22 Sunday
December 2024
2024 December 22
1446 Joumada II 20

മഹാരാഷ്ട്ര തോല്‍വിയോളം പോന്ന വിജയം-വി കെ ജാബിര്‍

മഹാരാഷ്ട്രയില്‍ ബി ജെ പി ശിവസേന സഖ്യം 162 സീറ്റുമായി കേവല ഭൂരിപ ക്ഷം നേടിയെങ്കിലും അധികാര പങ്കാളിത്തം അത്ര സുഖകരമായിരിക്കില്ലെന്നാണ് ഇതെഴുതുമ്പോഴുള്ള അവസ്ഥ. ഇരുനൂറിലേറെ സീറ്റ് നേടി സുരക്ഷിതമായി അധികാരം പിടിക്കാമെന്ന കണക്കുകൂട്ടലുകള്‍ പിഴച്ചിരിക്കുന്നു. പ്രതിപക്ഷ സഖ്യമായ കോണ്‍ഗ്രസ് എന്‍ സി പി മുന്നണി 104 സീറ്റ് എന്ന അപ്രതീക്ഷിത മുന്നേറ്റമാണ് കാഴ്ചവെച്ചത്.
ഉന്മൂലന ശ്രമങ്ങള്‍ക്കിടയിലും ശരദ് പവാറിന്റെ കരുത്തു വീണ്ടും ഉറപ്പിച്ച ഫലം കൂടിയാണ് മഹാരാഷ്ടയില്‍ ഉണ്ടായത്. കാര്യങ്ങള്‍ ബി ജെ പിയുടെ വഴിക്കല്ല നീങ്ങിയതെന്നു വ്യക്തം. നേരത്തെ 44 സീറ്റുണ്ടായിരുന്ന എന്‍ സി പി തികച്ചും പ്രതികൂലമായ സാഹചര്യങ്ങള്‍ നേരിട്ട് നേടിയത് 54 സീറ്റുകളാണ്. രണ്ടു സീറ്റുകള്‍ കൂടുതല്‍ പിടിച്ചെടുത്ത്, അമരക്കാനില്ലാത്ത കോണ്‍ഗ്രസും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
ബിജെപിക്ക് ഇരുപതോളം സീറ്റുകളുടെ നഷ്ടം മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസിനു മുന്നില്‍ ചില പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വോട്ടുവിഹിതത്തില്‍ 2.5 ശതമാനത്തിലേറെ നഷ്ടമായി. കഴിഞ്ഞ നിയമസഭയേക്കാള്‍ ആറു സീറ്റ് നഷ്ടമുണ്ടായെങ്കിലും, ബി ജെ പിക്ക് കൂടുതല്‍ കോട്ടം സംഭവിച്ചത് ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേനയുടെ വിലപേശല്‍ ശക്തി വര്‍ധിപ്പിച്ചിരിക്കുന്നു. സര്‍ക്കാര്‍ രൂപീകരണത്തിനു മുന്‍പ് ഉടക്കുമായി സേനാ മുഖപത്രം സാമ്‌ന രംഗപ്രവേശം ചെയ്തു കഴിഞ്ഞു. കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ ശിവസേന എന്‍ സി പി സര്‍ക്കാര്‍ എന്ന ആശയം മുംബെയുടെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ നിന്നു മാഞ്ഞിട്ടില്ല. അത്തരമൊരു സാധ്യത തള്ളാതെ നിര്‍ത്തുന്നത് വിലപേശലിനു മൂര്‍ച്ച കൂട്ടാനുള്ള സേനയുടെ തന്ത്രം തന്നെയാണ്. ഭരണത്തില്‍ 50:50 എന്ന തോതില്‍ തുല്യ പങ്കാളിത്തം (മുഖ്യമന്ത്രിപദത്തില്‍ വരെ) വേണമെന്ന് ശിവസേന വാശിപിടിക്കുന്നത് കാര്യങ്ങള്‍ അനുകൂലമാക്കാനുള്ള തന്ത്രം മാത്രമായേ കാണേണ്ടൂ. ബി ജെ പി സഖ്യം വിട്ട് ശിവസേന പുറത്തുവരുമെന്നാരും കരുതുന്നില്ല. എന്നു മാത്രമല്ല, ഭൂരിപക്ഷം ലഭിക്കാത്ത സംസ്ഥാനങ്ങളില്‍ വരെ പിന്‍വാതില്‍ വഴി അധികാരമുറപ്പിച്ച അമിത് ഷായുടെ ബിജെപിക്ക് മഹാരാഷ്ട്ര വലിയൊരു പ്രശ്‌നവുമാകില്ല.
ജനാധിപത്യ വ്യവസ്ഥയില്‍ വിജയം ഒരു സീറ്റിന്റേതായാലും വിജയം തന്നെയാണ്. പക്ഷെ ബിജെ പിയുടെയും ഷാ മോദി കൂട്ടുകെട്ടിന്റെയും ഏകാധിപത്യ സമാനമായ അഹങ്കാരത്തിനേല്‍പിച്ച ആഘാതം എന്ന നിലയിലാണ് മഹാരാഷ്ട്ര ഫലത്തെ വിലയിരുത്തേണ്ടത്. അപ്പോഴാണ് നേരിയ ഭൂരിപക്ഷത്തോടെ മാജിക് നമ്പര്‍ മറികടന്ന തെരഞ്ഞെടുപ്പു വിജയം തോല്‍വിയോളം പോന്നതാണെന്ന് വിലയിരുത്തപ്പെടുന്നത്. ധാര്‍മിക പരാജയമെന്ന് മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ പലരും വിലയിരുത്തിയതും ആഹ്ലാദാരവങ്ങളുടെ അമിതപ്രകടനങ്ങള്‍ ബി ജെ പി ആസ്ഥാനത്തു നിന്ന് അപ്രത്യക്ഷമായതും. ബി ജെ പിയുടെ പല പ്രമുഖ മന്ത്രിമാരും നേതാക്കളും തോല്‍വി രുചിച്ചുവെന്നതും ഭരണവിരുദ്ധതയുടെ മേലൊപ്പല്ലാതെ മറ്റെന്താണ്.

തൂങ്ങിയാടി താമര തൊട്ട് ഹരിയാന
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നിലം തൊടീക്കാതെ ബി ജെ പിക്ക് എല്ലാ സീറ്റുകളും സമ്മാനിച്ച ഹരിയാന അഞ്ചു മാസം കൊണ്ട് വല്ലാതെ മാറിയെന്ന് നിയമസഭാ തെരഞ്ഞെടുപ്പു ഫലം പറയുന്നു. തൊണ്ണൂറംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ട 46 സീറ്റു തികയ്ക്കാന്‍ പോലും ബി ജെ പിക്കു കഴിഞ്ഞില്ല. മാത്രമല്ല കഴിഞ്ഞ സഭയില്‍ 15 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ്, തമ്മില്‍ തല്ലി ജയിക്കാനര്‍ഹതയില്ലെന്ന് ജനങ്ങള്‍ക്കു മുന്നില്‍ പരസ്യ പ്രചാരണം നടത്തിയിട്ടും 31 സീറ്റുനേടി കരുത്തു കാട്ടി എന്നതും ജനഹിതത്തിന്റെ സൂചനയാണ്. ദുഷ്യന്ത് ചൗത്താല നയിക്കുന്ന ജനായക് ജനതാ പാര്‍ട്ടി (ജെ ജെ പി) നേടിയ പത്തു സീറ്റും ഭരണവിരുദ്ധതയുടെ അടയാളങ്ങളായിരുന്നു തെരഞ്ഞെടുപ്പു ഫലം പുറത്തു വരുന്നതു വരെ. ബി ജെ പി ഭരണത്തിനെതിരെയും മോഡിക്കെതിരെയും കടുത്ത പ്രചാരണം നടത്തിയാണ്, മുന്‍ മുഖ്യമന്ത്രി ദേവിലാലിന്റെ പിന്മുറക്കാരന്‍ നയിച്ച പാര്‍ട്ടി വോട്ടു ചോദിച്ചത്. മോഡിയുടെയും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെയും നിശിത വിമര്‍ശകനായിരുന്നു പ്രചാരണകാലത്തുടനീളം ഇദ്ദേഹം. ബി ജെ പിയെ പിന്തുണയ് ക്കാനുള്ള തീരുമാനത്തെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുക സ്വാഭാവികമാണ്. എന്നാല്‍ ജെ ജെ പി നേതാവ് ജനങ്ങളെ വഞ്ചിച്ചു എന്ന് കുറ്റപ്പെടുത്തി, പാര്‍ട്ടിയുടെ പ്രമുഖ പ്രചാരകനും നേതാവുമായ മുന്‍ ബി എസ് എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചിരിക്കുന്നു.
അധികാരത്തിന്റെ തേന്‍കുടത്തില്‍നിന്ന് മധു നുകര്‍ന്ന് ജനങ്ങളെ സേവിക്കാനുളള സാധ്യത മുന്നില്‍ തെളിഞ്ഞു വരുമ്പോള്‍ അതു തട്ടിമാറ്റി ധാര്‍മികത പാലിക്കാനുള്ള ചങ്കുറപ്പ് ജൂനിയര്‍ ചൗത്താലക്കില്ലാത്തത് അമിത് ഷാ സര്‍വാധിപത്യ കാലത്ത് ചെറിയൊരു പാതകം പോലുമല്ലല്ലോ. ജനങ്ങളേല്‍പ്പിച്ച ഉത്തരവാദിത്തം മറന്നാലും ഉപമുഖ്യമന്ത്രി പദം ഈ ചെറുപ്പക്കാരനു മുന്നില്‍ തുറന്നിടുന്ന തരത്തില്‍ തൂങ്ങിയാടുന്ന വിധിയാണ് ഹരിയാന മുന്നോട്ടുവച്ചത്. സംസ്ഥാനത്ത് നിലവിലത്തെ മന്ത്രിമാരില്‍ ഏഴു പേരാണ് ജനരോഷത്തിന്റെ ചൂട് അറിഞ്ഞത്. കോണ്‍ഗ്രസില്‍നിന്ന് മറുകണ്ടം ചാടി ജനവിധി തേടിയ പ്രമുഖരും തോല്‍വിയുടെ കൈപ്പ് അറിഞ്ഞിരിക്കുന്നു.
ഹരിയാന നിയമസഭയില്‍ 75 സീറ്റില്‍ വിജയിക്കുമെന്ന് അവകാശവാദംമുഴക്കിയ അമിത്ഷായുടെ പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പില്‍ 36 ശതമാനം വോട്ടുകളെ നേടാനായുള്ളു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 58.02 ശതമാനം വോട്ടുകള്‍ നേടിയ സ്ഥാനത്താണ് വോട്ടു വിഹിതത്തിലെ ഈ കൂപ്പുകുത്തല്‍. 22 ശതമാനത്തിലേറെ ജനപിന്തുണയാണ് നഷ്ടമായിരിക്കുന്നത്. ആകെ മൊത്തം നോക്കുമ്പോഴും ധീരമായ ജനാധിപത്യ വിധിയായിരുന്നു ഹരിയാന നല്‍കിയിരുന്നത്. എങ്കിലും അധികാരത്തിനപ്പുറം ധാര്‍മികത അപ്രസക്തമാകുന്ന കാലത്ത് ഹരിയാനയില്‍ ഭരണം സ്വന്തമാക്കുക ബി ജെ പിയെ സംബന്ധിച്ച് അശേഷം പ്രയാസമുള്ള കാര്യമല്ല.
ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയും കാര്‍ഷിക വിലയിടിവും കൊണ്ടു പൊറുതിമുട്ടിയ ജനങ്ങള്‍ നല്‍കിയ വിധി ജനാധിപത്യത്തിന്റെ കുറുക്കു വഴികളി ലൂടെ വീണ്ടും ബി ജെ പിക്കൊപ്പമെത്തി എന്നതാണ് ശരിയായ വിലയിരുത്തല്‍. സ്വതന്ത്രരും വിമതരുമുള്‍പ്പെടെ ഏഴു പേരെ വിലക്കെടുക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാനും വലിയ പ്രയാസമില്ല. വിജയിച്ച ജെ ജെ പിയുടെ പത്തു പേരില്‍ എത്ര പേര്‍ ഈ ഭരണം കാലാവധി പൂര്‍ത്തിയാക്കുന്ന വേളയില്‍ ആ പാര്‍ട്ടിക്കാരായി ഉണ്ടാകും എന്നതും ക്രൂരമായ തമാശയാകും. അപ്പോള്‍ എതിരായ ജനവധിയിക്കിടയിലും ഭൂരിപക്ഷമുറപ്പിക്കാന്‍ ബി ജെ പിക്കു കഴിയും. അത് ജനാധിപത്യത്തിലെ അക്കങ്ങളുടെ കളിയുടെ വിധി വല്ലാത്തൊരു വൈപരീത്യമാണ്. ആ കളിയില്‍ ബി ജെ പിയും അമിത് ഷായും ഇവിടെയും വിജയിച്ചിരിക്കുന്നു.

കേന്ദ്ര നയങ്ങള്‍ക്കെതിരായ ജന വിധി
ഇന്നലെ നടത്തിയ പ്രഖ്യാപനങ്ങളും അവകാശവാദങ്ങളും അസ്ഥാനത്താകുമ്പോള്‍ അവ പച്ചവെള്ളം തൊടാതെ വിഴുങ്ങുക, ഇന്നലെ പറഞ്ഞതെന്തും ഇന്ന് കേട്ടതായി പോലും ഭാവിക്കാതിരിക്കുക, ഏതു നുണയേയും സത്യമാക്കി സ്ഥാപിക്കുക എന്നിവയെല്ലാം ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ സവിശേഷ സ്വഭാവമായി ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്. അധികാരത്തിനു മുന്നില്‍ ഏത് അധാര്‍മികതയും കളവും മായ്ക്കപ്പെടുന്ന കാലത്ത്, ഇത്തരം കഴിവുകളില്‍ അപാര നൈപുണ്യം കാണിക്കുന്നവരാണ് വിജയികള്‍. ഫാസിസത്തിന്റെ ഈ സിദ്ധാന്തം ആവര്‍ത്തിച്ചു തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വ്യാഴാഴ്ച പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും പ്രതികരണങ്ങള്‍ ആ യാഥാര്‍ഥ്യത്തിന് ഒരിക്കല്‍കൂടി അടിവരയിടുന്നു.
ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഭരണഘടനയുടെ 370 അനുഛേദമടക്കം വ്യവസ്ഥ ചെയ്യുന്ന ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ നടപടികളുടെ മേലുള്ള ജനഹിതം ആയിരിക്കുമെന്നാണ് മോഡി പ്രചാരണത്തിലുടനീളം പ്രഖ്യാപിച്ചിരുന്നത്. ദേശീയതയും കശ്മീര്‍ പ്രത്യേകാവകാശം റദ്ദാക്കിയതുമായിരുന്നു മുഖ്യ പ്രചാരണ വിഷയങ്ങള്‍. ദേശീയ പൗരത്വ പട്ടികയും പ്രചാരണത്തില്‍ ഇടംപിടിച്ചു.
എന്നാല്‍, വ്യാഴാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം അതേപ്പറ്റി ഈ നേതാക്കള്‍ ഒന്നും പറഞ്ഞു കേള്‍ക്കുന്നില്ല. ഇരുസംസ്ഥാനങ്ങളിലും വോട്ടിംഗ് ശതമാനത്തിലും സീറ്റിന്റെ എണ്ണത്തിലും ബിജെപിക്കുണ്ടായ ഗണ്യമായ ഇടിവിനും തിരിച്ചടിക്കും യാതൊരു വിശദീകരണവും നല്‍കാതെ സംസ്ഥാന മുഖ്യമന്ത്രിമാരെ പഴിച്ച് തടി രക്ഷപ്പെടുത്തുകയായിരുന്നു നരേന്ദ്ര മോഡി.
തെരഞ്ഞെടുപ്പ് പ്രചാരണത്തി ല്‍ ഒരിക്കല്‍പോലും സംസ്ഥാന സര്‍ക്കാരോ സംസ്ഥാന ഭരണനേട്ടമോ വിഷയമേ ആയിരുന്നില്ല. കശ്മീര്‍ പ്രശ്‌നത്തില്‍ റഫറണ്ടം എന്ന വാദം അപ്പാടെ വിഴുങ്ങിയ മോഡി വോട്ടിംഗ് ശതമാനം കൂടിയെന്ന പാഴ് കണക്കു പറഞ്ഞ് കാമറക്കണ്ണുകളില്‍ നിന്ന് തലയൂരുകയായിരുന്നു.
കാര്യങ്ങളെ കുറിച്ച് ഉത്തരവാദിത്വ ബോധത്തോടെ സംസാരിക്കുന്നതും തോല്‍വികള്‍ ഏറ്റെടുക്കുന്നതും തിരിച്ചടി അംഗീകരിക്കുന്നതും ധാര്‍മിക ബോധവും സത്യസന്ധതയും കൈമുതലായുള്ള നേതാക്കളുടെ ലക്ഷണമാണല്ലോ. ബിജെപിക്കും എന്‍ഡിഎ സര്‍ക്കാരിനുമേറ്റ ഈ തിരിച്ചടി മറച്ചുവയ്ക്കുന്നത് തുടര്‍ന്നുവരാന്‍ പോകുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിന് മാന്യതയുടെ പരിവേഷം പകര്‍ന്നു നല്‍കുന്നതിനു മാത്രമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.
കോണ്‍ഗ്രസ് ചരിത്രത്തിലെ സംഘടനാപരവും രാഷ്ട്രീയവുമായ ഏറ്റവും കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഇക്കാലത്ത് ഹരിയാന നിയമസഭയില്‍ 31 സീറ്റുകള്‍ നേടാനായി എന്നത് അതിന്റെ നേതൃത്വത്തെതന്നെ അമ്പരപ്പിച്ച നേട്ടമാണ്. പത്ത് സീറ്റു നേടിയ ജനനായക ജനതാപാര്‍ട്ടിയുമായി ചേര്‍ന്ന് ഹരിയാനയില്‍ ബദല്‍ സര്‍ക്കാരിനുള്ള സാധ്യതകളുടെ പഴുതടച്ചാണ് ബിജെപി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കുതിരക്കച്ചവട നീക്കം വിജയം കണ്ടത്. രാഷ്ട്രീയ ധാര്‍മ്മികതയ്ക്കും തത്വാധിഷ്ഠിത രാഷ്ട്രീയത്തിനും തങ്ങളുടെ രാഷ്ട്രതന്ത്രത്തില്‍ സ്ഥാനമില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയാണ് മോഡിഷാ ദ്വയം.
അമതി ഷാ മോഡി കൂട്ടുകെട്ട് മുന്നോട്ടുവയ്ക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ കരുത്തുറ്റ പ്രതിപക്ഷം ഉയര്‍ന്നുവരണമെന്ന ജനാഭിലാഷമാണ് ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം. മോഡി ഭരണം രാജ്യത്തിനും ജനങ്ങള്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കുന്ന രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവുമായ പ്രതിലോമ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയ പ്രതിരോധം ഉയര്‍ന്നുവരണമെന്ന ആഗ്രഹമാണ് രണ്ടു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ അനാവരണം ചെയ്യുന്നത്.
ഇതോടൊപ്പം ഗുജറാത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും നടന്ന ഉപതെരഞ്ഞെടുപ്പു ഫലങ്ങളും കോണ്‍ഗ്രസിന് പുതിയ ഉണര്‍വും പ്രതീക്ഷയും സമ്മാനിക്കുന്നതാണ്. യുപിയില്‍ ഭരണകക്ഷിയായി ബി ജെ പിക്കു കൂടുതല്‍ നേട്ടമുണ്ടായപ്പോള്‍ സമാജ് വാദി പാര്‍ട്ടി നല്ല മുന്നേറ്റം കാഴ്ചവച്ചിരിക്കുന്നു. കേരളത്തിലും, ബി ഡി ജെ എസിന്റെയും മറ്റു ചെറു കക്ഷികളുടെയും പിന്തുണയുണ്ടായിട്ടും ബി ജെ പിയുടെ വോട്ടുവഹിതം കുറയുകയോ നേരിയ വര്‍ധന മാത്രം രേഖപ്പെടുത്തുകയോ ആണുണ്ടായിരിക്കുന്നത്.
മോഡി ദുര്‍ഭരണത്തിന് അറുതിവരുത്താന്‍ ഭൂരിപക്ഷ ജനവിഭാഗങ്ങള്‍ സന്നദ്ധമാണ്. അവര്‍ക്ക് നേതൃത്വം നല്‍കാന്‍ കരുത്തുറ്റ ഒരു പ്രതിപക്ഷ നിര ഉയര്‍ന്നു വരുന്നില്ല എന്നതാണ് രാജ്യം നേരിടുന്ന കാതലായ രാഷ്ട്രീയ പ്രശ്‌നം. അത്തരമൊരു സാധ്യത ആഹ്വാനം ചെയ്യുന്നതാണ് ഈ തെരഞ്ഞെടുപ്പു ഫലങ്ങള്‍.
ഒപ്പം രാഷ്ട്രീയത്തില്‍ പുതുക്കക്കാര്‍ക്കൊപ്പം പഴയ പടക്കുതിരകള്‍ക്കും വലിയ റോളുണ്ടെന്നും ഈ ഫലങ്ങള്‍ ഓര്‍മിപ്പിക്കുന്നു. അത് കൂടുതല്‍ കാണേണ്ടതും കേള്‍ക്കേണ്ടത് കോണ്‍ഗ്രസാണെന്നു തോന്നുന്നു. ഹരിയാനയില്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡയും ഗുലാംനബി ആസാദും ഷെല്‍ജയുമായിരുന്നു ഈ തെരഞ്ഞെടുപ്പിന് നേതൃപരമായ പങ്കുവഹിച്ചത്. മഹാരാഷ്ട്രയിലാകട്ടെ എന്‍സിപിക്കു വേണ്ടി ശരദ് പവാറും കോണ്‍ഗ്രസിനു വേണ്ടി മുതിര്‍ന്ന രാഷ്ട്രീയക്കാരായ ഏകനാഥ് ഗെയ്ക്വാദും ബാലാസാഹെബ് തൊറാത്തുമാണ് കളം നിറഞ്ഞു കളിച്ചത്. സോണിയ യുഗം തിരിച്ചുവന്നുവെന്നതും തെരഞ്ഞെപ്പു ഫലം സൂചിപ്പിക്കുന്നുണ്ട്. ഡല്‍ഹിയിലും ഗുജറാത്തിലും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് പുതിയ അധ്യക്ഷന്മാര്‍ വരുന്നുണ്ടെന്നതും ചേര്‍ത്തുവയ്ക്കാവുന്നതാണ്.
ജനാധിപത്യത്തിലെ അവിഭാജ്യ ഘടകമാണ് പ്രതിപക്ഷമെങ്കിലും അതിനെ അപ്രസക്തമാക്കാനും ഇല്ലാതാക്കാനും ഗൂഢ നീക്കം നടത്തിക്കൊണ്ടിരിക്കുന്ന അമിത് ഷാ നരേന്ദ്ര മോഡി കൂട്ടുകെട്ടിനോട് ജനങ്ങള്‍ വലിയൊരു നോ പറഞ്ഞുവച്ചിരിക്കുന്നു. ശക്തമായ പ്രതിപക്ഷത്തെയാണ് മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ജനങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കോണ്‍ഗ്രസിനു പോലും ഇല്ലാതിരുന്ന പ്രതീക്ഷയാണ് ജനങ്ങളുടെ ഹിതത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ശരദ് പവാര്‍ നയിക്കുന്ന എന്‍ സി പി എന്ന പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെയും ആദായനികുതി വകുപ്പിനെയും സര്‍ക്കാര്‍ ഏജന്‍സികളെയും മുന്നില്‍ നിര്‍ത്തി ബിജെപി അധ്യക്ഷന്‍ നടത്തിക്കൊണ്ടിരിക്കേയാണ് മഹാരാഷ്ട്രയിലെ ജനങ്ങളുടെ മറിച്ചുള്ള വിധി.
മതനിരപേക്ഷതയിലും ജനാധിപത്യത്തിലും സാമ്പത്തിക നീതിയിലും വിശ്വസിക്കുന്ന, ഭരണകൂട ഭീകരതയെ നേരിടാന്‍ കരുത്തില്ലാത്ത ഭൂരിപക്ഷം വരുന്ന സാമാന്യ ജനങ്ങളുടെ പ്രതീക്ഷകളെ അഭിസംബോധന ചെയ്യുന്ന പ്രതിപക്ഷ രാഷ്ട്രീയത്തിനാണ് ഇന്ത്യ കാതോര്‍ക്കുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന അഭൂതപൂര്‍വമായ സാമ്പത്തിക തകര്‍ച്ച, ഭരണഘടനാ സ്ഥാപനങ്ങളുടെ ദൗര്‍ബല്യവത്കരണം, വ്യാപകമാകുന്ന മനുഷ്യാവകാശലംഘനങ്ങള്‍, സാമുദായിക ധ്രുവീകരണ നീക്കങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനും പ്രതിപക്ഷ ബദല്‍ ശക്തിപ്പെടുത്താനും ഈ തെരഞ്ഞെടുപ്പു ഫലം ആവശ്യപ്പെടുന്നുണ്ട്. അതു കേള്‍ക്കാന്‍ പ്രതിപക്ഷത്തിന് കരുത്തുണ്ടാകുമോ എന്നു രാഷ്ട്രീയ ഇന്ത്യ കാതോര്‍ത്തിരിക്കുന്നു.

Back to Top