നിലവിളിയൊടുങ്ങാതെ വാളയാര്‍ ചുരത്തിലെ കാറ്റ്- ഷെരീഫ് സാഗര്‍
വാളയാര്‍ ചുരം ചുറ്റി വരുന്ന കാറ്റിനൊപ്പം ഇപ്പോള്‍ രണ്ടു പെണ്‍കുട്ടികളുടെ തേങ്ങലുകള്‍ കേള്‍ക്കാം. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും നീതി എന്തെന്നറിയാത്ത രണ്ടു പെണ്‍കുട്ടികള്‍. മലയാളിയുടെ മനസ്സില്‍ കഴിഞ്ഞ കുറെ നാളുകളായി ഉത്തരത്തില്‍ തൂങ്ങിയാടുന്നത് ആ കുട്ടികളാണ്. അവര്‍ക്കു നീതി കിട്ടണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികളും യുവജനങ്ങളും തെരുവിലുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നുണ്ട്. കലാകാരന്മാര്‍ അവര്‍ക്കു വേണ്ടി വരച്ചുകൊണ്ടിരിക്കുന്നു. എഴുത്തുകാര്‍ അവര്‍ക്കു വേണ്ടി എഴുതിക്കൊണ്ടിരിക്കുന്നു.
ആ കുട്ടികള്‍ക്ക് സംഭവിച്ചത്
2017 മാര്‍ച്ച് 4-നാണ് നാലാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ വീട്ടിലെ കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു മീറ്റര്‍ ഉയരമുള്ള കഴുക്കോലില്‍ സ്വയം കെട്ടിത്തൂങ്ങാനുള്ള പ്രായം കുട്ടിക്ക് ആയിട്ടില്ലെന്ന നിഗമനം സംഭവം കൊലപാതകമാണെന്ന സംശയത്തിന് ബലം നല്‍കി. സഹോദരിയായ പതിമൂന്നു വയസ്സുകാരി 2017 ജനുവരി 13-ന് ഇതേ സാഹചര്യത്തില്‍ മരിച്ചിരുന്നു. ആദ്യ മരണത്തിലെ ഏക ദൃക്‌സാക്ഷിയും ഈ നാലാം ക്ലാസ്സുകാരിയായിരുന്നു.
മനുഷ്യാവകാശ കമ്മിഷന്‍ സംഭവത്തില്‍ കേസെടുത്തു. അന്നത്തെ എ എസ് പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. മരിച്ച സഹോദരിമാര്‍ രണ്ടുപേരും ലൈംഗിക പീഡനത്തിന് ഇരകളായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞതായി തൃശൂര്‍ റെയ്ഞ്ച് ഐ ജി എം ആര്‍ അജിത് കുമാര്‍ വെളിപ്പെടുത്തി. ചോദ്യം ചെയ്യാനായി മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തു.
ആദ്യ മരണത്തില്‍ കേസെടുക്കുന്നതിന് പൊലീസ് കാണിച്ച അമാന്തമാണ് രണ്ടാമത്തെ പെണ്‍കുട്ടിയും മരിക്കാന്‍ കാരണമായതെന്ന ആരോപണമുയര്‍ന്നു. മൂത്ത കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഫോറന്‍സിക് വിഭാഗം ഉള്‍പ്പെടെ പറഞ്ഞിട്ടും സംഭവത്തിന് വേണ്ടത്ര ഗൗരവം കൊടുത്തില്ല. ഇത് പ്രതികള്‍ക്ക് പ്രോത്സാഹനമായി. ആദ്യ മരണത്തിലെ ഏക ദൃക്‌സാക്ഷിയെ ഇല്ലാതാക്കുക എന്നതും പ്രതികളുടെ ലക്ഷ്യമായിരിക്കാം.
ഉത്തരമേഖലാ ഡി ജി പി രാജേഷ് ദിവാനായിരുന്നു പിന്നീട് അന്വേഷണ ചുമതല. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ വാളയാര്‍ എസ് ഐ പി.സി ചാക്കോയെ ഒഴിവാക്കി. എം ജെ സോജന്‍ പ്രത്യേക അന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തു. മൂത്ത കുട്ടിയുടെ മരണം അന്വേഷിക്കാതിരുന്നത് അന്വേഷിക്കാന്‍ മലപ്പുറം എസ് പി ദബേഷ് കുമാറിന് ചുമതല നല്‍കി.
മാര്‍ച്ച് ഒമ്പതിന് രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പാമ്പാംപള്ളം കല്ലങ്കാട് വി മധു, ഇടുക്കി രാജാക്കാട് നാലുതൈക്കല്‍ ഷിബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നതായി സംശയിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. മാര്‍ച്ച് 10-ന് എം മധു, ആലപ്പുഴക്കാരന്‍ പ്രദീപ് കുമാര്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. മധു പെണ്‍കുട്ടികളുടെ അമ്മയുടെ സഹോദരീ പുത്രനായിരുന്നു. ഒരു പതിനാറുകാരനും കേസില്‍ അറസ്റ്റിലായി. കേസില്‍ ചോദ്യം ചെയ്തിരുന്ന പ്രവീണ്‍ എന്ന യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ജൂണ്‍ 22-നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മരണം ആത്മഹത്യയാണെന്ന് കുറ്റപത്രം സമര്‍ഥിച്ചു. നാലാളുടെ പേരില്‍ പോക്‌സോ, പ്രേരണാകുറ്റം, എസ് സി. എസ് ടി അതിക്രമം എന്നീ വകുപ്പുകളില്‍ മാത്രം കുറ്റം ചുമത്തി. പ്രതികള്‍ രക്ഷപ്പെടാന്‍ ആ കുറ്റപത്രം ധാരാളമായിരുന്നു. 2019 ഒക്ടോബര്‍ 15-ന് മൂന്നാം പ്രതി പ്രദീപിനെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. 2019 ഒക്ടോബര്‍ 25-ന് മറ്റു മൂന്നു പ്രതികളെയും കോടതി വെറുതെ വിട്ടു.
ഗൂഢാലോചനയുടെ സാധ്യതകള്‍
ആദ്യ മരണം മുതല്‍ വാളയാര്‍ സംഭവത്തില്‍ ഗൂഢാലോചനകള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് സംഭവത്തിന്റെ നാള്‍വഴികള്‍ ഓര്‍മ്മിപ്പിക്കുന്നത്. ആദ്യ പെണ്‍കുട്ടിയുടെ മരണാനന്തരം അന്വേഷണം നടക്കാതിരുന്നത് തന്നെ ഒന്നാമത്തെ അട്ടിമറിയായിരുന്നു. നാലാം ക്ലാസ്സുകാരിയായ ഒരു പെണ്‍കുട്ടി മൂന്നു മീറ്റര്‍ ഉയരത്തില്‍ ഒറ്റയ്ക്ക് കെട്ടിത്തൂങ്ങി മരിക്കില്ല എന്ന കാര്യം ഏതു കണ്ണുപൊട്ടനും മനസ്സിലാക്കാവുന്ന ഒന്നാണ്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട മുതല്‍ ഇതിനെ ആത്മഹത്യയായി സ്ഥാപിക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമായിരുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്താന്‍ പോലും പൊലീസ് തയ്യാറായില്ല. ഹൈ പ്രഷര്‍ തന്നെ കേസില്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്.
പല സാധ്യതകളാണ് ഈ കേസില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്നുകില്‍ യഥാര്‍ഥ പ്രതികളല്ല പിടിക്കപ്പെട്ടത്. കേസില്‍ നിന്ന് രക്ഷപ്പെടുത്താം എന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ പിടിക്കപ്പെട്ട ഡമ്മികള്‍ മാത്രമാണ് അവര്‍. പ്രവീണ്‍ എന്ന ചെറുപ്പക്കാരനെ പ്രതി ചേര്‍ക്കാനുള്ള ശ്രമം അയാളുടെ ആത്മഹത്യയില്‍ കലാശിച്ചത് പൊലീസിന് ഡമ്മി പ്രതികളെ ആവശ്യമുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. കേസ് അട്ടിമറിക്കാന്‍ മാത്രം പണമോ പ്രതാപമോ ഉള്ളവരല്ല പിടിക്കപ്പെട്ടവര്‍. എന്നാല്‍ അവര്‍ക്കു വേണ്ടി പ്രാദേശിക സി പി എം നേതൃത്വത്തിന്റെ സഹായം ഉണ്ടായിരുന്നു എന്നാണ് ആരോപണങ്ങള്‍. അരിവാള്‍ പാര്‍ട്ടിക്കാരാണ് പ്രതികളെ സഹായിച്ചതെന്ന പെണ്‍കുട്ടികളുടെ അമ്മയുടെ പ്രസ്താവന ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം ഇക്കാര്യം നിഷേധിച്ച് പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതൃത്വമോ പൊലീസോ ഇടപെടാതെ ഇത്രയും ഗുരുതരമായ കേസ് അട്ടിമറിക്കപ്പെടില്ല എന്ന കാര്യം വ്യക്തമാണ്.
ക്രിമിനല്‍ കേസ് അന്വേഷിക്കുമ്പോഴുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നതാണ് വാളയാര്‍ കേസിലെ വിധിപ്പകര്‍പ്പുകള്‍. ലഭ്യമായ തെളിവുകള്‍ പോലും നശിപ്പിച്ചിട്ടുണ്ടെന്ന് പോക്‌സോ കോടതിയുടെ ആറു വിധികളും വ്യക്തമാക്കുന്നുണ്ട്. രണ്ടു കുട്ടികളുടെ മരണവും വെവ്വേറെ അന്വേഷിച്ച് രണ്ടു കുറ്റപത്രമാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുന്നതിലും വീഴ്ച പറ്റി. സാക്ഷികളില്‍ ഏറെപ്പേരും പിന്നീട് കൂറുമാറി. തെളിവുകള്‍ കൂട്ടിയിണക്കാന്‍ പ്രൊസിക്യൂഷനും കഴിഞ്ഞില്ല. ഈ വീഴ്ചയെ കോടതി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. കുട്ടികള്‍ക്കെതിരെ അതിക്രമം ഉണ്ടാകുന്നതിന് എല്ലാ സാധ്യതയും ഉണ്ടായിട്ടുണ്ട് എന്നാണ് വിധിയില്‍ പറയുന്നത്. എന്നാല്‍ പ്രതികള്‍ക്കെതിരെ വേണ്ടത്ര തെളിവില്ലാത്തതിനാല്‍ വിധി പ്രതികള്‍ക്ക് അനുകൂലമായി. വിചാരണക്കു മുമ്പു തന്നെ തുടരന്വേഷണം ആവശ്യപ്പെടാന്‍ പ്രൊസിക്യൂഷന് കഴിയുമായിരുന്നു. എന്നാല്‍ അതും സംഭവിച്ചില്ല. പ്രതികളെ രക്ഷപ്പെടുത്താന്‍ എല്ലാ കോണുകളില്‍നിന്നും കൃത്യമായ ജാഗ്രതയും തിടുക്കവും ഉണ്ടായിരുന്നു എന്നാണ് സംഭവത്തിന്റെ ചുരുളുകള്‍ വ്യക്തമാക്കുന്നത്.
സാക്ഷികള്‍ കൂറുമാറിയപ്പോള്‍ പുതിയ തെളിവുകളോ സാക്ഷികളോ കോടതിക്ക് മുന്നില്‍ എത്തിയില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ വിചാരണക്ക് മുമ്പ് കേസില്‍ ശിക്ഷ ഉറപ്പാക്കാനുള്ള ഒരു കൂടിയാലോചനകളും നടത്തിയില്ല. നിര്‍ണായക സാക്ഷികള്‍ പലരും വിസ്തരിക്കപ്പെട്ടില്ല. പ്രൊസിക്യൂഷനും പൊലീസും ഒത്തുകളി നടത്തിയിട്ടുണ്ടെന്ന് പകല്‍ പോലെ വ്യക്തമാവുകയാണ്. പ്രതികള്‍ക്കെതിരെ വാദിക്കേണ്ട പ്രൊസിക്യൂഷന്‍ ഒരിക്കല്‍പ്പോലും പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചിട്ടില്ല എന്നതും ഗൗരവമുള്ള കാര്യമാണ്.
സാമൂഹിക പരിസരം
വാളയാറിനും പരിസരത്തും ഇതുപോലെ ലൈംഗിക ചൂഷണത്തിന് ഇരകളാക്കപ്പെട്ട നിരവധി പെണ്‍കുട്ടികളുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ കേസില്‍ ഇടപെടല്‍ നടക്കാനുള്ള പ്രധാന കാരണമായി ഈ വസ്തുതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രതികള്‍ ശിക്ഷിക്കപ്പെടുകയോ കേസില്‍ കൂടുതല്‍ അന്വേഷണം വരികയോ ചെയ്താല്‍ ഇങ്ങനെ പീഡിപ്പിക്കപ്പെടുന്ന കുട്ടികളിലേക്കും കേസ് നീളുമെന്ന് തത്പര കക്ഷികള്‍ ഭയപ്പെടുന്നുണ്ടാകാം. രാവിലെ അച്ഛനും അമ്മയും പണിക്കു പോയാല്‍ ഒറ്റക്കാവുന്ന കുട്ടികളാണ് മിക്ക വീടുകളിലും. അടച്ചുറപ്പില്ലാത്ത കൊച്ചുകൂരകളാണ് ഏറെയും. ഈ വീടുകളിലേക്ക് ആര്‍ക്കും എപ്പോഴും കയറിച്ചെല്ലാം. ബന്ധുക്കളാവുമ്പോള്‍ സംശയം കുറയും. വാളയാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചത് ബന്ധുക്കള്‍ കൂടിയാണ്. മൂത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് മരിക്കുന്നതിന് മുമ്പെ അറിവുള്ള അവരുടെ അമ്മ ഇപ്പോള്‍ പറയുന്നത് പ്രതികളെ ഭയന്നാണ് അത് പറയാതിരുന്നത് എന്നാണ്. പ്രതികളുടെ സ്വാധീനം അത്രമേല്‍ വലുതാണെന്ന് ഈ മൊഴി വ്യക്തമാക്കുന്നുണ്ട്. പ്രതികള്‍ വീട്ടില്‍ പലതവണ കയറുന്നത് കണ്ടതായി 10 പേര്‍ മൊഴി നല്‍കിയിട്ടുണ്ട്. മൂത്ത പെണ്‍കുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം മുഖം മറച്ച് പുറത്തേക്ക് രണ്ടു പേര്‍ പോയ കാര്യം ഇളയ കുട്ടി പറഞ്ഞിട്ടുണ്ട്. ഈ സാക്ഷിമൊഴി പിന്നീട് അപകടമാകാതിരിക്കാനാവാം രണ്ടാമത്തെ കുട്ടിയെയും കൊന്നത്.
തകരം മറയാക്കിയ കൂരകളില്‍ ഇനിയും പെണ്‍കുട്ടികളുണ്ട്. അവരെ വട്ടമിട്ട് കഴുകന്മാരുണ്ട്. ആങ്ങള മുതല്‍ അച്ഛന്‍ വരെ ആ കഴുകന്മാരിലുണ്ട്. ദലിതുകള്‍ പാര്‍ക്കുന്ന ഇത്തരം സ്ഥലങ്ങളിലേക്ക് സാമൂഹ്യപ്രവര്‍ത്തകര്‍ എത്തിനോക്കാറില്ല. അഞ്ചു കൊല്ലം കൂടുമ്പോള്‍ രാഷ്ട്രീയക്കാര്‍ ചെല്ലുന്നത് വോട്ട് ചോദിക്കാന്‍ മാത്രമാണ്. തനിക്ക് പോലീസാകണമെന്നു പറഞ്ഞിരുന്ന വാളയാറിലെ രണ്ടാമത്തെ പെണ്‍കുട്ടിയെ പറ്റി അവളുടെ ടീച്ചര്‍ ഓര്‍മ്മിക്കുന്നതായി വായിച്ചിരുന്നു. മരിക്കുന്നതിന്റെ രണ്ടു ദിവസം മുമ്പ് സ്‌കൂള്‍ വിട്ടു പോകുമ്പോഴും അവള്‍ക്ക് വയറു വേദനയല്ലാതെ മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വയറു വേദന വന്നപ്പോള്‍ കൊണ്ടുപോകാന്‍ വന്നത് ബന്ധുവെന്ന പറയുന്ന, പിന്നീട് പിടിക്കപ്പെട്ട പ്രതിയാണെന്ന് അറിഞ്ഞതിന്റെ നോവ് ആ ടീച്ചറുടെ മനസ്സില്‍നിന്ന് മാഞ്ഞുപോയിട്ടില്ല. സാമൂഹിക പരിസരവും മനോഭാവവും മാറ്റാതെ ഈ വിപത്ത് ഇല്ലാതാക്കാനാവില്ല.
ആണ്‍കുട്ടികളാണ് പ്രതികള്‍
സ്ത്രീ പീഡന കേസുകള്‍ നിരന്തരം ആവര്‍ത്തിക്കുമ്പോള്‍ എല്ലാവരും ഉപദേശത്തിന്റെ ചാട്ടയുമായി പെണ്‍കുട്ടികളെ വളയുന്നതാണ് പതിവ്. എന്നാല്‍ ഇത്തരം കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്നത് പെണ്‍കുട്ടികളല്ല. ആണ്‍കുട്ടികളാണ്. പെണ്‍കുട്ടികള്‍ എത്ര സൂക്ഷിച്ചു നടന്നാലും ആണ്‍കുട്ടികള്‍ വിചാരിച്ചാല്‍ ഇത്തരം കേസുകള്‍ ആവര്‍ത്തിക്കുക തന്നെ ചെയ്യും.
ആണ്‍കുട്ടികളുടെ ഉപദ്രവത്തിന്റെ അത്രയും അളവില്‍ ചുറ്റുമുള്ളവരുടെ ഉപദേശമെന്ന ഉപദ്രവം കൂടി ഏല്‍ക്കേണ്ടിവരുന്നത് പെണ്‍കുട്ടികളാണ്. വീട്ടില്‍നിന്ന് മാതാപിതാക്കളുടെ ഉപദേശം. മദ്രസയില്‍നിന്ന് ഉസ്താദുമാരുടെ, പ്രഭാഷണം കേള്‍ക്കാന്‍ പോയാല്‍ മതപണ്ഡിതരുടെ, സ്‌കൂളിലെത്തിയാല്‍ അധ്യാപകരുടെ. യൂ ട്യൂബില്‍ മതപ്രഭാഷണങ്ങള്‍ തിരഞ്ഞാല്‍ പെണ്‍കുട്ടികളോടുള്ള ഉപദേശങ്ങള്‍ക്ക് ഒരു കുറവുമില്ല. എന്നാല്‍ ഏതെങ്കിലുമൊരു പ്രഭാഷകന്‍ ആണ്‍കുട്ടികളെ നന്നാക്കാനായി പ്രസംഗിക്കുന്നത് കേള്‍ക്കാറില്ല. എല്ലാവരുടെയും ഉപദേശ മഹാമഹങ്ങള്‍ പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചാണ്. ആണ്‍കുട്ടികള്‍ അപ്പോഴും ഒരു ശല്യവുമില്ലാതെ പാറിപ്പറന്നു നടക്കുകയാണ്.
ഈ ഉപദ്രവങ്ങള്‍ എത്രകാലം സഹിക്കണം.? ആരാണ് ഇതിനൊനു മാറ്റം വരുത്തേണ്ടത്. ഒരു സംശയവും വേണ്ട. പെണ്‍കുട്ടികളേക്കാള്‍ മാറ്റമുണ്ടാവേണ്ടത് ആണ്‍കുട്ടികള്‍ക്കാണ്. നേരത്തെ പറഞ്ഞ എല്ലാ ഉപദേശകവൃന്ദവും അവരുടെ റഡാറുകള്‍ ആണ്‍കുട്ടികളുടെ നേര്‍ക്ക് തിരിക്കേണ്ടതാണ്. പെണ്‍കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെ എന്നത് സിലബസ്സില്‍ ഉള്‍പ്പെടുത്തി ആണ്‍കുട്ടികളെ പഠിപ്പിക്കണം. അമ്മയും സഹോദരിയുമായ സ്ത്രീയെ ബഹുമാനിക്കാന്‍ അവരെ പഠിപ്പിക്കണം. സ്ത്രീ വെറുമൊരു ശരീരമല്ലെന്നും ഹൃദയമുള്ള ഒരു മനുഷ്യജീവിയാണെന്നും അവര്‍ക്ക് ബോധ്യപ്പെടണം. അതിന് സമൂഹം മനസ്സൊരുക്കാത്ത കാലത്തോളം സ്ത്രീ വിചാരിച്ചതുകൊണ്ട് പീഡനങ്ങള്‍ ഇല്ലാതാവില്ല. ആണ്‍കുട്ടികളെ ഉപദേശിക്കാനുള്ളതാവട്ടെ ഇനിയുള്ള നമ്മുടെ പ്രഭാഷണങ്ങള്‍. ഉമ്മമാര്‍ പെണ്‍കുട്ടികളെ ഉപദേശിക്കുന്നതിനേക്കാള്‍ ശക്തിയില്‍ ആണ്‍കുട്ടികളെ നന്നാക്കാന്‍ സമയമെടുക്കട്ടെ. അങ്ങനെ നമ്മുടെ ആണ്‍കുട്ടികള്‍ സ്ത്രീകളെ ബഹുമാനിക്കുന്ന നല്ല മനുഷ്യരായി മാറട്ടെ.