23 Monday
December 2024
2024 December 23
1446 Joumada II 21

ബ്രെക്‌സിറ്റ് ഉടന്‍; പ്രകടന പത്രികയുമായി ബോറിസ് ജോണ്‍സണ്‍

ഇടക്കാല തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ വിടുന്നതിനുള്ള ബ്രെക്‌സിറ്റ് എത്രയും വേഗം നടപ്പാക്കുമെന്ന പ്രകടനപത്രികയുമായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പാര്‍ല
െമന്റിന്റെ അനുമതിയില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ കഴിയില്ലെന്നിരിക്കെ, ഡിസംബര്‍ 12നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടാനാണ് ബോറിസിന്റെ ശ്രമം.
ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്താന്‍ സാധിച്ചാല്‍ ഡിസംബര്‍ 25നുള്ളില്‍ ബ്രെക്‌സിറ്റ് കരാര്‍ പാസാക്കാനാണ് തീരുമാനം. അതേസമയം, ബ്രെക്‌സിറ്റ് സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്താനാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ബ്രെക്‌സിറ്റ് നയങ്ങളില്‍ തൃപ്തനല്ലാത്ത ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനു താല്‍പര്യം. ആ ഹിതപരിശോധനയില്‍ മനസാക്ഷി വോട്ട് ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി 42 ഉം ലേബര്‍ പാര്‍ട്ടിക്ക് 29 ഉം ബ്രെക്‌സിറ്റ് ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 15 ഉം ബ്രെക്‌സിറ്റ് പാര്‍ട്ടിക്ക് ആറും ഗ്രീന്‍ പാര്‍ട്ടിക്ക് മൂന്നും ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. ബ്രിട്ടീഷ് നഗരങ്ങളുടെ സുരക്ഷക്കായി 20,000 പൊലീസിനെ അധികമായി വിന്യസിക്കുമെന്നും വരും വര്‍ഷത്തോടെ ബജറ്റ് കമ്മി നികത്തുമെന്നും ബോറിസ് ജോണ്‍സണ്‍ പത്രികയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
അതേസമയം, ബ്രെക്‌സിറ്റിനുശേഷം യൂറോപ്യന്‍ പൗരന്മാര്‍ക്കുള്ള സ്വതന്ത്രസഞ്ചാരം അവസാനിപ്പിച്ച് ആസ്‌ട്രേലിയന്‍ രീതിയിലുള്ള പോയന്റ് ബേസ് സമ്പ്രദായം കൊണ്ടുവരാനാണ് നീക്കം. നാലര വര്‍ഷത്തിനിടെ ബ്രിട്ടന്‍ അഭിമുഖീകരിക്കുന്ന മൂന്നാമത്തെ ഇടക്കാല തെരഞ്ഞെടുപ്പാണിത്. ബ്രെക്‌സിറ്റിന്റെ പേരിലാണ് എല്ലാ തെരഞ്ഞെടുപ്പുകളും എന്നതും ശ്രദ്ധേയം. ഇക്കുറി ബ്രെക്‌സിറ്റ് ജനുവരി 31 വരെ നീട്ടാന്‍ യൂറോപ്യന്‍ യൂനിയനുമായി ധാരണയിലെത്തിയതിനു പിന്നാലെ ഇടക്കാല തെരഞ്ഞെടുപ്പ് വേണമെന്ന ബോറിസിന്റെ ആവശ്യം പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു.

Back to Top