ജനാധിപത്യ സമരത്തിനിടെ ഹോങ്കോങ്ങില്‍ പ്രാദേശിക തെരഞ്ഞെടുപ്പ്
ജില്ല കൗണ്‍സില്‍ തെരഞ്ഞെടുപ്പിനായി ഹോങ്കോങ് ജനത പോളിങ് ബൂത്തിലെത്തി. ആറു മാസമായി തുടരുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഹിതപരിശോധനയാകുമോ തെരഞ്ഞെടുപ്പ് ഫലം എന്ന ആകാംക്ഷയിലാണ് ലോകം.
452 പ്രാദേശിക കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ്. സാധാരണ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാത്ത തെരഞ്ഞെടുപ്പ് ഇക്കുറി പ്രക്ഷോഭം ഉള്ളതുകൊണ്ടുമാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. ഒരു തരത്തില്‍ പറഞ്ഞാല്‍ തെരഞ്ഞെടുക്കപ്പെടുന്ന കൗണ്‍സിലര്‍മാര്‍ ചൈനയുടെ പരോക്ഷ നിയന്ത്രണത്തിലാണ്. ഈ അവസ്ഥ മാറി ഹോങ്കോങ്ങിന് കൂടുതല്‍ പരമാധികാരം വേണമെന്ന് കന്നി വോട്ട് ചെയ്ത 19 വയസ്സുള്ള വിദ്യാര്‍ഥി മിഷേല്‍ എന്‍ജി പറഞ്ഞു.
2015 ലാണ് ഇതിനു മുമ്പ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടന്നത്. 41.3 ലക്ഷം പൗരന്‍മാര്‍ക്ക് വോട്ടുണ്ട്. 73 ലക്ഷമാണ് ഹോങ്കോങ്ങിലെ ആകെ ജനസംഖ്യ.
വോട്ടെടുപ്പില്‍ ജനാധിപത്യ സമരത്തെ പിന്തുണക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്നാണ് സര്‍വേഫലങ്ങള്‍. വോട്ടെടുപ്പിനിടെ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.