പിന്നാമ്പുറത്തെ ജാതി രാഷ്ട്രീയം – കെ ഇ എന്‍
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിച്ച വേളയില്‍ തന്നെയാണ് ഗുജറാത്ത് സര്‍ക്കാറിന്റെ സ്‌കൂളുകളില്‍ ഗാന്ധിജി ആത്മഹത്യ ചെയ്ത് എന്തിന് എന്ന രീതിയില്‍ പരിഹാസ്യമായ ചോദ്യം അച്ചടിച്ചുവന്നത്. ഗാന്ധിയെ കൊന്നതിനു പിന്നില്‍ ജാതിമേല്‍ക്കോയ്മയുടെ അജണ്ടയുണ്ടായിരുന്നു. 1948 ജനുവരി 30 നെഞ്ചിടിപ്പോടെയല്ലാതെ ഒരു ഇന്ത്യക്കാരനും ആ ദിനം ഓര്‍മ്മിക്കാന്‍ കഴിയില്ല. ആത്മബോധമുള്ള ഒരു ഇന്ത്യാക്കാരനെ സംബന്ധിച്ചിടത്തോളം 1948 ജനുവരി 30 അലസമായി മറിച്ചിടാന്‍ കഴിയുന്ന ഒന്നല്ല. 1934 മുതല്‍ നിരവധി തവണ നടത്തിയ അലസിപ്പോയ ശ്രമങ്ങളുടെ വിജയകരമായ പരിസമാപ്തിയായിരുന്നു 1948 ജനുവരി 30. ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ നടത്തിയ ഇത്തരമൊരു ആക്രമണത്തിന് അരങ്ങൊരുക്കിയ ജനാധിപത്യ വിരുദ്ധ ആശയങ്ങളുടെ സൂക്ഷ്മമായ വ്യാകരണം വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
ഒരു ജനത സാമ്രാജ്യത്വ വിരുദ്ധസമരത്തിലേക്ക് സജീവമായി ചുവടുവെയ്ക്കുന്ന ഒരു ചരിത്ര സംഭവത്തില്‍ അത് തങ്ങളുടെ സങ്കുചിത താല്പര്യങ്ങള്‍ക്ക് അപകടമാണ് എന്ന് മനസ്സിലാക്കിയ ഇന്ത്യന്‍ വരേണ്യ വര്‍ഗത്തിന്റെ സവര്‍ണ പ്രത്യേയശാസ്ത്രത്തിന്റെ ഏറ്റവും സായുധമായ സംഘടനയായിട്ടാണ് 1925- ലാണ് ഇന്ത്യന്‍ ഫാസിസം ഔപചാരികമായി രൂപംകൊള്ളുന്നത്. വി ഡി സവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യ സമരത്തില്‍ സാമ്രാജ്യത്ത വിരുദ്ധസമരത്തില്‍ പങ്കെടുത്ത ജ്വലിക്കുന്ന ഒരു ഭൂതകാലമുണ്ട്. അതിനെ ആദരപൂര്‍വ്വം ഓര്‍ത്തുകൊണ്ടുതന്നെ 1914 നവംബര്‍ 13-ലെ മാപ്പപേക്ഷ ഇന്ത്യ കണ്ട ഏറ്റവും വലിയ അശ്ലീലമായിരുന്നു.
ലോകം മുഴുവന്‍ ജര്‍മന്‍ നാസിസത്തേയും ഇറ്റാലിയന്‍ ഫാസിസത്തേയും വിമര്‍ശിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹിറ്റ്‌ലറേയും മുസോളനിയേയും പ്രശംസിക്കുകയാണ് സവര്‍ക്കറും സംഘപരിവാര്‍ ശക്തികളും ചെയ്തത്. ഗാന്ധി സങ്കുചിത ജനാധിപത്യ വിരുദ്ധ ആശയങ്ങളുടെ ശത്രുവാണ് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ 1934 ല്‍ ഗാന്ധി വധത്തിനുള്ള എല്ലാ ശ്രമങ്ങളും തുടങ്ങിവച്ചു പിന്നീട് 1948 ജനുവരി 30-ന് നാഥൂറാം വിനായക ഗോഡ്‌സെ കൊല്ലുകയും അതിനെ 100 ശതമാനം ആഘോഷിക്കുകയും മരണം ആഘോഷിക്കാന്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
ഗാന്ധി വധത്തെ ഒരു ആഹഌദ സന്ദര്‍ഭമായിട്ടാണ് ഇന്ത്യന്‍ ഫാസിസം അടയാളപ്പെടുത്തിയത്. 1947-ല്‍ ഡിസംബര്‍ 8-ന് ഗോള്‍വാക്കര്‍ ആര്‍ എസ് എസ്സിന്റെ ഉന്നതതല യോഗത്തില്‍ വച്ച് ഗാന്ധിയെ കൊല്ലണമെന്ന് പറഞ്ഞത് സി ഐ ഡി കര്‍ത്താസിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. നടുക്കമുണ്ടാക്കുന്ന ഒന്നാണിത്. ഗാന്ധിയെ കൊല്ലുക മാത്രമല്ല, ഗാന്ധി വധത്തിനു ശേഷം അത് ആഘോഷിക്കുക മാത്രമല്ല തുടര്‍ന്ന് എല്ലായ്‌പ്പോഴും ഗോഡ്‌സയെ പ്രശംസിച്ചുപോരുന്നതാണ് ഇന്ത്യയെ സംബന്ധിച്ച് നാം കാണുന്നത്. ഗാന്ധിയെ കൊല്ലുകയും വധം ആഘോഷിക്കുകയും മരണാനന്തരം നിരന്തരം നിന്ദിക്കുകയും ഗാന്ധി ഏതൊക്കെ തത്വങ്ങളാണോ ഉയര്‍ത്തിപ്പിടിച്ച് ആ തത്വങ്ങളുടെ കടയ്ക്കല്‍ കോടാലി വയ്ക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് ശക്തികള്‍ ഗാന്ധിയെക്കൂടി പിടിച്ചെടുത്ത് ഗാന്ധിയുടെ സ്മരണയെപ്പോലും മലിനമാക്കുകയാണ്.
2003-ല്‍ ഗാന്ധിവധത്തില്‍ നിന്ന് സാങ്കേതിക കാരണങ്ങള്‍ കൊണ്ടുമാത്രം ഒഴിച്ചു നിര്‍ത്തപ്പെട്ട സവര്‍ക്കറുടെ പടം ഇന്ത്യന്‍ പാര്‍ലമെന്റില്‍ സ്ഥാപിക്കപ്പെടുന്നത്. ഏറ്റവും വലിയ ദുരന്തമെന്നാണ് അതേക്കുറിച്ച് സീതാറാം യെച്ചൂരി പറഞ്ഞത്. പാര്‍ലമെന്‍മെന്റ് എം പി പ്രത്യാസെന്‍ ഠാക്കൂര്‍ ഗോഡ്‌സെയെ ദേശീയവാദിയാണെന്നും മഹാനാണെന്നും പറഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യാസെന്നിനെക്കുറിച്ച് പറഞ്ഞത് ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ മഹത്തായ പ്രതീകമെന്നാണ്.
500-ല്‍ അധികം നാട്ടുരാജ്യങ്ങളായി ചിതറികിടന്നിരുന്ന ഒരു പ്രദേശത്തെ ഒരു രാജ്യമാക്കി ഇന്ത്യന്‍ യൂണിയനാക്കി മാറ്റുന്നതില്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ ഏറ്റവും ഉജ്ജ്വലമായ സമരത്തിന് നേതൃത്വമായി. അതിനേക്കാളുപരി ഇന്ത്യയെ ജാതിയുടെയും മതത്തിന്റെയുമൊക്കെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ സാമ്രാജ്യത്വം ശ്രമിച്ചപ്പോള്‍ ജാതിക്കും മതത്തിനുമൊക്കെ അപ്പുറത്തേക്ക് ഞങ്ങള്‍ ഇന്ത്യക്കാര്‍ ഞങ്ങള്‍ മനുഷ്യര്‍ എന്ന അതിമഹത്തായ കാഴ്ച്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച, ഇന്ത്യയുടെയും അതുപോലെ ലോകത്തിന്റേയും എക്കാലത്തേയും അഭിമാനമായ ആശയപരമായി വിയോജിക്കുന്നവര്‍പോലും ആദരവോട് ഓര്‍മ്മിക്കുന്ന ഓര്‍മ്മിക്കേണ്ട ഇന്ത്യയുടെ ജനാധിപത്യ മതനിരപേക്ഷ കാഴ്ച്ചപ്പാടിന്റെ ആകെത്തുക എന്നുവിളിക്കാവുന്ന മഹാത്മാഗാന്ധിയുടെ മഹത്തായ സ്മരണയെപ്പോലും മലിനപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മറിഞ്ഞു വീണിരിക്കുകയാണ്.
നാഥൂറാം വിനായക് ഗോഡ്‌സയെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തെക്കുറിച്ച് പറയുമ്പോള്‍ ഒരു ഇന്ത്യക്കാരനും മറക്കാന്‍ പാടില്ലാത്ത തീയ്യതിയാണ് ഒക്ടോബര്‍ 1997 ഒക്ടോബര്‍ 8. മൊറാര്‍ജി ദേശായി അടിയന്തരാവസ്ഥയെത്തുടര്‍ന്ന്് പ്രധാനമന്ത്രിയായി അധികാരമേറ്റയുടന്‍ മൊറാര്‍ജി ദേശായിയും അന്നത്തെ ഭക്ഷ്യമന്ത്രിയും പഴയ ജനസംഘക്കാരനുമായ സിക്കന്തര്‍ഭക്തും രാജ്ഘട്ട് സന്ദര്‍ശിക്കുന്നു. ആ സമയത്ത് ഗൈഡ് ദാമോദരന്‍ നായര്‍ പ്രമുഖരുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി മൊറാര്‍ജി ദേശായിയുടെ ആത്മകഥയില്‍ നിന്ന് ഒരു ഭാഗം വായിച്ചു കേള്‍പ്പിക്കുന്ന പതിവുണ്ടായിരുന്നു.
അതിലെ ഒരു വരി നാഥൂറാം വിനായക ഗോഡ്‌സെ എന്ന ആര്‍ എസ് എസ്സുകാരനാണ് ഗാന്ധിയെ കൊന്നത് എന്നാണ്. ഈ വരി വായിച്ചു കേട്ടപ്പോള്‍ സിക്കന്തര്‍ ഭക്ത് ഇത് ഞങ്ങള്‍ക്ക് അപമാനമുണ്ടാക്കുമെന്നും ഈ ഭാഗം നീക്കണമെന്നും മൊറാര്‍ജി ദേശായിയോട് അപേക്ഷിച്ചു. ചരിത്രം മായിച്ചു കളയാന്‍ സാധിക്കില്ലല്ലോ എന്നാണ് മൊറാര്‍ജി ദേശായി മറുപടി പറഞ്ഞത്. തീര്‍ച്ചയായും വളരെ ഉചിതമായ പ്രതികരണമാണ് ആ സമയത്ത് മൊറാര്‍ജി ദേശായി നടത്തിയത്.
പക്ഷേ, പിന്നെ നമ്മള്‍ കാണുന്നത് ഗൈഡ് ദാമോദരന്‍ നായരെ വിദ്യാര്‍ഥി പരിഷത് പ്രവര്‍ത്തകര്‍ അടിച്ചു വീഴ്ത്തുന്നു. സിക്കന്തര്‍ ഭക്ത് തന്റെ മന്ത്രാലയത്തിന്റെ അധികാരം ഉപയോഗിച്ച് ദാമോദരന്‍ നായരെ ആ പദവിയില്‍ നിന്ന് പിരിച്ചുവിടുന്നു. പ്രശ്‌നം പാര്‍ലമെന്റില്‍ കോളിളക്കം ഉണ്ടാക്കുന്നു. 1997 ഒക്ടോബര്‍ 8-ന് ചരിത്രം മായിച്ചു കളയാന്‍ പറ്റില്ലല്ലോ എന്നു പറഞ്ഞ മൊറാര്‍ജി നിശ്ശബ്ദത പാലിക്കുന്നു. അധികാരം എങ്ങനെയാണ് ഒരു ചരിത്ര സംഭവത്തെ മായിച്ചു കളഞ്ഞു എന്നാണ് പറയുന്നത്.
2019 ഫെബ്രുവരി മാസം മോഹന്‍ ഭാഗവത് നടത്തിയ പ്രസ്താവന ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച് വലിയ സംഘര്‍ഷത്തിന് ഇടയാക്കേണ്ടതായിരുന്നു. പക്ഷേ, വേണ്ടത്ര ചര്‍ച്ച ചെയ്തിട്ടില്ല. ആ പ്രസ്താവന ഇതായിരുന്നു. ഇത് സംഘപരിവാര്‍ ആശയങ്ങളുടെ വിജയകാലം. എന്നിട്ടദ്ദേഹം വിശദീകരിച്ചു. ആദ്യത്തെ 20 കൊല്ലം സംഘത്തെ സംബന്ധിച്ച് അവഗണനയുടേയും പിന്നീട് 70 കൊല്ലം എതിര്‍പ്പിന്റേയും ഇപ്പോള്‍ വിജയത്തിന്റേതും ആണെന്നാണ്. ആദ്യത്തെ 20 കൊല്ലം എന്നുപറയുന്നത് ഗാന്ധിവധം വരെയുള്ള കാലം അവഗണനകളുടേതാണ്. തീര്‍ച്ചയായും ആ സമയത്ത് ഈ സംഘം അര്‍ഹിക്കുന്ന അവഗണന മാത്രമായിരുന്നു. കാരണം സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും വഹിക്കാത്ത ഒരു സംഘടനയെ ഇന്ത്യന്‍ ജനതയ്ക്ക് പരിഗണിക്കാന്‍ കഴിയുമായിരുന്നില്ല.
എന്നാല്‍ 1948-ന് ഗാന്ധി വധത്തിനു ശേഷം ഈ സംഘടനയെ അവഗണിക്കാന്‍ കഴിയുമായിരുന്നില്ല. ഇന്ത്യന്‍ ജനതയുടെ എതിര്‍പ്പ് 70 കൊല്ലം നീണ്ടു നിന്നു. 70 കൊല്ലം കണക്കുകൂട്ടിയാല്‍ നാം എത്തി നില്‍ക്കുന്നത് 2014-15 ലാണ്. മോദി അധികാരത്തില്‍ വരുന്ന അക്കാലം സംഘപരിവാര്‍ ആശയങ്ങളുടെ വിജയകാലം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന്റെ തുടര്‍യാണ് മോഹന്‍ ഭഗവത്തിന്റെ പ്രസ്താവന എന്നു നാം തിരിച്ചറിയണം.
സംഘപരിവാറിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് മഹാത്മാഗാന്ധി എന്നുവരെ പറയാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് സംഘപരിവാറിന്റെ വക്താക്കള്‍. ഇത് ജനാധിപത്യത്തിന്റെ മതനിരപേക്ഷതയുടെ മാനവികതയുടെ ജീവിതം അവസാനിപ്പിക്കുന്ന ഒരു സന്ദര്‍ഭമായിട്ടാണ് നാം തിരിച്ചറിയേണ്ടത്.
കേരളത്തിന്റെ മുന്നേറ്റം ഹിന്ദുഐക്യത്തിലൂടെയാണെന്ന പേരില്‍ ഒരു ലഘുലേഖ സംഘപരിവാര്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ഹിന്ദു- മുസ്‌ലിം- ക്രിസ്ത്യന്‍ ഒരു മതത്തിലും പെടാത്തവരടക്കമുള്ള മലയാളികളുടെ കൂട്ടായശ്രമത്തിലൂടെയാണ് കേരളത്തിന്റെ മുന്നേറ്റമെന്ന് അറിയാമെന്നിരിക്കെ നിരവധി കര്‍ഷക സമരങ്ങളും തൊഴിലാളിസമരങ്ങളും തുടര്‍ന്ന് ഭൂപരിഷ്‌ക്കരണവും ഇടതുപക്ഷ സാന്നിധ്യവും മതേതര ജനാധിപത്യവുമാണ് കേരളത്തിന്റെ മുന്നേറ്റത്തിന്റെ കാരണമെന്ന് കേരളത്തെക്കുറിച്ചറിയുന്ന വലതുപക്ഷക്കാര്‍കൂടി സമ്മതിക്കുമെന്നിരിക്കെ ജാതീയമായിട്ട് മതാത്മകമായിട്ട് ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഭാഗമായിട്ടാണ്.
പക്ഷേ, അതിനെക്കാള്‍ അപകടകരമായിട്ട് ഈ ലഘുലേഖയില്‍ പറയുന്നത് ശ്രീനാരായണഗുരു, ശ്രീനാരായണഗുരു ധര്‍മ്മപരിപാലന സംഘം, എന്‍ എസ് എസ്സ്, യോഗക്ഷേമ സഭ, വിശ്വഹിന്ദുപരിഷത്, അമൃതാനന്ദമയി, ചിന്മയാനന്ദമിഷന്‍, ആര്‍ എസ് എസ് ഇതെല്ലാം പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇന്നത്തെ ആധുനിക കേരളം ഉണ്ടായതെന്നാണ്. പെട്ടെന്ന് വായിച്ചുപോകുമ്പോള്‍ ആളുകള്‍ ഇതെല്ലാം കൂടി ഒന്നാണെന്ന് ധാരണയില്‍ പരസ്പരപൂരകങ്ങളാണെന്ന് തോന്നും.
പക്ഷേ, ശ്രീനാരായണ ഗുരുവും, അമൃതാനന്ദമയിയും ആര്‍ എസ് എസ്സും വിശ്വഹിന്ദു പരിഷത്തും ഏതര്‍ഥത്തിലാണ് പരസ്പരപൂരകങ്ങളാകുന്നതെന്ന് രണ്ടാംവട്ടം ആലോചിക്കുമ്പോഴാണ് ഇതിന്റെ അപകടം നമുക്ക് മനസ്സിലാകുന്നത്. മോഹന്‍ ഭാഗവത്തിന്റെ പ്രസ്താവന ജന്മഭൂമിയില്‍ വായിക്കുമ്പോള്‍ എനിക്കൊരു കുലക്കവുമില്ല. പക്ഷേ മാതൃഭൂമിയില്‍ വായിക്കുമ്പോള്‍ വല്ലാതെ നടുങ്ങിപ്പോകുന്നുണ്ട്.
ജന്മഭൂമിയിലും മാതൃഭൂമിയിലും ഒരേസമയം മോഹന്‍ഭാഗവത്തിന്റെ പ്രസ്താവന അടിച്ചുവന്നു എന്നുള്ളത് കേരളത്തിന്റെ പ്രബുദ്ധതയുടെ പശ്ചാത്തലത്തില്‍ നമ്മളെ കൂടൂതല്‍ ഉല്‍കണ്ഠപ്പെടുത്തേണ്ടതാണ് എന്നുകൂടി ഈ കൂട്ടത്തില്‍ എടുത്തുപറയുന്നില്ലെങ്കില്‍ തീര്‍ച്ചയായും നമ്മുടെ ജനാധിപത്യ മതനിരപേക്ഷകാഴ്ച്ചപ്പാട് വളരെ വളരെ പാപ്പരായിത്തീരുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കമില്ല സംശയമില്ല.