22 Sunday
December 2024
2024 December 22
1446 Joumada II 20

കുട്ടികളുടെ സുരക്ഷയും പരിചരണവും മന്‍സൂര്‍ ഒതായി

പുതിയ കാലത്ത് ഏറെ ഉപയോഗിക്കുന്ന പദമാണ് പാരന്റിംഗ്. മക്കള്‍ നല്ലവരും മിടുക്കരുമായിത്തീരാന്‍ മുഴുവന്‍ രക്ഷിതാക്കളും ആഗ്രഹിക്കുന്നു. സാങ്കേതിക വിദ്യ ഏറെ വികസിച്ച ഡിജിറ്റല്‍ യുഗത്തില്‍ പാരന്റിംഗ് വളരെ ശ്രമകരവും പ്രാധാന്യവും ഉള്ള ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ ഒരു കുട്ടിക്ക് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമെന്നത് അവനു നല്‍കുന്ന മികച്ച ശിക്ഷണം തന്നെയാണ്. കുടുംബത്തിന്റെ ഇമ്പവും കുളിര്‍മയുമാണ് കുട്ടികള്‍. അവരുടെ അഭാവത്തില്‍ വീടുറങ്ങിപ്പോവുകയും സജീവത നഷ്ടപ്പെടുകയും ചെയ്യുന്നു. സ്ത്രീപുരുഷ ദമ്പതികളുടെ മനസ്സില്‍ സ്‌നേഹം നിറഞ്ഞുതുളുമ്പുമ്പോള്‍ അതു പകര്‍ന്നു നല്‍കാനാണ് ദൈവം കുഞ്ഞുങ്ങളെ നല്‍കുന്നത് എന്ന് പറയാറുണ്ട്. സന്താനങ്ങള്‍ ജീവിതത്തിന്റെ അലങ്കാരമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. ”സ്വത്തും സന്താനങ്ങളും ഐഹിക ജീവിതത്തിന്റെ അലങ്കാരമാകുന്നു” (അല്‍കഹ്ഫ് 46). ജീവിതത്തില്‍ സൗഭാഗ്യമായ സന്താനങ്ങള്‍ തന്നെ നിങ്ങള്‍ക്ക് പ്രയാസവും വിഷമവും സൃഷ്ടിക്കുന്നവരാവാന്‍ സാധ്യതയുണ്ടെന്നും വിശുദ്ധ വേദം നമുക്ക് താക്കീതു നല്‍കിയിട്ടുണ്ട്. ”നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്” (തഗാബുന്‍ 15), ”സത്യവിശ്വാസികളേ, തീര്‍ച്ചയായും നിങ്ങളുടെ ഇണകളിലും നിങ്ങളുടെ മക്കളിലും നിങ്ങള്‍ക്ക് ശത്രുവുണ്ട്. അതിനാല്‍ അവരെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക.” (തഗാബുന്‍ 14)
കുട്ടികളുടെ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും അവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാനും നൂറു കണക്കിന് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയെല്ലാം പിറവിയെടുത്തത് വളരെ അടുത്ത കാലത്താണ്. കുട്ടികളുടെ ക്ഷേമത്തിനായി 190 ലേറെ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന UNICEF രൂപം കൊണ്ടത് 1946 ഡിസംബര്‍ 11 നാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ കുട്ടികളുടെ സുരക്ഷിതത്വവും അവകാശങ്ങളും ചിന്തിച്ചു തുടങ്ങുന്നത് തന്നെ 17-ാം നൂറ്റാണ്ടിലാണ്.
എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ 14-ാം നൂറ്റാണ്ട് മുമ്പ് തന്നെ കുട്ടികളുടെ ജീവനും അഭിമാനവും വിലപ്പെട്ടതാണെന്നും, രക്ഷിതാക്കളും സമൂഹവും ഈ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും ബോധ്യപ്പെടുത്തിയിട്ടുണ്ട് (താന്‍ എന്ത് കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന് (ജീവനോടെ) കുഴിച്ച് മൂടപ്പെട്ട പെണ്‍കുട്ടിയോട് ചോദിക്കപ്പെടുമ്പോള്‍, തക്‌വീര്‍ 8,9). സന്താനങ്ങളുടെ ഉപജീവനത്തെക്കുറിച്ചും അവരെ പോറ്റി വളര്‍ത്തുമ്പോഴുള്ള സാമ്പത്തിക ബാധ്യതയെക്കുറിച്ചും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും ദാരിദ്ര്യം മൂലമുണ്ടാകുന്ന കെടുതിയാലോചിച്ച് കുഞ്ഞുങ്ങള്‍ക്ക് ജനിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും കരുണാമയനായ അല്ലാഹു നമ്മെ ഉണര്‍ത്തിയിട്ടുണ്ട്. (ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു. (ഇസ്‌റാഅ് 31)
ഗര്‍ഭകാലം മുതല്‍ പാരന്റിംഗ് ആരംഭിക്കുന്നു എന്നാണ് ആധുനിക ശാസ്ത്രം സൂചിപ്പിക്കുന്നത്. ഇക്കാലത്തുള്ള ഉമ്മയുടെ വികാരങ്ങളും വിചാരങ്ങളും കുഞ്ഞുങ്ങളുടെ വ്യക്തിത്വ വികാസത്തെ സാരമായി ബാധിക്കുന്നതായി ആധുനിക മന:ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. പ്രാഗ്ജനന കാലത്തെ (pre – natal period)വളര്‍ച്ചാ ഘട്ടം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയതില്‍ തീര്‍ച്ചയായും വലിയ പാഠവും പഠനവുമുണ്ട്. ”തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തയില്‍ നിന്നും നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് ആ മാംസ പിണ്ഡത്തെ അസ്ഥിക്കൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥിക്കൂടത്തെ മാംസം കൊണ്ടു പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു” (മുഅ്മിനൂന്‍ 12-4).
കുഞ്ഞുങ്ങളോടുള്ള അളവറ്റ സ്‌നേഹവാത്സല്യവും അവരുടെ അഭാവവും അകല്‍ച്ചയും സൃഷ്ടിക്കുന്ന മന:പ്രയാസവും ഖുര്‍ആനില്‍ വിവിധ സ്ഥലങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. തന്റെ പൊന്നോമന പുത്രനെ നദിയിലൊഴുക്കിയ ശേഷം അവനെന്തെങ്കിലും ആപത്തു പറ്റുമോ, ഫറോവയും കൂട്ടരും വധിച്ചുകളയുമോ എന്നെല്ലാം ചിന്തിക്കുന്ന മൂസാ(അ)ന്റെ മാതാവിന്റെ മനോവ്യഥകളാണ് സൂറ ഖസ്വസില്‍ നമുക്ക് വായിക്കാനാവുന്നത്. (മൂസായുടെ മാതാവിന്റെ മനസ്സ് (അഞ്ചു ചിന്തകളില്‍ നിന്ന്) ഒഴിവായിത്തീര്‍ന്നു. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിര്‍ത്തിയില്ലായിരുന്നെങ്കില്‍ അവന്റെ കാര്യം അവര്‍ വെളിപ്പെടുത്തിയേക്കുമായിരുന്നു. അവര്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടിയത്രെ (നാം അങ്ങനെ ചെയ്തത്) ഖസ്വസ് 10.
തന്റെ ആദര്‍ശമോ പ്രബോധനമോ അംഗീകരിക്കാത്ത, സ്വന്തം നയങ്ങള്‍ക്കെതിരെ സമരം പ്രഖ്യാപിച്ച പുത്രന്‍ മഹാ പ്രളയത്തില്‍ മുങ്ങിത്താഴുന്ന സന്ദര്‍ഭത്തില്‍ അങ്ങേയറ്റം സ്‌നേഹത്തോടെ മകനോട് കപ്പിലല്‍ കറാന്‍ ക്ഷണിക്കുന്ന ഒരു നല്ല പിതാവിന്റെ രംഗമാണ് നൂഹ് നബി(അ) ലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത്’ ”പര്‍വത തുല്യമായ തിരമാലകള്‍ക്കിടയിലൂടെ അത് (കപ്പല്‍) അവരെയും കൊണ്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. നൂഹ് തന്റെ മകനെ വിളിച്ചു. അവന്‍ അകലെ ഒരു സ്ഥലത്തായിരുന്നു. എന്റെ കുഞ്ഞു മകനേ, നീ ഞങ്ങളോടൊപ്പം കയറിക്കൊള്ളുക. നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത്.” (സൂറ: ഹൂദ് 42)
വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പിതാക്കന്മാര്‍ മക്കളോട് സംവദിച്ചത് അതിയായ അടുപ്പവും സ്‌നേഹവും പ്രകടിപ്പിച്ചുകൊണ്ടാണ്. ‘എന്റെ കുഞ്ഞു മകനേ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രവാചകരെല്ലാം തങ്ങളുടെ മക്കള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത് എന്നത് വളരെ ശ്രദ്ധേയമാണ്. മഹാനായ ലുഖ്മാനുല്‍ ഹക്കീം തന്റെ മകന് നല്‍കുന്ന ജീവിത നൈപുണീ പരിശീലനവും വ്യക്തിത്വ വികാസ മാര്‍ഗദര്‍ശങ്ങളും സൂറ: ലുഖ്മാനില്‍ നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും. (സൂറ: ലുഖ്മാന്‍ 13-17). അദ്ദേഹം നല്‍കിയ ശിക്ഷണത്തിലടങ്ങിയ പ്രധാന കാര്യങ്ങള്‍ ഇവയാണ്.
1. സ്രഷ്ടാവും നിയന്താവുമായ ഏകനായ രക്ഷിതാവിനെ മാത്രം ആരാധിക്കണം. അവനില്‍ അഭയം തേടണം.
2. മാതാപിതാക്കള്‍ പ്രയാസം സഹിച്ച് മക്കളുടെ അവകാശങ്ങള്‍ നിര്‍വഹിക്കുന്നു. അതിനാല്‍ അവരോട് നന്മ ചെയ്യുകയും കരുണ കാണിക്കുകയും വേണം.
3. ലോക നിയന്താവായ അല്ലാഹു മനുഷ്യന്റെ കര്‍മങ്ങള്‍ സദാ നിരീക്ഷിക്കുന്നു. അവനില്‍ നിന്ന് യാതൊന്നും ഒളിച്ചു വെക്കാനാവില്ല.
4. അല്ലാഹുവിനെ സദാ സ്മരിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും വേണം.
5. തിന്മക്കെതിരെ ജാഗ്രത പാലിക്കുകയും ജീവിത പരീക്ഷണങ്ങളില്‍ ക്ഷമയവലംബിക്കുകയും വേണം.
6. ശരീര ഭാഷയിലോ, സംസാരത്തിലോ ആരെയും വേദനിപ്പിക്കരുത്.
7. വിനയമാണ് വിജയം, അഹങ്കാരവും അപകടവും അല്ലാഹു ഒട്ടും ഇഷ്ടപ്പെടാത്തതുമാണ്.
കൗമാരം കരുതല്‍ വേണ്ട കാലമാണ്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ ഘട്ടം സംഘര്‍ഷകാലമാണ്. എന്നാല്‍ കൗമാര ഘട്ടത്തെക്കുറിച്ച് കൃത്യമായ അറിവും അവബോധവും ഉണ്ടെങ്കില്‍ ജീവിതത്തിലെ ഏറ്റവും സുന്ദര ഘട്ടവും ക്രിയാത്മകതയും സര്‍ഗാത്മകത ഏറ്റവും നന്നായി വികസിപ്പിക്കുകയും ചെയ്യേണ്ട സമയം ഇതാണെന്ന് മനസ്സിലാവും. തങ്ങളെ അംഗീകരിക്കുകയും മനസ്സിലാക്കുകയും സ്‌നേഹിക്കുകയും വേണമെന്ന് ലോകത്തുള്ള മുഴുവന്‍ കൗമാരക്കാരും ഒറ്റക്കെട്ടായി പറയുന്നു. തുറന്ന സമീപനവും സൗഹൃദത്തോടെയുള്ള സമീപനവുമാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നാണ് കൗമാര സര്‍വേകള്‍ വെളിപ്പെടുത്തുന്നത്.
ഇബ്‌റാഹീം നബി(അ), പ്രിയപ്പട്ട മകനോട് തന്റെ സ്വപ്‌നം വെളിപ്പെടുത്തുന്നത് സൂറ: സ്വാഫ്ഫാത്തില്‍ നമുക്ക് വായിക്കാന്‍ സാധിക്കും. (എന്റെ കുഞ്ഞു മകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്പിക്കുന്നതെന്തോ അത് താങ്കള്‍ ചെയ്യുക (വി.ഖുര്‍ആന്‍ 37:102). ജീവിതത്തിലെ വളരെ ഗൗരവപരമായ കാര്യത്തില്‍, (ദൈവിക കല്പന) കുമാരനായ തന്റെ മകനോട് അഭിപ്രായം ചോദിക്കുന്ന ഇബ്‌റാഹീം(അ)ന്റെ മാതൃക എത്രത്തോളം മന:ശാസ്ത്രപരമാണെന്നോര്‍ക്കുക. ദൈവിക കല്പന നിര്‍ബന്ധപൂര്‍വം അടിച്ചേല്പിക്കുന്നതിനു പകരം മകന്റെ കൂടെ സഹവസിച്ച് അവനോട് അങ്ങേയറ്റം വാത്സല്യവും അനുകമ്പയും പ്രകടിപ്പിച്ച് അവന്റെ സ്‌നേഹം സമ്പാദിച്ച ശേഷമാണ് (walk and talk method) ഈ വിഷയം അവതരിപ്പിക്കുന്നത്. തുറന്ന ആശയ വിനിമയം നടന്നാല്‍ തന്നെ മിക്ക കുടുംബ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് ഫാമിലി കൗണ്‍സലര്‍മാര്‍ പറയുന്നത്.
കുടുംബം കുട്ടികളുടെ സുരക്ഷിത താവളവും ആശ്വാസ കേന്ദ്രവുമാകുമ്പോഴാണ് പാരന്റിംഗ് ഫലപ്രദമാകുന്നത്. മാതാപിതാക്കളോട് കാര്യങ്ങള്‍ തുറന്നു പറയാനുള്ള സ്‌നേഹത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ വീട്ടുകാര്‍ക്ക് സാധിച്ചാല്‍ നമ്മുടെ ഭവനങ്ങള്‍ സ്വര്‍ഗീയമാവും. മക്കള്‍ക്ക് ആത്മവിശ്വാസവും, നിര്‍ഭയത്വവും, പ്രശ്‌നങ്ങളെ നേരിടാനുള്ള മനക്കരുത്ത് ലഭിക്കുകയും ചെയ്യും. ഇതിന് ഉത്തമ ഉദാഹരണമാണ് മഹാനായ യഅ്ഖൂബ് നബി(അ)ന്റെയും, യൂസുഫ്(അ)ന്റെയും ചരിത്രത്തില്‍ നമുക്ക് കാണാനാവുന്നത്. ആറോളം ആയത്തുകളിലൂടെ മനോഹരമായ ആഖ്യാനരീതിയിലൂടെ കുടുംബ, സാമൂഹിക ജീവിതത്തിന്റെ നിരവധി പാഠങ്ങള്‍ ഈ അധ്യായത്തില്‍ നമുക്ക് കണ്ടെത്തനാവും.

പാരന്റിങ്: രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്

* പിതാവും മകനും തമ്മിലുള്ള ഊഷ്മളമായ സ്‌നേഹവും അടുപ്പവും.
* സ്വപ്‌നമറിയിച്ചപ്പോള്‍ കുട്ടിയുടെ വ്യക്തിത്വം, വികാരം എന്നിവ മാനിച്ച് കൊണ്ടുള്ള പിതാവിന്റെ സമീപനം.
* നാം ജീവിക്കുന്ന ചുറ്റുപാടില്‍ പല സാമൂഹിക യാഥാര്‍ഥ്യങ്ങളുമുണ്ടെന്ന് മകന് താക്കീത് നല്‍കല്‍.
* സഹോദരന്മാരെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കാതെ മുഖ്യശത്രുവായ പിശാചിനെ കരുതണമെന്ന് താക്കീത് നല്‍കി.
* കുടുംബത്തിന്റെ പൈതൃകവും പാരമ്പര്യവും പരിചയപ്പെടുത്തുകയും പൂര്‍വികര്‍ സൃഷ്ടിച്ച സല്‍പേര് അനുഗ്രഹമാണെന്ന് ബോധ്യപ്പെടുത്തി.
* യൂസുഫി(അ)യോട് അക്രമം കാണിച്ച മക്കളെ പിതാവ് കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തില്ല.
* ആത്യന്തിക വിജയം ക്ഷമാലുക്കള്‍ക്കും അല്ലാഹുവില്‍ ഭരമേല്പിക്കുന്നവര്‍ക്കുമാണെന്ന മഹത്തായ സന്ദേശം നല്‍കി.
* വിജയം ലഭിക്കുമ്പോള്‍ പ്രതികാരമോ, ശിക്ഷയോ നല്‍കുന്നതിനേക്കാള്‍ ഏറ്റവും ഉത്തമം വിട്ടുവീഴ്ചയും കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കലുമാണെന്ന് മഹാനായ യഅ്ഖൂബ്(അ) ജീവിതത്തിലൂടെ തെൡയിച്ചു. (അദ്ദേഹം പറഞ്ഞു, നിങ്ങള്‍ക്ക് വേണ്ടി എന്റെ രക്ഷിതാവിനോട് ഞാന്‍ പാപമോചനം തേടാം. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (യൂസുഫ് 98)
* മക്കള്‍ക്കുവേണ്ടി നമുക്കാവുന്നതെല്ലാം ചെയ്ത്, (മികച്ച ശിക്ഷണവും, ആവശ്യമായ പരിശീലനവും) അവരുടെ നന്മക്കായി സര്‍വശക്തനോട് സദാ പ്രാര്‍ഥിക്കണമെന്നാണ് ഖുര്‍ആന്‍ നല്‍കുന്ന സന്ദേശം. ”ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരാകുന്നു അവര്‍. (ഫുര്‍ഖാന്‍ 74)

 

 

 

 

 

 

 

Back to Top