23 Thursday
October 2025
2025 October 23
1447 Joumada I 1

സംസാരത്തില്‍ ശ്രദ്ധ അനിവാര്യം – നിയാസ് തൃശൂര്‍

വ്യവസായ വിപ്ലവത്തിന് ശേഷം വികാസം പ്രാപിച്ച് വന്ന കലയും ശാസ്ത്രവുമാണ് ആശയ വിനിമയ രീതി അഥവാ നമ്മുടെ സംസാരം. മനുഷ്യന്റെ ചിന്താ മണ്ഡലത്തേയും വികാരത്തേയും ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ നമ്മുടെ സംസാര ശേഷിക്കാണ് സാധിക്കുന്നത്. സംസാരം മനസ്സിന് കുളിര്‍മ്മയും ഹൃദയത്തിന് ആശ്വാസവും ബുദ്ധിക്ക് ആനന്ദവും പ്രദാനം ചെയ്യുന്നു. മനുഷ്യന്റെ ഏറ്റവും വലിയ സവിശേഷതകളില്‍ ഒന്നാണ് സംസാരം. പ്രസിദ്ധ ഗ്രീക്ക് തത്വചിന്തകന്‍ അരിസ്‌റ്റോട്ടില്‍ മനുഷ്യനെ നിര്‍വ്വചിച്ചത് മനുഷ്യന്‍ ഒരു സംസാരിക്കുന്ന മൃഗം എന്നാണ്. നമ്മുടെ കാര്യങ്ങള്‍ അനായസം നേടിഎടുക്കാന്‍, വ്യക്തപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ സംസാരം നിര്‍ബന്ധമാണ്.
നമ്മുടെ ചിന്ത, വൈകാരികാനുഭവങ്ങള്‍,വിശ്വാസം തുടങ്ങിയവ മറ്റുള്ളവരിലേക്ക് പകരാനുള്ള ഒരു മാര്‍ഗ്ഗമാണ് സംസാരം. വളരെ പ്രസക്തമായ നാല് ഘടകങ്ങളെങ്കിലും അതില്‍ അടങ്ങിയിരിക്കുന്നു.സംസാരിക്കുന്ന വ്യക്തി,കൈമാറപ്പെടുന്ന സന്ദേശം,സന്ദേശം കൈമാറപ്പെടാന്‍ ഉപയോഗിക്കുന്ന മാധ്യമം,സന്ദേശം സ്വീകരിക്കുന്ന വ്യക്തി. ഈ നാല് ഘടകങ്ങള്‍ ചേര്‍ന്നാണ് സംസാരമെന്ന അതിമഹത്തായ പ്രക്രിയ രൂപപ്പെടുന്നത്.
സംസാരം വൈകാരിക തലങ്ങളെ കൂടി സ്പര്‍ശിക്കുന്നതിനാല്‍ നേരിയ അര്‍ഥവ്യതിയാന സാധ്യതയുള്ള പദങ്ങള്‍ പോലും ബഹുസ്വര സമൂഹത്തി ല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിയിച്ചേക്കാം. അത്‌കൊണ്ട് ചുണ്ടില്‍ നിന്ന് പുറപ്പെടുന്ന വാക്കുകളെ ബുദ്ധിയുടെ സഹായത്തോടെ നിരീക്ഷിച്ചതിന് ശേഷം പ്രകടിപ്പിക്കുന്നതാണ് സംസാരത്തിന്റെ സാംസ്‌കാരികമായ ഔന്നത്യം. മുറിക്കുന്നതിന് മുമ്പ് രണ്ട് പ്രാവിശ്യം അളക്കുക എന്ന തത്വം സംസാരത്തിലും വളരെ പ്രസക്തമാണ്.

Back to Top