ഹദീസുകളും നബി(സ)യുടെ പവിത്രതയും – പി കെ മൊയ്തീന്‍ സുല്ലമി
ഹദീസുകള്‍ എന്നത് ഇസ്‌ലാമിന്റെ രണ്ടാം പ്രമാണവും വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണവുമാണ്. ഖുര്‍ആനിലെ നിരവധി വചനങ്ങള്‍ ഹദീസുകളിലൂടെ മാത്രമേ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കൂ. മാത്രവുമല്ല, ഇസ്‌ലാമിന്റെ ബഹുഭൂരിപക്ഷം കര്‍മങ്ങളും ഹദീസുകളിലൂടെ മാത്രമേ നമുക്ക് ലഭിക്കൂ. അതുകൊണ്ട് ഒരു ഹദീസ് നബി(സ)യില്‍ നിന്നും ഉദ്ധരിക്കപ്പെട്ടതാണെന്ന് പൂര്‍ണബോധ്യമുണ്ടായിട്ടും അതിനെ നിരുപാധികം തള്ളിക്കളയല്‍ കുറ്റകരം തന്നെയാണ്. പക്ഷെ, ഹദീസുകള്‍ എന്നത് വിശുദ്ധ ഖുര്‍ആന്‍ പോലെ അല്ലാഹുവിങ്കല്‍ നിന്നും നബി(സ) മുഖേന നമുക്ക് നേര്‍ക്കു നേരെ ലഭിച്ചതല്ല. അത് തെറ്റും ശരിയും ചെയ്യുന്ന നിരവധി മനുഷ്യര്‍ മുഖേന നമുക്ക് ലഭിച്ചിട്ടുള്ളതാണ്. അതുകൊണ്ട് ഹദീസുകള്‍ ഖുര്‍ആന്‍ പോലെ നൂറു ശതമാനവും സത്യസന്ധമാണെന്ന് ഇന്ന് ചിലര്‍ ജല്പിക്കുന്നതുപോലെ മുസ്‌ലിം ലോകത്ത് ഇന്നേവരെ ഒരു പണ്ഡിതനും അവകാശപ്പെട്ടിട്ടില്ല.
അതുകൊണ്ടുതന്നെയാണ് ഹദീസ് നിദാന ശാസ്ത്രപണ്ഡിതന്മാര്‍ ഉസ്വൂലുല്‍ ഹദീസിന്റെ ഗ്രന്ഥങ്ങള്‍ രചിച്ചത്. ഒരു ഹദീസ് നബി(സ)യില്‍ നിന്നുള്ളതാണെന്ന് നാം അംഗീകരിക്കണമെങ്കില്‍ ഒരുപാട് നിബന്ധനകള്‍ ഹദീസുനിദാനശാസ്ത്ര പണ്ഡിതന്മാര്‍ വെച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഹദീസിന്റെ സനദും (പരമ്പര) മത്‌നും (വിഷയം) സ്വഹീഹാവുകയെന്നത്. ഹദീസുനിദാനശാസ്ത്ര പണ്ഡിതന്മാര്‍ അക്കാര്യം രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഇമാം ശാത്വബിയുടെ ‘അല്‍ഇഅ്തിസാം’ 1:290, ഇ്ബനു കസീറിന്റെ ‘അല്‍ബാഇസ്’ പേജ് 42, ജലാലുദ്ദീനുസ്സുയൂഥിയുടെ ‘അല്‍ഹാവീലില്‍ ഫതാവ 2:124, ഇമാം സഖാവിയുടെ ‘ഫത്ഹുല്‍മുഗീസ്’ 1:225 എന്നിവ നോക്കുക. ഹദീസുകളെ സംബന്ധിച്ച് ബാലപാഠം പോലുമില്ലാത്ത ചില പ്രാസംഗികന്മാര്‍ പറഞ്ഞു പ്രചരിപ്പിച്ചുകൊണ്ടിരിക്കുന് നത്, ഹദീസുകളുടെ സനദ്(പരമ്പര) മാത്രം ശരിയായാല്‍ മതി എന്നാണ്. അത് ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് നിരക്കുന്നതല്ല.
ഹദീസുകള്‍ തള്ളാനും കൊള്ളാനും നിദാനശാസ്ത്രപണ്ഡിതന്മാര്‍ വെച്ചിട്ടുള്ള നിബന്ധനകള്‍ സ്വിഹാഹുസ്സിത്തയിലെയും അല്ലാത്തതിന്റെയും എല്ലാ ഹദീസുകള്‍ക്കും ബാധകമാണ്. ബുഖാരിയുടെയും മുസ്‌ലിമിന്റെയും അതേ നിയമം തന്നെയാണ് മറ്റുള്ള റിപ്പോര്‍ട്ടര്‍മാക്കുള്ളതും. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ ‘നുഖ്ബതുല്‍ ഫിക്ര്‍’ , പേജ് 113 ലും ഇമാം സഖാവിയുടെ ‘ഫത്ഹുല്‍ മുഗീസ്’ 1:290 ലും മര്‍ഹൂം കെ പി മുഹമ്മദു മൗലവിയുടെ മലയാള പുസ്തകം ‘അത്തവസ്സുല്‍’ പേജ് 82 നോക്കുക. നബി(സ) മാനവരില്‍ ഏറ്റവും ഉന്നതനായ ഭക്തനാണെന്ന കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല. എന്നാല്‍ പ്രവാചകനില്‍ നിന്നും ഒരിക്കലും വരാന്‍ സാധ്യതയില്ലാത്ത അറപ്പും വെറുപ്പുമുളവാക്കുന്ന ചില സംഭവങ്ങള്‍ നബി(സ)യില്‍ നിന്നും ഉണ്ടായി എന്ന് വരുത്തിത്തീര്‍ക്കുന്ന ചില ഹദീസുകളും നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും.
താഴെ വരുന്ന ഹദീസ് ശ്രദ്ധിക്കുക: ”ആഇശ(റ) പ്രസ്താവിച്ചു: ജൗനിന്റെ പുത്രിയെ (വിവാഹാനന്തരം) നബി(സ) യുടെ അടുക്കല്‍ പ്രവേശിപ്പിക്കപ്പെടുകയും നബി(സ) അവളിലേക്ക് അടുക്കുകയും ചെയ്തപ്പോള്‍ അവള്‍ നബി(സ)യോട് ഇപ്രകാരം പറഞ്ഞു. നിന്റെ നാശത്തില്‍ നിന്നും ഞാന്‍ അല്ലാഹുവോട് രക്ഷ തേടുന്നു. അപ്പോള്‍ നബി(സ) അവളോട് പറഞ്ഞു: തീര്‍ച്ചയായും നീ ശരണം തേടിയത് മഹാനായ (പ്രവാചകരില്‍) നിന്നാണ്. നിന്റെ കുടുംബവുമായി ചേരുക”(ബുഖാരി 5254). മേല്‍ പറഞ്ഞ സ്ത്രീയുടെ പേര് ഉമൈമത്ത് എന്നായിരുന്നുവെന്നും നബി(സ) ഉടനെത്തന്നെ അവളെ ത്വലാഖു ചൊല്ലിയെന്നും ‘ഫത്ഹുല്‍ ബാരി 12:21 ല്‍ ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തിയിട്ടുണ്ട്.
മേല്‍ പറഞ്ഞ ഹദീസിനെ ഒരു സത്യവിശ്വാസിക്ക് എങ്ങനെയാണ് ഉള്‍ക്കൊള്ളാന്‍ സാധിക്കുക? അല്ലാഹുവില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഉമൈമത്ത് എന്ന സ്ത്രീക്ക് എങ്ങനെയാണ് നബി(സ)യെ ദുഷ്ടനും നാശകാരിയുമായി കരുതാനും ചിത്രീകരിക്കാനും കഴിയുക? ഇത്തരം ഹദീസുകള്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ നബി(സ)യെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ നിര്‍മിച്ചുണ്ടാക്കിയതാണെന്ന് ആരെങ്കിലും പറയുന്ന പക്ഷം അവരെ നമുക്ക് ഹദീസുനിഷേധി എന്ന് പറയാന്‍ പറ്റുമോ? മറ്റൊരു ഹദീസ് ശ്രദ്ധിക്കുക: ”ആഇശ(റ) പ്രസ്താവിച്ചു: സുഹൈലിന്റെ മകള്‍ സഹ്‌ല വന്നിട്ട് നബി(സ)യോട് ഇപ്രകാരം പറയുകയുണ്ടായി. അല്ലാഹുവിന്റെ ദൂതരെ, സാലിം (അടിമ) എന്റെ അടുക്കല്‍ പ്രവേശിക്കുന്നത് (ഭര്‍ത്താവായ) ഹുദൈഫക്ക് ഇഷ്ടമില്ല. അപ്പോള്‍ നബി(സ) സഹ്‌ലയോട് പറഞ്ഞു: അദ്ദേഹത്തിന് (സാലിമിന്) നീ മുല കൊടുക്കുക. അപ്പോള്‍ അവള്‍ ചോദിച്ചു: ‘ഞാനെങ്ങനെ അദ്ദേഹത്തിന് മുലകൊടുക്കും? അദ്ദേഹം വലിയ മനുഷ്യനല്ലേ? അപ്പോള്‍ നബി(സ) പുഞ്ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: അദ്ദേഹം വലിയ മനുഷ്യനാണെന്ന് എനിക്കറിയാം”(മുസ്‌ലിം 1453)
ഇസ്‌ലാമിന്റെ പവിത്രത തന്നെ നഷ്ടപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ടാണിത്. ഒന്ന്, നബി(സ) സഹ്‌ല എന്ന യുവതിക്ക് സാലിം എന്ന യുവാവിനെ വശത്താക്കാന്‍ സൂത്രം പറഞ്ഞുകൊടുക്കല്‍. ഇത് സ്വഹീഹായി വന്ന മറ്റു നബി വചനങ്ങള്‍ക്ക് വിരുദ്ധമാണ്. നബി(സ) പല പ്രാവശ്യം പറഞ്ഞതാണ്. ഭര്‍ത്താവിന്റെ അനുവാദമില്ലാത്തവരെ ഭാര്യമാര്‍ അടുപ്പിക്കുവാന്‍ പാടില്ല എന്നത്. രണ്ട്, മുലകുടിക്കലും മുലകുടി ബന്ധം സ്ഥാപിക്കലും യുവത്വത്തിന്റെ കാലഘട്ടത്തിലല്ല. മറിച്ച്, രണ്ടു വയസ്സ് പൂര്ത്തീകരിക്കുന്നതിന്നിടയിലാ ണ്. ”മുലകുടി പൂര്‍ണമാക്കണം എന്നുദ്ദേശിക്കുന്ന മാതാക്കള്‍ പൂര്‍ണമായ രണ്ടു വര്‍ഷം കുഞ്ഞുങ്ങള്‍ക്ക് മുല കൊടുക്കേണ്ടതാണ്’ (അല്‍ബഖറ 233)
മൂന്ന്, യുവാവും താടിയും മീശയുമുള്ള വ്യക്തി എന്നതാണ് വലിയ മനുഷ്യനാണ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അതറിഞ്ഞുകൊണ്ടുതന്നെ നബി(സ) സഹ്‌ലയെ പറ്റിക്കുകയാണ് എന്ന വിധമാണ് ഈ ഹദീസിലെ പ്രയോഗം. ഈ വിഷയകരമായി വന്ന വേറൊരു ഹദീസ് ഇപ്രകാരമാണ്. ”ജാസിര്‍(റ) പ്രസ്താവിച്ചു. നബി(സ) ഒരു പെണ്ണിനെ കണ്ടു (വികാരഭരിതനായി) അങ്ങനെ ഭാര്യ ഹഫ്‌സ(റ)യുടെ അടുക്കല്‍ ചെന്ന് ആവശ്യം നിര്‍വഹിച്ചു. അവര്‍ ഊറിക്കിടന്ന തോല് ഉരസുകയായിരുന്നു. അനന്തരം നബി(സ) തന്റെ കൂട്ടുകാരിലേക്ക് ചെന്ന് ഇപ്രകാരം പറഞ്ഞു: തീര്‍ച്ചയായും പെണ്ണ് പിശാചിന്റെ രൂപത്തില്‍ മുന്നിടുകയും പിന്നിടുകയും ചെയ്യും. അത്തരം സ്ത്രീകളെ വല്ലവനും കാണുന്ന പക്ഷം ഉടനെ അവന്‍ തന്റെ ഭാര്യയിലേക്ക് ചെന്നുകൊള്ളട്ടെ. അത് അവന്റെ മനസ്സിന് കുളിര്‍മ നല്‍കുന്നതാണ് (മുസ്‌ലിം 1403)
ഇപ്പറഞ്ഞ ഹദീസും നബി(സ)യുടെ മഹത്വത്തിന് ഒരിക്കലും യോജിച്ചതല്ല. ഇത്തരം റിപ്പോര്‍ട്ടുകള്‍ തന്നെയാണ് യുക്തിവാദികളും ഓറിയന്റലിസ്റ്റുകളും ഇസ്‌ലാമിനെയും പ്രവാചകനെയും ഇടിച്ചു താഴ്ത്താനും പരിഹസിക്കാനും ഉപയോഗപ്പെടുത്തുന്നതും. ബുഖാരി പറഞ്ഞതാണ് മുസ്‌ലിം റിപ്പോര്‍ട്ടു ചെയ്താണ് എന്ന് പറഞ്ഞുകൊണ്ട് ഇത്തരം ഇസ്‌ലാമിക വിരുദ്ധ കാര്യങ്ങള്‍ക്ക് സാധുത നല്‍കുന്ന കുറേ പ്രാസംഗികര്‍ രംഗത്തുണ്ട് എന്നത് ഒരു വസ്തുതയാണ്. അവര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത് കുരങ്ങന് ഏണിവെച്ചുകൊടുക്കുകയാണ്. അഥവാ യുക്തിവാദികള്‍ക്ക് തെളിവുണ്ടാക്കിക്കൊടുക്കുകയാണ്. ഏറ്റവും ചുരുങ്ങിയത് ഇത്തരം ഹദീസുകളെ ന്യായീകരിക്കാനും പാടെ നിഷേധിക്കാനും ശ്രമിക്കാതെ ‘തവഖ്ഖുഫാക്കി’ (മൗനം പാലിക്കുക) നിര്‍ത്താനെങ്കിലും അവര്‍ ശ്രമിക്കേണ്ടതാണ്.
യുക്തിവാദികള്‍ക്കും ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കും വളം വെച്ചുകൊടുക്കുന്ന ഒരുപാട് ഉദ്ധരണികള്‍ നമ്മുടെ തഫ്‌സീറുകള്‍ പരിശോധിച്ചാലും കണ്ടെത്താന്‍ സാധിക്കും. ഉദാഹരണത്തിന് ജലാലൈനി തഫ്‌സീറിലെ ചില പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക: സൂറത്ത് അഹ്‌സാബിലെ 36-ാം വചനം വിശദീകരിച്ചുകൊണ്ട് ജലാലൈനി തഫ്‌സീര്‍ രേഖപ്പെടുത്തി: ”അങ്ങനെ അവളെ (സൈനബയെ) നബി(സ) സൈദിന് വിവാഹം ചെയ്തുകൊടുത്തു. പിന്നീട് അദ്ദേഹത്തിന്റെ കണ്ണ് (നബിയുടെ) അവളില്‍ പതിഞ്ഞു. കുറച്ചു കാലത്തിനുശേഷം നബി(സ)യുടെ മനസ്സില്‍ അവളോട് പ്രേമം ഉടലെടുത്തു. സൈദിന്റെ മനസ്സില്‍ അവളോട് വെറുപ്പ് നിലകൊണ്ടു. അദ്ദേഹം അനന്തരം നബി(സ)യോട് ഇപ്രകാരം പറഞ്ഞു: ഞാനവളുടെ വിവാഹബന്ധം വേര്‍പെടുത്താന്‍ ഉദ്ദേശിക്കുന്നു” (ജലാലൈനി 2:484) ഒരു ആവറേജ് ഈമാനുള്ള വ്യക്തി പോലും ചെയ്യാന്‍ മടിക്കുന്ന തോന്നിവാസമാണ് മറ്റൊരു വ്യക്തിയുടെ ഭാര്യയെ പ്രേമിക്കുകയെന്നത്.
അതിനെക്കാളും മോശപ്പെട്ട നിലയിലാണ് നബി(സ)യെ ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്. സൂറത്ത് യൂസുഫ് 24-ാം വചനത്തിന്റെ തഫ്‌സീറില്‍ ജലാലൈനി രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ”അദ്ദേഹത്തിന്റെ വികാരം (സുലൈഖയോടുള്ള) തന്റെ വിരല്‍ കൊടികളിലൂടെ പുറത്തുപോയി” (ജലാലൈനി 1: 270).
ഇവിടെ യൂസുഫ് നബി(അ)ന്ന് ഒരു പ്രവാചകനാണെന്ന പരിഗണന പോലും കൊടുത്തില്ലായെന്നതാണ് വസ്തുത. ചുരുക്കത്തില്‍ മേല്‍ പറഞ്ഞ ഹദീസുകളും തഫ്‌സീറുകളുമാണ് യുക്തിവാദികളും മറ്റും നബി(സ)യെ ഒരു സ്ത്രീലമ്പടനായി ചിത്രീകരിക്കാന്‍ ഉപയോഗപ്പെടുത്തുന്നത്. ഉദാഹരണത്തിന് ലോകത്ത് അറിയപ്പെടുന്ന ഒരു യുക്തിവാദിയാണ് ‘അലിഡസ്തി’ എന്ന ഇറാന്‍കാരന്‍.
അദ്ദേഹത്തിന്റെ പേര്‍ഷ്യന്‍ ഭാഷയിലുള്ള ഒരു പുസ്തകമാണ്: ‘മുഹമ്മദ് നബി മറനീക്കിയപ്പോള്‍’ എന്നത്. ആ പുസ്തകത്തിന്റെ മലയാള പരിഭാഷയില്‍ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ”പ്രവാചകന് ആകെയുള്ള ഒരു ജോലി സ്ത്രീകളുമായി ബന്ധപ്പെടലാണ്” (പേജ്155). മറ്റൊരു വാചകം ഇപ്രകാരമാണ്: ”സ്വന്തം ശിഷ്യന്മാര്‍ക്ക് ഒരു നിയമം (വിവാഹകാര്യത്തില്‍) അദ്ദേഹത്തിന് മറ്റൊരു നിയമം” (പേജ് 156). ജലാലൈനി എടുത്ത് ഉദ്ധരിച്ചുകൊണ്ട് നബി(സ)യെ അദ്ദേഹം വിമര്‍ശിക്കുന്നതു ശ്രദ്ധിക്കുക. ”സൈനബിനോടുള്ള പ്രവാചകന്റെ സമീപനത്തില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയതും വിവാഹം കഴിച്ചു കൊടുത്തതിന് ശേഷമാണെന്നാണ് തഫ്‌സീര്‍ ജലാലൈനിയില്‍ പറയുന്നത്. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ദൃഷ്ടി അവളില്‍ പതിയുകയും ഹൃദയത്തില്‍ പ്രേമം മുളപൊട്ടുകയും ചെയ്തു”(പേജ് 174)
മേല്‍ പറയപ്പെട്ട പരാമര്‍ശങ്ങളൊന്നും നബി(സ)ക്ക് ഒട്ടും യോജിച്ചതല്ല. കാരണങ്ങള്‍ പലതാണ്. ഒന്ന്, നബി(സ) യെ ജനങ്ങളില്‍ വെച്ച് ഏറ്റവും ഉന്നതനും ഉല്‍കൃഷ്ടനുമായിട്ടാണ് പ്രമാണങ്ങള്‍ തെളിയിക്കുന്നത്. രണ്ട്, നബി(സ)ക്ക് ഏറ്റവും നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊടുത്തത് അല്ലാഹുവാണ്. അല്ലാഹു അരുളി: ”തീര്‍ച്ചയായും താങ്കള്‍ മഹത്തായ സ്വഭാവത്തിലാകുന്നു” (ഖലം 4). നബി(സ)യുടെ സ്വഭാവത്തെക്കുറിച്ച് ആഇശ(റ)ാേട് ചോദിച്ചപ്പോള്‍ അവിടുന്നുണ്ടായ മറുപടി ഖുര്‍ആനായിരുന്നു എന്നാണ്”(മുസ്‌ലിം). മൂന്ന്, നബി(സ) വികാരം നിയന്ത്രിക്കാന്‍ സര്‍വ മനുഷ്യരെക്കാളും കഴിവുള്ളവനായിരുന്നു എന്ന് ആഇശ(റ) തന്നെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്”(ബുഖാരി).
നാല്, ”ഞാന്‍ നിങ്ങളേക്കാള്‍ എല്ലാം ഉപരിയായി അല്ലാഹുവിനെ ഭയപ്പെടുന്നവനും സൂക്ഷിക്കുന്നവനുമാണെന്ന് നബി(സ) തന്നെ പറഞ്ഞിട്ടുണ്ട്” (ബുഖാരി). അഞ്ച്, നബി(സ) ഒരിക്കലും ദുര്‍മാര്‍ഗമോ വഴിപിഴവോ സ്വീകരിക്കുന്നതല്ല. അല്ലാഹു അരുളി: ”നിങ്ങളുടെ കൂട്ടുകാരന്‍ വഴി പിഴച്ചിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല” (നജ്മ് 2). ആറ്, നബി(സ)ക്ക് മനുഷ്യ ജിന്ന് പിശാചുക്കളുടെ എല്ലാവിധ ശര്‍റുകളില്‍ നിന്നും അല്ലാഹു സംരക്ഷണം നല്‍കിയിട്ടുണ്ട്. അല്ലാഹു അരുളി: ”ജനങ്ങളില്‍ നിന്ന് അല്ലാഹു താങ്കളെ രക്ഷിക്കുന്നതാണ്” (മാഇദ). ഇപ്പറഞ്ഞ പ്രവാചകനില്‍ നിന്നും മേല്‍പറഞ്ഞ വിധം ആഭാസകരങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുകയെന്നത് അസംഭവ്യവും മുസ്‌ലിംകള്‍ക്ക് അംഗീകരിക്കാന്‍ പാടില്ലാത്തതുമാണ്.