8 Tuesday
July 2025
2025 July 8
1447 Mouharrem 12

അഞ്ച് ഏക്കര്‍ വേണ്ട: ബാബറി ഭൂമി കേസില്‍ പുന:പരിശോധന ഹരജിക്ക് മുസ്‌ലിം നിയമ ബോര്‍ഡ് തീരുമാനം

ബാബരി മസ്ജിദിന്റെ 2.77 ഏക്കര്‍ ഭൂമി രാമക്ഷേത്രത്തിന് വിധിച്ചതിനു പകരമായ സുപ്രീംകോടതിയുടെ അഞ്ച് ഏക്കര്‍ ഭൂമി വാഗ്ദാനം അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് തള്ളി. ഭൂമിയല്ല, വസ്തുതകള്‍ക്കും യുക്തിക്കും നിരക്കാത്ത ബാബരി ഭൂമി കേസിലെ അഞ്ചംഗ ബെഞ്ച് വിധി പുനഃപരിശോധിക്കുകയാണ് വേണ്ടതെന്നും വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജികള്‍ സമര്‍പ്പിക്കുന്നതിന് നിയമജ്ഞരെയും ലഖ്‌നോവില്‍ ചേര്‍ന്ന ബോര്‍ഡിന്റെ നിര്‍ണായക യോഗം ചുമതലപ്പെടുത്തി.
ബാബരി ഭൂമി കേസിലെ തുടര്‍നടപടി ചര്‍ച്ചചെയ്യാന്‍ അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് നടത്താന്‍ നിശ്ചയിച്ച യോഗം മുടക്കാനുള്ള ഉത്തര്‍പ്രദേശിലെ ബി ജെ പി സര്‍ക്കാറിന്റെ നീക്കം മറികടന്നാണ് യോഗവുമായി മുന്നോട്ടുപോയി ബോര്‍ഡ് ഇത്തരമൊരു തീരുമാനമെടുത്തത്. യോഗം തീരുമാനിച്ച ലഖ്‌നോവിലെ നദ്‌വത്തുല്‍ ഉലമ കാമ്പസില്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മുംതാസ് കോളജിലാണ് യോഗം നടന്നത്. ബാബരി ഭൂമി കേസില്‍ സുന്നി വഖഫ് ബോര്‍ഡ് കക്ഷിയായിരുന്നതിനാല്‍ ബി ജെ പി നിയന്ത്രണത്തിലുള്ള ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖിയെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. പുനഃപരിശോധന ഹരജിക്ക് പോകേണ്ട എന്ന നിലപാട് സഫര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേ നിലപാടെടുത്ത ബോര്‍ഡ് അംഗം ശിയാ നേതാവ് കല്‍ബെ സാദിഖും വന്നില്ല. യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം നേതാക്കളും അഞ്ച് ഏക്കര്‍ വാങ്ങരുതെന്നും പുനഃപരിശോധന ഹരജിക്ക് പോകണമെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യ അധ്യക്ഷന്‍ സആദത്തുല്ല ഹുസൈനി, വ്യക്തിനിയമ ബോര്‍ഡ് അംഗം എസ് ക്യു ആര്‍ ഇല്യാസ്, മുസ്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, അസദുദ്ദീന്‍ ഉവൈസി എം.പി, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ നേതാവ് കെ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഇതേ നിലപാട് സ്വീകരിച്ചു.
എന്നാല്‍, ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി പുനഃപരിശോധന വേണ്ട എന്നു പറഞ്ഞു. വിധി വരുന്നതിനുമുമ്പ് ആര്‍ എസ് എസുമായും കേന്ദ്ര സര്‍ക്കാറുമായും ചര്‍ച്ച നടത്തിയ ജംഇയ്യതുല്‍ ഉലമായേ ഹിന്ദ് നേതാവ് അര്‍ശദ് മദനി തങ്ങള്‍ നിലപാട് എടുത്തിട്ടില്ലെന്നും യോഗത്തില്‍ പറഞ്ഞു.
ഇതേതുടര്‍ന്ന് നിര്‍ണായക തീരുമാനത്തിനായി മുന്‍ സുപ്രീംകോടതി ജഡ്ജിയും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗവുമായ ഷാ മുഹമ്മദ് ഖാദിരിയുടെ അധ്യക്ഷതയില്‍ നാലംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി.
സുപ്രീംകോടതിയില്‍ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകനായിരുന്ന അഡ്വ. സഫരിയാബ് ജീലാനി, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മുന്‍ അഖിലേന്ത്യ അധ്യക്ഷന്‍ മൗലാന ജലാലുദ്ദീന്‍ ഉമരി, വ്യക്തി നിയമ ബോര്‍ഡ് അംഗം അശ്‌റഫ് കച്ചോച്ചി എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍. പള്ളിയുടെ ഭൂമിക്കു പകരമായി അഞ്ച് ഏക്കര്‍ സ്വീകരിക്കാതെ പുനഃപരിശോധന ഹരജിയുമായി മുന്നോട്ടുപോകാന്‍ സമിതി തീരുമാനിക്കുകയും വാര്‍ത്തസമ്മേളനം നടത്തി അറിയിക്കുകയും ചെയ്തു.
എന്നാല്‍, ബോര്‍ഡിന്റെ വാര്‍ത്തസമ്മേളനവും അര്‍ശദ് മദനിയുടെ നിലപാടും വാര്‍ത്തയായതോടെ ജംഇയ്യതുല്‍ ഉലമായേ ഹിന്ദ് തങ്ങള്‍ സ്വന്തംനിലക്ക് പുനഃപരിശോധന ഹരജി സമര്‍പ്പിക്കുമെന്ന് ന്യൂഡല്‍ഹിയില്‍ വാര്‍ത്തക്കുറിപ്പിറക്കി. പുനഃപരിശോധന ഹരജികൊണ്ട് ഫലമില്ലെന്നാണ് കരുതുന്നതെന്നും ഏതായാലും ഹരജി നല്‍കുമെന്നും അര്‍ശദ് മദനി വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.

Back to Top