യുക്തിവാദികളുടെ ധാര്‍മിക പ്രതിസന്ധി – ടി കെ എം ഇഖ്ബാല്‍
പച്ചയായ ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയയെ വിഷലിപ്തമാക്കുന്നതില്‍ കേരളത്തിലെ യുക്തിവാദികളെ തോല്‍പിക്കാന്‍ വേറെ ആളുണ്ടാവില്ല. ഒരു പ്രത്യേക മതത്തിലും അതില്‍ വിശ്വസിക്കുന്ന ആളുകളിലും ആ മതത്തിന്റെ വേദഗ്രന്ഥത്തിലും പ്രവാചകനിലും തെറ്റുകള്‍ മാത്രം കണ്ടെത്തുകയും അതിനു വേണ്ടി നുണകള്‍ എഴുന്നള്ളിക്കുകയും ചരിത്രത്തെയും പ്രമാണത്തെയും വക്രീകരിച്ച് ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന മനോഘടനയെ എന്ത് പേരിലാണ് വിശേഷിപ്പിക്കേണ്ടത് എന്നറിയില്ല. മനഷ്യ ജീവിതത്തിലെ സങ്കീര്‍ണമായ സമസ്യകളെയൊക്കെ ലളിത യുക്തികൊണ്ട് സമീപിച്ച്, ബാലിശമായ ചോദ്യങ്ങളും വാദങ്ങളും ഉന്നയിക്കുന്ന നാസ്തികരെ യുക്തിവാദികള്‍ എന്ന് വിളിക്കേണ്ടി വരുന്നത് വ്യാവഹാരിക സൗകര്യത്തിനു വേണ്ടി മാത്രമാണ്. ഇവര്‍ ദൈവത്തില്‍ വിശ്വസിക്കാത്തത് ദൈവാസ്തിക്യത്തെ ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയാത്തതു കൊണ്ടാണത്രെ. പക്ഷേ ദൈവത്തിലും പരലോകത്തിലും വിശ്വസിക്കാന്‍ മാത്രമേ ഇവര്‍ക്ക് ശാസ്ത്രീയമായ തെളിവ് ആവശ്യമുള്ളൂ. സൃഷ്ടിവാദത്തിന് പകരമായി, ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത പരിണാമവാദവും പ്രകൃതി നിര്‍ദ്ധാരണ സിദ്ധാന്തവുമൊക്കെ പൊക്കിപ്പിടിച്ചു നടക്കുന്ന യുക്തിവാദികളില്‍ പലരും ശാസ്ത്രീയ യുക്തിയെ തള്ളിപ്പറഞ്ഞു കൊണ്ടാണ് ഇപ്പോള്‍ മാനവികതയെക്കുറിച്ചും ധാര്‍മിക മൂല്യങ്ങളെക്കുറിച്ചും വാചാലരാവുന്നത്!