17 Tuesday
December 2024
2024 December 17
1446 Joumada II 15

മുഹമ്മദ് നബി അധ്യാപകരുടെ റോള്‍മോഡല്‍ – ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

അല്ലാഹുവിന്റെ റസൂലില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട് എന്ന ദൈവിക പ്രഖ്യാപനം മുഹമ്മദ് നബി(സ)യുടെ വ്യക്തിത്വത്തിന്റെ അതുല്യതയാണ് വ്യക്തമാക്കുന്നത്. മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ അധ്യാപനരംഗവും പ്രവാചക നിര്‍ദേശങ്ങള്‍ക്കനുസൃതമായി നാം രൂപ കല്പന ചെയ്യേണ്ടതുണ്ട്. പ്രവാചകത്വം അധ്യാപനത്തിന് സമാനമാണ്. ‘ഞാനൊരു അധ്യാപകനായിട്ടാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്’ (ഇബ്‌നുമാജ) എന്ന നബിവചനം ഇവിടെ പ്രസക്തമാണ്.
ദിവ്യബോധനം (വഹ്‌യ്) ജനങ്ങള്‍ക്ക് പഠിപ്പിക്കുകയായിരുന്നു നബി(സ)യുടെ മുഖ്യ ദൗത്യം. തല്‍ഖീന്‍, തഅ്‌ലീം എന്നീ രണ്ട് ശൈലിയുള്ള അധ്യാപനമുണ്ട്. ഗ്രാഹ്യതയില്ലാതെ അന്ധമായി കേള്‍ക്കുക എന്നതാണ് തല്‍ഖീന്‍. അത് വെറും ‘ചൊല്ലിക്കൊടുക്കല്‍’ മാത്രമാണ്. അതോടുകൂടി അധ്യാപകന്റെ ചുമതലയും കഴിഞ്ഞു. നബി(സ)യുടേത് തഅ്‌ലീം ആയിരുന്നു. അറിവും ധര്‍മചിന്തയും സ്വഭാവ വിശുദ്ധിയും പകര്‍ന്നു നല്‍കുന്ന പ്രവര്‍ത്തനമാണിത്.
നബി(സ)യിലെ അധ്യാപകനെ അടയാളപ്പെടുത്തുന്ന ഖുര്‍ആന്‍ വചനങ്ങള്‍ ധാരാളമുണ്ട്. അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പ്പിക്കുകയും അവരെ സംസ്‌ക്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍’ (62:02). ”നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ അദ്ദേഹം പഠിപ്പിക്കുന്നു. (2:151). മുഹമ്മദ് നബി(സ)യുടെ അധ്യാപക വ്യക്തിത്വം ശ്രദ്ധേയമാകുന്ന മൂന്ന് ഘടകങ്ങളാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. സംസ്‌കരണമാണതില്‍ പ്രധാനം.

പഠിക്കാനിരിക്കുന്നവരുടെ മനസ്സും ചിന്തയുമാണ് ആദ്യം നന്നാക്കിയെടുക്കേണ്ടത്. മനസ്സിനെ മെരുക്കിയെടുക്കാന്‍ അറിവ് ആവശ്യമാണെന്നത് പോലെ അറിവുകള്‍ സൂക്ഷിച്ചു വിജ്ഞാനം വര്‍ധിപ്പിക്കുവാന്‍ നല്ല മനസ്സും അനിവാര്യമാണ്. മനുഷ്യസഹജമായ ദൈവബോധം ഉണര്‍ത്തിയെടുത്ത് മനസ്സിനെ ശക്തിപ്പെടുത്തുകയെന്നതാണ് ഇതിനാവശ്യം. ”ആരെങ്കിലും അല്ലാഹുവില്‍ വിശ്വസിച്ചാല്‍ അവന്റെ ഹൃദയത്തെ അല്ലാഹു നേര്‍വഴിക്ക് നയിക്കും” (തഗാബുന്‍ 11) എന്ന ഖുര്‍ആന്‍ വചനം വിശ്വാസാധിഷ്ഠിത വൈജ്ഞാനിക പ്രയാണത്തിന്റെ പ്രസക്കതിയാണറിയിക്കുന്നത്.
ബുദ്ധിപരമായി നടന്നടുക്കാന്‍ കഴിയാത്ത മേഖലകളിലേക്കും ഈമാനിന്റെ പ്രകാശത്തില്‍ സഞ്ചരിക്കുവാന്‍ കഴിയും. ചാഞ്ചല്യവും സംശയങ്ങളുമില്ലാത്ത മനസ്സുമായി ജീവിതത്തെ അഭിമുഖീകരിക്കുവാനും ഇത് പഠിതാവിനെ സഹായിക്കും. പ്രവാചകധ്യാപനത്തിന്റെ രണ്ടാം ഘടകം പാഠ്യവിഷയങ്ങളാണ്. കാലവും സമൂഹവും വളരുന്നതിനനുസരിച്ച് അവ പരിഷ്‌ക്കരിക്കപ്പെടണം. എന്നാല്‍ അടിസ്ഥാനപരമായ വിഷയങ്ങള്‍ അതുപോലെ തുടരണം. സംസ്‌ക്കരണത്തിനാവശ്യമായ ധര്‍മ മൂല്യങ്ങളാണ് അതില്‍ പ്രധാനം. പഠിതാക്കളുടെ വളര്‍ച്ചയുടെ എല്ലാ ഘട്ടത്തിലും ഇത് ആവര്‍ത്തിക്കപ്പെടണം. വേദഗ്രന്ഥ തത്വജ്ഞാനങ്ങളുടെ ലക്ഷ്യം ധര്‍മമൂല്യങ്ങളുടെ സംസ്ഥാപനമാണ്. ധാര്‍മികാധിഷ്ഠിത വഴികളിലേക്ക് തിരിച്ചുവരാന്‍ നബി(സ)യുടെ അധ്യാപനം അവരെ സഹായിച്ചു. സമൂഹത്തില്‍ സ്വാധീന ഘടകങ്ങളായി മാതാപിതാക്കള്‍, മുതിര്‍ന്നവര്‍, പണ്ഡിതന്മാര്‍ തുടങ്ങി പലരുമുണ്ടെങ്കിലും അധ്യാപകര്‍ക്ക് മാത്രമേ ഈ ദൗത്യം വിജയകരമായി നിര്‍വഹിക്കുവാന്‍ സാധിക്കുകയുള്ളൂ.
മാതൃകാ യോഗ്യനായ അധ്യാപകന്‍ ആരായിരിക്കണം എന്ന് നബി വ്യക്തമാക്കുന്നു: ”ഞാന്‍ നിങ്ങളെ പിതാവിന്റെ സ്ഥാനത്തിരുന്നുകൊണ്ട് പഠിപ്പിക്കുന്നു.” എന്ന നബിവചനം അധ്യാപകന്റെ ആകര്‍ഷകമായ വ്യക്തിത്വമാണ് അനാവരണം ചെയ്യുന്നത്. എല്ലാ രക്ഷിതാക്കള്‍ക്കും മികവുള്ള അധ്യാപകരാകാന്‍ കഴിയണമെന്നില്ല. എന്നാല്‍ എല്ലാ അധ്യാപകര്‍ക്കും പിതാവിന്റെ സ്ഥാനത്തുനിന്ന് കൊണ്ട് പഠിപ്പിക്കാന്‍ കഴിയണം. പിതൃ വാത്സല്യമാണ് അധ്യാപകന്‍ പകര്‍ന്നുകൊടുക്കുന്ന അറിവുകളെ പഠിതാക്കള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. പത്ത് മുതല്‍ നാല് മണിവരെയുള്ള സമയത്തിനിടയില്‍ അധ്യാപനം പൂര്‍ത്തിയാകുമെങ്കിലും അധ്യാപകന്‍ നല്‍കുന്ന പിതൃവാത്സല്യം അനശ്വരമായിരിക്കും. അദ്ദേഹത്തിന്റെ വ്യക്തിത്വം പഠിതാക്കളില്‍ എന്നുമെന്നും ബാക്കി നില്‍ക്കും.
പഠിക്കലും പഠിപ്പിക്കലും
മുഹമ്മദ് നബിയുടെ അധ്യാപനം ശിഷ്യന്മാര്‍ക്ക് രണ്ടു കാര്യങ്ങളാണ് നേടിക്കൊടുത്തത്. സ്വയം പഠിക്കാനും മറ്റുള്ളവരെ പഠിപ്പിക്കുവാനും അവര്‍ പ്രാപ്തരായിരുന്നു. മറ്റൊരാളില്‍ നിന്ന് കേട്ടു പഠിക്കുന്നതിനേക്കാള്‍ ജ്ഞാന സമ്പാദനത്തിന് സഹായകരമാകുന്നത് മറ്റുള്ളവരെ പഠിപ്പിക്കുകയെന്നതാണ്. ഇത് ജീവിതത്തില്‍ നിന്നു പോകാതിരിക്കാന്‍ നബി അവരെ ഓര്‍മപ്പെടുത്തുന്നു. ”നിങ്ങളില്‍ സ്ഥലത്തുള്ളവര്‍ ഹാജരാവാത്തവര്‍ക്ക് എത്തിച്ചുകൊടുക്കുക” ഈ ആഹ്വാനം അവരുടെ കാതും കണ്ണും ഹൃദയവും തുറപ്പിച്ചു – പറയുന്നതും കേള്‍ക്കുന്നതുമൊക്കെ അവര്‍ ഹൃദയപൂര്‍വം സ്വീകരിച്ചു, മറ്റുള്ളവരുമായി പങ്കുവെച്ചു. ഇസ്‌ലാമിക ചരിത്രത്തില്‍ പിന്നീട് വികാസം പ്രാപിച്ച് വിജ്ഞാനങ്ങളുടെയെല്ലാം ആദ്യകാല സൂക്ഷിപ്പുകാര്‍ നബി(സ)യുടെ ശിഷ്യന്‍മാരായിരുന്നു. പിന്നീട് നടന്ന ഹദീസ് ക്രോഡീകരണവും ഖുര്‍ആന്‍ തഫ്‌സീര്‍ വിജ്ഞാനങ്ങളും അവയുടെ അവലംബ സ്രോതസ്സായി കണ്ടതും അവരെയായിരുന്നു. നബിയില്‍ നിന്ന് കേട്ടതും അവര്‍ പരസ്പരം പഠിപ്പിച്ചതുമായ കാര്യങ്ങളാണ് പരശതം വാള്യങ്ങളുള്ള ഗ്രന്ഥശേഖരമായി ഇന്ന് നാം വായിക്കുന്നതും പഠിപ്പിക്കുന്നതും. നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് ബാക്കി നില്‍ക്കുന്ന വിജ്ഞാനമായിരുന്നു നബിയുടെ അധ്യാപനത്തിലൂടെ ലോകത്തിന് ലഭിച്ചത്. നബിയെന്ന അധ്യാപകന്‍ അതുല്യനായി നില്‍ക്കുന്നതും ഇതുകൊണ്ട് തന്നെയാണ്. മുആവിയ ബിന്‍ ഹക്കം പറയുന്നു: ”നബിക്ക് മുമ്പോ ശേഷമോ അദ്ദേഹത്തേക്കാള്‍ മികച്ച അധ്യാപകരെ ഞാന്‍ കണ്ടിട്ടില്ല.”(മുസ്‌ലിം 537)
അധ്യാപനത്തില്‍ അദ്ദേഹം ഊന്നല്‍ നല്‍കിയ മൂന്നാമത്തെ കാര്യം അറിയാത്ത കാര്യങ്ങള്‍ പഠിപ്പിച്ചു കൊടുത്തു എന്നതാണ്. ജനങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ എല്ലാം പഠിപ്പിക്കുകയെന്നത് അധ്യാപകന് അസാധ്യമാണ്. അവര്‍ക്കാവശ്യമുള്ള എല്ലാ അറിവുകളും ആര്‍ജിക്കാനും അധ്യാപകന് കഴിയണമെന്നില്ല. അതിലുപരി നിലച്ചുപോകാത്ത വൈജ്ഞാനിക താല്‍പര്യം പഠിതാക്കളില്‍ നിലനിര്‍ത്താന്‍ അധ്യാപകന് കഴിയണം. ആജീവനാന്ത വിദ്യാര്‍ഥിയായിരിക്കണം യഥാര്‍ഥ അധ്യാപകന്‍. സ്വയം പഠിക്കുകയെന്നത് എന്ന് നിലയ്ക്കുന്നുവോ അന്ന് അയാളിലെ അധ്യാപകന്‍ മരിക്കുന്നു.
നബി പഠിപ്പിച്ചു വിട്ട ശിഷ്യന്മാരുടെ പിന്‍തലമുറക്കാരായിരുന്നു ഹിജറ മൂന്നും നാലും നൂറ്റാണ്ടുകളില്‍ വിവിധ ശാസ്ത്രവിജ്ഞാനങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചത്. സൈദ്ധാന്തിക തലത്തില്‍ മാത്രം കൈമാറിപ്പോകുന്ന പല വിജ്ഞാനങ്ങളെയും പ്രായോഗിക തലത്തില്‍ പരീക്ഷണം നടത്തി ലോകത്തെ ബോധ്യപ്പെടുത്തിയതും അവരായിരുന്നു. നബി വളര്‍ത്തിയെടുത്ത അറിയാനുള്ള ജിജ്ഞാസ യുഗാന്തരങ്ങളിലൂടെ അവര്‍ കൈമാറിയെന്നര്‍ഥം. പ്രസിദ്ധ പണ്ഡിതനായ ഇമാം അബൂഹനീഫയോട് ചോദിക്കുകയുണ്ടായി: താങ്കളെങ്ങനെയാണ് ഇത്രയും അറിവ് നേടിയത്? അദ്ദേഹം പറഞ്ഞു: ”അറിയാവുന്ന കാര്യം മറ്റുള്ളവര്‍ക്ക് പങ്കുവെക്കുന്നതില്‍ ഞാന്‍ അല്പവും പിശുക്ക് കാണിച്ചിട്ടില്ല. സ്വയം പഠിക്കുന്നത് എനിക്കൊരിക്കലും ഭാരമായിട്ടുമില്ല.” സംശയം ചോദിക്കുന്ന ഒരാളോട്, അതെനിക്ക് അറിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാം. അതേ സമയം അതേപ്പറ്റി ആവുന്നത്ര പഠിച്ച്, മറുപടി നല്‍കാന്‍ ശ്രമിച്ചാല്‍ നമ്മുടെ വിജ്ഞാനവും വര്‍ധിക്കുന്നു. അയാളുടെ സംശയം നമുക്ക് അറിവിന്റെ പുതിയ വാതിലുകള്‍ തുറന്നിടുന്നു. അധ്യാപനം അനശ്വരമായ സദ്ഫലങ്ങള്‍ സൃഷ്ടിക്കുന്നത് ഈ ഘട്ടത്തിലാണ്. സമൂഹം ആ വ്യക്തിത്വത്തെ ആദരിക്കുന്നതും ഈ സന്ദര്‍ഭത്തില്‍ മാത്രമാണ്. പഠിതാക്കളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്താനും അധ്യാപകനിലെ പിതാവിന് കഴിയേണ്ടതുണ്ട്. ഇബ്‌നുമാസ് ഊദ്ദ്(റ) പറയുന്നു. ”നിങ്ങളവര്‍ക്ക് നന്മ ശീലിപ്പിക്കുക, നന്മ ശീലങ്ങളിലൂടെ മാത്രമേ ഉണ്ടാകുകയുള്ളൂ.’ ബോധപൂര്‍വമായ ഇടപെടുകളിലൂടെ മാത്രമേ വ്യക്തിതലത്തിലും സമൂഹത്തിനും ആവശ്യമായ നന്മകളെ ശീലിപ്പിക്കുവാന്‍ കഴിയുള്ളൂ. നന്മയുടെയും പുണ്യത്തിന്റെയും സദ്‌വിചാരങ്ങളുടെയും ഉത്തമ മാതൃകയായി പ്രവര്‍ത്തിക്കുന്ന അധ്യാപകന് മറ്റുള്ളവരില്‍ അവ ശീലിപ്പിക്കാന്‍ പ്രയാസമുണ്ടാവില്ല.

Back to Top