മതഭാഷാ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഭാവി എന്‍ എം അബ്ദുല്‍ജലീല്‍
ഇന്ത്യന്‍ ഭരണഘടനയില്‍ ന്യൂനപക്ഷം എന്ന വാക്കിന് ഒരു നിര്‍വചനം കൊടുത്തിട്ടില്ലെങ്കിലും ഭരണഘടനയില്‍ അനേകം തവണ ഈ പദം ഉപയോഗിക്കുകയും അതിന്റെ അര്‍ഥം കൃത്യമായി വിവക്ഷിക്കുകയും ചെയ്യുന്നുണ്ട്. മൊത്തം ജനസംഖ്യയുടെ പകുതിയില്‍ താഴെ വരുന്ന ജനവിഭാഗമാണ് ന്യൂനപക്ഷം. പകുതിയില്‍ കൂടുതല്‍ വരുന്ന വിഭാഗം ഭൂരിപക്ഷവും. ആറ് മതവിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി അംഗീകരിച്ചിട്ടുള്ളത്. മുസ്‌ലിംകള്‍ 14.2%, ക്രിസ്ത്യാനികള്‍ 2.3%, സിക്കുകാര്‍ 1.7%, ബുദ്ധമതക്കാര്‍ 0.7%, ജൈനമതക്കാര്‍ 0.4%, പാഴ്‌സികള്‍ 0.006% എന്നിവരാണത്. 2011-ലെ സെന്‍സസ് പ്രകാരം 125 കോടി ജനസംഖ്യയനുസരിച്ചുള്ള കണക്കാണിത്.
രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഉറപ്പുവരുത്തേണ്ട ചുമതല ഇന്ത്യന്‍ ഭരണഘടനയ്ക്കുണ്ട്. ജനസംഖ്യയില്‍ കുറവായ ജനവിഭാഗങ്ങളുടെ ജീവനും സ്വത്തിനും ക്ഷേമത്തിനും നിലനില്പിനും ഭീഷണി ഉണ്ടാവാനുള്ള സാധ്യതകള്‍ ഏറെയാണ്. ഭൂരിപക്ഷത്തിന് പ്രകോപനമോ ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മില്‍ സംഘര്‍ഷമോ ഉണ്ടായാല്‍ ന്യൂനപക്ഷങ്ങളുടെ ക്ഷേമം ഇല്ലാതാവുകയും സാമൂഹ്യനീതി ഹനിക്കപ്പെടുകയും ചെയ്യും. ഇങ്ങനെയുള്ള സ്ഥിതിവിശേഷങ്ങള്‍ ഒഴിവാക്കി, സാമൂഹ്യനീതി ഉറപ്പാക്കാനാണ് ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കിയിരിക്കുന്നത്.
ഇതിലൂടെ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിയാണ് ലക്ഷ്യമിടുന്നത്. ഇന്ത്യ മതേതര രാഷ്ട്രമായതുകൊണ്ട് ഒരു മതത്തെയും ദേശീയമതമായി അംഗീകരിച്ചിട്ടില്ല. എന്നാല്‍ മതന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 16, 25, 29, 30, 347, 350 എന്നിവ സുപ്രധാന വകുപ്പുകളാണ്.
ആര്‍ട്ടിക്കിള്‍ 25, ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിനും അതനുസരിച്ച് ജീവിക്കുന്നതിനും പ്രബോധനം നടത്തുന്നതിനും അവകാശം നല്‍കുന്നു. ആര്‍ട്ടിക്കിള്‍ 16 പൊതുനിയമനങ്ങളില്‍ മതത്തിന്റെയോ ജാതിയുടെയോ വര്‍ഗത്തിന്റെയോ ഭാഷയുടെയോ യാതൊരു വിവേചനവും പാടില്ല എന്ന് അനുശാസിക്കുന്നു. ആര്‍ട്ടിക്കിള്‍ 347 ഏത് വിഭാഗത്തില്‍പെട്ട ജനതയ്ക്കും അവരുടെ ഭാഷ ഉപയോഗിക്കാനുള്ള അവകാശവും ആര്‍ട്ടിക്കിള്‍ 350-എ മാതൃഭാഷയില്‍ വിദ്യ അഭ്യസിക്കാനുള്ള അവകാശവും നല്കുന്നുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഇതിനേക്കാള്‍ സുപ്രധാനമായ രണ്ടു വകുപ്പുകളാണ് 29,30 ആര്‍ട്ടിക്കിളുകള്‍. ആര്‍ട്ടിക്കിള്‍ 29(1) പ്രകാരം ഇന്ത്യന്‍ ജനതയുടെ ഏത് പരിഛേദത്തില്‍ പെടുന്നവര്‍ക്കും അവരുടേതായ ഭാഷയും സംസ്‌കാരവും സംരക്ഷിക്കാനുള്ള അവകാശമുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളിലോ ജാതിയുടെയോ മതത്തിന്റെയോ വര്‍ഗത്തിന്റെയോ പേരില്‍ പ്രവേശനം നിഷേധിക്കുന്നതോ പ്രവേശനത്തില്‍ വിവേചനം കാണിക്കുന്നതോ ആര്‍ട്ടിക്കിള്‍ 29 പ്രകാരം ഭരണഘടന നിരോധിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 30 ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും നടത്തിക്കൊണ്ടുപോകാനുമുള്ള അവകാശമാണ് ആര്‍ട്ടിക്കിള്‍ 30(1) വഴി കിട്ടിയിരിക്കുന്നത്.ഗ്രാന്റ്, ഇതര സഹായങ്ങള്‍ കൊടുക്കുന്നതില്‍ യാതൊരു വിവേചനവും പാടില്ലെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം കൊടുക്കണമെന്നും ഈ വകുപ്പില്‍ നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്.
2006 ജനുവരി 29-നാണ് ഇന്ത്യയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് (ങശിശേെൃ്യ ീള ങശിീൃശ്യേ അളളമശൃ)െ രൂപീകൃതമാവുന്നത്. ന്യൂനപക്ഷക്ഷേമം, സംരക്ഷണം, ശാക്തീകരണം എന്നിവയ്ക്കു മാത്രമായി രൂപീകരിക്കപ്പെട്ട വകുപ്പ്. ഈ വകുപ്പിനു കീഴില്‍ നിരവധി സ്‌കോളര്‍ഷിപ്പുകളും ക്ഷേമപദ്ധതികളും ഉണ്ട്. എന്നാല്‍ വിദ്യാഭ്യാസരംഗത്ത് ഇന്ത്യയില്‍ ഇന്ന് നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നതും നടപ്പിലാക്കാനിരിക്കുന്നതുമായ പരിഷ്‌ക്കരണങ്ങള്‍ക്ക് പിന്നിലെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടിയിരിക്കുന്നു. ഫാസിസത്തിന്റെ കരാള ഹസ്തങ്ങളുടെ നിഴലുകള്‍ അവിടങ്ങളില്‍ പ്രകടകമാണ്. അത് വിദ്യാഭ്യാസരംഗത്തേക്ക് കൂടി കാലെടുത്തുവെക്കുന്നു. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതോടെ ഇന്ത്യയിലെ മതഭാഷാ ന്യൂനപക്ഷങ്ങള്‍ വലിയ പ്രതിസന്ധിയിലെത്തുമെന്നതില്‍ സംശയമില്ല. പുതിയ വിദ്യാഭ്യാസ നയം ഏതെല്ലാം രൂപത്തില്‍ ബാധിക്കുമെന്ന് പരിശോധിക്കാം.
1. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലവിലുള്ള 800 സര്‍വകലാശാലകളും 40000-ത്തോളം കോളെജുകളും ഏകീകരിച്ച് 15000-ത്തോളം ശ്രേഷ്ഠ സ്ഥാപനങ്ങളാക്കും എന്നാണ് വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്നത്. ഇത് കൂടുതല്‍ ബാധിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളെയായിരിക്കും. കോളെജുകള്‍ നിലനില്ക്കണമെങ്കില്‍ സ്വയംഭരണ പദവി (ഓട്ടോണമസ്) നേടേണ്ടതുണ്ട്. അതിനായി യു ജി സി മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങളനുസരിച്ച് കോളെജുകളില്‍ വിസകനം കൊണ്ടുവരാന്‍ വലിയ സാമ്പത്തിക ബാധ്യത വരും. ഇത് ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലപ്പുറമായിരിക്കും.
2. ഓട്ടോണമസ് സംവിധാനം മാത്രമാക്കി അഫിലിയേഷന്‍ സംവിധാനം നിര്‍ത്തണമെന്നും വിദ്യാഭ്യാസനയം നിര്‍ദേശിക്കുന്നു. നേരത്തെ പറഞ്ഞ രൂപത്തില്‍ സ്വയംഭരണ സംവിധാനത്തിലേക്ക് മാറാന്‍ നിലവിലുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന എത്ര കോളജുകള്‍ക്ക് സാധിക്കും? ഇന്ന് കേരളത്തില്‍ 18 കോളജുകള്‍ മാത്രമാണ് ഓട്ടോണമസ് പദവിയിലുള്ളത് എന്നുകൂടി ചേര്‍ത്തുവായിക്കേണ്ടതാണ്.
3. മുസ്‌ലിം സമുദായത്തിനിടയിലെ അറബിക്കോളെജുകളുടെ ഭാവി ഇതോടെ ചോദ്യചിഹ്നമായി മാറും. കാരണം 10-ല്‍ താഴെ ക്ലാസുകള്‍ മാത്രം വരുന്ന അറബിക്കോളെജുകളില്‍ അത്ര കുട്ടികള്‍ക്ക് വേണ്ട സംവിധാനങ്ങളേ ഒരുക്കിയിട്ടുണ്ടാവൂ. വലിയ സാമ്പത്തിക വരുമാനമില്ലാതെ കലക്ഷനുകളില്‍ നടന്നുപോവുന്ന അറബിക്കോളെജുകള്‍ക്ക് വിപുലീകരണത്തിനുവേണ്ടി ഭീമമായ തുക കണ്ടെത്തേണ്ടിവരും.
4. ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനും അതിന് ഗവണ്‍മെന്റ് സാമ്പത്തികമായി സഹകരിക്കണമെന്നുമുള്ള ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30ന്റെ പ്രത്യക്ഷ ലംഘനമാണ് ഇതിലൂടെ സംഭവിക്കുന്നത്.
5. മറ്റൊന്ന് ഒട്ടോണമസ് സംവിധാനങ്ങള്‍ വരുന്നതോടെ വിദ്യാഭ്യാസ രംഗം വലിയ തോതില്‍ സ്വകാര്യവത്കരിക്കപ്പെടും. ഇതോടെ വിദ്യഭ്യാസരംഗം ലാഭം മാത്രം കണ്ട് കച്ചവടം ചെയ്യുന്ന കോര്‍പറേറ്റുകളുടെ കയ്യിലമരും. ഇത് ഉയര്‍ന്ന ഫീസ് ഈടാക്കുന്നതിലേക്കുംവിദ്യാഭ്യാസം സമൂഹത്തിലെ വരേണ്യവര്‍ഗത്തിനുമാത്രമുള്ളതാവുന്നതിലേക്കും നയിക്കും.
6. രാജ്യത്തെ ഭരണദൂഷ്യങ്ങള്‍ക്കെതിരെ എക്കാലത്തും ശബ്ദമുയര്‍ത്തുന്നവര്‍ യുവജനതയാണ്. വിദ്യാര്‍ഥി പ്രക്ഷോഭങ്ങളാണ് പല വിപ്ലവങ്ങളും എന്ന് ചരിത്രം വായിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയും. ഈയടുത്ത് ജെ എന്‍ യു, ഹൈദരാബാദ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പ്രതിഷേധം മാത്രം മതി ഉദാഹരണത്തിന്. എന്നാല്‍ ഈ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഓട്ടോണമസ് സംവിധാനങ്ങളിലൂടെ സാധിക്കും എന്ന ചിന്താഗതിയാണോ ഇത്തരമൊരു നീക്കത്തിലേക്കെത്തിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
7. വിവിധ ഭാഷകള്‍ക്കായി ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാനും നയരേഖ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ ഇത് പാലി, പേര്‍ഷ്യന്‍, പ്രകൃത് ഭാഷകള്‍ക്ക് മാത്രമാണ്. ഇന്ത്യയില്‍ ഏറെ പ്രചാരത്തിലുള്ള അറബി പോലുള്ള മറ്റ് വിദേശഭാഷകളെ ഇത്തരം രംഗങ്ങളില്‍ പരിഗണിച്ചിട്ടേയില്ല.
8. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കരിക്കുലം ഘടന പ്രീ െ്രെപമറി തലത്തെക്കൂടി ഉള്‍പ്പെടുത്തി പുനര്‍നിര്‍ണയിക്കുന്നതോടെ ഇസ്‌ലാമിക ചുറ്റുപാടുകളിലുള്ള പ്രീെ്രെപമറി നിലനില്പ് സംശയിക്കേണ്ടിയിരിക്കുന്നു.
9. സാമൂഹിക നീതിക്കുവേണ്ടി ഭരണഘടന വിഭാവനം ചെയ്ത സംവരണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ പ്രത്യക്ഷമായിക്കഴിഞ്ഞു. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കുവേണ്ടി മുന്‍ സര്‍ക്കാറുകള്‍ തുടങ്ങിവെച്ച പല സ്‌കോളര്‍ഷിപ്പുകളും നിര്‍ത്തലാക്കിയ നിലയിലാണ്.
ചുരുക്കത്തില്‍ ആശങ്കകള്‍ നിറഞ്ഞ ഒരു ഭാവിയെക്കുറിച്ചാണ് മതഭാഷാ ന്യൂനപക്ഷങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിലെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉണ്ടായിട്ടുള്ള രാഷ്ട്രീയവും സംസ്‌കാരികവുമായ ജാഗരണത്തെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാനാവും എന്നും നാം പഠിക്കേണ്ടതുണ്ട്. പ്രാദേശിക കൂട്ടായ്മകളുടെ ഉയിര്‍ത്തെഴുന്നേല്പിലൂടെ വിജ്ഞാന വിസ്‌ഫോടനത്തിന്റെ പുതിയ വാതിലുകള്‍ നമുക്ക് തുറക്കാനാവണം. സമുദായത്തിന്റെ വിഭവശേഷിയുടെ ശാസ്ത്രീയ വിനിയോഗംകൂടി നടപ്പിലാക്കാനായാല്‍ മതന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഭാവി സുരക്ഷിതമാക്കാനാവും എന്ന് പ്രത്യാശിക്കുന്നു.