23 Monday
December 2024
2024 December 23
1446 Joumada II 21

ബാബറി എന്താവും? – അബ്ദുര്‍റഹ്മാന്‍

ബാബരി മസ്ജിദ് രാം ജന്മഭൂമി വിഷയം കോടതിക്കും മടുത്തെന്ന രീതിയിലാണ് ചീഫ് ജസ്റ്റിസ് വാദത്തിനു കൂടുതല്‍ സമയം നല്‍കണം എന്ന കക്ഷികളുടെ ആവശ്യത്തോട് പ്രതികരിച്ചത്. നിലവിലുള്ള ചീഫ് ജസ്റ്റിസ് വിരമിക്കുന്ന നവംബര്‍ പതിനേഴിന് മുമ്പേ തന്നെ കേസിനു അന്തിമ വിധി പറയും എന്നാണ് മനസ്സിലാക്കപ്പെടുന്നത്. കഴിഞ്ഞ നാല്പതു ദിവസത്തോളമായി ഇരു കക്ഷികളും നിര്‍ത്താതെ വാദിച്ചു കൊണ്ടിരിക്കയായിരുന്നു. വാദത്തിനിടയില്‍ പലപ്പോഴും കേസ് കേള്‍ക്കുന്ന ജഡ്ജിമാരുടെ നോട്‌സുകള്‍ ചര്‍ച്ചയായിരുന്നു.
അയോധ്യയില്‍ മുസ്ലിംകള്‍ക്ക് ആരാധിക്കാന്‍ അറുപതോളം പള്ളിയുണ്ട് എന്നാല്‍ ഹിന്ദുക്കള്‍ക്ക് രാമന്‍ ജനിച്ച സ്ഥലം വേറെ കിട്ടില്ല എന്നാണു അവസാന വാദമായി വന്നിട്ടുള്ളതു. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് പരിഗണിക്കുന്ന കേസ് എന്നതു കൊണ്ട് തന്നെ വരുന്ന വിധിക്കു വളരെ പ്രസക്തിയുണ്ട്. ഈ വിഷയത്തിലെ അന്തിമ വിധി എന്ന് വേണമെങ്കില്‍ പറയാം, അത് കൊണ്ട് തന്നെ എന്ത് വിധിച്ചാലും നടപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതമാകുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഉണ്ടാക്കി എന്ന് പറയപ്പെടുന്ന പള്ളി രാമന്റെ ജന്മ സ്ഥലത്താണ് നിര്‍മ്മിക്കപ്പെട്ടത് എന്ന് തെളിയിക്കാന്‍ സാധ്യമായ ചരിത്ര രേഖകള്‍ ഇന്നുവരെ ഉണ്ടായിട്ടില്ല എന്നുറപ്പാണ്. വിശ്വാസവും ചരിത്രവും തമ്മില്‍ കൂട്ടി ചേര്‍ത്താണ് ഒരു വിഭാഗം കേസിനെ മുന്നോട്ടു കൊണ്ട് പോകുന്നത്. പതിനാറാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഒരു ചരിത്ര രേഖയിലും അത്തരം ഒരു ക്ഷേത്രത്തെ കുറിച്ചും അത് തകര്‍ത്ത് പള്ളി പണിതതിനെ കുറിച്ചും പറയുന്നില്ല എന്നതാണ് മറ്റൊരു കാര്യം.
കൂടുതല്‍ വാദം വേണ്ട എന്ന് സുപ്രീം കോടതി പറഞ്ഞ സ്ഥിതിക്ക് കോടതി വിഷയത്തില്‍ ഒരു തീരുമാനത്തില്‍ എത്തിക്കാണും എന്നുറപ്പാണ്. ചരിത്രത്തിന്റെ പിന്ബലമാണോ അതോ വിശ്വാസത്തിന്റെ പിന്ബലമാണോ വലുത് എന്ന ചോദ്യവും ഇവിടെ പ്രസക്തമാകും.

Back to Top