ഹദീസ്പഠനം -ഡോ. ജമാലുദ്ദീന്‍ ഫാറൂഖി- വിശ്വാസത്തിന്റെ ദൃഢത
ഇമാം അഹ്മദ്, ഇബ്നു അബ്ബാസില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് ഇപ്രകാരമാണ്: ”ഞാന്‍ ഒരിക്കല്‍ നബിയുടെ പിന്നില്‍ നടക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. കുട്ടീ, നീ അല്ലാഹുവിനെ സൂക്ഷിക്കുക, എങ്കില്‍ അവന് നിന്നെ സൂക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എങ്കില്‍ നിന്റെ മുമ്പില്‍ അവനെ കണ്ടെത്താം. വല്ലതും ചോദിക്കുകയാണെങ്കില്‍ അവനോട് മാത്രം ചോദിക്കുക. സഹായാഭ്യര്‍ഥനയും അവനോട് മാത്രം നടത്തുക. അറിയുക, നിക്കെന്തെങ്കിലും ഉപകാരംചെയ്യാന്‍ സമൂഹം ഒന്നിച്ചു പരിശ്രമിച്ചാലും അല്ലാഹു നിശ്ചയിച്ചിട്ടുള്ളതല്ലാത്ത യാതൊരു ഉപകാരവും നിനക്ക് കൈവരുത്താന്‍ അവര്‍ക്ക് സാധ്യമല്ല. അതുപോലെ നിനക്കെന്തെങ്കിലും ഉപദ്രവമേല്പിക്കാന് അവര്‍ ഒന്നിച്ചാലും അല്ലാഹു നിശ്ചയിച്ചിട്ടില്ലാത്ത ഒരു ഉപദ്രവവും അവര്‍ നിന്നെ ഏല്പിക്കുകയില്ല.”
ജീവിതത്തില്‍ ധീരമായി മുന്നേറാനും പ്രതിസന്ധികളെ അതിജീവിക്കാനും കഴിവ്നേടുന്നത് മഹത്തായ അനുഗ്രഹമാണ്. ഇതിന് ഭൗതികമായ പഠനങ്ങളും പരിശീലനങ്ങളും പലപ്പോഴായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഹദീസില്‍ പറഞ്ഞ ദൈവവിശ്വാസം പോലെ ഫലപ്രദമല്ല അവയൊന്നും. അനുമാനങ്ങളിലൂടെയോ പാരമ്പര്യ സങ്കല്പങ്ങളിലൂടെയോ നേടുന്ന ദൈവവിശ്വാസമല്ല ഇവിടെ പ്രതിപാദിക്കുന്നത്. തന്നെ സൃഷ്ടിച്ച് പരിപാലിച്ച് ജീവിതാനുകൂല്യങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്ന അല്ലാഹു തന്റെ കൂടെ എപ്പോഴുമുണ്ട് എന്നതാണ് ആ വിശ്വാസം. ഉയര്‍ന്ന നിലവാരത്തിലുള്ള മനഃശക്തി ഇത് വ്യക്തിക്ക് പ്രദാനംചെയ്യുന്നു. ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങളും അവനെ കേള്‍പ്പിക്കുമ്പോള്‍ വിശ്വാസി രക്ഷിതാവുമായി കൂടുതല്‍ അടുക്കുകയാണ് ചെയ്യുന്നത്. ഉപയോഗിക്കുന്ന ചെരുപ്പ് പൊട്ടിയാല്‍ അക്കാര്യവും അവനോട് പറയാന്‍ മടിക്കരുതെന്ന് നബി ഉണര്‍ത്തുകയുണ്ടായി. നിസ്സാരമാണെന്ന് നാം കാണുന്ന കാര്യങ്ങളില്‍ പോലും നമ്മുടെ മനസ്സ് അവന്റെ നേരെ തിരിയുമ്പോള്‍ യഥാര്‍ഥത്തില്‍ കേവല വിശ്വാസത്തില്‍ നിന്ന് ഭക്തിയുടെയും സംസ്ക്കരണത്തിന്റെയും ഉയര്‍ന്ന വിതാനത്തിലേക്ക് നാം ഉയരുകയാണ് ചെയ്യുന്നത്.
നന്മക്ക് പ്രതിഫലം പത്തിരട്ടി എന്നതാണ് അല്ലാഹുവിന്റെ നിശ്ചയം. സൂക്ഷ്മതയുടെ കാര്യത്തിലും അത് തന്നെ. നീ അവനെ സൂക്ഷിക്കുക, അവന് നിന്നെയും സൂക്ഷിക്കും എന്ന പരാമര്‍ശം കൂടുതല്‍ സൂക്ഷ്മത പാലിക്കുവാനുള്ള പ്രചോദനമാണ്. ചിന്തകളും വാക്കുകളും പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്റെ സംതൃപ്തി നേടുംവിധത്തില്‍ ക്രമീകരിച്ചാല്‍ മേല്‍ പറഞ്ഞ സൂക്ഷ്മത പൂര്‍ത്തിയായി. ഇതിന് പകരം ലഭിക്കുന്നതാകട്ടെ, അത് യഥാര്‍ഥത്തില്‍ പത്തിരട്ടിയും നൂറിരട്ടിയുമല്ല. നമ്മുടെ ശരീരവും മനസ്സും കുടുംബവും സമൂഹവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നമുക്ക് അവന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംരക്ഷണം, സൂക്ഷ്മതയുടെ ഭൗതികനേട്ടമാണ്.
ആത്മശാന്തിയും സ്വസ്ഥതയും ആഗ്രഹിച്ച് പ്രത്യേക പരിശീലനം നേടുന്നവര്‍ക്ക് വീണ്ടും ജീവിതത്തില്‍ അരക്ഷിതാവസ്ഥ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ് . അല്ലാഹു നല്കുന്ന സംരക്ഷണം കൊണ്ട് മാത്രമേ ഈ അരക്ഷിതാവസ്ഥയില്‍ നിന്ന് മോചനം കിട്ടുകയുള്ളൂ. സമൂഹത്തിന്റെ കണ്ണികളായി കഴിയുന്ന എല്ലാവര്ക്കും അവരെ പറ്റിയുള്ള മോഹങ്ങളും ആശങ്കകളും ഉണ്ടാവുക സ്വാഭാവികമാണ്. തന്റെ താല്പര്യങ്ങള് സംരക്ഷിക്കുന്നതില്‍ സമൂഹം എത്രകണ്ട് സഹകരിക്കും, തനിക്കുവേണ്ടി അവര്‍ എന്തെല്ലാം ത്യാഗം ചെയ്യും, തന്റെ നേട്ടങ്ങള്‍ക്ക് അവര്‍ തടസ്സമാകുമോ തുടങ്ങിയ ചിന്തകള്‍ മനുഷ്യനെ വേട്ടയാടിക്കൊണ്ടിരിക്കും. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളിലും നിഷ്കപടനായ വിശ്വാസിക്ക് ആശ്വാസം നല്കുവാന് ‘അല്ലാഹു തന്നോടൊപ്പമുണ്ട്’ എന്ന ചിന്ത അനിവാര്യമാണ്. സമൂഹം ഒന്നടങ്കം നമ്മുടെ കൂടെയാണെങ്കിലും അല്ലാഹു നമുക്ക് എതിരായി നിന്നാല്‍ പരാജയം തീര്‍ച്ചയാണ്. ”അല്ലാഹു നിങ്ങളെ കൈവെടിഞ്ഞാല്‍ പിന്നെ നിങ്ങളെ സഹായിക്കാനാരുണ്ട്” എന്ന ഖുര്‍ആന്‍ വാക്യം അര്‍ഥവത്താണ്. ഭൗതികത്വത്തിന്റെ അതിപ്രസരത്തില്‍ കുതിക്കുന്ന മനുഷ്യന് സമൂഹമധ്യത്തില്‍ തന്റെ സ്വീകാര്യത വര്‍ധിപ്പിക്കുവാന്‍ പരിശ്രമിക്കുന്നത് അല്ലാഹുവിനെ പിണക്കിക്കൊണ്ടാണ്. തന്റെ പ്രവര്‍ത്തനങ്ങളിലൂടെ താല്‍ക്കാലിക നേട്ടങ്ങള്‍ക്കൊടുവില്‍ അവന് പതിക്കുന്നത് ശാശ്വത പരാജയത്തിലായിരിക്കും. അല്ലാഹു തന്നോട് പിണക്കത്തിലായിരുന്നുവെന്ന് അപ്പോഴായിരിക്കും അവന് അറിയുന്നത്.
അല്ലാഹുവിന്റെ വിധിവ്യവസ്ഥയിലുള്ള അടിയുറച്ച വിശ്വാസത്തിന്റെ അനിവാര്യതയും ഹദീസില്‍ ഊന്നിപ്പറയുന്നു. വിധിവ്യവസ്ഥകളെ മറികടക്കാന്‍ ആര്‍ക്കും സാധ്യമല്ല. നിറഞ്ഞുനില്ക്കുന്ന ഭക്തിയും സത്യത്തോടുള്ള പ്രതിബദ്ധതയും ഉദാരമനസ്കതയുള്ള മനുഷ്യന് ജീവിതത്തില്‍ എളുപ്പവും സൗകര്യങ്ങളും ലഭിക്കുമെന്നതും ഈ വിധിവ്യവസ്ഥകളുടെ ഭാഗം തന്നെ. നഷ്ടമുണ്ടാകുമ്പോള്‍ വിധിയെ പഴിക്കുന്ന മനുഷ്യന് സൂക്ഷ്മതയുടെ മാര്‍ഗം അവലംബിച്ചാല്‍ ഇരുലോകത്തും ക്ഷേമവും ഐശ്വര്യവും നിലനിര്‍ത്താമെന്ന ഉറപ്പാണ് വിധി വിശ്വാസം മനുഷ്യന് നേടിക്കൊടുക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും മനുഷ്യനെയും വിധി വ്യവസ്ഥകളെയും രൂപപ്പെടുത്തിയ അല്ലാഹുവിന്, അവനെ പരീക്ഷിക്കാനും അവകാശമുണ്ട്. ആ പരീക്ഷണങ്ങളാകട്ടെ മറ്റൊരു വിജയത്തിന്റെ തുടക്കവുമായിരിക്കും.