18 Friday
October 2024
2024 October 18
1446 Rabie Al-Âkher 14

കുട്ടികളും മാതാപിതാക്കളും- സൗദ ഹസ്സന്‍

പിറന്നുവീണതിന് ശേഷം നാലഞ്ച് മാസങ്ങള്‍ക്കകം തന്നെ കുഞ്ഞുങ്ങള്‍ തൊട്ട് മുന്നില്‍ കാണുന്നത് എന്തും കൈകള്‍ നീട്ടി എത്തിപ്പിടിക്കാന്‍ ശ്രമിക്കുകയും തരം കിട്ടിയാല്‍ കയ്യില്‍ ഒതുങ്ങുന്ന വസ്തുക്കള്‍ എല്ലാം വായിലേക്ക് കൊണ്ടുപോവുകയും ചെയ്യും. അത് അവരുടെ ഒരു ശീലമാണ്. ഫീഡിങ്ങ് ബോട്ടില്‍ കൈകളില്‍ പിടിച്ചു പാല്‍ കുടിക്കാന്‍ തുടങ്ങുന്നതെല്ലാം ഇവിടുന്ന് അങ്ങോട്ടുള്ള പ്രായം മുതലാണ്.ഓരോ തവണ കുഞ്ഞ് മെച്ചപ്പെട്ടു വരുമ്പോഴും അത് എടുത്ത് പറഞ്ഞ് പ്രോത്സാഹനം നല്‍കണം, അത് കുഞ്ഞിന്റെ മാനസിക ആരോഗ്യത്തെ പുഷ്ടിപ്പെടുത്തും. കുഞ്ഞിന് തന്നില്‍ അഭിമാനം ജനിപ്പിക്കുകയും വീണ്ടും വീണ്ടും നല്ല കാര്യങ്ങള്‍ ചെയ്യാനുളള പ്രേരണയും എനര്‍ജിയും പകര്‍ന്നുനല്‍കുകയും ചെയ്യും. കുഞ്ഞുങ്ങളെ അവരാല്‍ കഴിയുന്ന കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ പഠിപ്പിച്ചെടുക്കാതെ രണ്ട് വയസ്സ് കഴിഞ്ഞും എടുത്തുകൊണ്ട് നടക്കുന്നതും, 3 വയസ്സ് കഴിഞ്ഞും ഭക്ഷണം വായില്‍ വെച്ചുകൊടുത്തും ശീലമാക്കുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ട്. അതല്ല വേണ്ടത്, അവരെ കൂടെ ഇരുത്തിയും നടത്തിയും ചൊല്ലിയും പറഞ്ഞും പഠിപ്പിച്ചും ശീലിപ്പിച്ചും എടുക്കാനുള്ള ഒരു മനസ്സാണ് വേണ്ടത്.അമിത ലാളന ദോഷം ചെയ്യുമെന്നതില്‍ ഒരു സംശയവുമില്ല. അമിത വളം നല്‍കി വിളയെ നശിപ്പിക്കുന്നത് പോലെയാണ് അത്. എപ്പോഴും ഓര്‍ക്കുക അവരെ സ്വയം പ്രാപ്തരാക്കുക എന്നതാണ് മാതാപിതാക്കളുടെ ധര്‍മ്മം. ഏത് സഹചര്യത്തിനനുസരിച്ചും പരുവപ്പെടാന്‍ മനുഷ്യന് കഴിയുമെങ്കിലും താന്‍ അകപ്പെട്ടുപോയ നിസ്സഹായതയ്‌ക്കോ, തന്നിലെ നിസ്സംഗതയ്‌ക്കോ മുന്നില്‍ പൂര്‍ണ്ണമായും കീഴ്‌പ്പെടലോ, മനസ്സില്ലാ മനസ്സോടെ സമരസപ്പെടലോ അല്ല ജീവിതം, നിശ്ചയദാര്‍ഢ്യംകൊണ്ടും ഇച്ഛാശക്തികൊണ്ടും സ്വയം വഴികള്‍ വെട്ടി തെളിച്ച്, കണക്കുകള്‍ വെട്ടി തിരുത്തി, പിഴവുകള്‍ തിരുത്തി കുറിച്ച്, ഉയരങ്ങളിലേക്ക് പടവുകള്‍ പണിതെടുത്ത് ലക്ഷ്യങ്ങള്‍ തേടിയുള്ള യാത്രയാണ് ജീവിതം എന്ന് അവരെ പഠിപ്പിച്ചെടുക്കേണ്ടതുണ്ട്.ഇതൊക്കെ നാളത്തെ ജീവിതത്തില്‍ കുഞ്ഞിന് വളരെയധികം ഉപയോഗപ്പെടുമെന്ന് നിസ്സംശയം പറയാം. ചിട്ടകളും നല്ല ശീലങ്ങളും ജീവിതത്തില്‍ പകര്‍ത്തിയവര്‍ക്ക് അത് പിന്നീട് ഒരു ഭാരമായി തോന്നാറില്ല എന്നതാണ് സത്യം. പിന്നീട് അത് പിന്തുടരാന്‍ കഴിയാതിരിക്കുമ്പോഴോ ചെയ്യാതിരിക്കുമ്പോഴോ ആണ് അവരില്‍ അസ്വസ്ഥത ജനിപ്പിക്കുന്നത്. ഇകഴ്ത്തി സംസാരിക്കുകയോ, അവരുടെ മുന്നില്‍ വെച്ച് തന്നെ അവരുടെ കഴിവുകളില്‍ സംശയം പ്രകടിപ്പിക്കുകയോ ഒരിക്കലും അരുത്. പൊസിറ്റീവ് മനോഭാവത്തോടെ കുഞ്ഞുങ്ങളെ വളര്‍ത്തിയാല്‍ അവര്‍ നമുക്ക് മുന്നില്‍ വിസ്മയം സൃഷ്ടിക്കും. 

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x