരിയായിട്ടുളളത്. ദീനിന്റെയും ദുനിയാവിന്റെയും കാര്യമായാല്‍ പോലും അപ്രകാരം തന്നെ പിന്തുടരാവുന്നതാണെന്നാണ് പ്രബലമായിട്ടുള്ളത്. ഇതുതന്നെയാണ് പൂര്‍വികരും ആധുനികരുമായ പണ്ഡിതന്മാരും മുന്നോട്ടുവെക്കുന്നത്. കാരണം പൂര്‍വികരായ പ്രവാചകന്മാരുടെ ഇജ്തിഹാദീ ഉത്തരവാദിത്തം വിശുദ്ധ ഖുര്‍ആന്‍ എടുത്തുപറഞ്ഞതാണ്. മുഹമ്മദ് നബി(സ) ഹജ്ജിന്റെ വേളിയില്‍ പറഞ്ഞു: ഇപ്പോഴുളള ഈ അഭിപ്രായം ആദ്യം തന്നെ വന്നെത്തുകയാണെങ്കില്‍ ഞാന്‍ ആദ്യമേ അത് കല്‍പ്പിക്കുമായിരുന്നു. പ്രവാചന്‍ ഇജ്തിഹാദ് നടത്തിയിരുന്നുവെന്നത് ഇതില്‍ വ്യക്തമണ്. എന്നാല്‍, പ്രവാചകന്റെ ഇജ്തിഹാദ് തെറ്റുകളില്‍ നിന്ന് സംരക്ഷിക്കപ്പെട്ടതാണോ എന്ന ചോദ്യമാണ് ഇതിനെ തുടര്‍ന്ന് ഉയരുന്നത്.പ്രവാചക ഇജ്തിഹാദില്‍ അബദ്ധങ്ങളുണ്ടോ?ഖത്വാബി പറയുന്നു: ”അല്ലാഹുവിങ്കല്‍നിന്ന് വഹ്‌യ് ലഭ്യമായിട്ടില്ലാത്ത സന്ദര്‍ഭങ്ങളില്‍ പ്രവാചകന്‍ ഇജ്തിഹാദ് ചെയ്യുമ്പോള്‍ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ അധിക പണ്ഡിതന്മാരും യോജിക്കുന്നുണ്ട്. അതുപോലെ സംഭവിച്ചിരിക്കുന്ന അബദ്ധങ്ങള്‍ കൂടുതല്‍ മുന്നോട്ടു പോകാതെ പെട്ടെന്നു തന്നെ നബി തിരുത്തിയിട്ടുമുണ്ട്. പ്രവാചകന്‍ അബദ്ധങ്ങള്‍ സംഭവിക്കുന്നതില്‍ നിന്ന് സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കിയ ചില പണ്ഡിതന്മാര്‍ ഉണ്ടെന്നുള്ളത് ഖത്വാബിയുടെ വാചകത്തില്‍ നിന്ന് വ്യക്തമാണ്. ഇമാം സര്‍ക്കശി ഇക്കാര്യം അദ്ദേഹത്തിന്റെ അല്‍അഹ്കാമില്‍ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ”ചിലപ്പോള്‍ പ്രവാചകന്‍ ഇജ്തിഹാദ് നടത്താറുണ്ട്. അങ്ങനെ പ്രവാചകന്‍ ഇജ്തിഹാദ് നടത്തുകയാണെങ്കില്‍ അത് അബദ്ധങ്ങളില്‍ നിന്ന് മുക്തവുമാണ്.” പ്രവാചകന്‍ ഇജ്തിഹാദ് ചെയ്യുമ്പോള്‍ അല്ലാഹുവില്‍ നിന്നുള്ള ദിവ്യവെളിപാട് അതിനെ സ്ഥിരപ്പെടുത്തുകയോ അല്ലെങ്കില്‍, ശരിപ്പെടുത്തുകയോ ആണ് ചെയ്യുന്നത്. തെറ്റ് സംഭവിച്ച് അങ്ങനെ തന്നെ തുടര്‍ന്നുപോകുന്നില്ല എന്നതാണ് നാം മനസ്സിലാക്കേണ്ടത്. അതുകൊണ്ട്, പ്രവാചകന്‍ എല്ലാ സന്ദര്‍ഭങ്ങളിലും അബദ്ധങ്ങളില്‍ നിന്ന് സുരക്ഷിതാനാണെന്ന് നമുക്ക് പറയാന്‍ കഴിയും.ഇമാം ശാത്വിബി പറയുന്നു: ഹദീസ് ഒന്നുകില്‍ അല്ലാഹുവില്‍ നിന്ന് വന്നെത്തുന്ന വഹ്‌യിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കില്‍, പ്രവാചകന്‍ നടത്തുന്ന ഇജ്താഹാദ് മുഖേനയോ ആണ്. അത് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ സ്വീകാര്യവുമാണ്. അവ തമ്മില്‍ പരസ്പരം വൈരുധ്യമുണ്ടാവുകയില്ല. അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുകയില്ല. അത് അദ്ദേഹത്തിന് ദവ്യ സന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.” (അന്നജ്മ് 3,4).ഇജ്തിഹാതിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ഇജ്തിഹാദ് നടത്തുമ്പോള്‍ ശരിയാകാനും തെറ്റാനുമുളള സാധ്യതകള്‍ പരിഗണിക്കുമ്പോള്‍ പ്രവാചക ഇജ്തിഹാദിലും ഈ സാധ്യതകളുള്ളതായി ആരോപിക്കപ്പെടുന്നു. എന്നിരുന്നാലും, അബദ്ധം സംഭവിക്കുകയാണെങ്കില്‍ അതില്‍ പ്രവാചകന്‍ ഉറച്ചുനില്‍ക്കുകയില്ല എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ യോജിപ്പുണ്ട്. പ്രവാചക സുന്നത്തില്‍ വിശ്വാസപരമായതെന്നും, ഭൗതികപരമായതെന്നുമുള്ള രണ്ട് തലങ്ങളുണ്ടെന്ന് ആധുനിക ചിന്താപ്രസ്ഥാനത്തിന്റെ വക്താക്കള്‍ വിലയിരുത്തുന്നു. അതില്‍ ഭൗതിക ജീവിതവുമായി ബന്ധപ്പെട്ടത് വഹ്‌യിന്റെ അടിസ്ഥാനത്തിലല്ലെന്നാണ് അവര്‍ ആരോപിക്കുന്നത്. ചിലപ്പോള്‍, അതിനെ വിശ്വാസികള്‍ക്ക് നിയമമാക്കപ്പെട്ടിട്ടില്ലാത്ത സുന്നത്ത് എന്നാണ് അവര്‍ വിളിക്കാറുള്ളത്. അതിനുള്ള അവരുടെ തെളിവ് പ്രവാചകന്റെ ഹദീസാണ്. ”നിങ്ങളുടെ ദുനിയാവിന്റെ കാര്യം നിങ്ങള്‍ക്കാണ് കൂടുതല്‍ അറിയുക” എന്ന ഹദീസിനെ വിശദീകരിച്ച് കൊണ്ട് അവര്‍ പറയുന്നത്, ദീനുമായി ബന്ധപ്പെട്ടത് അല്ലാഹുവിന്റെ പ്രവാചകനില്‍ നിന്ന് സ്വീകരിക്കുകയും, ദുനിയാവുമായി ബന്ധപ്പെട്ടത് നാം സ്വയം തീരുമാനിക്കേണ്ടതാണെന്നുമാണ്. ഈന്തപ്പനയുടെ പരാഗണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പറഞ്ഞ ഈ ഹദീസിനെയാണ് അവര്‍ പൊതുവായുള്ള നിയമമായി അവതരിപ്പിക്കുന്നത്. എന്നാല്‍ ഇത് അടിസ്ഥാനരഹിതമായ വാദമാണ്.ഈ വാദമുന്നയിക്കുന്നവര്‍ ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളില്‍ വലിയ അളവിലുള്ള പരിജ്ഞാനമില്ലാത്തവരാണ്. പ്രമാണങ്ങളെ മുന്നില്‍ വെച്ച് ശരിയായ വിധത്തില്‍ വിധി കണ്ടെത്താന്‍ കഴിയാത്തവരാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ദീനിനെയും ദുനിയാവിനെയും നാം വേര്‍തിരിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, രാഷ്ട്രീയം, പെരുമാറ്റം, ഇടപാടുകള്‍ തുടങ്ങിയ പ്രവാചക അധ്യാപനത്തിലെ പാഠഭാഗങ്ങളെ നമുക്ക് തിരസ്‌കരിക്കേണ്ടി വരും. ആകയാല്‍, ഒരൊറ്റ ഹദീസ് കൊണ്ട് പ്രവാചക അധ്യാപനങ്ങളെ ശിരസ്സാവഹിക്കുന്നതില്‍ നിന്ന് എങ്ങനെയാണ് പിന്തിരിയാന്‍ കഴിയുന്നത്! അല്ലാഹു പറയുന്നു: ”നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് റസൂല്‍ നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക”. ഇത് പ്രത്യേക സന്ദര്‍ഭത്തെയോ സാഹചര്യത്തെയോ മുന്‍നിര്‍ത്തികൊണ്ടല്ലാതെ പൊതുവായി വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നതാണ്. ഇപ്രകാരത്തിലുള്ള ഒരുപാട് വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാവുന്നതുമാണ്.ആധുനിക സംസ്‌കാരത്തെ ദീനിനനുസരിച്ച് പരിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് ദീനിന്റെ ആധുനിക പരിഷ്‌കര്‍ത്താക്കളെന്ന് വിളിക്കപ്പെടുന്നവര്‍. പൂര്‍വികരായ പണ്ഡിതന്മാര്‍ ഈ ഹദീസിനെ ഇപ്രകാരം മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. ഹദീസുകളെ പരസ്പരം ചേര്‍ത്തുവെച്ച് മനസ്സിലാക്കുന്ന രീതിയാണ് പണ്ഡിതര്‍ സ്വീകരിച്ചിട്ടുള്ളത്. ഇമാം അഹ്മദ് പറയുന്നു: ”ഹദീസിന്റെ വ്യത്യസ്ത വഴികള്‍ അന്വേഷിക്കുന്നില്ലായെങ്കില്‍ നിങ്ങള്‍ക്ക് ഹദീസ് മനസ്സിലാവുകയില്ല. പരസ്പരം വിശദീകരിക്കുന്നതാണ് ഹദീസ്.” പരാഗണവുമായി ബന്ധപ്പെട്ട ഹദീസിന്റെ ശേഷിക്കുന്ന ഭാഗവും കൂട്ടിചേര്‍ത്ത് വായിക്കേണ്ടതുണ്ട്. പ്രവാചകന്‍ പറയുന്നു: ”ഞാന്‍ അത് അങ്ങനെ ധരിച്ചുപോയതാണ്. എന്റെ ഊഹം കാരണമായി നിങ്ങള്‍ എന്നെ പിടികൂടരുത്.” പ്രവാചകന്‍ കൃഷിയില്‍ കൂടുതല്‍ അറിവുള്ള വ്യക്തി കൂടിയായിരുന്നു എന്ന അനുചരന്മാരുടെ ധാരണയെ പ്രവാചകന്‍ തിരുത്തുകയായിരുന്നു. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ പറയുന്നു: ”പ്രവാചകന്‍ പരാഗണം ചെയ്യുന്നതില്‍ നിന്ന് അനുചരന്മാരെ വിലക്കിയിട്ടില്ല. എന്നാല്‍ അവര്‍ വിചാരിച്ചത് പ്രവാചകന്‍ അവരെ അതില്‍ നിന്ന് വിലക്കി എന്നാണ്. ഇപ്രകാരം തന്നെ വെള്ള നൂലിന്റെയും കറുത്ത നൂലിന്റെയും കാര്യത്തില്‍ (നോമ്പിന്റെ ദിനങ്ങളിലെ അത്താഴ സമയം അവസാനിക്കുന്നതിനെ കുറിച്ച് പ്രവാചകന്‍ നല്‍കിയ ഉപമയാണ് കറുത്ത ഇഴയില്‍ നിന്ന് വെളുത്ത ഇഴ വെളിപ്പെടുന്നതു വരെ പ്രഭാതമാകുന്നതുവരെ) അവര്‍ക്ക് തെറ്റിധാരണയുണ്ടാവുകയും പ്രവാചകന്‍ അത് വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. ”പ്രവാചക സുന്നത്തില്‍ ചിലത് വഹ്‌യിന്റെ അടിസ്ഥാനത്തലല്ല എന്നത് ശരി തന്നെയാണ്. അത് മനുഷ്യന്റെ പ്രകൃതത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അഥവാ ഭക്ഷണം കഴിക്കല്‍, വെള്ളം കുടിക്കല്‍, നടത്തം, ഉറക്കം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളാണ്. അതെല്ലെങ്കില്‍, മനുഷ്യന്റെ പൊതുവായ സാഹചര്യവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന വസ്ത്രം, കൂടിക്കാഴ്ച, താമസം തുടങ്ങിയവയുമാണ്. അതോടൊപ്പം, ഇവയിലെ ചില കാര്യങ്ങളില്‍ അല്ലാഹുവിന്റെ കല്‍പന വന്നെത്തുകയും ചെയ്തിട്ടുണ്ട്. ഇടത് കൈകൊണ്ട് ഭക്ഷിക്കുന്നത്, മുടിയുടെ ഒരു ഭാഗം മുറിക്കുന്നത്, ഒറ്റ ചെരുപ്പ് ധരിച്ച് നടക്കുന്നത് തുടങ്ങിയവ പ്രവാചകന്‍ അനുവദനീയമല്ലെന്ന് വ്യക്തമാക്കിയതാണ്. ബാക്കിവരുന്നതെല്ലാം മനുഷ്യ പ്രകൃതവുമായോ ശീലങ്ങളുമായോ ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്.പ്രവാചക സുന്നത്തുകള്‍ വ്യത്യസ്ത ശൈലിയിലാണുള്ളതെന്ന് ഇതില്‍ നിന്ന് മനസ്സിലാകുന്നതാണ്. ചിലപ്പോള്‍ പ്രവാചകന് വഹ്‌യ് തുടക്കമെന്ന നിലയില്‍ വന്നെത്തുകയോ മറ്റു ചിലപ്പോള്‍ വഹ്‌യ് തുടക്കമെന്ന നിലയിലല്ലാതെ വന്നെത്തുകയോ ചെയ്യുന്ന വ്യത്യസ്ത രീതികള്‍ പ്രവാചക സുന്നത്തുകളില്‍ കാണാവുന്നതാണ്. പ്രവാചക സുന്നത്തുകളെല്ലാം അല്ലാഹുവില്‍ നിന്ന് വിശ്വാസികള്‍ക്ക് വന്നെത്തുന്ന നിയമങ്ങളാണ്. അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതാണ്. എന്നാല്‍ അവയെല്ലാം അനിവാര്യമായി നിര്‍വഹിക്കേണ്ടതുമല്ല. വിവ. അര്‍ശദ് കാരക്കാട്