തകര്‍ന്നു വീഴുന്ന മറ്റൊരു നുണക്കഥ – ഇര്‍ഫാന്‍ കൊണ്ടോട്ടി
കേരളത്തിലെ എല്ലാ അനാഥാലയങ്ങള്‍ക്കും സേവന മുഖമാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായേക്കാമെങ്കിലും പൊതുസ്വഭാവം ഒന്നാണ്. പഠനത്തിനും മറ്റു ജീവിത സൗകര്യങ്ങള്‍ക്കും കഷ്ടപ്പെടുന്ന പലരും അങ്ങിനെ യതീംഖാന പ്രസ്ഥാനത്തിലൂടെ വിദ്യാഭ്യാസം നേടുന്ന വാര്‍ത്തകള്‍ നാം കേട്ട് കൊണ്ടിരിക്കുന്നു. അപ്പോഴാണ് ആ വാര്‍ത്ത വന്നത്. യതീഖാനയുടെ മറവില്‍ കുട്ടികളെ കടത്തുന്നു. കുട്ടികളെ കൊണ്ട് വന്നു. അത് അവരുടെ രക്ഷിതാക്കളുടെ അറിവോടെ മാത്രം. അതില്‍ ചില സാങ്കേതിക പിഴവുകള്‍ സംഭവിച്ചിരിക്കാം.
പക്ഷെ അങ്ങിനെയല്ല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. യതീംഖാനകള്‍ ഒരു സാമൂഹിക പ്രവര്‍ത്തനത്തിന്റെ കൂടി ഭാഗമാണ്. കേരളത്തിലെ വിദ്യാഭാസ സാമൂഹിക രംഗത്തെ വളര്‍ച്ചകളില്‍ യത്തീംഖാനകള്‍ അവരുടെ പങ്കു വഹിച്ചിട്ടുണ്ട്. കേരളത്തിലേക്കാള്‍ കൂടുതല്‍ ഈ സേവനം അര്‍ഹിക്കുന്നവര്‍ ഇന്ന് കേരളത്തിന് പുറത്താണ്. അത്‌കൊണ്ട് തന്നെ കേരളത്തിന് പുറത്തുള്ള കുട്ടികളെ പലരും കൊണ്ട് വരാന്‍ ശ്രമിക്കുന്നു.അത് പൂര്‍ണമായും അവരുടെ രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം. അവിടുത്തെ സാമൂഹിക സാഹചര്യത്തില്‍ ഒരിക്കലും തങ്ങളുടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസവും ജീവിത സൗകര്യങ്ങളും ലഭിക്കില്ലെന്ന് രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു എന്ന് കൂടി ചേര്‍ത്ത് വായിക്കണം.
ഒരു മുസ്ലിം പക്ഷ വിഷയമാകുമ്പോള്‍ അതിനു കേരളത്തില്‍ റേറ്റിങ് കൂടുക എന്നത് ആധുനിക പ്രവണതയാണ്. അതെ സമയം കുട്ടിക്കടത്തില്‍ സത്യം പുറത്തു വന്നിട്ടും മാധ്യങ്ങള്‍ അത് കേട്ട രീതിയിലല്ല പ്രതികരിക്കുന്നത്. ലവ് ജിഹാദിന് ശേഷം മാധ്യമങ്ങളും തല്‍പര കക്ഷികളും പടച്ചുണ്ടാക്കിയ മറ്റൊരു നുണ കൂടി പൊളിയുമ്പോള്‍ അതില്‍ സന്തോഷിക്കാന്‍ വലിയ കാര്യമുണ്ട്. മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന പൊതുബോധത്തിന്റെ ഇരകളാണ് ഒരു കണക്കില്‍ കുട്ടിക്കടത്തു വിവാദം. അത്തരം പൊതു ബോധങ്ങളെ മറികടക്കാന്‍ സമുദായം ഇനിയും ബഹുദൂരം മുന്നോട്ടു പോകണം എന്നതാണ് ഈ സംഭവം നല്‍കുന്ന പാഠവും.