23 Thursday
October 2025
2025 October 23
1447 Joumada I 1

കള്ള വാര്‍ത്തകള്‍ കൊണ്ട് കളം പിടിക്കാന്‍ ശ്രമിക്കുന്നവര്‍ – അബ്ദുല്‍ ജലീല്‍

കേരളം മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ സ്വസ്ഥമായ പ്രദേശമാണ്. തെക്കേ ഇന്ത്യയില്‍
തമിഴ്‌നാടും ഏകദേശം അങ്ങിനെ തന്നെ. കുഴപ്പമുണ്ടാക്കുക എന്നത് ചിലരുടെ മുഖ്യ അജണ്ടയാണ്. തങ്ങളുടെ ഹിഡന്‍ അജണ്ടകള്‍ നടപ്പാക്കാന്‍ കുഴപ്പം അവര്‍ക്ക് അനിവാര്യമാണ്. കേരളം തീവ്രവാദികളുടെ പറുദീസ എന്നാണു അവര്‍ പരിചയപ്പെടുത്തുന്നത്. ദേശീയ ചാനലുകളില്‍ ആ പ്രയോഗം പലപ്പോഴും കേട്ടിട്ടുണ്ട്. കേരള ജനതയുടെ ഉയര്‍ന്ന സാമൂഹിക ബോധമാണ് കേരളത്തില്‍ ഇത്തരം ശക്തികള്‍ക്ക് ഇടം കിട്ടാതെ പോകുന്നത്. കേരളത്തില്‍ നിന്നും കുറച്ചാളുകളെ പലപ്പോഴായി കാണാതായിട്ടുണ്ട്. അവര്‍ സിറിയ,യമന്‍ എന്നിവടങ്ങളില്‍ എത്തി എന്നാണ് പറയപ്പെടുന്നത്. പിന്നീട് പലപ്പോഴായി പലരും കൊല്ലപ്പെട്ട വിവരവും നാം കേള്‍ക്കുന്നു. അത് കേള്‍ക്കുക എന്നതിലപ്പുറം മറ്റൊരു വിവരവും ആര്‍ക്കുമില്ല.
തലതിരിഞ്ഞ മത ബോധം ചിലരില്‍ മാറ്റം ഉണ്ടാക്കിയിട്ടുണ്ട് എന്നത് ശരിയാണ്. അത് മതത്തിന്റെ വിഷയമല്ല പകരം മനസ്സിലാക്കലിന്റെ വിഷയമാണ്. മനുഷ്യന് ഭൂമിയില്‍ ജീവിക്കാന്‍ കഴിയുന്ന വ്യവസ്ഥയാണ് ഇസ്ലാം പഠിപ്പിക്കുന്നത്. മനുഷ്യന് മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ അവരുടേതായ വിഭവമുണ്ട്. അത് കൊണ്ട് തന്നെ ഇസ്ലാം മനുഷ്യ രക്തം പാവനമായി കാണുന്നു. മനുഷ്യന്‍ എന്നത് ദൈവം ബഹുമാനിച്ചു സൃഷിടിയാണ് എന്നത് തന്നെയാണ് അതിന്റെ തെളിവ്. അത് കൊണ്ട് തന്നെ ഇസ്ലാമിന്റെ പേരില്‍ ഒരു തീവ്രവാദി സംഘം രൂപപ്പെടുക എന്നത് അസാധ്യമാണ്. അനാവശ്യ വാര്‍ത്തകള്‍ പടച്ചു വിട്ടു മുതലെടുക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. അത് മനസ്സിലാക്കാനുള്ള പക്വത സമൂഹം കാണിക്കണം. പുതിയ കാലത്ത് അത്തരം വാര്‍ത്തകള്‍ ഉണ്ടാക്കുന്ന പുകിലുകള്‍ നമ്മുടെ ചിന്തക്കും അപ്പുറത്താകും.

Back to Top